തൊണ്ടിമുതലും ദൃക്സാക്ഷിയും…
ഏറെ ഇഷ്ടപ്പെട്ട ഒരു സിനിമയാണിത്. പല ലേയറുകൾ ഉള്ള, ഒരു ഷോട്ടുപോലും ആസ്ഥാനത്തല്ലാത്ത ഒരു മനോഹരചിത്രം. അതിലെ പോലീസ് മർദ്ദനരംഗങ്ങൾ പോലും കൃത്യമായി മിനുക്കിയെടുത്തവയാണ്.
ആദ്യം പോലീസ് സ്റ്റേഷനിൽ പ്രസാദിനെ പിടിച്ചു കൊണ്ടുവരുമ്പോൾ തന്നെ ചിലർ തല്ലി എന്ന് അയാൾ പറയുന്നുണ്ട്. ക്രൂദ്ധനായ എസ്ഐ ജനക്കൂട്ടത്തിന് നേരെ പറയുന്നത് “ഇപ്പോൾ ഇതൊരു പതിവായിട്ടുണ്ട്, പോലീസൊക്കെ പിന്നെ എന്തിനാ!” പൊലീസിന് (മാത്രം) അധികാരമുള്ളതാണ് തല്ല് എന്ന് ആദ്യമേ എസ്ഐ സമൂഹത്തോട് പറഞ്ഞുറപ്പിക്കുന്നുണ്ട്. എന്നുമാത്രമല്ല, തല്ലിയ രണ്ട് ആളുകളെ ഒന്ന് ബുദ്ധിമുട്ടിക്കാൻ തന്നെ അവരുടെ ഐഡി കാർഡുകൾ സ്റ്റേഷനിൽ വാങ്ങി വെക്കുന്നുമുണ്ട്.
പിന്നീട് എസ്ഐ പ്രസാദിനോട് മാല മോഷ്ടിച്ചോ എന്ന് ചോദിച്ച് അയാളെ മർദ്ദിക്കുന്നു. അത് പോലീസിന്റെ രീതിയാണ്. ശാസ്ത്രീയമായി തെളിവോടെ കണ്ടുപിടിക്കാം എന്ന സാദ്ധ്യത ഉള്ളപ്പോൾ പോലും ഒരു കുറ്റസമ്മതം ഭേദ്യത്തിലൂടെ നേടിയെടുക്കുക എന്നതാണ് പോലീസ് രീതി എന്ന് കൃത്യമായി കാണിക്കുന്നു ഇവിടെ.കുറ്റം തെളിഞ്ഞതിന് ശേഷമുള്ള (എക്സ്റേ പ്രകാരം വയറ്റിൽ മാല കണ്ടെത്തിയപ്പോൾ) മർദ്ദനം ആണ് അടുത്തത്. അത് ഒരേസമയം പകതീർക്കലും കുറ്റം ചെയ്തതിന് പോലീസിന്റെ വക instant punishment ഉം ആണ്. ഏതാണ്ട് ഒരുദിവസം തങ്ങളെ ഇട്ടു കളിപ്പിച്ചതിന്റെ ദേഷ്യം മുഴുവൻ എസ്ഐ ആ ദേഹത്തു തീർക്കുന്നുണ്ട്. (വാദിയായ പ്രസാദ് ആദ്യമായി തന്റെ മാനുഷികതലത്തിൽ ചിന്തിച്ചുതുടങ്ങുന്നത് അപ്പോഴാണ്) പക്ഷെ ഈ ഇടിയിൽ മറ്റുചിലത് കൂടി പോലീസ് ലക്ഷ്യമാക്കുന്നുണ്ട്. തങ്ങളുടെ അധികാരം വളരെ വലുതാണെന്ന് ജനത്തിന് മനസിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യം കൂടി ഭംഗിയായി എസ്ഐ അവിടെ നിർവഹിക്കുന്നുണ്ട്.
വേറൊരു പരാതിയുമായി എത്തിയ രണ്ടുപേർ തങ്ങളുടെ പരാതി പിൻവലിച്ചു രാജിയാകാൻ തീരുമാനിക്കുന്ന രംഗം ഓർക്കുക. നിയമത്തിന്റെ വഴി അത്ര എളുപ്പമല്ല, ഞങ്ങളെ “അനാവശ്യമായി” മെനക്കെടുത്തരുത് എന്ന മെസേജ് ആണ് എസ്ഐ ആ പരാതിക്കാർക്ക് കൊടുക്കുന്നത്.അവസാനം പ്രസാദിന് കിട്ടുന്ന ഇടി പോലീസിന്റെ desperation ആണ്. മാല കാണാതെ പോയതോടുകൂടി അത് തിരിച്ചെടുക്കേണ്ടത് അത്യാവശ്യമായി വരുന്നു. അവരിൽ പലരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണത്, ശരിക്കും ഒരു crisis situation. ഏറ്റവും മൃഗീയമായ മർദ്ദനം അവിടെയാണ് സംഭവിക്കുന്നത്, കാരണം അതല്ലാത്ത വഴികളൊന്നും അവർക്കറിയില്ല. തങ്ങൾക്ക് handle ചെയ്യാവുന്നതിലും വലുതാണ് സംഭവം എന്ന് അറിയുന്ന അവസ്ഥയിലാണ് പോലീസ് ഒരു compromise പദ്ധതിയുമായി വരുന്നത്, സമാനമായ മറ്റൊരു മാല സ്ഥാപിച്ച്.
ഇതാണ് ഒരു പോലീസ് രീതി. ഇടപെടീക്കുന്നത് ഒരു ലാസ്റ്റ് ഓപ്ഷൻ ആയി ജനങ്ങളിൽ ചിലർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ ഈ torture-based-approach മാറിയേ തീരൂ. ഭയക്കേണ്ട ഒരു വകുപ്പായി പോലീസ് സംവിധാനത്തെ രൂപപ്പെടുത്തരുത്.
PS: കുറച്ചുനാളുകൾക്ക് മുൻപ് അസഭ്യവർഷം അടക്കം പോലീസിന്റെ രീതികളെ പ്രതിപാദിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വന്നപ്പോൾ എഴുതി പാതിവഴിയിൽ നിർത്തിയ പോസ്റ്റാണ്. നെയ്യാറ്റിങ്കര സംഭവം കൂടി കണ്ടപ്പോൾ പൂർത്തിയാക്കി പോസ്റ്റ് ചെയ്യാം എന്ന് കരുതി.”