പോലീസുകാർ സാമൂഹ്യവിരുദ്ധരാണോ?

61

പ്രസാദ് അമോർ (സൈക്കോളജിസ്റ്റ്, എഴുത്തുകാരൻ )

പോലീസുകാർ സാമൂഹ്യവിരുദ്ധരാണോ?

മരുന്ന് വാങ്ങിക്കാനായി ടൗണിലെത്തിയ ഒരു ചെറുപ്പക്കാരനുമായി ഒരു പോലീസുകാരൻ തർക്കിക്കുന്നത് കണ്ടു. ഭയാകുലനായിരുന്നു അയാൾ.മരുന്ന് കിട്ടാതെ വന്നതിനാൽ പലേടങ്ങളിൽ കറങ്ങിത്തിരിഞ്ഞ് വന്ന അയാൾ , തന്റെ യാത്രോദ്യാശമറിയിച്ചു് പോലീസുകാരുടെ പ്രകടമായ സൗഹൃദരാഹിത്യത്തിന് മുന്നിൽ വിനീതനായി നിന്നു. ആ പോലീസുകാരൻ ആക്രോശിച്ചു :
“നിന്നെ കണ്ടാൽ ഒരു കള്ളലക്ഷണമുണ്ടല്ലോടാ ”
കറുത്ത, കരുവാളിച്ച മുഖമുള്ള ആ ചെറുപ്പക്കാരൻ അശക്തനായി മുഖം താഴ്ത്തി നിന്നു.
ഭയം കാരണമായ ആ വിനയപ്രകടനം എത്രമേൽ നിരുന്മേഷകരമായ കാഴ്ചയാണ്.
ഇന്നലെ എന്റെ പ്രിയ സുഹൃത്ത് പ്രമോദ് പുഴങ്കര രണ്ടുപോലീസുകാരുടെ നിർദയമായ പെരുമാറ്റത്തിനിരയായി. ഈ സവിശേഷ സമയത്തും പശിയടക്കാൻ വേണ്ടി നിയമം പാലിച്ചുകൊണ്ട്‌ നിരത്തിലിറങ്ങിയവരോട് അമാന്യമായി പെരുമാറുന്ന നിയമസംരക്ഷകരുടെ തെമ്മാടിത്തരങ്ങളുടെ വാർത്തകൾ ഇന്ത്യയിലെ പലയിടങ്ങളിൽനിന്ന് വന്നുകൊണ്ടിരിക്കുന്നു. സ്വയംനിയന്ത്രണമില്ലാത്ത മനുഷ്യർ അനാവശ്യമായി നിരത്തിലിറങ്ങിക്കൊണ്ടിരിക്കുന്നുമുണ്ട്. ഹിംസാത്മകത ജീവിതത്തിന്റെ സാമൂഹികവും ആന്തരികവുമായ തലങ്ങളിലേക്കിറങ്ങിച്ചെന്നന്നതിന്റെ സൂചകമാണിത്. വ്യക്തികൾക്ക് ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യവും അതിനുവേണ്ട നിയമസംവിധാനങ്ങളും ആധുനിക സമൂഹം നിഷ്കര്ഷിക്കുമ്പോൾ തന്നെ പലേടങ്ങളിലും പലരൂപത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നിയമത്തിന്റെ കാവലാളുകൾ പ്രത്യേയ്ക സാഹചര്യത്തിലും പൗരന്മാർക്ക് അനുവദനീയമായ അവകാശങ്ങൾ ഉല്ലംഘിക്കുകയും ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.
അതേസമയം രൂക്ഷമായ ചൂടിലും നിന്നുകൊണ്ട് പൗരബോധത്തോടെ തങ്ങളുടെ കൃത്യങ്ങൾ നിർവഹിക്കുന്ന പോലീസുകാരുണ്ട്.പലപ്പോഴും പോലീസുകാർ വെന്തെരിഞ്ഞ ഒരു കനൽ പോലെയാണ്. നിരന്തരമായ സമ്മർദ്ദങ്ങൾ പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ അന്യഥാവ്യഥാ എല്ലാമായുള്ള ശ്രേണിബന്ധ തൊഴിൽ സൃഷ്ടിക്കുന്ന അവരുടെ പിരിമുറുക്കം ഭയങ്കരമാണ് . മാത്രമല്ല താന്തോന്നികളായ മനുഷ്യർ സൃഷ്ടിക്കുന്ന ച്യുതികളെ നേരിടുക എന്ന അവരുടെ ജോലി ദുഷ്കരമായി തുടരുകയുമാണ്.എല്ലാ പോലീസുകാരും സാമൂഹ്യദ്രോഹികളാണെന്ന് ആക്ഷേപിക്കുന്നത് അയുക്തമാണെന്ന് പറയാതെ തരമില്ല.
ആധിപത്യവാസനയും ക്രിമിനൽ പെരുമാറ്റവും കൂടുതലായുള്ള പോലീസുകാർ എല്ലാവരോടും പ്രകോപിതരായെന്ന് വരാം.യുദ്ധസന്നമായ അവരുടെ ശരീരം എല്ലാ മര്യാദകളെയും ഭേദിക്കും. സവിശേഷ അധികാരം ഉപയോഗിച്ച് തങ്ങളുടെ അതിരുകളിൽ കടന്നുചെല്ലുന്ന പോലീസുകാർ മനുഷ്യർക്ക് സമ്മതനല്ല . എന്നാൽ മനുഷ്യരുടെ ചില അതിരുകൾ പോലീസുകാർക്ക് അതി ലംഘിക്കേണ്ടിവരും. പരസ്പരം അതിരുകൾക്ക് വേണ്ടി പോര് നടത്തുന്ന മനുഷ്യ ജാതി. അതിൽ ആക്രമിക്കാനും കിഴ്പെടുത്താനും തക്കം പാർത്തിരിക്കുന്നവർ .ശാന്തരാവാൻ എല്ലാമനുഷ്യർക്കും കഴിയുകയില്ല. പോലീസും പട്ടാളവും ഇല്ലെങ്കിൽ ഇവിടെ സമാധാനത്തോടെ കഴിയാനാവുകയില്ല.കാരണം മനുഷ്യന്റെ പെരുമാറ്റം ജനാധിപത്യപരമല്ല.ജീവിക്കുന്ന സമൂഹത്തിലെ നിയമവ്യവസ്ഥകളെയും നിബന്ധനകളെയും തിരസ്ക്കരിക്കാനും സാമൂഹ്യ നിയന്ത്രങ്ങളോട് വിടവാങ്ങി നിൽക്കാനുമുള്ള പ്രേരണ മനുഷ്യനുണ്ട്.ജീവിതത്തിലെ പല അവസ്ഥകളിലൂടെ കടന്നുപോകുന്ന വ്യക്തി മറ്റു മൂല്യസംഹിതകളുമായി പരിചയപ്പെടാൻ ഇടവരുമ്പോൾ സ്വസമൂഹത്തിലെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിക്കഴിയാൻ മടിക്കുന്നു.സ്വാതന്ത്രത്തിനും ജീവിക്കാനുമുള്ള ഇച്ഛയുടെയും ഭാഗമാണ് അടിച്ചമർത്തലിനോടുള്ള പ്രതിരോധം .
ആധിപത്യവാസന നന്നായുള്ള ഒരു സസ്തനിയാണ് മനുഷ്യൻ.സാമൂഹ്യവ്യവസ്ഥയിൽ തങ്ങളുടെ മേധാവിത്വത്വത്തിനും അതിരിനും വേണ്ടി പേരാടുന്ന പ്രവണത സാമൂഹ്യമായി ജീവിക്കുന്ന സസ്തനികളുടെ സഹജ സ്വഭാവമാണ്.സാങ്കേതികമായി ഇത്രയേറെ പുരോഗമിച്ചിട്ടും ഒരു ജീവജാതിയെന്ന നിലയിൽ നമ്മളിൽ രൂഢമൂലമായ ജീവന സാമർഥ്യങ്ങൾ അതേപടി നിലനിർത്തുന്ന ഒരുകൂട്ടം ജീനുകളാണ് ക്രിമിനൽ പെരുമാറ്റങ്ങളും ആക്രമണവും ആസക്തിയും ചേർന്ന താന്തോന്നി സ്വഭാവങ്ങളുടെയും പരിണാമവഴികളിലെ പ്രധാന ഘടകങ്ങൾ .
ജീനുകൾ പരിതഃസ്ഥിയ്ക്ക് വശംവദരാകുമെങ്കിലും പ്രത്യേയ്ക ജനിതക സവിശേഷതകൾ നിലനിൽക്കുന്നതുകൊണ്ട് സാമൂഹ്യവൈരുധ്യങ്ങൾ കുറഞ്ഞ സാഹചര്യത്തിലും മനുഷ്യന്റെ പെരുമാറ്റവീഴ്ചകൾക്ക് കാര്യമായ മാറ്റം ഉണ്ടാവണമെന്നില്ല. എന്നാൽ കോപം, ഹിംസ ,ആർത്തി, ഭയം തുടങ്ങിയ ചോദനകൾ നിലനിൽക്കുമ്പോൾ തന്നെ സാങ്കേതികവിദ്യയിലൂന്നിയ നിയന്ത്രണം പലതരത്തിൽ സാധ്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്.ഓരോ മനുഷ്യനും സൈബർ നിരീക്ഷണത്തിലായിക്കൊണ്ടിരിക്കുകയാണ്.കുറ്റകൃത്യങ്ങളിലെല്ലാം ഒരു സൈബർ തെളിവെങ്കിലും അവശേഷിക്കപ്പെടുന്നു.ഗോപ്യമായ നീക്കങ്ങൾക്ക് കടിഞ്ഞാണിടുന്ന സാങ്കേതികവിദ്യകൾ സാധാരണക്കാർക്കും പ്രാപ്യമായതിനാൽ വ്യക്തിയ്ക്ക് സംഭവിച്ചേക്കാവുന്ന കുറ്റകരമായ പെരുമാറ്റങ്ങളെല്ലാം സ്വയം നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യജീവിതത്തിൽ മുൻപൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒന്നാണിത്.അതിനാൽ തെമ്മാടികളായ മനുഷ്യർ അവർ പോലീസ് ജോലി ചെയ്യുന്നവരായാലും തിരിച്ചറിയാനും അവരെ നിയമത്തിന്റെ വരുതിയിലാക്കുന്നതിനും ഇന്ന് മുന്പത്തെക്കാൾ സാധ്യമാണ്.