നഗരത്തിലെത്തുന്ന മനുഷ്യർ

0
430

Prasad Amore എഴുതുന്നു 

നഗരത്തിലെത്തുന്ന മനുഷ്യർ

ഒരു ഗ്രാമീണ അന്തരീക്ഷത്തിലൂടെ നടന്നുപോവുകയാണ്.നാടൻ പുല്ലുകൾ മദിച്ചു വളർന്ന വളപ്പുകൾ ,ശിരസ്സുയർത്തി നിൽക്കുന്ന വൃക്ഷങ്ങളുടെ ഇരുട്ട്, അവിടെ കൊച്ചു മരങ്ങളും പുൽച്ചെടികളും, പാഴ്‌ച്ചെടികളും ഉണ്ട്. കുളമുണ്ട്.ആമ്പൽപ്പൂക്കളും മത്സ്യങ്ങളും കണ്ടു.കുളത്തിൽ ആളുകൾ കുളിക്കുന്നുണ്ട്. വളരെ ശാന്തവും നിശബ്ദവുമായ ഒരു ഗ്രാമം.പക്ഷെ ഈ ഗ്രാമം സ്വയം പര്യാപ്‌തമല്ല. ആവശ്യമുള്ള ഭക്ഷണത്തിന്റെ തൊണ്ണൂറ് ശതമാനവും പുറമേ നിന്ന് കൊണ്ടുവരികയാണ്.

ഇന്ത്യൻ ഗ്രാമങ്ങൾ ത്വരിതഗതിയിലുള്ള ഒരു പരിണാമഘട്ടത്തിലാണ്. ഗ്രാമീണരുടെ അഭിലാഷങ്ങളിലും സമീപനങ്ങളിലും വന്ന മാറ്റങ്ങൾ, തകർന്നുകൊണ്ടിരിക്കുന്ന കാർഷിക സമ്പദ് വ്യവസ്ഥ.ഇന്ത്യൻ ഗ്രാമീണ യുവാക്കൾ നഗരങ്ങളിലേയ്ക്ക് കുടിയേറുകയാണ്. നാഗരിക കെട്ടുപാടുകളിലേയ്ക് ത്രസിക്കുന്ന മനസ്സുകളുടെ അഭിലാഷങ്ങളും ബലതന്ത്രങ്ങളും എല്ലാം മാളുകളിലും, വിനോദ ഗേഹങ്ങളിലും , അംബരചുംബികളിലുമായി സ്വാംശീകരിക്കുകയാണ് . നഗരങ്ങളുടെ നിർമ്മാണമേഖലയെല്ലാം തകൃതമാണ്.എന്നിരുന്നാലും ഗ്രാമീണ ഇന്ത്യയുടെ പലമുഖങ്ങളും നഗരക്കാഴ്ചകളിൽ ഇപ്പോഴും അന്യം വന്നിട്ടില്ല. അലഞ്ഞു തിരിയുന്ന കന്നുകാലികൾ, അപരിണിതങ്ങളായ വാസസ്ഥലങ്ങൾ, ചെറിയ കേവിലുകൾ, തെരുവ് കച്ചവടക്കാരും,അവരുടെ ബഹളങ്ങളും എല്ലാമായുള്ള ഇടവഴികൾ, പച്ചക്കറികളുമായി വണ്ടികൾ വഴിയോരത്തു് നിർത്തിയിട്ടിരിക്കുന്നു-പഴയ ഗ്രാമങ്ങൾ പലവിധത്തിലാണ് അവയുടെ സാന്നിധ്യം അറിയിക്കുന്നത്.

കാടിറങ്ങി വന്ന മനുഷ്യർ തന്നെയാണ് നഗരത്തിലുള്ളത്. മരക്കൊമ്പുകളിൽ നിന്ന് നഗരനിരത്തുകളിലെത്തിയ മനുഷ്യൻ ചകിതനാണ്. ശത്രുവിനെ മുന്നിൽ കാണുമ്പോൾ, കാനന വാസിയായ പൂർവികന്റെ ശരീരത്തിലുണ്ടായ രാസപ്രവർത്തങ്ങൾ തന്നെയാണ് നഗരവാസി അനുഭവിക്കുന്നത്. അപരിചിതരും,നാഗരിക ജീവിത വ്യവസ്ഥിതിയും എല്ലാം ദുഷ്കരമായ അനുഭവമായി മാറുകയാണ്. മനുഷ്യന്റെ ജൈവധർമ്മങ്ങളും പ്രതികരണ സംവിധാനവും ഇപ്പോഴും പുരാതന കാട്ടുമനുഷ്യന്റേത് തന്നെയാണ്. നഗരങ്ങളിലും മനുഷ്യൻ വേട്ടയ്ക്കിറങ്ങുന്നുണ്ട്. വശ്യമായ തന്ത്രങ്ങളൊരുക്കി , കെണികളിലൂടെ ഇതരമനുഷ്യരെ സേവിച്ചും പ്രലോഭിപ്പിച്ചും എല്ലാം വിഭവങ്ങൾ കണ്ടെത്തുന്നു. അത് ഒരു തരം നായാട്ടാണ് . മനുഷ്യജീവിതത്തിലെ അടിസ്ഥാന ഘടകങ്ങളെ നിർണ്ണയിക്കുന്ന സ്വഭാവസവിശേഷതകൾ രൂപെടുത്തിയ ഒന്നര ലക്ഷം വർഷത്തിൽ കൂടുതൽ നിലനിന്ന വേട്ടയാടൽ ജീവിതത്തിന്റെ സ്വാധീനങ്ങൾ, അതിന്റെ കൗശലങ്ങൾ ഇന്നും മനുഷ്യന്റെ ജൈവാവശ്യത്തെ നിവർത്തിക്കാൻ ആവശ്യം തന്നെയാണ്. ഇന്നും ഏറ്റവും തന്ത്രശാലിയായ വേട്ടക്കാരനായി മനുഷ്യൻ ഭൂമിയിൽ വാഴുന്നു.

നക്ഷത്രങ്ങളെ കണ്ടും കാടിനെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചുമുള്ള കഥകൾ കേട്ടും വളരുന്ന ബാല്യകാലമാണ് മനുഷ്യരുടേത്. വലിയ മലനിരകളിലൂടെ, ഇടതൂർന്ന കാടുകൾക്കിടയിലൂടെ കയറിയിറങ്ങാൻ നമ്മുക്കിഷ്ടമാണ്.പ്രകൃതിയുടെ ഭാഗമാണ് ജീവജാലങ്ങൾ. മനുഷ്യൻ അതിലൊന്ന് മാത്രമാണ്. വനാന്തർ ഭാഗങ്ങളിലും നദീ തടങ്ങളിലും എല്ലാമാണ് മനുഷ്യ ജീവി കഴിഞ്ഞു പോന്നത്. ജീവന്റെ നിലനിൽപ്പിന് ആധാരമായ മണ്ണും ഇടങ്ങളും എല്ലാം ജീവനുള്ളവയ്‌ക്കു പ്രലോഭനീയമാണ്. ജീവനെ നിലനിർത്തുന്ന ജൈവവും ഭൂമിശാസ്ത്രപരവുമായ ഘടകങ്ങൾ മനുഷ്യൻ തേടുന്നു. അവർ നാഗരാന്തരീക്ഷത്തിലും ഉദ്യാനങ്ങൾ വെച്ചുപിടിപ്പിക്കുന്നു.ചെടികളും പുഷ്പങ്ങളും കൊണ്ട് ഗൃഹാന്തരീക്ഷം അലങ്കരിക്കുന്നു. പുരാതനമായ ഒരു ചോദനയാണിത്. പ്രകൃതിദത്തമായ ഭൂമികയോടുള്ള മനുഷ്യന്റെ ജൈവവസാനയാണിത്.

മനുഷ്യനിർമിതമായ ചുറ്റുപാടുകൾ പലപ്പോഴും തടവറകളാകുന്നു .നാഗരികരുചികളും, ശബ്ദങ്ങളും എല്ലാം മനുഷ്യന്റെ ഇന്ദ്രിയ സംവേദനത്തിന് അപ്രിയമാണ് . മലിന ജലവും, വാഹനങ്ങളുടെ കാതടിപ്പിക്കുന്ന ഘർഘരാരങ്ങൾ, സ്തംഭിപ്പിക്കുന്ന പട്ടണ വീഥികൾ, ഗതാഗത കുരുക്കുകൾ എല്ലാം മനുഷ്യന് വിഭ്രമമാണ്. നഗരങ്ങളിൽ മനുഷ്യൻ സ്വയം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. നഗരങ്ങളിലെ സമ്മർദ്ദ ജീവിത സാഹചര്യങ്ങൾ മസ്തിഷ്കത്തിലെ ഹൈപ്പോതലാമസ്സിനെ ബാധിക്കും. അത് അഡ്രിനൽ ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നു. അഡ്രിനാലിൻ, കോർട്ടിസോൺ എന്നി ഹോർമോണുകളുടെ അധിക ഉത്പാദനം പല ജൈവശേഷികളും നഷ്ടപ്പെടുത്തും.ഓർമ്മയെ നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസ്സ് എന്ന മഷ്തിഷ്കഭാഗം തകരാറിലാകുന്നു.അമിനോ ആസിഡുകളുടെ നിർമ്മാണം തകരാറിലാവുന്നതുമൂലം ന്യൂറോട്രാൻസ്മിറ്റർസിന്റെ ഉത്പാദനം അസംതുലനമാക്കുന്നു.വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരുക, ഉറക്കം നഷ്ടപ്പെടുക എല്ലാം നാഗരികമനുഷ്യന്റെ നില പരുങ്ങലിലാക്കുന്നു.ജൈവ മണ്ഡലം നഷ്ടപെടുന്ന പരിസ്ഥിതി മഷ്തിഷ്കത്തിന്റെ രസതന്ത്രം മാറ്റിമറിക്കുകയും വികാരങ്ങളിലും പ്രവർത്തനങ്ങളിലും മാറ്റങ്ങൾ വരുത്തുകയുമാണ്.ഇടയ്ക്കിടെ മനുഷ്യർക്ക് നാഗരാന്തരിക്ഷത്തിൽ നിന്ന് രക്ഷപെടാനുള്ള താല്പര്യം ഉണ്ടാകുന്നു . പ്രസാദാത്മകമായ പ്രകൃതി തേടുന്നു. കടൽത്തീരങ്ങളിലും, നീരൊഴുക്കുകളും, കുന്നുകളും എല്ലാമായി പ്രകൃതി സൗന്ദര്യം നുകരുന്നു. മനുഷ്യന്റെ ഇത്തരം ജൈവചോദനകളെ തൃപ്തിപ്പെടുത്തുന്നതിനാണ് രമണീയമായ റിസോർട്ടുകളും, ഹെറിറ്റേജുകളുമൊക്കെ പൊട്ടിമുളയ്ക്കുന്നത്.

മനുഷ്യർ വലിയ മലനിരകളിൽ ഇടതൂർന്ന കാടുകൾക്കിടയിലൂടെ കയറിയിറങ്ങുന്നു. അതി ഗംഭീരങ്ങളായ മലനിരകളുടെ സൗന്ദര്യത്തെ പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു.ജീവനുള്ള ഏതൊരു വർഗ്ഗത്തിന്റെയും ജീവനം സാധ്യമാകുന്ന ഇടങ്ങൾ മനുഷ്യർ തേടിക്കൊണ്ടിരിക്കുന്നു. പ്രകൃതിയുടെ തുടിപ്പുമായി ദൈനംദിനാനുഭവങ്ങൾ പ്രതിസ്പന്ദിക്കുന്നത്തിന് വേണ്ടിയുള്ള പൗരാണിക രൂചികൾ തേടിപോകുന്നു .എല്ലാം പ്രകൃതിയുടെ സ്വാഭാവിക ഭാവമാണ്

ഏറ്റവും വലിയ തമാശ പ്രപഞ്ചത്തിന് യാതൊരുവിധ ഉദ്ദേശ്യമോ അർത്ഥമോ ഇല്ല എന്നതാണ് .മനുഷ്യരുടെ വിജയ പരാജയങ്ങളുടെ കാര്യത്തിൽ പ്രപഞ്ചത്തിന് യാതൊരു താല്പര്യവുമില്ല. പ്രപഞ്ചത്തിലെ ഒരു പൊടി മാത്രമാണ് ഭൂമി.അതിലെ കോടാനുകോടി ജീവികളിൽ ഏകദേശം രണ്ടു ലക്ഷം വർഷങ്ങൾക്കു മുൻപ് പരിണമിച്ചുണ്ടായ ഒരു ജീവി മാത്രമാണ് മനുഷ്യൻ.മനുഷ്യർക്ക് മുൻപ് തന്നെ ഈ ഭൂമിയിൽ എത്രയോ ജീവജാലങ്ങൾ ഉദയം ചെയ്തു. പക്ഷെ ഇതുവരെ ഭൂമിയിൽ ഉണ്ടായി ജീവിച്ച തൊണ്ണൂറ്റി ഒൻപത് ശതമാനം ജീവി വർഗ്ഗങ്ങളും വംശനാശത്തിന് ഇരയായി. ഇന്നിവിടെ തുടരുന്ന ജീവികളെല്ലാം വിജയിച്ചവരാണ്.😊😍

BY Prasad Amore