‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

165

പ്രസാദ് അമോർ

പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം.

പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ, പണം സമ്പാദിക്കാനുള്ള പത്തു രഹസ്യങ്ങൾ, രോഗം വരാതിരിക്കാനുള്ള പത്തുവഴികൾ, നഖം നോക്കി സ്വഭാവം അറിയാം, ചതിയന്മാരായവരുടെ ശാരീരിക പ്രത്യേകതകൾ തുടങ്ങിയ പേരുകളിലുള്ള ആയിരക്കണക്കിന് വിഡിയോകളും ലേഖനങ്ങളും ഇൻറർനെറ്റിൽ സുലഭമാണ് .വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ലക്ഷക്കണക്കിന് ആളുകൾ ഇത്തരത്തിലുള്ള സംഗതികൾ തേടുന്നു. നവ മാധ്യമത്തിന്റെ എല്ലാ ഇടങ്ങളിലും അത് പ്രചരിപ്പിക്കുന്നു. മുഖലക്ഷണ ശാസ്ത്രം, ശകുനം, നിമിത്തം, വിവിധ പ്രവചന ശാസ്ത്രങ്ങൾ -എല്ലാം ശാസ്ത്രം എന്ന മേന്പൊടിയോടെ പ്രചരിപ്പിക്കുന്നു.

മനുഷ്യ ശരീര ഘടനയും സ്വഭാവ വൈജാത്യങ്ങളെയും അടിസ്ഥാനപ്പെടുത്തി പലതരത്തിലുള്ള വേർതിരിവുകൾ മനഃശാസ്ത്രത്തിന്റെ പേരിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.മഷ്തിഷ്കത്തിന്റെ ആകൃതിയുടെ അടിസ്ഥാനത്തിൽ മനുഷ്യരെ തിരിച്ചറിയാം . ബുദ്ധിജീവികൾക്ക് മുൻ ഭാഗത്തെ മഷ്തിഷ്ക ഭാരം കൂടുതലായിരിക്കും.വെളുത്ത മുഖവും നീണ്ട തലമുടിയും മനുഷ്യരിലെ കൂലീനരുടെ സവിശേഷതയാണ്. ഉയരം കുറഞ്ഞവർ സൂത്രശാലികളായിരിക്കും. അഭിസാരികയുടെ തള്ളവിരലും മറ്റു വിരലുകളും തമ്മിലുള്ള അന്തരം സാധാരണ സ്ത്രീകളെക്കാൾ അധികമായിരിക്കും. തടിച്ച ചുണ്ടുള്ളവർ -പതിഞ്ഞ മൂക്കുള്ളവർ അപകടകാരികളാണ്. തുടങ്ങിയ രീതിയിലുള്ള വികല ധാരണകൾ സാമൂഹ്യ ഭിന്നതയുടെയും വൈരുധ്യത്തിന്റെയും ഭാഗമായി പ്രചരിപ്പിക്കുകയാണ്.

എന്തുകൊണ്ട് അതിശയോക്തികലർന്ന വിവരങ്ങൾ ?

ആകുലതകളും സംഘർഷകളും നിറഞ്ഞ ജീവിതമാണ് മനുഷ്യന്റേത്.മനുഷ്യർ അവരുടെ ഭാവിയെക്കുറിച്ചു ഉത്കണ്ഠയുള്ളവരാണ്. പങ്കാളി ചതിക്കുമോ?രോഗം വരുമോ? സാമ്പത്തിക നില മെച്ചപ്പെടുമോ? തുടങ്ങിയ നിരവധി ജീവിത പരാധീന ചിന്തകളും മനുഷ്യരെ അലട്ടുന്നു. മാരക രോഗങ്ങൾ, ക്ഷാമം, പ്രതികൂലമായ പരിതോവസ്ഥകൾ , ജീവിത അനിശ്ചിതാവസ്ഥകൾ -മനുഷ്യവർഗ്ഗം എന്നും കീറാമുട്ടി പ്രശ്‍നങ്ങളുടെ നടുകടലിലാണ്.ജീവിത സമ്മർദ്ദങ്ങൾക്ക് എളുപ്പത്തിൽ പരിഹാരം കണ്ടെത്താനുള്ള വഴികൾ മനുഷ്യർ ആഗ്രഹിക്കുകയാണ്.അറിവിനും നിയന്ത്രണങ്ങൾക്കും അപ്പുറത്തുള്ള കാര്യങ്ങളെ അതീന്ദ്രിയമായി പരിഗണിക്കാൻ മനുഷ്യർക്കിഷ്ടമാണ്.

മനുഷ്യസ്വഭാവത്തിൽ ഒളിഞ്ഞിരിക്കുന്ന ചില സവിശേഷതകളുണ്ട്.സന്നിഗ്ദ്ധതകൾ നിറഞ്ഞ ഒരു ലോകത്തു് ഇത്രയും കാലം ജീവിച്ചുപോന്ന രീതികൾ, ശീലങ്ങൾ, ഉത്തേജനങ്ങൾ എല്ലാം നിലനിർത്തുന്ന മസ്തിഷ്കസംവിധാനം അതേപടി തുടരുകയാണ്.മാനസികാവസ്ഥയുടെ തലങ്ങൾ ശരാശരി മനുഷ്യന്റെ അറിവുകൾക്കപ്പുറത്താണ്. മാത്രമല്ല ഓരോ ചിന്തയും ഓരോ വികാരവും ഓരോ നിമിഷവും അദൃശ്യനായ ഒരു പ്രതിഭാസം നിരീക്ഷിക്കുന്നുണ്ടെന്ന വിശ്വാസം പലരിലുമുണ്ട്.മാത്രമല്ല വിഷമഘട്ടത്തെ നേരിടേണ്ടിവരുമ്പോൾ മനുഷ്യന്റെ മഷ്തിഷ്‌കം യുക്തിയുടെ സമർത്ഥമായ വഴികൾ പലപ്പോഴും അവഗണിക്കുന്നു.മാത്രമല്ല അനുഭവിക്കുന്നതും ഭാഷ ഉപയോഗിച്ച് സംസാരിക്കുകയും എഴുതുകയും പ്രതീകങ്ങളിലൂടെ വ്യാഖ്യാനിക്കുന്നതുമായ ലോകം ഇപ്പോൾ കാണപ്പെടുന്നതുപോലെയുള്ളതായിക്കൊള്ളണമെന്നില്ലെന്നും അതിനപ്പുറം എന്തോ ഉണ്ടെന്നും മനുഷ്യമനസ്സിന് അത് ഗ്രഹിക്കാനോ വിവരിക്കാനോ കഴിയില്ലെന്ന് വിശ്വസിക്കുന്ന -അവിശ്വനീയമായത് പലതും ഉണ്ടെന്ന് ആഗ്രഹിയ്ക്കുന്ന ചാപല്യം മനുഷ്യസഹജമാണ്.

മനുഷ്യന്റെ മഷ്തിഷ്കരസതന്ത്ര വ്യവസ്ഥ അപകടകരമായ സംഗതികളെ കണ്ടെത്താൻ ശ്രമിക്കുന്നു.ജീവിതത്തിലെ ഭീകരകാഴ്ചകളും, മോശപ്പെട്ട കാര്യങ്ങളും അറിയാനുള്ള വ്യഗ്രത മനുഷ്യവാസനയാണ് . അല്ലലുകളായി ചെറിയ ഗോത്രങ്ങളായി ജീവിച്ചിരുന്ന മനുഷ്യസമൂഹങ്ങൾ ഇന്ന് വലിയ ഒരു സൈബർ ഇടത്തിലേക്ക് മാറിയിരിക്കുകയാണ്. നമ്മുടെ ചില സൈബർ വ്യവഹാരങ്ങളിൽ വിനിമയം ചെയ്യുന്ന ജന്മവാസനകൾക്ക് ഭീകരമുഖവും വ്യാപനവും കൈവരുന്നു .ആളുകൾ അമ്പരിപ്പിക്കുന്ന ആകുലപ്പെടുത്തുന്ന വാർത്തകൾ പ്രതീക്ഷിക്കുന്നു.മറ്റുള്ളവരുടെ ജീവിത്തിലെ ഏറ്റവും മോശപെട്ടകാര്യങ്ങൾ അറിയുന്നതിനോടാണ് നമ്മുക്ക് പ്രിയം . മനുഷ്യ പ്രകൃതത്തിലെ ഈ സവിശേഷതയാണ് അതിശയോക്തികലർന്ന വാർത്തകളുടെ നിലനിൽപ്പ് സാധ്യമാക്കുന്നത്.

മിഥ്യ ആശ്വാസത്തിന്റെ വഴികൾ.

സ്വതബോധമുള്ള ഒരു ജീവിയാണ് മനുഷ്യൻ വർത്തമാനത്തിലാണ് എപ്പോഴും നാം ജീവിക്കുന്നതെങ്കിലും ഗതകാലത്തെക്കുറിച്ചും വരാൻ പോകുന്ന കാലത്തെക്കുറിച്ചും വർത്തമാനത്തിൽ ഉത്തേജനം അനുഭവിക്കുക, ആന്തരികാനുഭവങ്ങൾ നൈനമിഷികമായി മാറിമറിഞ്ഞു വരിക,അടുക്കും ചിട്ടയുമില്ലാതെ ചിന്താധാരകളും, അനിർവ്വചനീയമായ മാനസികാവസ്ഥകളും ആകെ കുഴഞ്ഞു മറിഞ്ഞ നിലകൾ -പ്രശ്‌ന നിർധാരണങ്ങൾക്കു മനുഷ്യമഷ്തിഷം മുൻ മാതൃകകൾ അവലംബിക്കുന്നു.പ്രകൃതചോദനകളുടെയും വികാരങ്ങളുടെയും കുത്തൊഴുക്കിൽ പലപ്പോഴും യുക്തിബോധം നഷ്ടപ്പെടുന്നു . സാങ്കൽപ്പിക കഥാപാത്രങ്ങളായ ദൈവം, പിശാചുക്കൾ തുടങ്ങിയ അതീന്ദ്രിയ ശക്തികളിലുള്ള വിശ്വാസം മനുഷ്യർക്ക് മിഥ്യ ആശ്വാസങ്ങളാണ് .

സഹസ്രാബ്ധങ്ങളായി നിലനിന്നു പോരുന്ന കപട ധാരണകൾ വ്യക്തികളുടെ വൈയക്തിക തോന്നലുകളിലൂടെയാണ് നിലനിൽക്കുന്നത്.ഒരു വ്യക്തിയ്ക്ക് തോന്നുന്ന യാഥാർഥ്യം അയാളുടെ വിശ്വാസത്തെ ആധാരമായി നിലനിൽക്കുമ്പോൾ പരിശോധനകളിലൂടെ അത് തെളിയിക്കാൻ കഴിയില്ല.ഓരോ വിശ്വാസവും ഓരോ സങ്കൽപ്പവും ഒരേ സരണിയിൽ സഞ്ചരിക്കുന്ന മനുഷ്യർക്കിടയിലെ പാരസ്പര്യതലത്തിലൂടെ വിനിമയം ചെയ്യുന്നത് കൊണ്ട് അബ്ദ ജഡില ധാരണകൾ ഊട്ടിയുറപ്പിക്കപ്പെടുന്നു.

ന്യൂറോസയൻസ്, ജെനെറ്റിക് എൻജിനിയറിങ്,നാനോടെക്നോളജി,ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് തുടങ്ങിയ വിജ്ഞ്ജാന ശാഖകളിൽ നിന്ന് വരുന്ന വസ്തുതകൾ പൗരാണികമായ നിരവധി മിഥ്യാധാരണകളെ വകവരുത്തിയെങ്കിലും, നൂതന സാങ്കേതികവിദ്യകൾ വിദഗ്ദ്ധമായി ഉപയോഗിച്ച് പുതിയ രീതിയിൽ പഴയ അന്ധവിശ്വാസങ്ങൾ നവ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യർക്ക് അതെല്ലാം പഥ്യമാണ്. മനുഷ്യ മഷ്തിഷ്ക്കം വൈരുദ്ധ്യങ്ങളുടെ സംഗമസ്ഥലമാണ്.