സെക്യുലര്‍ പാര്‍ട്ടികളുടെ അധഃപതനമാണ് ഹിന്ദുത്വ ക്രിമിനലുകള്‍ക്ക് തെരുവില്‍ അഴിഞ്ഞാടാന്‍ അവസരം ഒരുക്കുന്നത്

0
171

Prasannakumar Tn

തൃപ്തി ദേശായിയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ഗൂഢാലോചന തിയറികള്‍ക്ക് യാതൊരു ക്ഷാമവുമില്ല. ഓരോ പാര്‍ട്ടിയും എതിര്‍പാര്‍ട്ടിയില്‍ ഗൂഢാലോചന കണ്ടെത്തുന്നു. അവസാനം ഇതാ കാനം രാജേന്ദ്രനും ഗൂഢാലോചനയുടെ മണം പിടിക്കുന്നത് ടി.വി.യില്‍ കണ്ടു. ആക്‌സിറ്റിവിസ്റ്റുകളെന്ന് ദേവസ്വം മന്ത്രിക്കോ വിശ്വാസിയല്ലെന്നാരോപിച്ച് സംഘികള്‍ക്കോ കോണ്‍ഗ്രസ്സിനോ അവരെ പ്രതിരോധിക്കാന്‍ കഴിയാത്തതുകൊണ്ടാവാം ഗൂഢാലോചന ആവശ്യമായി വരുന്നത്. എല്ലാ പാര്‍ട്ടികളും സ്ത്രീകളെ ശബരിമലയില്‍ കയറ്റില്ലെന്ന് ഉറപ്പുവരുത്തുക മാത്രമല്ല, അങ്ങനെ തങ്ങള്‍ ചെയ്യുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ഇതിലൂടെ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ബിന്ദു അമ്മിണിയെ താന്‍ കണ്ടിട്ടില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന നിയമമന്ത്രിയുടെ വെപ്രാളവും അവര്‍ക്കുനേരെ ഉണ്ടായ ആക്രമണത്തെ ആസ്വദിച്ച് പ്രോത്സാഹിപ്പിക്കുന്ന മറ്റേ മന്ത്രിയുടെ ട്രോളും അതിനുതാഴെ ചിരിച്ചാര്‍ക്കുന്ന പാര്‍ട്ടി അണികളെയുമെല്ലാം കണ്ടാല്‍ ബിന്ദു അമ്മിണി ഏതോ അന്താരാഷ്ട്ര കൊടും കുറ്റവാളിയാണെന്നു തോന്നും.

മതഭ്രാന്തും വിശ്വാസപരമായ അന്ധതയും ഹിന്ദുത്വ രാഷ്ട്രത്തിന്റെ വൈകാരിക അടിത്തറയാക്കുന്ന സംഘപരിവാരങ്ങളില്‍നിന്ന് കുടിലതകളല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ, നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് ‘സെക്യുലര്‍’ രാഷ്ട്രീയപാര്‍ട്ടികളുടെ അധഃപതനവും ജീര്‍ണ്ണതകളുമാണ്. സാമൂഹ്യപരിഷ്‌കരണങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ ഭരണഘടനാപരമായ ബാധ്യതയുള്ളവരാണ് ഈ രാഷ്ട്രീയപാര്‍ട്ടികള്‍ എന്നുകൂടി നാം അറിയണം. അങ്ങനെ ആമുഖമായി എഴുതിവെക്കപ്പെട്ട ഒരു ഭരണഘടനയെ പിടിച്ച് ആണയിട്ടാണ് ഈ രാഷ്ട്രീയപാര്‍ട്ടികളൊക്കെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത്, സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുന്നത്.

സുപ്രീംകോടതി വിധിയെ ആദ്യം സ്വാഗതം ചെയ്ത രാഷ്ട്രീയപാര്‍ട്ടികള്‍, പിന്നീട് വോട്ടുബാങ്കിനെ ഭയന്ന് ചുവടുകള്‍ മാറിമാറി കളിച്ച്, നുണകള്‍ പ്രചരിപ്പിച്ച്, വിശ്വാസികളെ ഇളക്കിവിട്ട്്, അവസരവാദം പ്രയോഗിച്ച് അവസാനം എന്‍.എസ്.എസിന്റെ പിന്നില്‍ ഇഴഞ്ഞെത്തിയത് നാം കണ്ടു. കോണ്‍ഗ്രസ് വെറും യാഥാസ്ഥിക എന്‍.എസ്.എസ് കരയോഗമായി അധഃപതിച്ചു. സുപ്രീംകോടതി വിധി മറ്റു മാര്‍ഗ്ഗമില്ലാതെ നടപ്പിലാക്കുന്നു എന്ന സമീപനം സ്വീകരിച്ച സി.പി.എം ഇപ്പോള്‍ അവിടെനിന്നും സഞ്ചരിച്ച് ഹിന്ദുത്വം നിര്‍മ്മിച്ച പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ മത്സരിക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. വിധിയ്ക്ക് സ്റ്റേ ഇല്ലാതിരുന്നിട്ടും ഉണ്ടെന്ന് വ്യാഖ്യാനിച്ച് യുവതി പ്രേവശനത്തിന് സംരക്ഷണം നല്‍ക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നു. ശബരിമലയിലേക്ക് വരുന്ന വാഹനങ്ങളില്‍ യുവതികള്‍ ഇല്ലാ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നു. മുന്‍പ് സംഘികള്‍ ചെയ്തിരുന്ന പണി ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പോലീസ് ചെയ്യുന്നു.

യഥാര്‍ത്ഥത്തില്‍ സെക്യുലര്‍ പാര്‍ട്ടികളുടെ ഈ അധഃപതനമാണ് ഹിന്ദുത്വ ക്രിമിനലുകള്‍ക്ക് തെരുവില്‍ അഴിഞ്ഞാടാന്‍ അവസരം ഒരുക്കുന്നത്. ഭരണഘടന, ജെന്‍ഡര്‍ തുല്യത, നീതി, പൗരാവകാശം, വ്യക്തിസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളെക്കാള്‍ വിശ്വാസം, ആചാരം, തന്ത്രി, സ്മൃതികള്‍, രാജാവ് എന്നിങ്ങനെയുള്ള പത്തൊമ്പതാം നൂറ്റാണ്ടില്‍ മനുഷ്യസമൂഹം മറികടന്ന വ്യവഹാരങ്ങള്‍ രാഷ്ട്രീയാന്തരീക്ഷത്തെ നിര്‍ണ്ണയിക്കാന്‍ തുടങ്ങുന്നതിനും കാരണം മതേതര രാഷ്ട്രീയകക്ഷികള്‍ ശബരിമല വിഷയത്തില്‍ വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാത്തതുകൊണ്ടായിരുന്നു.

ശുദ്ധിയുടെയും അശുദ്ധിയുടെയും അടിസ്ഥാനത്തില്‍ സ്്ത്രീകള്‍ക്ക് സാമൂഹ്യഭ്രഷ്ട് ഏര്‍പ്പെടുത്തുന്നത് അയിത്തമാണെന്നും അത്തരം ആശയങ്ങള്‍ക്ക് ഭരണഘടനയിലോ ആധുനിക ജനാധിപത്യസമൂഹത്തിലോ സ്ഥാനമില്ലെന്നും വ്യക്തിയുടെ സ്വാതന്ത്ര്യത്തിനും അന്തസ്സിനും സമത്വത്തിനും എതിരാണെന്നും വ്യക്തതയോടെ ജനങ്ങളോട് പറയാന്‍ ബാധ്യസ്ഥരായവര്‍ രാഷ്ട്രീയ പാര്‍ട്ടികളായിരുന്നു. എന്നാല്‍ അവരുടെ വ്യക്തതയില്ലായ്മയാണ്, അല്ലെങ്കില്‍ വോട്ടുബാങ്കിനുവേണ്ടി കാണിച്ച കള്ളത്തരങ്ങളാണ് ശബരിമല വിഷയത്തെ ഇത്രയും വഷളാക്കിയത്.

മറ്റൊരു കാരണം മലയാളിയുടെ പൊതുബോധത്തിലുള്ള സ്ത്രീവിരുദ്ധതയാണ്. ജാതിബോധം പോലെ മലയാളിയുടെ ഡി.എന്‍.എയില്‍ അലിഞ്ഞുചേര്‍ന്ന കാര്യമാണത്. തനിക്ക് ജാതിയില്ല എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന പുരോഗമന മലയാളിയോട് വീട്ടില്‍ മുറതെറ്റാതെ ആചരിച്ചുവരുന്ന ജാതിയെക്കുറിച്ച് ചോദിച്ചാല്‍ അല്‍ഷിമേഴ്‌സ് ബാധിച്ചപോലെ പെരുമാറും. ആണനുഭവിക്കുന്ന എല്ലാ അവകാശവും സ്വാതന്ത്ര്യവും സ്ത്രീകള്‍ക്കും ബാധകമല്ലേയെന്ന് ചോദിച്ചാലും പരിഷ്‌കരിക്കാന്‍ വിസമ്മതിക്കുന്ന മലയാളി സ്വത്വം പുറത്തുവരും. തുല്യതയെ അംഗീകരിക്കാനോ, ആണധികാരത്തെ അപനിര്‍മ്മിക്കാനോ ഒരു നവോത്ഥാനവും മലയാളിയെ പഠിപ്പിച്ചില്ല. ജെന്‍ഡര്‍ തുല്യതയുടെ ബാലപാഠങ്ങള്‍പോലും എത്താത്ത പ്രാകൃത സമൂഹമാണ് കൊട്ടിഘോഷിക്കപ്പെടുന്ന ‘മലയാളി പുരോഗമന സമൂഹം’ . ഞങ്ങള്‍ക്ക് തുല്യത വേണ്ട, ഞങ്ങള്‍ അശുദ്ധരാണ് എന്ന് നിലവിളിച്ചുകൊണ്ട് തെരുവിലിറങ്ങിയ അടിമപ്പെണ്ണുങ്ങള്‍ നമ്മുക്ക് കാട്ടിത്തന്നതും പുരോഗമന മേലങ്കിക്കുള്ളില്‍ മൂടിവെക്കപ്പെട്ട അതിയാഥാസ്ഥിതികത്വത്തെയാണ്. അസമത്വത്തിന്റെ തത്ത്വശാസ്ത്രമായ ബ്രാഹ്മണ്യത്തെ സംരക്ഷിക്കുന്നതില്‍ ഇതരജാതികളും പങ്കെടുക്കുന്നതുപോലെ പാട്രിയാര്‍ക്കിയെ നിലനിര്‍ത്തുന്നതില്‍ അതിന്റെ ഇരകളായ സ്ത്രീകള്‍ക്കും പങ്കുണ്ട്. വ്യക്തികളായി പരിണമിച്ചെത്തുമ്പോഴേ അതിന് മാറ്റം വരൂ. ആത്മബോധം ആര്‍ജിക്കുന്നതുവരെ, അടിമത്തത്തെ സംരക്ഷിച്ചു നിര്‍ത്തിയതില്‍ അടിമകള്‍ക്കും പങ്കുണ്ടായിരുന്നല്ലോ.

തുല്യത സ്ഥാപിച്ചെടുക്കുന്ന സ്ത്രീകള്‍ തെരുവില്‍ നേരിടുന്നത് ആണധികാരത്തിന്റെ അശ്ലീല പരാക്രമണങ്ങള്‍ മാത്രമാണ്. വധഭീഷണി മുഴക്കുന്നവനും, മുളക് പൊടി സ്‌പ്രേ
ചെയ്യുന്നവനും പൊട്ടന്‍ഷ്യല്‍ റേപിസ്റ്റുകള്‍ തന്നെയാണ്. തരം കിട്ടിയാല്‍ അവര്‍ സ്ത്രീകളോട് ചെയ്യുക അതുതന്നെയാണ്. നിലവിലെ നിയമവ്യവസ്ഥയോടുള്ള ഭയം മാത്രമാണ് അവരെ തല്‍ക്കാലം അതില്‍ നിന്ന് തടയുന്നത്. അല്ലാതെ സ്വന്തമായി ധാര്‍മ്മികത ഈ ഭക്ത ക്രിമിനലുകള്‍ക്ക് ഉള്ളതുകൊണ്ടല്ല. ഗുജറാത്ത് കലാപകാലത്ത് ഇതേ ഭക്തര്‍ എങ്ങനെയൊക്കെ സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നത്് നമ്മളറിഞ്ഞ വര്‍ത്തമാനകാല ചരിത്രവുമാണ്.

ആള്‍ക്കൂട്ട അക്രമണങ്ങളെ എതിര്‍ത്തുനിന്ന്, തെറിവിളികളെയും വധഭീഷണികളെയും അതിജീവിച്ച് മലകയറിയ സ്ത്രീകള്‍ പ്രഹരിച്ചത് ഈ ആണധികാരത്തെയാണ്. അവരാണ് ചരിത്രത്തെ മുന്നോട്ടു നയിക്കുന്നവര്‍. കൂടുതല്‍ സമത്വം നിറഞ്ഞ ലോകം ഉണ്ടാകുമെങ്കില്‍ സമൂഹം കടപ്പെട്ടിരിക്കുന്നത് സ്വന്തം ജീവിതം കൊണ്ട് അസമത്വത്തിനെതിരെ കലഹിക്കുന്ന ഇവരോടാണ്.