ഏറ്റവും പുതിയ എന്തിനോടും ആദ്യം വിമുഖത തോന്നുന്നത് പ്രായമാകുന്നതിന്റെ ലക്ഷണമാണോ?

219

എഴുതിയത്  : Prasanna Janardhan

ഏറ്റവും പുതിയ എന്തിനോടും ആദ്യം വിമുഖത തോന്നുന്നത് പ്രായമാകുന്നതിന്റെ ലക്ഷണമാണോ? ഒരു പാട്ടു മുതൽ ഒരു ഗാഡ്ജെറ്റ് വരെ എന്തും. കൊച്ചു കുട്ടികളെയും കൗമാരക്കാരെയും നോക്കൂ. എന്താവേശത്തിലാണവർ പുതുമയെ സ്വായത്തമാക്കുന്നത്! ബസിൽവെച്ച് ഒറ്റ പ്രാവശ്യം കേട്ട അടിപൊളിപ്പാട്ട് ചുണ്ടിൽ നിന്നിറങ്ങില്ല- അടുത്തത് റിലീസാകുംവരെ.

വളർച്ചയുടെ ഓരോ ഘട്ടത്തിലും മകളുടെ മാറിമാറിവന്ന ഇഷ്ട കാർട്ടൂണുകളോടും എനിയ്ക്കാദ്യം വിമുഖത തന്നെയാണ് തോന്നാറുള്ളത്. ഡോറയുടെ പ്രയാണം, ഛോട്ടാ ഭീം, ലിറ്റിൽ കൃഷ്ണ തുടങ്ങിയവയുടെ മിക്ക എപ്പിസോഡുകളും കണ്ടു തീർന്നൊരു ആറുവയസ്സിലാണ് ജാഹ്നവി ഡോറേമോൻ കാണാൻ തുടങ്ങിയത്. മുഖം കാണുമ്പോഴേ ഓക്കാനം വരുന്ന സ്പോഞ്ച് ബോബ്, മാർസൂപിലാനി, ജോർജ് ഓഫ് ദി ജംഗിൾ തുടങ്ങിയവ കാണാൻ വരകളുടെ സുന്ദര സങ്കല്പങ്ങൾ മാത്രം കണ്ടുശീലിച്ച (സിൻഡ്രല്ല, ലയൺ കിംഗ്, മൗഗ്ലി പിന്നെ, നമ്മുടെ സ്വന്തം ടോം ആൻഡ് ജെറി) എന്റെ അനുവാദമുണ്ടായിരുന്നില്ല.

ഡോറേമോന്റെ വരകളും നിറങ്ങളും മികച്ചവയാണ്. അനിമേഷനും കൊള്ളാം. കാർട്ടൂണുകളിൽ ആദ്യം ശ്രദ്ധിയ്ക്കപ്പെടുന്നത് ഇതൊക്കെയാണെങ്കിലും സംഭാഷണവും കഥയും അതു തരുന്ന സന്ദേശവും തുറന്നുകാട്ടുന്ന സംസ്കാരവും ഞാൻ ഏറെ ശ്രദ്ധിക്കാറുണ്ട്. സംസ്കാരശൂന്യമായ, വഞ്ചനകൾ നിറഞ്ഞ പോക്കിമോൻ കാണാൻ മകളെ ഞാൻ അനുവദിക്കാറില്ല. പോക്കിമോൻ കാണുന്നതും മക്കളെ ദുർമന്ത്രവാദം പഠിപ്പിക്കാനയയ്ക്കുന്നതും ഒരുപോലെയാണെന്നാണ് എനിക്ക് രക്ഷിതാക്കളോട് പറയുവാനുള്ളത്. അത്രയും നെഗറ്റിവിറ്റി ആ കാർട്ടൂണിലുണ്ട്. കൃഷ്ണനെപ്പോലെ തോന്നിക്കുമെങ്കിലും ‘ക്രിസ്’ നെഗറ്റിവിറ്റിയിൽ പോക്കിമോന്റെ അനിയനായി വരും കേട്ടോ. ദ്വയാർത്ഥപ്രയോഗങ്ങൾ മനസ്സിലാക്കാനായിട്ടില്ലെങ്കിലും ഷിൻ ചാൻ കാണുന്നതിലും ചെറുതായി വിലക്കുണ്ട്. ഷിൻ ചാന്റെ വരയും ആനിമേഷനും ശബ്ദങ്ങളും സഹിച്ചു കൂടെങ്കിലും സ്നേഹത്തിന്റെ ഏതോ പാഠങ്ങൾ അവർ കഥകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫുജികോ എഫ് ഫുജിയോയുടെ എഴുത്തും വരയും രൂപം നൽകിയതാണ് ജപ്പാനീസ് കോമിക്കുകളിലെ ഡോറേമോൻ എന്ന റോബോട്ടിക് പൂച്ചയ്ക്ക്. 1969 മുതൽ 1996 വരെ ജാപ്പനീസ് ബാലപ്രസിദ്ധീകരണങ്ങളിൽ വന്നിരുന്നവയാണ് ഡോറേമോൻ കഥകൾ. 1973, 1979, 2005 വർഷങ്ങളിൽ പുറത്തിറങ്ങിയ മൂന്ന് ആനിമേഷൻ സീരീസുകളാണ് ഇന്ന് കാർട്ടൂൺ രൂപത്തിൽ നമ്മുടെ കുട്ടികൾ കണ്ടുകൊണ്ടിരിക്കുന്നത്.

ജപ്പാനിലെ ഷോഗാകുക്കാൻ പബ്ലിഷ് ചെയ്തിരുന്ന മാംഗാ സീരിസിലെ ആറ് വ്യത്യസ്ത മാഗസിനുകളിലായി മൊത്തം 1345 കഥകളാണ് ഡോറേമോന്റെതായി പുറത്തിറങ്ങിയിട്ടുള്ളത്. ഒരുപാട് അവാർഡുകൾ വാങ്ങിക്കൂട്ടിയ ഡോറേമോനെ 2008 ൽ ജപ്പാന്റെ അന്താരാഷ്ട്ര മന്ത്രാലയം രാജ്യത്തിന്റെ ആദ്യത്തെ അനിമേഷൻ അംബാസിഡറായി തെരഞ്ഞെടുത്തു. ലോകത്തിന് ജാപ്പനീസ് സംസ്കാരത്തെ അടുത്തറിയുവാനും അതിനോട് താത്പര്യം വളർത്തുവാനും ഡോറേമോന് കഴിയുമെന്ന് അവർ വിശ്വസിച്ചു. ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തെലുഗു, തമിഴ് അനുവർത്തനങ്ങളിൽ ഈ കാർട്ടൂൺ സംപ്രേഷണം ചെയ്യപ്പെടുന്നു.

വളരെയധികം റേറ്റിംഗുള്ള ഡോറേമോൻ കാർട്ടൂണിന് 2013, 2015 വർഷങ്ങളിൽ നിക്കെൾഡൺ കിഡ്സ് ചോയ്സ് അവാർഡ് (ഇന്ത്യ) ലഭിച്ചിട്ടുണ്ട്. ടൈംസ് ഏഷ്യാ മാഗസിൻ 2002ൽ ഡോറേമോനെ ‘ഏഷ്യൻ ഹീറോ’ ആയി പ്രഖ്യാപിച്ചു. 2016 സമ്മർ ഒളിമ്പിക്സ് സമാപന സന്ദർഭത്തിൽ 2020ലെ ടോക്കിയോവിൽ നടക്കാനിരിക്കുന്ന സമ്മർ ഒളിമ്പിക്സ് പ്രമോട്ട് ചെയ്യാനായി ഡോറേമോൻ വേദിയിൽ പ്രത്യക്ഷപ്പെട്ടു. ഡോറേമോൻ കോമിക് ബുക്കുകളുടെ നൂറു മില്യണിനു മുകളിൽ കോപ്പികൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് മുപ്പതോളം രാജ്യങ്ങളിൽ ഡോറേമോൻ ആനിമേറ്റഡ് കാർട്ടൂണുകൾ പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട്. ഡോറേമോൻ കഥകളെ ആസ്പദമാക്കി വീഡിയോ ഗെയിംസുകളുമുണ്ട്.

കുട്ടികളിൽ നെഗറ്റീവ് ഇംപാക്റ്റ് ഉണ്ടാക്കുന്നുവെന്നാരോപിച്ച് പാക്കിസ്ഥാനടക്കം ചില രാജ്യങ്ങൾ ഡോറേമോന് നോട്ടീസ് അയച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ ഇരുപത്തിനാലു മണിക്കൂർ കാർട്ടൂൺ ചാനലുകളോടൊപ്പം ഇവയുടെ ഹിന്ദി ഡബ്ബും നിരോധിച്ചിരിയ്ക്കുന്നു.

ഈ കാർട്ടൂണിന്റെ കഥാപശ്ചാത്തലം ടോക്കിയോ നഗരമാണ്. ഇരുപത്തി രണ്ടാം നൂറ്റാണ്ടിൽ നിന്ന് പിന്നിലേക്ക് യാത്രചെയ്തു ഷേവാഷി എന്ന കുട്ടി തന്റെ പ്രപിതാമഹനായ നോബിതാ നോബി എന്ന പ്രീടീൻകാരനെ കണ്ടെത്തുന്നു. പഠനത്തിലും പഠനേതര- കായികപ്രവർത്തനങ്ങളിലും വളരെ പിറകിലായ തന്റെ മുൻഗാമി നോബിതയെ സഹായിക്കാനായി പിൻമുറക്കാരൻ ഷേവാഷി ഡോറേമോൻ എന്ന യന്ത്രപ്പൂച്ചയെ അയച്ചുകൊടുക്കുന്നു. ഒരു റോബോട്ടിക് പൂച്ചയായ ഡോറേമോന്റെ ചതുർമാന പോക്കറ്റിൽ നിന്നും (4D) എടുക്കുന്ന ഗാഡ്ജെറ്റ്സ് എല്ലാം ഭാവിയിലെ ടെക്നോളജിയാൽ നിർമ്മിതമായവയാണ്. ബാംബൂ കോപ്റ്റർ, എനിവേർ ഡോർ, ടൈം മെഷീൻ തുടങ്ങിയവ അവയിൽ ചിലതുമാത്രം. ഈ ഗാഡ്ജെറ്റുകളുടെ സഹായത്തോടെ ദുർഘട പരിതസ്ഥിതികളെ നേരിടുന്ന നോബിതയും കൂട്ടുകാരുമാണ് ഓരോ കഥയുടേയും പ്രമേയം. നോബിതയുടെ കളിക്കൂട്ടുകാരി (അവൾ ഭാവിയിലെ ഭാര്യയാണെന്ന് ഡോറേമോനും നോബിതയും ടൈം മെഷീനിൽ സഞ്ചരിച്ചു കണ്ടെത്തുന്നുണ്ട് ) ഷിസൂക്ക, നോബിതയുടെ അച്ഛനമ്മമാർ, ടീച്ചർ, വഴക്കാളികളെങ്കിലും അവന്റെ കൂട്ടുകാരായ സുനിയോ, ജിയാൻ, ഇവരുടെ അമ്മമാർ എന്നിവരാണ് മിക്ക എപിസോഡുകളിലെയും കഥാപാത്രങ്ങൾ.

എല്ലാം സാധിച്ചു തരുന്ന ഡോറേമോന്റെ പോക്കറ്റ് ജപ്പാനിലെ ദിനപത്രങ്ങളിലും നിത്യജീവിതത്തിലും ഏറെ പരാമർശിക്കപ്പെടാറുണ്ട്.

ഡോറേമോനിൽ ഞാൻ കണ്ട ജപ്പാൻ- നമ്മുടെ നാട്ടിലേതുപോലെത്തന്നെ അടുക്കള, കുഞ്ഞുങ്ങൾ, വൃദ്ധർ, രോഗികൾ എല്ലാത്തിന്റെയും പൂർണ്ണമായ ചുമതലകൾ സ്ത്രീകൾക്കാണ്. ഷോപ്പിങ്ങ്, സൗന്ദര്യത്തെ പുകഴ്ത്തൽ എന്നിവ അവരുടെ ബലഹീനതകളും സ്വാതന്ത്ര്യം, യാത്ര, വിശ്രമം എന്നിവ അവരുടെ നിത്യ മോഹങ്ങളുമാണ്. ജോലി, സമ്പാദനം എന്നിവയിൽ മേൽക്കൈയുള്ള പുരുഷൻമാർക്ക് വീട്ടിൽ വിശ്രമത്തിനും വിനോദങ്ങൾക്കും (ടിവിയുടെ റിമോട്ടിനു വരെ) അവകാശമുണ്ട്. ചന്തയിൽ പോകലും അല്ലറ ചില്ലറ അമ്മയെ സഹായിയ്ക്കലും പഠനത്തോടൊപ്പം കുട്ടികളുടെ നിർബന്ധിത കടമകളാണ്. വീഡിയോ ഗെയ്മുകളും റിമോട്ട് കൺട്രോൾ കളിപ്പാട്ടങ്ങളുമുണ്ടെങ്കിലും കുട്ടികളെ ഏറ്റവുമധികം ആകർഷിയ്ക്കുന്നവ കോമിക് ബുക്കുകളും വായനയുമാണെന്നത് നമ്മെ അത്ഭുതപ്പെടുത്തും. പ്രീ ടീൻ കുട്ടികൾ കഥാപാത്രങ്ങളായുള്ള ഈ കാർട്ടൂൺ നാഗരിക ജപ്പാനിലെ ആൺ പെൺ വേർതിരിവുകളെ കൃത്യമായി വരച്ചുകാട്ടുന്നു. ഇരുപ്പിലും നടപ്പിലും സംസാരത്തിലും ശബ്ദത്തിലും പോലും കുലീനത കാത്തുസൂക്ഷിയ്ക്കാൻ ബദ്ധപ്പെടുന്ന പെൺകുട്ടികൾ ഇന്നത്തെ ലോകത്തിൽ നിന്നു വീക്ഷിയ്ക്കുമ്പോൾ പരിതാപകരമായ ഒരു അടിമത്തത്തിന്റെ കഥ വിളിച്ചു പറയുന്നുണ്ട്. ലിംഗവിവേചനത്തിന്റെ പുറംമോടിയായ കുലീനതയും ബാഹ്യസൗന്ദര്യവും നിഷ്കളങ്കതാ ബിംബവും ബാധ്യതയായിരുന്ന സ്ത്രീ സമൂഹത്തിന്റെ ഭാഗം തന്നെയാണ് നഗ്നതയെപ്പറ്റി ഏറെ നാണവും കരുതലുമുള്ള കൊച്ചു ഷിസൂക്കയും യന്തപ്പൂച്ചപ്പെണ്ണായ ഡോറേമീ പോലും.

അധ്വാനത്തിനും സത്യസന്ധതയ്ക്കും പ്രാധാന്യം നൽകിയിരിയ്ക്കുന്നവയാണ് മിക്ക കഥകളും. കുട്ടികളുടെ നേർത്ത വികാരങ്ങളെയും വിഷമങ്ങളെയും പ്രശ്നങ്ങളെയും പോലും നന്നായി പരിഗണിച്ച് കൃത്യതയോടെ അവതരിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഡോറേമോൻ കഥകൾ ഇനിയുമേറെ ദശകങ്ങൾ ബാലലോകം അടക്കിവാഴുമെന്നതിൽ സംശയമില്ല.

ഡോറേമോൻ നമുക്കു മുന്നിൽ തുറന്നു കാട്ടുന്ന മദ്ധ്യമവർഗ ജാപനീസ് കുടുംബപശ്ചാത്തലം അറുപതുകൾ മുതൽ തൊണ്ണൂറുകൾ വരെയുള്ള കാലയളവിലേതാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളിൽ ഇതിലെത്രത്തോളം മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് നേരിട്ടറിവുള്ളവർ പറഞ്ഞുതരുമല്ലോ.