പ്രസാദ് അമോർ മനുഷ്യമനസ്സ് അപ്രത്യക്ഷമാകുന്നു.

44

പ്രസാദ് അമോർ

മനുഷ്യമനസ്സ് അപ്രത്യക്ഷമാകുന്നു.

നൂറുകണക്കിന് വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന ഒരു വീഥിയിലൂടെ നിങ്ങൾ കാർ ഓടിക്കുന്നു.ആളുകൾ റോഡ് മുറിച്ചു കടക്കുന്നു, വാഹനങ്ങളുടെ ക്രൂരമായ ആരവങ്ങൾക്കിടയിലും നിങ്ങളുടെ ഡ്രൈവിങ്ങിന് ഭംഗം വരുന്നില്ല.ഗതാഗതകുരുക്കുകൾക്കിടയിലും ഇടുങ്ങിയ വീഥികളിലൂടെയും കാർ ചലിക്കുകയാണ്.കൈകളും കാലുകളും ഡ്രൈവ് ചെയ്യുന്ന പ്രവർത്തനത്തിൽ മുഴുകുന്നതിനെപ്പറ്റി നിങ്ങൾ ബോധവാനല്ല .ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോഴും കൂടെയുള്ളവരുമായി നിങ്ങൾ സംസാരിക്കുന്നു. ബോധപൂർവ്വമായ മാനസിക അനുഭവങ്ങളും മസ്തിഷ്കത്തിലെ അബോധപൂർവ്വമായ പ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഒരേ സമയം കാർ ഓടിക്കാനും മറ്റൊരു വ്യക്തിയുമായി ആശയവിനിമയം ചെയ്യാനും നിങ്ങൾക്ക് കഴിയുന്നു. നാനാതരം ചിന്തകൾ നിങ്ങളിലൂടെ കടന്നുപോയികൊണ്ടിരിക്കുന്നു.സങ്കീർണമായ ഇത്തരം പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോഴും നിങ്ങളുടെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുന്നില്ല.എന്തുകൊണ്ട്?

നിങ്ങൾ ഡ്രൈവ് ചെയ്യുന്ന കാർ നിങ്ങളുടെ ശരീരത്തിലെ ഒരവയവമായി മസ്തിഷ്‌കം പരിഗണിക്കുന്നതുകൊണ്ടാണിത് .മറ്റൊരു വാഹനം നിങ്ങളുടെ കാറിന് നേരെ വരുമ്പോൾ നിങ്ങൾ നിയന്ത്രിക്കുന്നു. കാരണം ആ വാഹനം നിങ്ങളുടെ ശരീരത്തിലേയ്ക്ക് വരുന്ന ഒരന്യവസ്തുവാണ്. തീർച്ചയായും, മനുഷ്യ ശരീരത്തിൽ പല അജൈവ വസ്തുക്കളും ഒരവയവം പോലെ പ്രവർത്തിക്കുന്നുണ്ട്.ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യകൾ നൽകിയ ചില ഉപകരണങ്ങൾ വഹിച്ചുകൊണ്ടാണ് നമ്മൾ ജീവിക്കുന്നത്.സ്മാർട്ട് ഫോൺ, സെൻസറുകൾ, കൈയ്യിൽ കെട്ടുന്ന ബാൻഡ് തുടങ്ങിയവ ഇന്ന് ശരീരത്തിന്റെ ഭാഗങ്ങളാണ്.

ഇത്തരം നിർമിതബുദ്ധിയുള്ള ഉപകരണങ്ങൾ രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ്,ശരീരോക്ഷ്മാവ്,ഉറക്കം, കായികാധ്വാനം, ജലാംശം തുടങ്ങിയ വിവരങ്ങൾ പരിശോധിച്ചു വ്യക്തിയുടെ ജീവിതരീതിയും ശീലങ്ങളും താല്പര്യങ്ങളും, മനസ്സിലാക്കി എന്തുചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. മനുഷ്യന് ലഭ്യമായ ബുദ്ധി ശക്തിയ്ക്ക് കണ്ടെത്താൻ കഴിയാത്ത വിവരങ്ങൾ നിർമ്മിത ബുദ്ധിയ്ക്ക് അറിയാൻ കഴിയുന്നു.ജനിതക സാങ്കേതികവിദ്യകൾ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തികൊണ്ടുള്ള സാങ്കേതിക സംവിധാനങ്ങൾ മനുഷ്യജീവിതത്തിൽ നിർണ്ണയമായ മാറ്റങ്ങൾ വരുത്തുന്നു. മനുഷ്യ മഷ്തിഷ്കത്തിലെ ചില മേഖലകളെ ഉത്തേജിപ്പിക്കുക വഴി വിവിധ ആന്തരികാനുഭൂതികൾ സൃഷ്ടിക്കാനും ഇല്ലാതാക്കാനും കഴിയും. മസ്തിഷ്കത്തിൽ കമ്പ്യൂട്ടർ ചിപ്പുകൾ ഘടിപ്പിക്കുന്ന പരീക്ഷണത്തിലൂടെ ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്.

പുതിയ സാങ്കേതികവിദ്യകളും അറിവുകളും അനുസൃതമായി കൂടുതൽ വിശ്വസനീയവും പ്രലോഭിക്കുന്നതുമായ അവസ്ഥകൾക്ക് പ്രേരണയാവുന്നു.ജൈവ രാസിക മാറ്റങ്ങൾ സൃഷ്ടിക്കുന്ന വ്യത്യസ്ഥങ്ങളായ അനുഭൂതികൾ പ്രേരണകൾ എല്ലാം നിർവൃതിയുടെ മേഖലകളാണ്.പുതുരുചികളും മത്തുപിടിപ്പിക്കുന്ന രസങ്ങളും അനന്തമായി നീളുകയാണ്. ആഹാരം സുരക്ഷിത്വം ലൈംഗികത എന്നി പ്രാഥമികാവശ്യങ്ങളെ സാധൂകരിക്കുന്നതിന് വേണ്ടിയുള്ള ചോദനകളാണ് അക്രമാസക്തി, ആർത്തി, ലജ്ജ, ദയ, സഹകരണം തുടങ്ങിയ പെരുമാറ്റങ്ങൾ രൂപപ്പെടുത്തുന്നത്. മനുഷ്യന്റെ സന്തോഷവും സംതൃപ്തിയും നൈനമിഷികമാണ്. മനുഷ്യന്റെ സംവേദക നാഡികളും നാഡീ വ്യൂഹങ്ങളും ഹോർമോണുകളും അതിന്റെ ജോലി നിർത്തുകയില്ല.

മനുഷ്യന്റെ ആന്തരികാനുഭവങ്ങൾ പ്രേരണകളുടെയും ചിന്തകളുടെയും വികാരങ്ങളുടെയും സൃഷ്ടികളാണ്. അതാകട്ടെ അബോധപരമായി സംഭവിക്കുന്നതാണ് നാഡീവ്യൂഹങ്ങളുടെ ക്രമബന്ധിതമായ പ്രവർത്തനങ്ങൾ അതിന്റെ പിന്നിലുണ്ട്.ഇന്ന് വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ മനസ്സിലാക്കി പെരുമാറ്റം പ്രവചിക്കാവുന്ന സാങ്കേതിക വിദ്യകൾ ലഭ്യമാണ്. ശരീരത്തിനകത്തും മസ്തിഷകത്തിലും നടന്നുകൊണ്ടിരിക്കുന്ന അവസ്ഥകളെ നിരീക്ഷിച്ചു വ്യക്തിയുടെ അൽഗോരിതങ്ങളുടെ അടിസ്ഥാനത്തിൽ മാനസിക ഭ്രംശനത്തെ തിട്ടപ്പെടുത്തി വ്യക്തിക്ക് സ്വന്തം അവസ്ഥകളെപ്പറ്റി മെച്ചപ്പെട്ട ഉൾകാഴ്ച ഉണ്ടാക്കാനാവും. ശരീരത്തിൽ നടക്കുന്ന ജൈവ രാസ പ്രവർത്തനങ്ങളെ ഇലക്ട്രോണിക് സിഗ്നലുകളായി മാറ്റി അത് കമ്പ്യൂട്ടിങ് ചെയ്ത് വ്യക്തിയുടെ മാനസികനില വിലയിരുത്താൻ കഴിയുന്ന നിർമ്മിത ബുദ്ധിയുടെ സങ്കേതങ്ങൾ നിലവിലെ ചികിത്‌സാ രീതികളുടെ ഗതി തന്നെ മാറ്റുകയാണ്. ഓരോ വ്യക്തിയെയും സ്വാധീനിക്കുന്ന സംഘര്ഷസാഹചര്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് സ്വയം നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സഹായകരമാകും.

നിർമ്മിതബുദ്ധിയ്ക്ക് സ്വയം ബോധമോ വികാരങ്ങളോ ഇന്ദ്രിയാനുഭവങ്ങളോ ഇല്ല.നിർമ്മിത ബുദ്ധിയുടെ മേഖല സവിശേഷ പ്രവർത്തനങ്ങൾക്കുവേണ്ടി പ്രോഗ്രാം ചെയ്യപ്പെട്ട യന്ത്രസംവിധാനമാണ്. മനുഷ്യമസ്തിഷ്കത്തിന്റെ സങ്കീര്ണതകൾക്ക് അത് പകരമാവുന്നില്ല. മനുഷ്യവികാരങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുഭവങ്ങൾക്കും മാത്രമായി അവ സൃഷ്ടിക്കപ്പെടുകയാണ്.മനുഷ്യർ ബൗദ്ധിക ഗുണങ്ങളുപയോഗിച്ചു ചെയ്യുന്ന കാര്യങ്ങൾ പ്രോഗ്രാം ചെയ്തു പ്രവർത്തിക്കുന്ന യന്ത്രങ്ങൾ ചെയ്യുന്നതിലൂടെ മനുഷ്യരുടെ പല കൊഗ്നിറ്റീവ് ശേഷികൾക്കും പരിണാമം സംഭവിക്കുന്നു. പഠനം, തിരുമാനമെടുക്കൽ, പ്രശ്നപരിഹാരം, പരിതഃസ്ഥിതിയെ വിലയിരുത്തൽ തുടങ്ങിയ കൊഗ്നിറ്റീവ് ശേഷികളെല്ലാം നിർമ്മിത ബുദ്ധി ഏറ്റെടുക്കുമ്പോൾ മനുഷ്യന്റെ മാനസികവ്യാപാരങ്ങൾക്ക് ഉപകരണങ്ങളുടെയും സഹായം വേണ്ടിവരുകയാണ് .മാത്രമല്ല ആളുകൾ നേരിട്ട് സമ്പർക്കം പുലർത്താനാകാത്ത ഇടപാടുകൾ, വിനിമയങ്ങൾ, കച്ചവടങ്ങൾ, സുഹൃദ്ബന്ധങ്ങൾ നിലനിർത്തൽ തുടങ്ങിയവയെല്ലാം സൈബർ ലോകത്തിരുന്നു ചെയ്യാനാവുന്ന അവസ്ഥയിലേയ്ക്ക് മാറുമ്പോൾ മനുഷ്യർ നിശ്ചിത പ്രതികരണങ്ങൾ മാത്രം നടത്തുന്ന നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന യാന്ത്രിക ജീവികളായി മാറുന്നു.

ഉണർന്നിരിക്കുന്ന സമയത്തിൽ ഏറിയപങ്കും ഡിജിറ്റൽ ഉപകരണങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവർ കുറെ സമയം ബാഹ്യലോകവുമായി നേരിട്ട് ബന്ധമില്ലാത്ത ജീവിതരീതികളുമായി കഴിയുന്നതിനാൽ ആന്തരിക സംഘർഷവും മിഥ്യാ ബോധവും അനുഭവിക്കുന്നു.മനുഷ്യന്റെ യാഥാർഥ്യബോധത്തിന്റെ വികാസം വ്യക്തിഗതമായി സംഭവിക്കുന്നതല്ല.സംഘം ചേർന്നും, പരസ്‌പരം പ്രവർത്തിച്ചും ജൈവമായി സ്വാംശീകരിച്ചെടുക്കുന്നതാണ്.ജനിതകമായി ചിട്ടപ്പെടുത്തിയ ഈ അവസ്ഥ സാധ്യമാവാത്ത സാഹചര്യം വേദനാജനകമാണ് . ക്രമേണ മനുഷ്യമസ്തിഷ്കം പുതിയ സാഹചര്യങ്ങളുമായി അനുകൂലനം ചെയ്യും . അനുയോജ്യമായ സജ്ജീകരണങ്ങൾ ഉണ്ടാക്കിയും, പൊരുത്തപ്പെട്ടും ആണ് മനുഷ്യ സമൂഹത്തിന് മിക്കവാറും എല്ലാ അവസ്ഥയിലും ജീവിക്കാൻ കഴിഞ്ഞിട്ടുള്ളത്.