ഭീകരമായ ഒരു ഇന്ത്യൻ യാഥാർഥ്യമാണ് ഡൽഹി

0
579

Prasad Amore

ഡൽഹിയിലെ മനുഷ്യർ.

ആധുനികതയുടെയും പാരമ്പര്യത്തിനുമിടയിലൂടെ കടന്നുപോകുന്ന ഒരിന്ത്യൻ നഗരമാണ് ഡൽഹി.പലതരം ജീവിതങ്ങളാണിവിടെ.സഹനങ്ങളും പലായനങ്ങളും സങ്കടങ്ങളും നിറഞ്ഞ ഈ പട്ടണത്തിന്റെ വളർച്ച അസാധാരണമാണ്. അധഃസ്ഥിതരും സ്വന്തം ജീവിതത്തിൽ നിന്ന് പിഴുതെറിയപെട്ടവരുമായ ദരിദ്ര ഭൂരിപക്ഷത്തിന്റെ നഗരമാണിത്.സ്വന്തം ചുറ്റുപാടുകളെ അധ്വാനത്തിലൂടെ സൃഷ്ടിക്കുകയും അതിനകത്തുതന്നെ ഒന്നുമല്ലാതായിത്തീരുകയും ചെയ്യുന്ന ചേരി നിവാസികൾ നിലനിൽപ്പുമായുള്ള പോരാട്ടത്തിന്റെ ഭൂമികയിലാണ്‌.ഉണ്മ നഷ്ടപ്പെട്ട മനുഷ്യർക്ക് മുൻപിൽ മാനവിക വികസന സാധ്യതകൾ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു.തെരുവുവാസികളുടെയെല്ലാം വാടിയ ശരീരമുഖമാണ്.അവരുടെ കണ്ണുകളിൽ അസംതൃപ്തമായ ഒരു ആർത്തിയുടെ ക്ഷീണിച്ച തെളിച്ചമുണ്ട്. ശൈഥല്യമുള്ള ജീവിതത്തിന്റെ സ്വാഭാവിക പരിണാമങ്ങളിൽ അസന്തുഷ്ടരും ആശങ്കാകുലരുമായ ആ മുഖങ്ങളിൽ സ്നേഹത്തിന്റെയോ അനുതാപത്തിന്റെയോ ഭാവങ്ങൾ എന്നോ നഷ്ട്ടപ്പെട്ടു.

Image result for delhiഅജൈവമായ ആ അന്തരീക്ഷത്തിന് സംവേദനീയമായ ഒരു സഹവർത്തിത്വമില്ല. പഴയ ദൽഹി പരിസരം പ്രകൃതിയുടെ ഒരു ചവറ്റുകൊട്ടപോലെ വികൃതവും അപഹാസ്യവുമായിരിക്കുന്നു.തെരുവിലെ തിരക്കിനിടയിൽ വഴിയുണ്ടാക്കി നിരങ്ങുന്ന സൈക്കിൾ റിക്ഷകൾ അത് സൃഷ്ടിക്കുന്ന വഴിതടസ്സങ്ങൾ മലിന ജലവും അഴുക്കും കെട്ടിക്കിടക്കുന്ന നിരത്തുകൾ എല്ലാം ഇന്ത്യയുടെ ഈ ആസ്ഥാന നഗരിയെ അപകീർത്തിപ്പെടുത്തുകയാണ്.

Image result for delhi povertyഭീകരമായ ഒരു ഇന്ത്യൻ യാഥാർഥ്യമാണ് ഡൽഹി.പുരാതനമായ ഒരു പാരമ്പര്യത്തിന്റെ പരിച്ഛേദങ്ങളുടെ വാങ്മയ ആവിഷ്ക്കാരങ്ങളുണ്ട് ഇവിടെ.ആത്മ ക്ഷയത്തിന്റേതായ ഒരു അനുഭവ പരിസരമാണ് പലയിടങ്ങളിലും.സംതൃപ്തിയും സഹിഷ്ണുതയും ഇഴുകിച്ചേരാനുള്ള ഒരു ജൈവബന്ധം സ്ഥാപിക്കാൻ അശക്തമാകുന്ന മനുഷ്യ സമൂഹങ്ങൾ ചിതറിക്കിടക്കുകയാണ്.ഗ്രാമങ്ങളിൽനിന്ന് കുടിയേറുന്നവർ ഡൽഹിയിലെ പ്രതീതി അപ്രസന്നമാക്കാം.നഗരവാസികളുടെ സങ്കീർണ്ണമായ മാനസികാവസ്ഥകൾ ഈ നഗരത്തിലെത്തുന്നവരെ അലോസരപ്പെടുത്തിയെന്നുവരാം.നഗരത്തിലെത്തുമ്പോൾ ഗ്രാമ്യപ്രകൃതം സങ്കോചങ്ങളിൽ നിന്ന് വിമുക്തമാകുന്നു.അവിടെ ഗ്രാമത്തിലെ ക്രമവും വ്യവസ്ഥകളും ശിഥിലമാകുന്നു.സാമൂഹ്യക്രമത്തെ ലംഘിക്കുന്ന മനുഷ്യക്കൂട്ടങ്ങൾ- അവരുടെ തീവ്രാഭിനിവേശങ്ങൾ നഗരജീവിതത്തിന്റെ പരിഭവങ്ങളാണ്‌. കുറ്റകൃത്യങ്ങളുടെ പെരുപ്പവും ജീവിതത്തിലെ ജീർണ്ണതയും ഗ്രസിച്ച അന്തരീക്ഷം മനുഷ്യരെ ബലഹീനരാക്കുന്നു.ഡൽഹി ലോകത്തിലെ സുരക്ഷിതമല്ലാത്ത ഒരു നഗരമെന്ന പേരുദോഷം ഇന്നും നിലനിർത്തുന്നു. ഭ്രാന്തമായ പൗരാണിക ബോധം, അജ്ഞത, രാഷ്ട്രീയസ്പർദ്ധ, വൃത്തിരാഹിത്യം , ദാരിദ്ര്യം എന്നിവയാൽ സങ്കീർണ്ണമായ ജീവിതത്തെ പ്രതിനിധാനം ചെയ്യുകയാണ് ഡൽഹി.കോടിക്കണക്കിന് ജനങ്ങളുടെ കുടിയേറ്റത്തിന് സജ്ജമല്ല ഈ നഗരം.

Image result for delhi povertyഡൽഹിയിലെ നിശാ ജീവിതത്തിൽ സാന്ദ്രമായി തങ്ങി നിൽക്കുന്ന കഞ്ചാവിന്റെയും ചരസ്സിന്റെയും പുകയിൽ ഉൻമിത്തമായ യുവതീയുവാക്കളുടെ അഭിനിവേശങ്ങളുണ്ട്.നഗരത്തിലെ കുടുസ്സു മുറികളിലെ ചില സലൂണുകളും മസ്സാജ് പാര്ലറുകളും കാമശമന ഇടങ്ങളാണ്. ഉത്തരേന്ത്യയിലെയും നേപ്പാളിലെയും ദരിദ്ര ഗ്രാമങ്ങളിൽ നിന്ന് വിലയ്ക്കുവാങ്ങി നഗരത്തിലെത്തിക്കുന്ന പെൺകുട്ടികൾ ഒരിക്കലും നിനയ്ക്കാത്ത ഒരു ഭീകരജീവിത വൃത്തത്തിലേയ്ക്ക് എറിയപ്പെടുകയാണ്.ഡൽഹി റെയിൽവേ സ്റ്റേഷന് ചുറ്റുമുള്ള പരിസരങ്ങളിൽ നിരവധി ശരീര ലാളന കേന്ദ്രങ്ങളുണ്ട്. ഇടപാടുകാരെ വലവീശിപിടിക്കാനായി മദ്ധ്യവർത്തികളുടെ സൂക്ഷ്മമായ ചലനങ്ങൾ റെയിൽവേ സ്റ്റേഷന് ചുറ്റുമുണ്ട്. നിയമഭീഷണി നേരിട്ട് വാഴുന്ന മസ്സാജ് പാര്ലറുകളിലേക്കുള്ള പ്രലോഭനീയമായ ക്ഷണവുമായി തെരുവു കവലകളിൽ കാത്തുനിൽക്കുന്ന ഓട്ടോ ഡ്രൈവർമാരെ പ്രകോപനകരമായ ഭാഷയിൽ ഭഞ്ജിച്ചുകൊണ്ടെ നഗരവീഥികൾ നിങ്ങൾക്ക് മുറിച്ചുകടക്കാൻ കഴിയുകയുള്ളു. യഥാർത്ഥത്തിൽ നഗര ജീവിതത്തെ സ്വസ്ഥമാക്കാൻ ആവശ്യമായ വേശ്യാഗൃഹങ്ങൾ സ്ഥാപിക്കാൻ സർക്കാർ തന്നെ മുൻകൈയ്യെടുക്കണമെന്ന് വാദിക്കുന്ന ഫെമിനിസ്റ്റുകൾ ഡൽഹിയിലുണ്ട്. വേശ്യാവൃത്തി ഉപചാരങ്ങളുള്ള ഒരു പുരാതന തൊഴിലാണ്.പുരാതന ഇന്ത്യയിൽ ഇത് ഒരിക്കലൂം അപകർഷകരമായിരുന്നില്ല.ഇന്നും ഇന്ത്യയിൽ പലവിധ പേരുകളിൽ ഈ വൃത്തി ആചരിച്ചുപോരുന്നു.ലൈംഗികത നിഷേധിക്കപെട്ടവരുടെ ശരണാലയങ്ങളാണ് വേശ്യാഗേഹങ്ങൾ. വേശ്യാവൃത്തി ഒരു തൊഴിലായി സ്വീകരിക്കാൻ തയ്യാറായ സ്ത്രീ പുരുഷൻമാരുണ്ട്.പലപ്പോഴും നിയമപാലകർക്കും ദല്ലാളുകാർക്കും പങ്കിടേണ്ടിവരുന്ന ഭാരിച്ച കമ്മീഷനുകൾക്ക് ശേഷം മിച്ചം വയ്ക്കാൻ ഒന്നും അവശേഷിക്കാത്ത അവരുടെ അവസ്ഥ പരിതാപകരമാണ്. “വേശ്യാവൃത്തി അംഗീകരിക്കേണ്ടത് ഒരു പരിഷ്‌കൃത സമൂഹത്തിന് ആവശ്യമാണ്. ഈ തൊഴിലേയ്ക്ക് സ്വമേധയ തയ്യാറായവരെയാണ് ഞങ്ങൾ പിന്തുണയ്ക്കുന്നത്”. ഡൽഹി നിവാസിയും സ്ത്രീപക്ഷ ചിന്തകയും സാമൂഹ്യ ശാസ്ത്രജ്ഞയുമായ ഡോക്ടർ മൈത്രേയി ചൗധരി പറയുന്നു.

Image result for delhi red areaകാലാവസ്ഥയുടെ മാറുന്ന മുഖത്തിന്റെ നേർചിത്രമാണ് ഡൽഹിയിലെ ദുരിതപൂർണമായ
ജീവിത മണ്ഡലം.വാഹനപ്പെരുപ്പവും മാലിന്യങ്ങളും നിയന്ത്രിക്കാനാവാത്തതുമൂലം അന്തരീക്ഷ മലിനീകരണത്തിന്റെ കെടുതികൾ നന്നായി അനുഭവിക്കുകയാണ് ഡൽഹി നിവാസികൾ. അന്തരീക്ഷത്തിലെ പദാർത്ഥകണികകളുടെ സാന്ദ്രതയുടെ പാരമ്യത്തിൽ പലരും കഴിഞ്ഞ വർഷങ്ങളിൽ മരണപ്പെടുകയുണ്ടായി.അന്തരീക്ഷത്തിലെ കണികാ വസ്തുക്കളും മറ്റു ബഹിർഗമന പദാർത്ഥങ്ങളും ആസ്ത്മ, ശ്വാസകോശരോഗങ്ങൾ, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്നത് അസാധാരണമല്ല.

പൗരാണിക കാലഘട്ടത്തിലെ നഗരധിവാസത്തിന്റെ രൂപ മാതൃകകൾ ഈ നഗരത്തിന്റെ രേഖാചിത്രമായി നിലനിൽക്കുന്നു.ചൂടും പൊടിയും വഴിവാണിഭക്കാരും സൈക്കിൾ റിക്ഷകളും ജാനബാഹുല്യവും നിറഞ്ഞ ബഹളമായ ഈ നഗരത്തിലെ കാഴ്ചകളിൽ ദുസാദ്ധ്യമായ ഗതാഗതക്കുരുക്കുകളിൽ നിങ്ങളുടെ ക്ഷമ അറ്റുപോയെന്നുവരാം. ഇന്ത്യൻ സാമ്രാജ്യത്വ സ്വപ്‌നങ്ങളുടെ ആസ്ഥാന നഗരമാണ് ഡൽഹി.ചരിത്രത്തിൽ നടന്ന അട്ടിമറികൾക്ക് സാക്ഷ്യം വഹിച്ച ഈ പുരാതന നഗരത്തെ നിർമ്മിച്ചത് തെമാർ രാജപുത്രരാണ്.ഡൽഹിയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സൂരജ് കുണ്ഡ് ആയിരുന്നു ആദ്യത്തെ ജനവാസ കേന്ദ്രം .ചരിത്രം ഓർമ്മിപ്പിക്കുന്ന നാഗരാവിഷ്കാരത്തിന്റെ ശിഷ്ട സ്‌മൃതികൾ അവശേഷിക്കുന്ന ഈ നഗരം പുരാതന ചരിത്രത്തിന്റെ അടരുകളിലേയ്ക്ക് നിങ്ങളെ ആനയിക്കുന്നു.

നഗരനിർമ്മാണവും കൊള്ളയും ഉപേക്ഷിക്കലും പുനർനിർമ്മാണവുമായി കാലം കഴിച്ച ചക്രവർത്തിമാരിൽനിന്ന് വ്യത്യസ്തമായി ബ്രിട്ടീഷുകാർ ഡൽഹിയിൽ മനോഹരമായ ഉദ്യാനങ്ങളും ബംഗ്ളാവുകളും നിർമ്മിച്ചു.ബ്രിട്ടീഷുകാരനായ ജോർജ് അഞ്ചാമൻ 1911, ഡിസംബർ പന്ത്രണ്ടിന് പ്രഖ്യാപിച്ചതാണ് ഇന്ന് കാണുന്ന ഡൽഹി നഗരം.

ഞാൻ അതിരാവിലെ എഴുന്നേറ്റ് ഹരി നഗർ ആശ്രമിലെ അപ്പാർട്മെന്റിൽ നിന്ന് താഴേയ്ക്ക് നോക്കിയപ്പോൾ . ദീർഘമായ ഒരു മനുഷ്യ വരി കണ്ടു. പ്രഭാതത്തിലെ ശൗച്യനിവർത്തിക്കായി നിൽക്കുന്നവരുടെ നിരയാണത് .നിശ്ചിത നിമിഷങ്ങൾക്കുള്ളിൽ ആ ആവേഗം അനുഷ്ഠിച്ചില്ലെങ്കിൽ അവിടെ അക്ഷമരായി നിൽക്കുന്ന മനുഷ്യരുടെ ഇടയിൽ നിന്ന് വരുന്ന ആക്രോശങ്ങൾകൊണ്ട് മുഖരിതമായ ആ അന്തരീക്ഷം ഒരു പരിതാപകരമായ ഇന്ത്യൻ അവസ്ഥ നമ്മെ ഓർമ്മപെടുത്തുണ്ട്.ശുചീകരണ സംവിധാനങ്ങളില്ലാതെ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം നടത്തുന്നവരാണ് ഇന്ത്യക്കാർ. നഗരപ്രാന്തങ്ങിലേയ്ക്ക് വിസർജ്ജനങ്ങൾ പുറംതള്ളുന്നതിന്റെ ആരോഗ്യപ്രശന്ങ്ങൾ കൂടുതലും അനുഭവിക്കുന്നത് പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണ്.സാമൂഹ്യപൊരുത്തം നിലനിർത്തിക്കൊണ്ട് ലക്ഷക്കണക്കായ കുടിയേറ്റക്കാർക്ക് അടിസ്ഥാനസൗകര്യങ്ങൾ ശരിയാക്കികൊടുക്കുക എന്നതിൽ നൈരാശ്യമാണ് ഈ മഹാനഗരം.

ജൈവമണ്ഡലം ശുഷ്ക്കമായിക്കൊണ്ടിരിക്കുന്ന ഡൽഹിയിലെ ജീവിത പരിദേവനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ആളുകൾ വാരാന്ത്യത്തിൽ അനുകൂലമായ കാലാവസ്ഥയും പരിസ്ഥിതിയും തേടി ഡൽഹിയിൽ നിന്ന് അധികം ദൂരമില്ലാത്ത ഇടങ്ങൾ തേടിപോകുന്നു. അവർ പുരാതനമായ അരാവല്ലിക്കുന്നുകൾ കയറിയിറങ്ങുന്നു.ചിലർ നഗര ഹൃദയ ഭാഗത്തുള്ള ലോധി ഉദ്യാനത്തിൽ സായാഹ്നം ചെലവഴിക്കുന്നു. പ്രണയവിവശരായവർ മനോഹരമായ മൈതാനങ്ങളുടെ മൂലകളിരുന്ന് ആലിംഗനബദ്ധരായി ആനന്ദിക്കുന്നു.

BY Prasad Amore