ഭൂമിയിലെ മനുഷ്യജീവിതം അസാധ്യമോ?

0
140
Prasad Amore (Psychologist, writer)
ഭൂമിയിലെ മനുഷ്യജീവിതം അസാധ്യമോ?
ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ ഇതര രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും താമസിക്കുന്നവരെ പറ്റി അധികമൊന്നും നാമറിഞ്ഞിരുന്നില്ല. ഏതു ദേശവും വിദൂരമായി അനുഭവപ്പെടാത്ത ഈ കാലഘട്ടത്തിൽ രോഗസംക്രമണം എന്നത് ഒരു ആഗോളപ്രതിഭാസമാണ്.രോഗഹേതുക്കളായ വൈറസുകൾ മനുഷ്യ ശരീരത്തെ വാഹനങ്ങളാക്കി സംക്രമിക്കുന്നത് അതിശീഘ്രമാണ്.ശരീരത്തിൽ പ്രവേശിക്കുന്ന രോഗകാരിയായ വൈറസ് കോശത്തിലെ ഘടകങ്ങൾ ഉപയോഗിച്ച് പുതിയ വൈറസ് ന്യൂക്ലിക്കാസിഡുകളും പ്രോട്ടീൻ കവചങ്ങളും നിർമ്മിക്കുന്നു. അത് വാഹനമാക്കിയ ശരീരത്തിലെ കോശങ്ങളെ നശിപ്പിച്ചുകൊണ്ട് പുറത്തേയ്ക്ക് വരുന്നു.
മനുഷ്യരുടെ ലോകമെമ്പാടുമുള്ള പ്രയാണത്തിൽ അവർ വല്ലവിധേന രക്ഷപെട്ടതാണ്. വിജയിച്ച ഒരു വർഗ്ഗമായി തുടരുന്നുവെങ്കിലും മനുഷ്യർ അധികവും മരിച്ചിരുന്നത് പകർച്ചവ്യാധികൾ മൂലമായിരുന്നു.ജൈവ ഹേതു പകർച്ചവ്യാധികൾ മനുഷ്യന്റെ ജൈവപരിണാമത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും പ്രതിരോധ ശേഷിയുള്ള സൂക്ഷ്മജീവികൾ മനുഷ്യന് ഭീക്ഷണിയാണ്. സാംക്രമിക രോഗങ്ങൾ തുടച്ചുമാറ്റിയെന്ന് കരുതുമ്പോഴാണ് ജൈവ പരിണാമത്തിലൂടെ പുതിയ ഇനം രോഗാണുക്കൾ പ്രത്യക്ഷപ്പെടുന്നത്. പ്രകൃതിയിൽ തന്നെയുള്ള ജീൻ മ്യൂട്ടേഷൻ കൊണ്ട് ശക്തിയാർജ്ജിക്കുന്ന ഹ്രസ്വകാല ജീവിത ചക്രമുള്ള സൂക്ഷ്മ ജീവികളുടെ പുതിയ ഇനങ്ങൾ അതിവേഗം ഉണ്ടാകുന്നു. വൈറസുകൾ കോശത്തിനുള്ളിൽ പ്രവേശിച്ചു് ആ കോശത്തിനെ നിയന്ത്രിക്കുന്ന ഡി .എൻ .എ വൈറസിന്റെ നിയന്ത്രണത്തിലാക്കുന്നു.വൈറസ് ഇതര കോശങ്ങളെ ആക്രമിക്കുന്നു.വൈറസുകൾ വളരെപ്പെട്ടെന്ന് പെരുകുന്നതുകൊണ്ട് അവയിലുണ്ടാകുന്ന മ്യൂട്ടേഷനുകളും വളരെ കൂടുതലാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമൂലം വൈറസിനെതിരെയുള്ള പ്രതിരോധം അത്ര എളുപ്പമല്ല.മാത്രമല്ല രോഗവാഹകരിൽ വലിയ രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നതിന് മുൻപ് തന്നെ അവ മറ്റു മനുഷ്യരിലേയ്ക്ക് പകരുന്നു
കാരണം കാലാവസ്ഥ വ്യതിയാനമോ?
ഭൂമിയിലെ മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾ -കാലാവസ്ഥ പലവിധ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങൾ സഹസ്രാബ്ദങ്ങളിലൂടെ വളരെ സാവധാനത്തിൽ സംഭവിക്കുന്നതാണ്.കാലാവസ്ഥ വ്യതിയാനം ജൈവമണ്ഡലത്തിൽ വരുത്തുന്ന പ്രത്യാഘാതങ്ങൾ ആരോഗ്യ സംബന്ധമായ നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.കാലാവസ്ഥ മാറ്റങ്ങൾ സാംക്രമിക രോഗങ്ങൾ പൊട്ടിപുറപ്പെടാൻ പങ്കുവഹിക്കുന്നതിനെപ്പറ്റിയുള്ള ഗവേക്ഷണ വിവരങ്ങൾ പുറത്തുവന്നിട്ടിട്ടുണ്ട്.ആവാസവ്യവസ്ഥയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് മുന്നൂറിൽപ്പരം രോഗങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണമേഖലാരാജ്യങ്ങൾ സൂക്ഷ്മരോഗകാരികളുടെ വിളനിലമാണ്.അക്ഷാംശം കുറഞ്ഞുവരുന്നതനുസരിച്ചു ഗുരുതരമായ ആരോഗ്യപ്രതിസന്ധികളുണ്ടാക്കുന്ന സൂക്ഷ്മജീവികളുടെ വൈവിധ്യം കൂടുന്നു.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളിൽ പൊട്ടിപ്പുറപ്പെട്ട വ്യത്യസ്തങ്ങളായ പകർച്ചവ്യാധികൾ മൂലം ലക്ഷക്കണക്കിന് മനുഷ്യർ മരണത്തിനിരയായി.
ഭൂമിയിലെ മനുഷ്യജീവിതം അസാധ്യമോ?
അനേകലക്ഷം ജൈവ ജാതിയിലൊന്നുമാത്രമായ മനുഷ്യന്റെ ഭൂമിയിലെ നിലനിൽപ്പ് പ്രതിസന്ധിയിലാണ് .കാലാവസ്ഥ വ്യതിയാനങ്ങളോടും ആവാസവ്യവസ്ഥയിലെ അനന്തരഫലങ്ങളോടും ഇണങ്ങിപോകാനുള്ള ജൈവശേഷി – ഒരു അനുരൂപീകരണം നേടിയെടുക്കുന്നതിൽ മനുഷ്യർ അത്രകണ്ട് വിജയിച്ചിട്ടില്ല. മാത്രമല്ല ദുരിതങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളോടുമുള്ള വ്യക്തികളുടെ പ്രതികരണം വ്യത്യസ്തമാണ്. പ്രതിസന്ധികൾ മനുഷ്യൻ കാരണമാകണമെന്നില്ല. പ്രകൃത്യാലുള്ള മാറ്റങ്ങളും കാലാവസ്ഥവ്യതിയാനമുണ്ടാകുന്നു. ജൈവമണ്ഡലത്തിലുള്ള വ്യതിയാനങ്ങൾ പ്രകൃതി ഉൽപ്പന്നങ്ങളുടെ അളവ് കുറയ്ക്കുന്നു.അത്യാവശ്യ സാധനകൾക്കുവേണ്ടിയുള്ള മത്സരം വ്യക്തികളിൽ ആന്തരിക സംഘർഷം സൃഷ്ടിക്കുന്നു.അമിത ഭയം, ഉത്കണ്ഠ, നിരാശ തുടങ്ങിയ ആന്തരികാവസ്ഥകൾ സാമൂഹി സാമ്പത്തിക പാരിസ്ഥിക പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നു. സാംക്രമിക രോഗങ്ങൾ, ആസ്തമ, അലർജി മുതലായ രോഗങ്ങൾ എല്ലാം നല്ലൊരു ശതമാനം മനുഷ്യരുടെ ജീവ സന്ധാരണത്തിനുള്ള വക കണ്ടെത്താനുള്ള ശേഷി നശിപ്പിക്കുന്നു. സാമ്പത്തിക പരാധീനതയുള്ളവരുടെ ആന്തരിക സമാധാനം നഷ്ടപ്പെടുകയും, അവർ സംഘർഷാരോഗങ്ങൾക്ക് പിടിയിലാവുകയും ചെയ്യും.അപ്രതീക്ഷിതമായുണ്ടാക്കുന്ന ദുരിതങ്ങൾ മൂലം സാമൂഹിക സ്ഥാന ഭ്രംശം സംഭവിക്കുന്ന മനുഷ്യർക്ക് അനന്തരഘാത സംഘർഷ പിരിമുറുക്ക അവസ്ഥ അനുഭവിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയുണ്ടാക്കുന്നതാണ്.
മനുഷ്യർ അന്തരീക്ഷത്തിൽ നിറയ്ക്കുന്ന CO2 അടക്കമുള്ള ഹരിതഗൃഹവാതകങ്ങളും, പ്രകൃതാ സംഭവിക്കുന്ന കാലാവസ്ഥ മാറ്റങ്ങളും കാര്ഷികോല്പാദനത്തെ ശോഷിപ്പിക്കുന്നു. ഭക്ഷ്യ ക്ഷാമം വിലക്കയറ്റത്തിന് കാരണമാകുന്നു. ജീവിക്കുന്ന സ്ഥലത്തിന്റെ ഉർവരത നഷ്ടപ്പെടുമ്പോൾ സംഭവിക്കുന്ന വ്യാപകമായ കുടിയേറ്റങ്ങൾ മനുഷ്യർ തമ്മിലുള്ള സംഘർഷങ്ങൾക്കും അസമാധാനത്തിനും വഴിവെയ്ക്കുകയാണ്.മാറിയ പരിതസ്ഥിയിൽ ജന്തുസഹജമായ പ്രതികരണവും ജൈവ പ്രവർത്തനങ്ങളും അനുകൂലനം നേടാനാവാതെ വരുമ്പോൾ ആന്തരിക സംഘർഷങ്ങളും, നിരാശയും അനുഭവിക്കുന്ന മനുഷ്യരുടെ വ്യാകുലതകൾ കഠിനമാണ്. ഭക്ഷ്യ ദൗർബല്യം സൃഷ്ടിക്കുന്ന കലാപങ്ങൾ ഭീകരമായിരിക്കും.
കാലാവസ്ഥ വ്യതിയാനം മൂലം ഏതെല്ലാം പകർച്ചാവ്യാധികൾ സംക്രമണം ചെയ്യുന്നുവെന്ന് കണ്ടെത്തണം അതിനെ പ്രതിരോധിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ആഗോളതലത്തിൽ ആസൂത്രണം ചെയ്യണം. ആവാസവ്യവസ്ഥയിലുണ്ടാകുന്ന വ്യത്യാസങ്ങളെക്കുറിച്ചറിഞ്ഞാൽ മാത്രമേ അത് സാധ്യമാവുകയുള്ളു.
വ്യക്തിയുടെ ജീവിത ശൈലികൾ, സാമൂഹ്യ സാമ്പത്തിക നിലവാരം, ജീവിക്കുന്ന സ്ഥലത്തെ രാഷ്ട്രീയാവസ്ഥ മുതലായ ഘടകങ്ങളെല്ലാം മാറി വരുന്ന പരിതസ്ഥിതിയിൽ ഏതെല്ലാം മനുഷ്യർ പരിരക്ഷിക്കപ്പെടും എന്നതിനെ സ്വാധീനിക്കുന്ന വയാണ്.
പ്രസാദ് അമോർ
#break_the_chain_kerala