രാജേഷ് കെയർ ഓഫ് തളത്തിൽ ദിനേശൻ
Prasannan Cr
സാമ്പത്തികമായി വിജയിച്ച കണ്ടിരിക്കാൻ നല്ല രസമുള്ള ഒരു മികച്ച കൊമേഴ്സ്യൽ സിനിമ അതാണ് ജയ ജയഹേ. എന്നാൽ അതു മാത്രമാണോ ഈ ചിത്രം?പാട്രിയാർക്കെതിരെ കൊമ്പുകുലുക്കി വരുന്ന ഈ സിനിമയ്ക്ക്, ഈ സോഷ്യൽ മീഡിയയുഗത്തിൽ റീൽസായും ഷോർട്ട്സായും സീരീസുകളിലെ എപ്പിസോഡുകളായും യൂട്യൂബ് ചാനലുകളിലെ അനലിസ്റ്റുകളുടെ കീറിമുറിക്കലുകളായും, അങ്ങനെയങ്ങനെ സോഷ്യൽ മീഡിയയിലൂടെ പലതവണ തലങ്ങും വിലങ്ങും പാഞ്ഞ, പാട്രിയാർക്കിക്കെതിരെയുള്ള എല്ലാ മുദ്രാവാക്യങ്ങളും സമർത്ഥമായും രസകരമായും കോർത്തിണക്കി എന്ന പ്രത്യേകത മാത്രമേ ഉള്ളു. ഇതൊരു യുദ്ധപ്രഖ്യാപനം അല്ല .
മറിച്ച്,നിരവധി ചെറു പോരാട്ടങ്ങളിലൂടെ, നേരത്തെ പറഞ്ഞ റീൽസുകൾ തൊട്ട് ചെറു പയ്യന്മാരുടെ കുഞ്ഞു ബ്ലോഗുകളിൽ വരെ എത്രയോ തവണ പറഞ്ഞു, പറഞ്ഞു ഉറപ്പിച്ച് ആശയങ്ങളെ, അവ കാലത്തിന് അനുയോജ്യമെന്ന് കണ്ടു ഒരു സിനിമാ രൂപത്തിൽ സൃഷ്ടിച്ചെടുത്തതാണ്.ഒരു പക്കാ കൊമേഴ്സ്യൽ ചിത്രം അതാണ് ജയ ജയ ഹേ. നൂതനമായ എന്തെങ്കിലുമൊന്ന്, സിനിമയിൽ ,അത് പ്രഖ്യാപിക്കുന്നു എന്ന് കരുതപ്പെടുന്ന പാട്രി യാക്കിക്കെതിരെയുള്ള മുന്നേറ്റത്തിനായി ഈ ചിത്രം കാഴ്ചവയ്ക്കുന്നില്ല.
( അവതരിപ്പിക്കപ്പെടുന്ന ആശയങ്ങൾ എത്രയോ തവണ ചർച്ച ചെയ്യപ്പെട്ടവ.രംഗങ്ങൾ പലതും വിദഗ്ദമായ ആവർത്തനം) എന്നാൽ ചില അപാകങ്ങൾ ഉണ്ടുതാനും.അവ സിനിമ എന്ന അർത്ഥത്തിൽ ചിത്രത്തെ ബാധിക്കുന്നേയില്ല.
എന്നാൽ സ്ക്രീനിനു പുറത്തു മുഴങ്ങുന്ന മുദ്രാവാക്യങ്ങളിൽ കൂടി കടന്നു പോകുമ്പോൾ ആണ് ഇത് പരിശോധിയ്ക്കപ്പെടേണ്ടത്.അതായത് സിനിമയുടെ താത്വികവലോകനക്കാരുടെ സദസിൽ.
തളത്തിൽ ദിനേശന്റെ ഒരു ന്യൂജൻ രൂപം മാത്രമാണ് രാജേഷ് .എന്നും രാവിലെ ഇടിയപ്പം കഴിക്കുന്ന ഒരുത്തൻ ,ഇടിയപ്പം മാത്രം കഴിക്കുന്ന ഒരുത്തൻ; അത് കിട്ടിയില്ലെങ്കിൽ അസ്വസ്ഥനാകുന്ന ഒരുത്തൻ, എങ്ങനെയാണ് ഒരു നോർമൽ വ്യക്തി ആകുന്നത് ?ദേഷ്യം വന്നാൽ എല്ലാം എറിഞ്ഞു പൊട്ടിക്കുന്ന രാജേഷിന്റെ സ്വഭാവം സൂചനകളിലൂടെ വ്യക്തമാക്കുന്നുണ്ട് .അതായത് രാജേഷ് തളത്തിൽ ദിനേശനിൽ നിന്നും കാലത്തിനൊത്ത് വളർന്ന ഒരു സൈക്കോ ക്യാരക്ടർ ആണ്. അവിടെത്തന്നെ ,ഈസിനിമയെ മുദ്രാവാക്യം ആയി കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ ആശയങ്ങൾക്ക് ചതിപറ്റുന്നു.
സൈക്കോ ആയതുകൊണ്ട് മാത്രമാണ് രാജേഷ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്ന് പറയാതെ പറഞ്ഞുവെക്കുകയാണ് സംവിധായകൻ.
അയാൾ ബിസിനസ്സിൽ വിജയിച്ചില്ലെ, എന്ന് ചോദിക്കരുത്.ഒരു മുഴു ഭ്രാന്തൻ അല്ലാത്ത സ്വഭാവ വൈകല്യമുള്ള ഏതൊരാൾക്കും ചില്ലറ വിജയങ്ങളൊക്കെ ജീവിതത്തിൽ കൈവരും. എന്നാൽ ചില പ്രത്യേക ഘട്ടങ്ങളിലാണ് തളത്തിൽ ദിനേശനിൽ വിഭ്രാന്തി എന്ന പോൽ ഇത്തരക്കാരിലും, രാജേഷിലും സ്വഭാവവികല്പങ്ങൾ അതിരൂക്ഷമായ രൂപത്തിൽ പുറത്തുവരുന്നത്. എന്നുവെച്ചാൽ; നോർമൽ ആയ ഒരു പുരുഷൻ ഇങ്ങനെയൊന്നും ഒരു സ്ത്രീയോട് പെരുമാറില്ല, അഥവാ നോർമലായ ഒരു മനുഷ്യൻ ,സ്ത്രീയോ പുരുഷനോ ആകട്ടെ, മറ്റൊരുത്തനോട്, ഒരുത്തിയോട് നിലവിട്ടു പെരുമാറില്ല, എന്ന ആശയമാണ് സംവിധായകൻ ഒളിച്ചു കടത്തുന്നത്.എങ്കിൽ പിന്നെ എവിടെയാണ് ഇതിൽ പാട്രിയാർക്കിക്കെതിരെ പടവെട്ട് ?
നിലനിൽക്കുന്ന വ്യവസ്ഥിതിയുടെ യഥാർത്ഥ പ്രശ്നം; അറിഞ്ഞോ അറിയാതെയോ തങ്ങളിൽ കയറിക്കൂടിയ ചില തെറ്റായ കീഴ് വഴക്കങ്ങളുടെയും ചിന്തകളുടെയും പേരിൽ, മനുഷ്യൻ, അവൻ നോർമലായ ഒരാളായാൽ പോലും, കുടുംബത്തിലും സമൂഹത്തിലും കൂട്ടത്തിലും ജോലിസ്ഥലത്തും ഒക്കെ തന്നിൽ കണ്ടിഷൻ ചെയ്തെടുക്കപ്പെട്ട സംഗതികൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നതാണ്. അതാണ് ,അതിലൊന്നാണ് പാട്രിയാർക്കിയും ദേശീയതാ ഭ്രാന്തും ഒക്കെ.ഇവിടെ കഥാനായകൻ ഒരു പ്രത്യേക സ്വഭാവത്തിന് അടിമയായി എന്നതുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്എന്ന ന്യായീകരണത്തിന്റെ അന്തർധാര കാണാം. അല്ലെങ്കിൽ ആരാണ്, സാമാന്യബോധം തരിമ്പെങ്കിലും ഉള്ള ആരാണ് തൻറെ ഭാര്യയുടെ പേര് വെച്ച് ഒരു പാട്ടു പാടി അവളെ വശീകരിയ്ക്കാൻപറയുന്ന അണ്ണനോട് അത് ഏറ്റുപോകുക.( ഇവിടെ നിനക്ക് പാടാനറിയാമോ എന്ന് ഇന്നസൻ്റിൻ്റെ ക്യാരക്റ്റർ തളത്തിൽ ദിനേശനോട് ചോദിക്കുന്ന ചോദ്യം ഓർക്കുക)
എന്നിട്ട് ഭാര്യയുടെ പേര് വെച്ച് ദേശീയ ഗാനം പാടുക. ഇനി ദേശീയ ഗാനം മാത്രം അറിയുന്ന ഒരു സംഘിയാണ് രാജേഷ് എന്ന അതി വിപ്ലവകരമായ ആശയമാണ് സംവിധായകൻ ഉദ്ദേശിച്ചതെങ്കിൽ പിന്നെ ചരട് കെട്ടിയ അണ്ണൻ്റെ കഥാപാത്രം ഒരിരട്ടിപ്പാകുന്നു. ജയയുടെ അമ്മാവൻ്റെ ഡയലോഗുകളും പെരുമാറ്റവും എല്ലാം ,എത്രയോ പേർ റീൽസിലും ഷോർട്ട്സിലുമൊക്കെയായി അവതരിപ്പിച്ച കഴിഞ്ഞതാണ്. അതൊക്കെ ഫലപ്രദമായി വീണ്ടും ബോറടിപ്പിക്കാതെ ഉപയോഗിക്കാൻ കഴിഞ്ഞു എന്നതിൽ സംവിധായകന് അഭിമാനിക്കാം.അതുപോലെ എപ്പോഴും ചേച്ചിയെ കുറിച്ച് വളരെ കാര്യമായി അന്വേഷിക്കുന്ന രാജേഷിന്റെ സഹപ്രവർത്തകർ അവസാന സീനിൽ ചേച്ചിയാണ് കോഴിഫാമിൻ്റെ ഉടമസ്ഥ എന്നറിയുമ്പോൾ വളരെ മാന്യമായി മടങ്ങിപ്പോരുന്നതായിരുന്നു അതുവരെ ഉണ്ടായ അവരുടെ പെരുമാറ്റത്തിൽ നിന്നും യുക്തിസഹമായ ഒരു കഥാന്ത്യമാവുക.
എന്നാൽ നായിക സർവ്വ ഗുണസമ്പന്നയും കായികാഭ്യാസിയും ആണെന്ന് ഒന്നുകൂടി ഉറപ്പിക്കാൻ അതിഗംഭീരമായ ഒരു ഫൈറ്റ് സീൻ (അത് നന്നായിട്ടുണ്ട് കേട്ടോ ) വിളക്കി ചേർക്കാതെ വയ്യെന്നായി സംവിധായകന്. കഥാഗതിക്ക് ചേർന്നതായി ആയില്ല ആ രംഗം. (തളത്തിൽ ദിനേശനിൽ നിന്നും വല്ലാതെയൊന്നും രാജേഷ് വളർന്നിട്ടില്ല എങ്കിലും ശോഭയിൽ നിന്നും എത്രയോ വളർന്നു ജയഭാരതി എന്ന് കാണിക്കാനാണ് ഈരംഗം എന്ന് വ്യാഖ്യാനിക്കാം ; സമാധാനിക്കാം)ഇനി ഇന്നത്തെ സാമൂഹ്യ സ്ഥിതി, എടുത്താലും ആ രംഗത്ത് ആ നാല് പുരുഷന്മാർ അവർ കൊട്ടേഷൻ ഗാങ്ങ്അല്ല എന്നതിനാൽ തന്നെ ,ഒരു സ്ത്രീയോട് അങ്ങനെ പെരുമാറാൻ സാധ്യതയില്ല.
ഒരു നോൺ ബൈലബിൾ ഓഫൻസ് ആണ് തങ്ങളെ കാത്തിരിക്കുന്നത് എന്ന് അറിഞ്ഞുകൊണ്ട് .
പക്ഷേ ആ രംഗം കൂടി വേണമായിരുന്നു സകലമാന പൊളിറ്റിക്കൽ കറക്റ്റ്നസ്സും പ പുരോഗമനാത്മകതയും ജൻ്റർ ഈക്വാലിറ്റിയും എല്ലാമെല്ലാം സിനിമയിൽ കുത്തിനിറച്ച സംവിധായകന്റെയും അത് ആവോളം ആസ്വദിച്ച കാണികളുടെയും മനസ്സ് നിറയ്ക്കാൻ .അതും പോരാഞ്ഞിട്ട്, പർദ്ദയിട്ടു പോകുന്ന ഒരു സ്ത്രീ തനിക്ക് ഇക്ക നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലയാകുന്നു.ഇത് നിങ്ങൾ ഒരു റിൽസിൽ കണ്ടിട്ടുണ്ടെങ്കിൽ, പുരോഗമന കാരനായ ചുവന്ന കൊടി പിടിക്കുന്ന അജുവിൻ്റെ കഥാപാത്രം, പ്രണയ സമയത്ത് കാമുകിക്ക് മുന്നിൽ നിബന്ധനകളുടെ നൂലാമാല നീട്ടുന്നത് , സത്യസന്ധമായി പറയൂ , എത്രയെത്ര തവണ എത്രയെത്ര പേർ, ഏതെല്ലാം ഭാഷയിൽ ,ഏതെല്ലാം രൂപത്തിൽ സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചു കഴിഞ്ഞു.
സോഷ്യൽ മീഡിയയിലൂടെ കടന്നെത്തിയ എല്ലാ പുരോഗമന ആശയങ്ങളെയും തന്റെ സിനിമയിലേക്ക് എത്തിച്ച് അവസാനം ശുഭം എന്ന് എഴുതാതെ എഴുതിക്കാണിച് സംവിധായകൻ നിർമ്മാതാവിനെ നോക്കി ഒരെണ്ണം പറഞ്ഞ ചിരിചിരിക്കുന്നു .പഴയ പ്രേംനസീർ ചിത്രങ്ങളിലെ അവസാന രംഗങ്ങൾ ഒന്ന് അയവിറക്കുക. എന്നാൽ ചിത്രം യാതൊരുവിധ നെഗറ്റീവ് റിവ്യൂവോ മറ്റ് എതിരഭിപ്രായങ്ങളോ ഇല്ലാതെ സുഗമമായി പ്രദർശനം തുടരുന്നു. ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ സിനിമ കാണുന്നവരായ എല്ലാവരുടെയും, പുരോഗമനത്തെ ഉറ്റുനോക്കുന്ന കാണികളുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നു എന്നതാണ് ഈ സിനിമയുടെ വിജയ രഹസ്യം.
ആ അർത്ഥത്തിൽ ,മികച്ച ചേരുവകൾ കടമെടുത്ത് ചേരുംമ്പടി ചേർത്ത് ഒരു പക്കാ കൊമേഴ്സിൽ ചിത്രം എടുത്ത് അതിനെ പൂർണ്ണ വിജയമാക്കാൻ കഴിഞ്ഞിരിക്കുന്നു സംവിധായകന്.
അദ്ദേഹം അഭിനന്ദനമർഹിക്കുന്നു. അത്രമാത്രം