Advertisements
Home Boolokam ഇന്ത്യക്കാരുടെ മനഃശാസ്ത്രം (Indian Psychology)

ഇന്ത്യക്കാരുടെ മനഃശാസ്ത്രം (Indian Psychology)

0
ഇന്ത്യക്കാരുടെ മനഃശാസ്ത്രം (Indian Psychology)

ഇന്ത്യക്കാരുടെ മനഃശാസ്ത്രം (Indian Psychology)

Prasad Amore

മനുഷ്യരും ജീവജാലങ്ങളും അവരുടെ ജീവചര്യയുമായി നിലനിന്ന് പോകുന്ന ഭൂമിയിലെ ഒരു പ്രദേശം മാത്രമാണ് ഇന്ത്യ.ലോകത്തിലെ മറ്റ് ദേശങ്ങൾക്കില്ലാത്ത പ്രത്യേകതകളൊന്നും ഇന്ത്യയ്ക്കില്ല. ലോകത്തെവിടെയുള്ള മനുഷ്യരാണെങ്കിലും ഒരു സ്പീഷ്യസിൽ പെടുന്നവയാണ്. സ്വത്വബോധം,പ്രാദേശികത്വം ,അതിരുബോധം, സംഘബോധം, മറ്റു സഹജമായ വൈകാരികതകളെല്ലാം എല്ലാ മനുഷ്യജാതിയുടെയും ഏകമാണ്. ഇന്ത്യക്കാരന്റെ പ്രകൃതം മറ്റു രാജ്യക്കാരിൽനിന്നു വ്യതിരിക്തമൊന്നുമല്ല. അതിനാൽ ഇന്ത്യക്കാരന്റെ മനഃശാസ്ത്രം എന്ന് സവിശേഷമായി പറയുന്നത് തന്നെ അതിശയോക്തിയാണെന്ന് പറയാതെ തരമില്ല.

എന്നാൽ ഞാൻ ഒരു ഇന്ത്യക്കാരാണെന്ന ബോധം ജന്മനാ കിട്ടുന്നതല്ല.സാംസ്‌കാരിക മുദ്രണത്തിന്റെ സൃഷ്ടിയാണ്.ജനിച്ചതിനു ശേഷം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും ജൈവപരമായി സ്വംശീകരിക്കുന്ന സംഗതികൾ, വിശ്വാസങ്ങൾ, സാമൂഹ്യ അറിവുകൾ എല്ലാം സാംസ്‌കാരിക സംക്രമണമാണ്.

ഇന്ത്യൻ സൈക്കി …….

സഹസ്രാബ്ദങ്ങളായി ദാരിദ്ര്യം നടമാടിക്കൊണ്ടിരിക്കുന്ന ഒരു പുരാതന രാജ്യമാണ് ഇന്ത്യ.വൈവിധ്യമായ ഭക്ഷണ രീതികളും അസാധാരണമായ തരത്തിൽ ജാതികളും ഗോത്രങ്ങളും ഭാഷാവിഭാഗവും നിറഞ്ഞ ഈ രാജ്യം പല ജനിതക പരമ്പരകളുടെ കലർപ്പാണ്. അന്തർദേശിയവും ആഭ്യന്തരവുമായ കുടിയേറ്റങ്ങൾ, പ്രാദേശിക ഗോത്രബോധത്താൽ പല വിഭാഗങ്ങളും പരസ്പരം തമ്മിലടിക്കുകയും ചെയ്യുന്ന പ്രതിസന്ധി ആയിരക്കണിക്കിന് വർഷങ്ങളായി തുടർന്ന് വരികയാണ്. എന്നാൽ ഇന്ത്യ ഒരു നഗര ഭൂരിപക്ഷ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് . മാളുകളും അപ്പാർട്ട്മെന്റുകളും ഹൈവേകളുമായി ഈ രാജ്യത്തിൻറെ പ്രകൃതി അസാധാരണമായ ഒരു പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സമൂഹങ്ങൾ ചിന്നഭിന്നമാക്കപ്പെടുന്നു.രാജ്യത്തെ കാലാവസ്ഥ അതിശയകരമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ആവാസവ്യവസ്ഥയിൽ വന്ന നാടകീയ മാറ്റങ്ങൾ ആധുനിക ജീവിതത്തിന്റെ ചടുല താളത്തിനിടയിൽ നാം അറിയുന്നില്ല. ഉർവ്വരത തേടികൊണ്ടുള്ള മനുഷ്യ പ്രയാണങ്ങൾ ഇന്ത്യയിലെ മനുഷ്യരുടെ ബലതന്ത്രങ്ങളും അഭിലാഷങ്ങളും മാറ്റിമറിച്ചിരിക്കുന്നു.

എന്നാൽ മറ്റു രാജ്യക്കാരിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യക്കാരുടെ ബോധത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ചില സാംസ്‌കാരിക പൈതൃകങ്ങളുണ്ട്. ജാതികൾ, മതങ്ങൾ സമുദായങ്ങൾ, ദൈവസങ്കല്പങ്ങൾ എല്ലാം അവരുടെ വൈകാരിക തലങ്ങളെയും നിലപാടുകളെയും സ്വാധീനിക്കുന്ന -ഒരു ഇന്ത്യൻ സാഹചര്യം. അറിവും പാരമ്പര്യവും ഉള്ള വേർതിരിവുകളിൽ പാരമ്പര്യം അറിവിന്റെ രൂപമായി സ്വാംശീകരിക്കപ്പെടുകയും പുരാതന ലോകവീക്ഷണങ്ങൾ, കീഴ്വഴക്കങ്ങൾ എല്ലാം ജ്ഞാനമായി അംഗീകരിക്കപ്പെടുകയും അത് ഇന്ത്യക്കാരന്റെ സാമാന്യബോധത്തെ സ്വാധീനിക്കുന്നു .

ലൗകിക സുഖങ്ങളിൽ നിന്ന് അന്യപ്പെട്ട് ആത്മജ്ഞാനത്തിലും മനനത്തിലും രസപ്പെട്ട ജീവിതമാണ് പൂർണ്ണതയുള്ളതെന്ന ഇന്ത്യൻ ദാർശനിക ആശയങ്ങൾ ഈ രാജ്യത്തിൻറെ വ്യാവഹാരിക ലോകത്തെ സഹസ്രാബ്ധങ്ങളായി നിശ്ചയിച്ചു പോന്നു.ആസ്തിക ദർശനങ്ങൾ എല്ലാം മായയാണെന്നും പഠിപ്പിച്ചു.സാധനയുടെ കനികളായ ശാന്തിയും മുക്തിയും മാത്രമാണ് യഥാർത്ഥ ആനന്ദം സാധ്യമാക്കുന്നത് എന്ന ബൗദ്ധ ദർശനവും മോഹ മുക്തമാകേണ്ടതിനെ കുറിച്ചുള്ള വിഷാദ ദർശനമാണ് ഉദ്‌ഘോഷിച്ചത്. ഇന്ത്യൻ നാസ്തിക ദർശനങ്ങളിലും ജീവിതത്തിന്റെ സന്തോക്ഷത്തിന്റെ, സ്വാതന്ത്രത്തിന്റെ സാധ്യതകൾ നിഷേധിക്കുകയാണ്. അജ്ഞരായ സാധാരണ ജനങ്ങൾ ലൗകിക ദുഖങ്ങളിൽ പെട്ട് കഷ്ടപ്പെടുന്നു എന്ന് പറഞ്ഞുകൊണ്ട് ഒരു ആദർശലോകവും അവർ മുന്നോട്ട് വെച്ചു.

വിവിധ അനുഷ്ടാന ക്രമങ്ങൾ ആഭിചാര ക്രിയകൾ അതിഭൗതിക ധാരണകൾ എല്ലാ ദുരൂഹ വശങ്ങളെ മറികടക്കുന്നതിന് വേണ്ടി മനുഷ്യ സമൂഹം തങ്ങളുടെ പ്രാകൃത ദശയിൽ പിന്തുടർന്നിരുന്നതാണ്. ഇന്ത്യയുടെ സാംസ്‌കാരിക തനിമ ആ പ്രാകൃത അവസ്ഥയിൽ ഇന്നും നിലനിന്നു അദൃശ്യമായി ഇന്ത്യക്കാരെ നിയന്ത്രിക്കുന്നു .അത് ഇന്ത്യക്കാരുടെ പേശികളിലും ന്യൂറോണുകളിലും സ്വാംശീകരിക്കപ്പെടുന്നു. സാംസ്‌കാരിക പാരമ്പര്യങ്ങൾ അവരുടെ സാമാന്യബോധത്തെ കീഴ്മേൽ മറിക്കുന്നു .ശാസ്ത്ര സാങ്കേതിക ശാസ്ത്രത്തിലുണ്ടായ മാറ്റങ്ങൾക്ക് അതീതമായി ഇന്ത്യൻ പാരമ്പര്യങ്ങൾ നിലനിൽക്കുന്നു. അത് അതീന്ദ്രിയവും മായികവുമായ ലോകസങ്കല്പത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ലോകത്തിലെ മറ്റ് പരിഷ്‌കൃത സമൂഹങ്ങൾ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ ഇന്ത്യൻ മനസ്സ് തങ്ങളുടെ പ്രാകൃതമായ കുറ്റബോധത്തിലും വിധിവിശ്വാസത്തിലും ഉഴറുകയാണ്. ഐതിഹ്യങ്ങളിലും ഊഹാപോഹങ്ങളിലും കഴിഞ്ഞുകൂടുകയാണ്. സുവർണ്ണയുഗങ്ങളെ അന്വേഷിച്ചു നടക്കുകയാണ്. അത് ജീവിക്കാതെ കളയുന്ന ജീവിതമാണ്.

By Prasad Amore

Advertisements
%d bloggers like this: