‘പ്രതി മൂകേഷ് സിങ്ങ് നിർഭയയെ കുറിച്ച് പറഞ്ഞതുപോലെ ആയി ഹരീഷ് വാസുദേവന്റെ പോസ്റ്റ് ‘

178

Prasannakumar Tn

ഡൽഹി നിർഭയ ബലാൽസംഗത്തെക്കുറിച്ച് ആക്ടിവിസ്റ്റും സംവിധായകയുമായ Leslee Udwin, India’s Daughter എന്ന പേരിൽ ഒരു ഡോക്യുമെന്ററി എടുത്തിട്ടുണ്ട്. ഇന്ത്യയിൽ അതിന് പ്രദർശനാനുമതി നൽകിയിട്ടില്ല. നിർഭയയെ ബലാൽസംഗം ചെയ്ത് കൊന്ന പ്രതികളുടെയും പ്രതികൾക്കുവേണ്ടി കോടതിയിൽ വാദിച്ച വക്കീലിന്റെയും പ്രതികരണങ്ങൾ ആ ഡോക്യുമെന്ററിയിലുണ്ട്. അർദ്ധരാത്രി കാമുകന്റെ കൂടെ സിനിമയ്ക്ക് പോകുന്ന പെൺകുട്ടി അത്രയും മോശം ആണ് എന്നതുകൊണ്ടാണ് ഞാൻ അവളെ ലൈംഗികമായി ആക്രമിച്ചത് എന്ന് പ്രതിയായ മൂകേഷ് സിങ്ങ് പറയുന്നുണ്ട്. അയാൾക്കുവേണ്ടി വാദിച്ച വക്കീൽ പറയുന്നത് എന്റെ മകളാണ് രാത്രി കൂട്ടുകാരന്റെ കൂടെ സിനിമയ്ക്കു പോയതെങ്കിൽ ഞാനവളെ പെട്രോൾ ഒഴിച്ച് കത്തിച്ചുകളയുമായിരുന്നു എന്നാണ്. ‘അമ്മ എന്ന ആ സ്ത്രീയെ കൊല്ലാൻ തോന്നും’ എന്ന് പറയുന്ന ഹരീഷ് വക്കീലും അതേ ഭാഷയിലാണ് സംസാരിക്കുന്നത്.

വാളയാർ കേസ് എങ്ങനെയൊക്കെ അട്ടിമറിക്കപ്പെട്ടു എന്നല്ല ഹരീഷിന്റെ പോസ്റ്റിലെ വിഷയം. ആ സ്ത്രിയുടെ സദാചാര ശുദ്ധിയാണ്. ലൈംഗിക പീഢന വിഷയങ്ങളിൽ മധ്യവർഗ്ഗ മലയാളികളുടെ പൊതുബോധം ഇങ്ങനെ തന്നെയാണ് പ്രവർത്തിക്കുക. അതിരാവിലെ അമ്മയും അച്ഛനും പണിക്കുപോയാൽ രാതിവൈകി തിരിച്ചുവരുന്ന, ഒരു ഒറ്റമുറിയുള്ള ഒരു ഓലകുടിലിലാണ് അവർ കഴിയുന്നതെന്നും, എഴുതാനോ വായിക്കാനോ പോലും അറിയാത്തവരും, ദളിത് പശ്ചാത്തലമാണ് അവരുടേതെന്നും ഇവരുടെ സാമൂഹ്യപരിഗണനാ വിഷയമേയാവുന്നില്ല.

ഈ കേസ് എന്തുകൊണ്ട് അട്ടിമറിക്കപ്പെട്ടു? അതിൽ വിവിധ അന്വേഷണ ഉദ്യോഗസ്ഥർക്ക്, ബാലാവകാശ കമ്മീഷന്, അവരെ നിയന്ത്രിക്കുന്ന സർക്കാരിന്, വിഷയത്തിൽ ഇടപെട്ട പാർട്ടി ലോക്കൽ നേതാക്കൾക്ക് ഒക്കെ ഇതിലുള്ള പങ്കെന്താണ്? ഈ വിഷയത്തിലെ പ്രസ്‌കതമായ ചോദ്യവും അതാണ്. അല്ലാതെ ആ സ്ത്രീ ആരുടെ ഒപ്പം കിടന്നു എന്നതല്ല. ഇനി അവർ സെക്‌സ് വർക്ക് ചെയ്ത് ജീവിക്കുന്നവരാണെന്നു തന്നെ ഇരിക്കട്ടെ, അതും കേസന്വേഷണവുമായി എന്താണ് ബന്ധം? പ്രായപൂർത്തിയായ ഏത് സ്ത്രീക്കും ഉഭയസമ്മതപ്രകാരം ആരുടെ കൂടെയും ലൈംഗിക ബന്ധമുണ്ടാക്കാൻ വ്യക്തിപരമായി സ്വാതന്ത്ര്യമുണ്ടെന്ന് മലയാളി അംഗീകരിക്കണമെങ്കിൽ ഇനിയും നമ്മൾ ഒരു നൂറുവർഷമെങ്കിലും മുന്നോട്ട് യാത്ര ചെയ്യേണ്ടതുണ്ട്.

വിവരാവകാശ പ്രകാരം കിട്ടിയ രേഖ പറയുന്നത്, വാളയാർ സ്‌റ്റേഷനിൽ മാത്രം കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 41 പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിൽ ആകെ വിചാരണ പൂർത്തിയായി വിധി പറഞ്ഞ പന്ത്രണ്ട് കേസുകളിലും എല്ലാ പ്രതികളെയും വെറുതെ വിടുകയാണ് ഉണ്ടായിട്ടുള്ളതും എന്നാണ്. ലൈംഗികാതിക്രമണം നടന്നുവെന്നും കൊലപാതകമാകാൻ സാധ്യതയുണ്ടെന്നും രേഖപ്പെടുത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മുന്നിലുണ്ടായിട്ടും ഉഭയസമ്മത ലൈംഗികബന്ധമാണ് നടന്നതെന്ന് എഴുതിവെക്കുന്ന പോലീസ് ഉദോഗസ്ഥരുടെ നാട്ടിൽ, പോക്‌സോ കേസിൽ അറസ്റ്റ് ചെയ്ത ആളുകളെ പാർട്ടിയുടെ ലോക്കൽ നേതാക്കൾ ഇടപെട്ട് അന്നുവൈകുന്നേരം തന്നെ ജാമ്യം എടുത്ത് സ്റ്റേഷനിൽ നിന്ന് ഇറക്കാൻ കഴിയുന്ന നാട്ടിൽ, സ്ത്രീകൾ ലൈംഗീകമായി ആക്രമിക്കപ്പെടുന്നത് അവരുടെ കയ്യിലിരിപ്പ് ശരിയല്ലാത്തതുകൊണ്ടാണെന്ന പൊതുബോധം ഇപ്പോഴും കൊണ്ടുനടക്കുന്നവർക്ക് victim blaming ശിക്ഷിക്കപ്പെടാതെ പോയ പോക്‌സോ കേസുകളിലെ മുഴുവൻ ബാലികമാരുടെ അമ്മമാർക്കുനേരെയും നീട്ടാവുന്നതാണ്. ജൻഡർ വിഷയത്തിൽ ശരാശരി മലയാളിയുടെ ‘പുരോഗമന’ പൊതുബോധമെന്നത് ആ വിജയൻനായരുടെ നിലവാരത്തിലുള്ളതാണ്.