കോവിഡാഘാത ലോകം എങ്ങനെ ജീവിക്കും?

61

പ്രസാദ് അമോർ (സൈക്കോളജിസ്റ്റ് , എഴുത്തുകാരൻ )

കോവിഡാഘാത ലോകം എങ്ങനെ ജീവിക്കും?

സാമൂഹികവും സാമ്പത്തികവും കാര്ഷികവും ആരോഗ്യകരവുമായ പലതരം അസ്ഥിരതകളെ നേരിടുന്ന കോവിഡാഘാത കാലഘട്ടം മനുഷ്യർക്ക് വലിയ നിയന്ത്രണമില്ലാത്ത സംഭവവികാസങ്ങളുടെ ഒരു ലോകമാണ്.ജീവജാലങ്ങളുടെ ജനിതക ഘടനയിൽ തലമുറതോറും സൂക്ഷ്മമായ തോതിൽ പരിണാമം സംഭവിക്കാറുണ്ട്.ജനിതക വികല്പങ്ങൾ വഴിയുള്ള മാറ്റങ്ങൾ ജീവിയുടെ നിലനിൽപ്പിന് ഹാനികരമാണെങ്കിലും അങ്ങനെയുള്ള മാറ്റങ്ങൾ ചില സമയങ്ങളിൽ ജീവിയ്ക്കു പ്രയോജനകരമായിരിക്കും. സാംക്രമശേഷിയുള്ള മാരകമായ വൈറസിന്റെ ഏതെങ്കിലും ഒരിനത്തിന് വായുവിലൂടെ പകരാനുള്ള ശേഷി ലഭിച്ചാൽ മനുഷ്യവർഗ്ഗത്തിന്റെ ഭാവി ഏതാനും ദിവസങ്ങൾക്കുള്ളിൽ അപകടത്തിലാകും.ജന്തുക്കളിൽ കുടികൊണ്ടിരുന്ന വൈറസുകൾ മനുഷ്യരിലേയ്ക്ക് എത്തുന്നത് ഇന്ന് അസാധാരണമല്ല. സാംക്രമശേഷിയുള്ള നിരവധി വൈറസുകൾ ഉഷ്ണമേഖലാ വനങ്ങളിൽ ഉണ്ട്.
ഏതെങ്കിലും കാരണത്താൽ അവയ്ക്ക് മനുഷ്യരിലേയ്ക്ക് പ്രവേശിക്കാനിടയായാൽ മഹാമാരികൾ അരങ്ങേറിക്കൊണ്ടിരിക്കും.ഭക്ഷണത്തിന്റെ കാര്യത്തിലും കൃഷിയിലും ഇന്ന് നേരിടുന്ന പ്രതിസന്ധി അതിഭീകരമായി തുടരും.

കാടുകൾ വെട്ടിമാറ്റിയും താഴ്വാരങ്ങൾ നികത്തിയും ആവാസവ്യവസ്ഥയെ നശിപ്പിച്ചും നിർമ്മിക്കുന്ന നാഗരികത ഒരു ചരിത്ര ഗതിയായിരിക്കാം.എന്നാൽ മനുഷ്യന്റെ ഇടപെടലും വീണ്ടുവിചാരമില്ലാത്ത നിർമ്മാണപ്രക്രിയമൂലം സാമൂഹികവും പാരിസ്ഥിതികവുമായ നഷ്ടം സംഭവിക്കുകയാണ്. നഗരപരിണാമത്തിന്റെതായ ഒരു ആഗോളക്രമത്തിൽ മനുഷ്യരുടെ സമീപനങ്ങളിലും അഭിലാഷങ്ങളിലും മാറ്റമുണ്ടായി. സ്വയം സൃഷ്ടിച്ച നാഗരികതയുമായി മനുഷ്യന് പൊരുത്തപ്പെടാനാവുന്നില്ല .തിരിച്ചു പൗരാണികമായ ജീവിത ശൈലിയിലേക്ക് പോകാനും വയ്യ. നഗരങ്ങളിലെ ഫ്ലാറ്റുകളിൽ സ്വയം തടവറയിൽ കഴിയുന്ന മനുഷ്യർ ഇന്ന് നിസ്സഹായരാണ്.ക്രുരമായി പരിവർത്തനം ചെയ്യപ്പെട്ട മനുഷ്യനിർമ്മിത പരിതഃസ്ഥിതിയിൽ അന്യപ്പെട്ട് അസംതൃപ്തവും ദീനവുമായി ജീവിക്കുകയാണവർ.

നഗരജീവിതത്തെ അനുകരിക്കാൻ ഗ്രാമീണരുടെ മേലുള്ള സമ്മർദ്ദം തീവ്രമാണ്.നാട്ടിൻപുറത്തെ ചെറിയഗ്രാമങ്ങൾക്ക് പോലും സ്വന്തം ഭക്ഷണത്തിനു മേലുള്ള സ്വാതന്ത്രവും അധികാരവും നഷ്ടപ്പെട്ടു.ലോകമെന്പാടുമുള്ള ജനവിഭാഗങ്ങളുടെ അഭിരുചികളും താല്പര്യങ്ങളും ആഗ്രഹങ്ങളും ഏക രൂപത്തിലാക്കാനുള്ള കേന്ദ്രികൃത ഭഷ്യ കമ്പനികളുടെ പരിശ്രമങ്ങൾ വിജയിച്ച ഈ സന്ധിയിൽ സ്വന്തം ഭാവി നിർണയിക്കാനുള്ള വ്യക്തിയുടെയും സമൂഹങ്ങളുടെയും കഴിവുകൾ നഷ്ടപ്പെട്ടിരിക്കുകയാണ്.

വിഭിന്നമായ ഭക്ഷണാഭിരുചികളുമായി വ്യത്യസ്ത ദേശങ്ങളിൽ താമസിക്കുന്ന മനുഷ്യരുടെ രുചിഭേദങ്ങൾ എല്ലാം അവരുടെ ജനിതാകാനുകൂലനത്തെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാൽ ആഗോളീകമായി ജനങ്ങളുടെ ഭക്ഷണ താല്പര്യങ്ങൾ ഒരേ മട്ടിലാകുമ്പോൾ പ്രാദേശികമായി ലഭ്യമാകുന്ന ഭക്ഷണ രീതികൾ ആളുകൾ കൈവെടിയുന്നു.നഗരങ്ങളിൽ സ്വന്തം നിലയിൽ ഭക്ഷണപദാർത്ഥങ്ങൾ ഉത്പാദിപ്പിക്കാൻ സാഹചര്യമില്ലാത്തതും നാഗരികരുടെ നിസ്സഹായാവസ്ഥയും മുതലെടുത്ത ആഗോളഭക്ഷ്യവിപണി വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾ അവതരിപ്പിക്കുന്നു. ആയിരകണക്കിന് കിലോമീറ്ററുകൾ താണ്ടിവരുന്ന ഭക്ഷ്യവിഭവങ്ങളാണ് നാഗരിക മനുഷ്യർ ഇന്ന് ഭക്ഷിക്കുന്നത്.എന്നാൽ ഭക്ഷ്യവസ്തുക്കൾ ഹൈപ്പർ മാർക്കറ്റുകളിൽ നിന്ന് ഉണ്ടായിവരുന്നതാണ് എന്ന ചിന്തിക്കുന്നവരും നമ്മുടെ ഇടയിൽ കണ്ടെന്നുവരാം.

നമുക്ക് വേണ്ട സുരക്ഷിതവും ആവശ്യവുമായ ഭക്ഷ്യവിഭവങ്ങൾ എത്തിച്ചുതരാൻ എക്കാലത്തും ആഗോള ഭക്ഷ്യ കമ്പനികൾക്ക് കഴിയുമോ?
തീർച്ചയായും ഇല്ല. മനുഷ്യജീവിതത്തിന്റെ കൂടുതൽ മേഖലകൾ ആഗോള വ്യാപാരത്തിന് ഉതകാത്ത തരത്തിൽ പരുവപ്പെട്ടിരിക്കുന്നു.ഭക്ഷ്യോത്പാദനത്തിന് പലതരത്തിലുള്ള തടസ്സങ്ങൾ നേരിടേണ്ടിവരുന്നു. വ്യാപാര തടസ്സങ്ങൾ കൂടിവരുന്നു. വിദൂരങ്ങളിൽ നിന്ന് വരുന്ന ഭക്ഷ്യവസ്തുക്കളെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള ജീവിതം ഇന്നത്തെ സാഹചര്യത്തിൽ വെല്ലുവിളി നിറഞ്ഞതാണ്. മഹാമാരിയുടെ അനന്തരാഘാത സാമൂഹ്യക്രമത്തിൽ നാളിതുവരെ ശീലിച്ചുവന്ന ഭക്ഷണരീതികളെല്ലാം മാറ്റേണ്ടി വരും.വൻകിട ഭക്ഷ്യക്കമ്പനികളുടെ പഞ്ചസാര ചേർത്തുണ്ടാക്കിയ ശീതള പാനീയങ്ങൾ കൃത്രിമ നിറങ്ങളും രാസപദാർഥങ്ങളും ഉപയോഗിച്ച് നിറവും രുചിയും പൊലിപ്പിച്ചു വില്പനയ്‌ക്കെത്തിക്കുന്ന ആയിരക്കണക്കായ ഭക്ഷ്യവസ്തുക്കൾ ഒക്കെയാണ് നാഗരികർക്കു പഥ്യം.ഇത്തരത്തിലുള്ള ഭക്ഷണശീലങ്ങൾ ജീവിത ശൈലീരോഗങ്ങൾ ഉണ്ടാക്കുന്ന ചില ഘടകങ്ങളാണ്.മനുഷ്യരിൽ നല്ലൊരു ശതമാനം ആളുകളെ രോഗം ബാധിക്കാൻ അനുവദിക്കുകയും അവരുടെ രോഗം ഭേദമാകുകയും ചെയ്യുന്നതിലൂടെ ആ രോഗത്തിനെതിരെ സമൂഹ പ്രതിരോധം(herd Immunity) ആർജിച്ചെടുക്കുന്ന രീതി വിജയിക്കുന്നത് ജീവിതശൈലിരോഗങ്ങളുടെ പരാധീനതകൾ കുറഞ്ഞ മനുഷ്യരിലൂടെയാണ്.

ഇന്നത്തെ ഭക്ഷ്യസുരക്ഷ ദുർബലമാണ്.പ്രാദേശികമായ ഭക്ഷ്യവ്യവസ്ഥതയെ തിരിച്ചുപിടിക്കുക എന്നത് ചരിത്രപരമായ, പരിണാമപരമായ അനിവാര്യതയാണ്. സ്ഥിരതയും സ്വാശ്രയത്വവും വർദ്ധിപ്പിക്കാൻ മാത്രമല്ല ആരോഗ്യം മെച്ചപ്പെടുന്നതിനും പ്രാദേശിക സാഹചര്യങ്ങൾക്കിണങ്ങുന്ന ഭക്ഷ്യപദാർത്ഥങ്ങളെ ആശ്രയിക്കുന്നതാണ് നല്ലത്.വായുമണ്ഡലത്തിലും ജലമണ്ഡലത്തിലും സംഭവിച്ച പ്രത്യാഘാതങ്ങൾ പലതലത്തിലുള്ള ജീവ മണ്ഡലങ്ങളിൽ ഭ്രംശനം വരുത്തിയിരിക്കുന്നു. മണ്ണിന്റെ ചയാപചയപ്രക്രിയയ്ക്കു മാറ്റം വന്നു.കേന്ദ്രികൃതമായ ചട്ടക്കൂടിൽ അതേസമയം വെള്ളവും അന്തരീക്ഷവും മലിനമാക്കപ്പെട്ട സാഹചര്യത്തിൽ കഴിയുന്ന കോടിക്കണക്കിന് മനുഷ്യർ ഇന്ന് നിസ്സഹായരാണ്.അനാരോഗ്യകരമായ ജീവിത ശൈലിയും ഭക്ഷണരീതികളും സൃഷ്ടിക്കുന്ന വിപത്തിന്റെ ഇരകളാണ് അവർ. അവർക്ക് എങ്ങനെ സ്വയം പര്യാപ്‌തരാകാം? എങ്ങനെ ഭക്ഷ്യദൂരം കുറയ്ക്കാം ? എന്തുചെയ്യാം ഭക്ഷണകാര്യത്തിൽ സ്വാശ്രയത്വം ആർജ്ജിക്കുന്ന സമൂഹങ്ങൾക്ക് മാത്രമേ ഭാവിയിൽ നിലനിൽപ്പുള്ളൂ.

Previous articleഈ കോവിഡ് കാലത്തെ അയിത്തവിചാരം
Next articleമനുഷ്യനും മാംസഭക്ഷണവും ചരിത്രവും
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.