തളര്‍ന്നിട്ടും തകരാത്ത വിശ്വാസം, സല്യൂട്ട് മിഗ് 21

255

എഴുതിയത്  : Prasanth Kg

തളര്‍ന്നിട്ടും തകരാത്ത വിശ്വാസം, സല്യൂട്ട് മിഗ്21

യുദ്ധക്കോപ്പുകൾക്ക് ഒരു കുഴപ്പമുണ്ട്. പുത്തൻ സാങ്കേതികവിദ്യയ്ക്കു മുന്നിൽ വേഗം കാലഹരണപ്പെടും. പുതിയ കഴിവും കാലപ്പഴക്കവും ഏറ്റുമുട്ടിയാൽ ആരു ജയിക്കും? അപ്പോൾ ചിലപ്പോൾ അത്ഭുതങ്ങൾ സംഭവിച്ചേക്കാം. അവിടെ പഴക്കമായിരിക്കും ജയിക്കുക. ആകാശയുദ്ധത്തിൽ അങ്ങനെയും സാധ്യതയുണ്ടെന്നു ലോകത്തിനു കാണിച്ചു കൊടുത്തു ഇന്ത്യ. അതും 2019 ൽ. വ്യോമാതിർത്തി കടന്ന് ബോംബാക്രമണം നടത്തിയ പാക്കിസ്ഥാന്റെ ആധുനിക എഫ് 16 യുദ്ധവിമാനത്തെ മിസൈൽ ഉപയോഗിച്ചു തകർത്തത് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ. മിഗ് 21 ബൈസനിൽനിന്നു തൊടുത്ത ഹ്രസ്വദൂര എയർ ടു എയർ മിസൈൽ ആർ 73 ‌ആണ് എഫ് 16 വീഴ്ത്തിയത്.

മിഖായോൻ-ഗുരേവിച്ച് മിഗ്-21

മിഗ്-21പഴയ സോവിയറ്റ് യൂണിയൻ രാജ്യത്തിന്റെ നിർമ്മിതിയായ ശബ്ദാധിവേഗ പോർവിമാനമാണിത്. മിഗ് എന്നത് പഴയ റഷ്യൻ വിമാന നിർമ്മാണ വിഭാഗമായ മിഖായോൻ ഖുരേവിച്ച് എന്നതിന്റെ (ഇപ്പൊൾ വെറും മിഖായോൻ) ചുരുക്കപ്പേരാണ്. അവർ നിർമ്മിച്ച അല്ലെങ്കിൽ രൂപകല്പന ചെയ്ത എല്ലാ വിമാനങൾക്കും മിഗ് എന്ന സ്ഥാനപ്പേർ ഉണ്ട്.1956 ഫെബ്രുവരി 14നാണ് മിഗ് 21 വിമാനം ആദ്യമായി നിർമ്മിക്കപ്പെടുന്നത്. ശീത യുദ്ധത്തിൻറെ സമയത്ത് പ്രതിരോധ മേഖലയിൽ വളരെ ഏറെ ഗവേഷണവും പുരോഗമനവും ഉണ്ടായി. ഇതിൻറെ ഫലങ്ങളിൽ ഒന്നാണ് ഈ യുദ്ധവിമാനം.ഇന്ത്യയിൽ ഇതിനു ത്രിശൂൽ വിക്രം ബൈസൺഎന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഈയിടെയായി ഇന്ത്യയിൽ വച്ച് ഒരുപാടു പഴയ മിഗ്-21 കൾ തകരുകയും ഇജക്ഷൻ ശരിയായി പ്രവർത്ത്തിക്കാതെ വൈമാനികർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പറക്കുന്ന ശവപ്പെട്ടി എന്ന പേർ കൂടെ വീണിട്ടുണ്ട്. സോവിയറ്റു യൂണിയനിലെ മിഖായേൽ ഗുരേ വിച്ച് ഡിസൈൻ ബ്യൂറോ ആണ് mig-21 ഫൈറ്റർ ജെറ്റുകൾ രൂപം നൽകിയത്. ബലാലൈക്കോ എന്ന ഓമനപ്പേരിൽ mig-21 നെ റഷ്യക്കാർ വിളിക്കാറുണ്ട്, റഷ്യയിലെ ഒരു സംഗീത ഉപകരണമാണ് ബലാലൈക്കോ, സോവിയറ്റ് എയർഫോഴ്സ് ,ഇന്ത്യൻ എയർഫോഴ്സ്, ക്രൊയേഷ്യൻഎയർഫോഴ്സ്, റൊമാനിയൻ എയർഫോഴ്സ് എന്നിവരാണ് മിഗ്-21 ന്റെ ആദ്യത്തെ ഉപഭോക്താക്കൾ. വൈമാനിക ചരിത്രത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ട സൂപ്പർസോണിക് വിമാനങ്ങളിൽഒന്നാം സ്ഥാനമാണ് മിഗ് 21 ന് . ഏകദേശം അറുപതോളം രാജ്യങ്ങൾ മിഗ്-21 ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയാണ് അതിൽ ഏറ്റവും കൂടുതൽ മിഗ് വിമാനങ്ങൾ ഉപയോഗിക്കുന്നത്
1961-ലാണ് ഇന്ത്യ വിമാനങ്ങൾ വാങ്ങുന്നതിനു വേണ്ടിയുള്ള കരാർ സോവിയറ്റ് യൂണിയനുമായി ഒപ്പുവയ്ക്കുന്നത്. കരാർ പ്രകാരം മുഴുവൻ സാങ്കേതികതയും, ഇന്ത്യയിൽ തന്നെ അസംബ്ലി ചെയ്യാനുള്ള അധികാരവും സോവിയറ്റ് യൂണിയൻ ഇന്ത്യക്ക് നൽകി. 1964 ൽ മിഗ്-21 ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറി. 1965-ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ മിഗ് വിമാനങ്ങൾ ഉപയോഗിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. എന്തെന്നാൽ വൈദഗ്ധ്യമുള്ള വിമാനങ്ങളുടെ കുറവ് അന്ന് അനുഭവപ്പെട്ടിരുന്നു . മിഗ് വിമാനങ്ങളുടെ ഉപയോഗം വ്യോമസേന കുറച്ചു വരികയാണ്, എന്തെന്നാൽ ധാരാളം അപകടങ്ങൾ സംഭവിച്ചിരുന്നു

Image result for mig 21മിക്ക വിമാനങ്ങളുടെ എൻജിൻ വളരെ പെട്ടെന്ന് നിന്നു പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. ഒരു ചെറിയ പക്ഷി കടന്നുപോയാൽ പോലും എഞ്ചിന് കേടുപാട് സംഭവിക്കുമായിരുന്നു , അതുകൊണ്ടുതന്നെ 1961 നും 1984 നുമിടക്ക് 840 ഓളം മിഗ് വിമാനങ്ങൾ പറക്കലിനിടയിൽ തകർന്നത് വീണു. 170 ഇന്ത്യൻ വൈമാനികരും 40 പൗരന്മാരും അപകടങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടു. എന്തിനേറെ പറയുന്നു 2010 നും 2013 നും ഇടയിൽ 14 മിഗ് വിമാനങ്ങൾ തകർന്നു വീഴുകയുണ്ടായി
അതിന്റെ ഭാഗമായി ഇന്ത്യയുടെ രണ്ടാം തലമുറ ഫൈറ്റർ വിമാനങ്ങൾ ആയ മിഗ്-21 എഫ് എൽ വിമാനങ്ങൾ 2013 ഡിസംബർ 11 ന് വ്യോമസേന പിൻവലിച്ചു

മിഗ്–21 – ലോകത്ത് ഏറ്റവുമധികം നിർമിക്കപ്പെട്ട പോർവിമാനം. 63 വർഷംകൊണ്ട് 60 രാജ്യങ്ങളുടെ ആകാശക്കരുത്തിന്റെ പരസ്യമായ രഹസ്യം. ഇരുപതിലേറെ രാജ്യങ്ങളിൽ ഇപ്പോഴും പ്രതിരോധക്കോട്ടയിലെ വിശ്വസ്തനായ പോരാളി. പഴയ സോവിയറ്റ് യൂണിയന്റെ സൃഷ്ടിയാണു മിഖോയൻ ഗുരേവിച്ച് മിഗ്–21. ശബ്ദാതിവേഗ യുദ്ധവിമാനമായും ഇന്റർസെപ്റ്ററായും ഉപയോഗിക്കാവുന്ന സോവിയറ്റ് യൂണിയന്റെ ആദ്യ സംരംഭം. 1956 ഫെബ്രുവരി 14ന് ആദ്യപറക്കൽ. മിഗ്–15, 17 പതിപ്പുകളുടെ തുടർച്ച. ലളിതമായ രൂപകൽപന, കുറഞ്ഞ ചെലവ്, അസാമാന്യ പ്രഹരശേഷി എന്നിവ മികവ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലായി 11,500 ഓളം യൂണിറ്റ് നിർമിക്കപ്പെട്ട മിഗ്– 21നെ നാറ്റോ (North Atlantic Treaty Organization) വിശേഷിപ്പിച്ചത് ഫിഷ്ബെഡ് അഥവാ ‘ചാകര’ എന്നാണ് (വ്യത്യസ്ത രാജ്യങ്ങളിലെ സൈനികർ ഉൾപ്പെടുന്ന നാറ്റോ സഖ്യസേനയിൽ വിവിധ രാജ്യക്കാർക്ക് എളുപ്പം മനസിലാക്കാനാകും വിധം ഇത്തരത്തിൽ വേറിട്ട പേരുകൾ നൽകുക പതിവാണ്).

പാക്കിസ്ഥാന്റെ യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയ അഭിനന്ദൻ, ആറു മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞദിവസം വീണ്ടും യുദ്ധവിമാനത്തിന്റെ കോക്ക്പിറ്റിലെത്തി. പഞ്ചാബിലെ പഠാൻകോട്ട് വ്യോമതാവളത്തിൽനിന്നു വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്.ധനോവയ്ക്കൊപ്പമാണ് അഭിനന്ദൻ അരമണിക്കൂറോളം പറന്നത്. മികച്ച യുദ്ധവിമാന പൈലറ്റുമാരിൽ ഒരാളായ ധനോവ, 1999ലെ കാർഗിൽ യുദ്ധവേളയിൽ സേനയുടെ 17–ാം സ്ക്വാഡ്രന്റെ കമാൻഡിങ് ഓഫിസറായിരുന്നു. ആക്രമണങ്ങളിലൂടെ ശത്രുസേനയ്ക്കു വ്യാപക നാശനഷ്ടം വരുത്തിയ ധനോവ പറത്തിയതും മിഗ് 21 വിമാനമാണ്.

ഇരുവരും പറപ്പിച്ച മിഗ് 21 വിഭാഗത്തിലുള്ള യുദ്ധവിമാനങ്ങൾ ഈ വർഷം അവസാനത്തോടെ സേവനം അവസാനിപ്പിക്കുകയാണ്. ‘44 വർഷം പഴക്കമുള്ള മിഗ് 21 വിമാനങ്ങൾ സേന ഇപ്പോഴും ഉപയോഗിക്കുന്നു. ഇത്രയും പഴക്കവും വഴക്കവും തഴക്കവുമുള്ള യുദ്ധവിമാനം അപൂർവമാണ്. പതിറ്റാണ്ടുകളായി ഇന്ത്യയുടെ ആകാശക്കോട്ട കാത്ത ചരിത്രമാണു മിഗ്ഗിന്റേത്. ആ ശ്രേണിയിൽ ഏറ്റവുമധികം വിയർപ്പൊഴുക്കിയ മിഗ്–21, സത്‌പേരും ദുഷ്പേരും ഒരുപോലെ സമ്പാദിച്ചാണു വിട പറയുന്നത്.

ലോകമാകെ നടന്ന യുദ്ധങ്ങളിൽ മിക്കതിലും മിഗ്–21 പങ്കാളിയായി. ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത് 1964ൽ. ഇന്ത്യയിലെത്തിയ ആദ്യ സൂപ്പർസോണിക് യുദ്ധവിമാനം. എണ്ണവും പരിശീലനം ലഭിച്ച പൈലറ്റുമാരും കുറവായതിനാൽ 1965 ലെ ഇന്ത്യ– പാക്കിസ്ഥാൻ യുദ്ധത്തിൽ ചെറിയ സ്ഥാനമായിരുന്നു മിഗ്–21 ന്. പിന്നെപ്പിന്നെ സേനയുടെ ഇഷ്ടവിമാനമായി. ഏറ്റവും കൂടുതൽ മിഗ്–21 ഉപയോഗിച്ച രാജ്യങ്ങളുടെ മുൻനിരയിലാണ് ഇന്ത്യ. സോവിയറ്റ് യൂണിയനും ഇന്ത്യയും കഴിഞ്ഞാൽ ക്രൊയേഷ്യയും റുമേനിയയുമാണ് ആരാധകപ്പട്ടികയിൽ തൊട്ടുപിന്നിൽ.

1959നും 1985നും ഇടയിൽ യുഎസ്എസ്ആർ 10,645 മിഗ്–21 പുറത്തിറക്കി. സാങ്കേതിക കൈമാറ്റത്തിന്റെ പിന്തുണയിൽ ഇന്ത്യ 657, ചെക്കോസ്ളോവാക്യ 194 എണ്ണവും നിർമിച്ചിട്ടുണ്ടെന്നാണു കണക്കുകൾ. റഷ്യ മാത്രമല്ല ചൈനയും മിഗ് വിമാനങ്ങൾ നിർമിക്കുന്നുണ്ട്. ചെങ്ദു ജെ–7 (എഫ്–7) എന്നു പേരുമാറ്റി 1966–2013 കാലഘട്ടത്തിൽ ചൈന 2,400ൽ ഏറെ വിമാനങ്ങൾ തയാറാക്കി. പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളാണു ഗുണഭോക്താക്കൾ. ഇതുവരെ 1,200ൽ ഏറെ മിഗ്–21 വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെട്ടത്. പരിഷ്കരിച്ച നൂറിലേറെ എണ്ണം ഇപ്പോഴും സജീവം. 1974ൽ 2 ദശലക്ഷം ഡോളറായിരുന്നു ഇന്ത്യൻ പതിപ്പിന്റെ വില.

58,400 അടി വരെ ഉയരത്തിൽ പറക്കാം, റഡാറുകളുടെ കണ്ണുവെട്ടിക്കാവുന്ന ചെറിയ രൂപം, കുറഞ്ഞ ഭാരം, സങ്കീർണതകളില്ലാത്ത നാവിഗേഷൻ, സിംഗിൾ എൻജിൻ തുടങ്ങിയവ പൈലറ്റുമാർക്കു പ്രിയപ്പെട്ടതാക്കി. 50 വർഷത്തെ സേവനത്തിനുശേഷം മിഗ്–21എഫ്എൽ 2013 ഡിസംബറിൽ ഡികമ്മിഷൻ ചെയ്തു. അഞ്ചാം തലമുറയാണ് അഭിനന്ദൻ പറത്തിയ മിഗ്–21 ബൈസൻ. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 31 ഫൈറ്റർ സ്ക്വാഡ്രണുകളാണുള്ളത്. ഒരു സ്ക്വാഡ്രണിൽ 18 യുദ്ധവിമാനങ്ങൾ. ഇന്ത്യയ്ക്കു വേണ്ട സ്ക്വാഡ്രൺ ശേഷി 42. സുഖോയ് എംകെഐ, ജാഗ്വർ, മിഗ് 21, മിഗ് 27, മിഗ് 29, മിറാഷ് 2000 എന്നിവയാണു സേനയുടെ പക്കലുള്ളത്. മിഗ് 21, 27 എന്നിവ ഒഴിവാക്കുമ്പോൾ 2032 ൽ 22 സ്ക്വാഡ്രൺ മാത്രമായി സൈനികബലം ചുരുങ്ങുമെന്നതിനെ മറികടക്കുകയാണു സൈന്യത്തിന്റെ വെല്ലുവിളി.

4 മീറ്റർ ഉയരവും 14.5 മീറ്റർ നീളവുമുള്ള മിഗ് വിമാനത്തിന്റെ ചിറകിന്റെ വലിപ്പം 7.154 മീറ്റർ. 5,846 കിലോയാണു ഭാരം. ആയുധങ്ങളും വൈമാനികരും ഉൾപ്പെടെ 8,825 കിലോ ഭാരം വഹിക്കാം. മണിക്കൂറിൽ 2,175 കിലോമീറ്ററാണു പറക്കൽവേഗം. ഒറ്റക്കുതിപ്പിൽ 1,210 കിലോമീറ്റർ ദൂരം സഞ്ചരിക്കും. എയർ ടു എയർ, എയർ ടു സർഫസ് മിസൈലുകൾ വിക്ഷേപിക്കാം. മിഗിനെ വെല്ലുന്ന വിമാനങ്ങൾ ഇന്നുണ്ട്. എന്നാൽ ഇത്രയധികം ആയുധങ്ങളുമായി ഇത്രവേഗത്തിൽ പറക്കുന്ന മറ്റൊരിനമില്ല. കുറഞ്ഞ വിലയ്ക്കുള്ള ആഡംബരമായാണു സേനകൾ മിഗ്–21നെ കാണുന്നത്. ലോകത്ത് ഇത്രയധികം എണ്ണം ഉത്പാദിപ്പിക്കപ്പെട്ട മറ്റൊരു സൂപ്പർസോണിക് എയർക്രാഫ്റ്റ് ഇല്ലെന്നതിലും മിഗ്– 21ന് അഭിമാനിക്കാം.

ശീതയുദ്ധകാലത്തു സോവിയറ്റ് യൂണിയനുമായി കോർക്കാൻ യുഎസിനും ആശ്രയിക്കേണ്ടി വന്നു മിഗ്–21നെ! ചൈനയിൽനിന്ന് ഒരു സ്ക്വാഡ്രൺ ജെ–7 വാങ്ങിയാണു സേനയെ യുഎസ് ബലപ്പെടുത്തിയത്. പരിശീലന മികവിലൂടെ യുഎസ്എസ്ആറിന്റെ വിമാനങ്ങളെ മറികടക്കാൻ പലപ്പോഴും അമേരിക്കൻ പൈലറ്റുമാർക്കു സാധിച്ചു. 1959 ൽ തുടങ്ങി 1975 വരെ നീണ്ട വിയറ്റ്നാം യുദ്ധത്തിൽ യുഎസിന്റെ പിന്മാറ്റത്തിനു പ്രധാന കാരണമായത് ‘പെൻസിൽ വണ്ണമുള്ള’ മിഗ്–21 വിമാനങ്ങളാണ്. യുഎസ് ബോംബർ വിമാനങ്ങളുടെ കണ്ണിൽപ്പെടാതെ പോർമുന തൊടുക്കുന്നതിലെ മിടുക്കാണു മിഗിനെ സഹായിച്ചത്.

ഉത്തര, ദക്ഷിണ വിയറ്റ്നാമുകൾ തമ്മിൽ നടന്ന യുദ്ധമെന്നതിനേക്കാൾ, യുഎസ് കമ്യൂണിസ്റ്റുകൾക്കെതിരെ നടത്തിയ യുദ്ധമായിരുന്നു വിയറ്റ്നാമിലേത്. കമ്യൂണിസ്റ്റ് സഖ്യങ്ങൾ ഉത്തര വിയറ്റ്നാമിനെ പിന്തുണച്ചു. യുഎസ് ദക്ഷിണ വിയറ്റ്നാമിന്റെ ഒപ്പമായിരുന്നു. 1975ൽ കമ്യൂണിസ്റ്റുകാർ ദക്ഷിണ വിയറ്റ്നാം പിടിച്ചെടുത്തു. ഉത്തര- ദക്ഷിണ വിയറ്റ്നാമുകൾ ഏകീകരിച്ചു. ഈ യുദ്ധവും ലക്ഷ്യം കാണുന്നതിലെ പരാജയവും യുഎസിൽ വലിയ കോലാഹലമുണ്ടാക്കി. ദശലക്ഷക്കണക്കിനു മനുഷ്യരുടെ ജീവഹാനിയും സാമ്പത്തിക നഷ്ടവും വലിയ തോതിൽ ചർച്ചയായി.

മിഡിൽ ഈസ്റ്റിലും മിഗ്–21ന്റെ സേവനം കാര്യമായി ഉപയോഗിക്കപ്പെട്ടു. ഇന്ത്യയിലെത്തിയപ്പോൾ പാക്കിസ്ഥാനെതിരായ യുദ്ധങ്ങളിലെല്ലാം കാര്യക്ഷമതയോടെ പടപൊരുതി. 1971ലെ ഇന്ത്യ– പാക്ക് യുദ്ധം, 1999ലെ കാർഗിൽ യുദ്ധം എന്നിവയിൽ മിഗിന്റെ സേവനം ഇന്ത്യൻ സേനയ്ക്കു വലുതായിരുന്നു. ഇറാൻ– ഇറാഖ് യുദ്ധത്തിലും ആകാശപ്പോരിൽ മിഗിന്റെ സാന്നിധ്യമുണ്ടായിരുന്നു. കാർഗിൽ യുദ്ധത്തിൽ കരസേനയെ സഹായിക്കാൻ വ്യോമസേനയ്ക്കൊരു മിഷനുണ്ടായിരുന്നു: ഓപ്പറേഷൻ സഫേദ് സാഗർ. കാർഗിൽ മലനിരകളിൽ ലേസർ ബോംബ് വർഷിച്ചും നുഴഞ്ഞുകയറ്റക്കാരുടെ താവളങ്ങൾ ആക്രമിച്ചും കരസേനയ്ക്കു സഫേദ് സാഗറിലൂടെ വ്യോമസേന വഴിയൊരുക്കി.

1999 ഓഗസ്റ്റിൽ ഗുജറാത്തിലെ കച്ചിനു സമീപം വ്യോമതാവളത്തിലെ റഡാറുകൾ ശത്രുവിമാനത്തിന്റെ സൂചന നൽകി. രണ്ട് മിഗ്–21 എഫ്എൽ വിമാനങ്ങൾ എതിരാളിയെ നേരിടാൻ പറന്നുപൊങ്ങി. പാക്ക് നാവികസേനയിലെ നിരീക്ഷണ വിമാനമായ അറ്റ്ലാന്റിക്–91 ആയിരുന്നു അതെന്നാണു റിപ്പോർട്ട്. മിഗ് 21 തൊടുത്ത ആർ-60 ഇൻഫ്രാറെഡ് മിസൈലിൽ അറ്റ്ലാന്റിക് വിമാനം തകർന്നടിഞ്ഞു. രാജ്യാന്തര തലത്തിൽ പാക്കിസ്ഥാനു പിന്നെയും നാണക്കേട്. അന്നു മിഗിലൂടെ രാജ്യത്തിന്റെ അഭിമാനം കാത്ത വൈമാനികരെ വ്യോമസേനാ മെഡൽ നൽകിയാണു രാജ്യം ആദരിച്ചത്.

ഇസ്രയേൽ ചോർത്തിയെടുത്ത ‘മിഗ്’ വിദ്യ

‘ഓപ്പറേഷൻ ഡയമണ്ട്’ – ഇസ്രയേൽ ചാര സംഘടനയായ മൊസാദ് യുഎസിനൊപ്പം സോവിയറ്റ് യൂണിയന്റെ മിഗ്–21 സാങ്കേതികവിദ്യ ചോർത്താൻ ഇട്ട പദ്ധതിയുടെ പേരാണിത്. 1963ന്റെ മധ്യത്തിൽ തുടങ്ങിയ ഓപ്പറേഷൻ 1966 ഓഗസ്റ്റ് 16ന് ആണ് അവസാനിച്ചത്. ഇറാഖി വൈമാനികൻ മുനീർ റെഡ്ഫയെ വശീകരിച്ച മൊസാദ് സംഘം ഇറാഖിൽനിന്നു ജോർദാൻ അതിർത്തിയിലൂടെ വിമാനം തന്ത്രപൂർവം ഇസ്രയേലിലേക്കു കടത്തി. ജോർദാൻ വ്യോമസേനയുടെ കണ്ണിൽപ്പെട്ടെങ്കിലും പരിശീലനപറക്കൽ എന്നു വരുത്തിതീർത്തായിരുന്നു ഈ ‘വിമാന’ക്കടത്ത്. ഹാത്തസോർ ബേസിൽ രണ്ടു ഇസ്രയേൽ പോർവിമാനങ്ങളുടെ അകമ്പടിയിൽ വന്നിറങ്ങിയ മിഗ്–21 ലൂടെ സാങ്കേതികവിദ്യ നേരിട്ടു മനസ്സിലാക്കിയ ഇസ്രയേൽ, താഴ്‍ന്നു പറക്കാവുന്നതും കൂടുതൽ മെച്ചപ്പെട്ടതുമായ ‘മിഗ്–21’ രൂപപ്പെടുത്തിയതു യുദ്ധതന്ത്രത്തിലെ മറ്റൊരു കഥ.

ചീത്തപ്പേര് കേൾപ്പിച്ച സത്‌പുത്രൻ’ ആയാണു മിഗ്–21നെ സൈനിക വിദഗ്ധർ വിശേഷിപ്പിക്കുന്നത്. എളുപ്പത്തിൽ അപകടത്തിൽപ്പെടാമെന്ന ഭയമാണു മിഗ്–21ന്റെ ചീത്തപ്പേര്. സൈനികരും സാധാരണക്കാരും ഉൾപ്പെടെ നൂറിലേറെ മനുഷ്യർ മരണപ്പെട്ടു. നൂറിൽപ്പരം മിഗുകളാണ് ഇത്തരത്തിൽ നഷ്‌ടപ്പെട്ടത്. 2010–2019 കാലയളവിൽ മാത്രം രാജ്യത്തു നാൽപതോളം മിഗ് വിമാനങ്ങളാണു അപകടത്തിൽപ്പെട്ടത്. അത്രതന്നെ ജീവനുകളും പൊലിഞ്ഞു. സാങ്കേതിക തകരാറും മാനുഷിക പിഴവും പക്ഷികൾ ഇടിച്ചതും അപകടങ്ങൾക്കു കാരണമായി.

അപകട പരമ്പരകളുടെ പിന്നാലെ ‘പറക്കുന്ന ശവപ്പെട്ടി’, ‘ആകാശത്തെ മരണകാന്തം’, ‘വിധവകളുടെ സ്രഷ്‌ടാവ്’ തുടങ്ങിയ പേരുകൾ മിഗ്–21ന് ചാർത്തിക്കിട്ടി. 2003 ഓഗസ്റ്റിൽ, മിഗ് 21ന് എതിരായ പ്രചാരണം തെറ്റാണെന്നു സ്‌ഥാപിക്കാൻ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസ് വിമാനത്തിൽ കയറി പറന്നതു വലിയ വാർത്തയായി. വിങ് കമാൻഡർ എൻ.ഹരീഷ് പറപ്പിച്ച വിമാനത്തിൽ 25 മിനിറ്റാണ് ഫെർണാണ്ടസ് പറന്നത്. 5000 മീറ്റർ ഉയരത്തിൽ 750 കിലോമീറ്റർ വേഗത്തിലുള്ള പറക്കലിനിടെ മലക്കംമറിച്ചിൽ, മൂക്കുകുത്തൽ തുടങ്ങിയ അഭ്യാസങ്ങളും വിമാനം നടത്തി. പഴകിയെങ്കിലും ഇന്ത്യയുടെ മിഗ് 21ന്റെ മികവിൽ വലിയ ആശങ്കയില്ലെന്ന് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നു.

പ്രഹരശേഷി വർധിപ്പിക്കാൻ 1998 മുതൽ നടപടി സ്വീകരിച്ചിരുന്നു. റഷ്യയുടെ സഹായത്തോടെ പലഘട്ടമായി ശേഷി വർധിപ്പിച്ചു. 1998ൽ സേനയുടെ 12 മിഗ് 21 വിമാനങ്ങൾ, റഷ്യയിലെ നിഷ്നി നോവ്ഗോറോഡിലുള്ള സോകോൾ എയർക്രാഫ്റ്റ് പ്ലാന്റിൽ എത്തിച്ചു നവീകരിച്ചു. മറ്റു വിമാനങ്ങൾ പലഘട്ടമായി ഇന്ത്യയിൽ നവീകരിക്കാനും നടപടി സ്വ‌ീകരിച്ചു.

2019ൽ വ്യോമാതിർത്തി ലംഘിച്ചു പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തെ ഇന്ത്യ ധീരമായി നേരിട്ടപ്പോഴും ആകാശക്കരുത്തായി മിഗ് മുന്നിലുണ്ടായിരുന്നു. നിയന്ത്രണ രേഖയ്ക്കു സമീപമുള്ള വ്യോമമേഖലയിൽ നടന്ന വീറുറ്റ പോരാട്ടത്തിൽ എട്ട് എഫ് –16, നാലു വീതം ജെഎഫ് –17, മിറാഷ് –5 യുദ്ധവിമാനങ്ങൾ എന്നിവ വിന്യസിച്ചായിരുന്നു പാക്ക് ആക്രമണം.

ഇതു നേരിടാൻ രണ്ടു വീതം മിഗ് 21 ബൈസൻ, മിറാഷ് 2000 എന്നിവയും നാലു സുഖോയ് 30 എംകെഐയുമായാണ് ഇന്ത്യ അണിനിരന്നത്. മൂന്ന് എഫ് 16 വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു കടന്നുകയറിയപ്പോൾ മറ്റുള്ളവ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് നിലയുറപ്പിച്ചു. ബ്രിഗേഡ്, ബറ്റാലിയൻ ആസ്ഥാനങ്ങൾ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയെത്തിയ പാക്ക് വിമാനങ്ങളെ മിഗ് 21 നേരിട്ടു. പാക്ക് ആക്രമണം നടന്നതിന്റെ തലേന്നു രാത്രി സുഖോയ്, മിഗ് 29 എന്നിവ ആകാശ നിരീക്ഷണത്തിലായിരുന്നു. രാവിലെ മിഗ് 21 ബൈസൺ നിരീക്ഷണ ചുമതല ഏറ്റെടുത്ത സമയത്തായിരുന്നു പാക്ക് ആക്രമണം. ഇന്ത്യൻ വ്യോമാതിർത്തി കടന്ന പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനത്തെ മിസൈൽ ഉപയോഗിച്ചു വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ തകർത്തു.

സാങ്കേതിക മികവിൽ, മിഗ് 21 ബൈസൻ വിമാനത്തെക്കാൾ മികച്ചതെന്നു വിലയിരുത്തപ്പെടുന്ന യുഎസ് നിർമിത എഫ് 16 യുദ്ധവിമാനത്തെ പിന്തുടർന്നു വീഴ്ത്തുകയായിരുന്നു അഭിനന്ദൻ. ഒരു ഘട്ടത്തിൽ രണ്ട് എഫ് 16 വിമാനങ്ങൾക്കിടയിൽ കുടുങ്ങിയ അഭിനന്ദൻ മനസ്സാന്നിധ്യം കൈവിടാതെ നടത്തിയ പ്രത്യാക്രമണമാണ് ഒരു വിമാനത്തെ കീഴ്പ്പെടുത്തുന്നതിലും പാക്ക് വിമാനങ്ങളെ തുരത്തുന്നതിലും വിജയിച്ചത്. എഫ് 16 നെ വിടാതെ പിന്തുടർന്നാണു അഭിനന്ദൻ കീഴ്പ്പെടുത്തിയത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിൽനിന്ന് അപായം തിരിച്ചറിഞ്ഞ് സ്വയം പുറത്തേക്കു തെറിച്ച (ഇജക്ട്) അദ്ദേഹം പാരഷൂട്ട് വഴി പാക്ക് അധീന കശ്മീരിൽ വീഴുകയായിരുന്നു.

എഫ് 16 വിമാനം തകർത്തുവെന്ന് ഇന്ത്യൻ സേന ആവർത്തിച്ചു പറയുമ്പോൾ പാക്കിസ്ഥാനു മാത്രമല്ല യുഎസിനും അതിന്റെ പൊള്ളലേൽക്കുകയാണ്. എഫ് 16 വിമാനത്തെ ഇന്ത്യയുടെ മിഗ് 21 ബൈസൻ വെടിവച്ചിട്ടു എന്നതു യുദ്ധവിമാന ചരിത്രത്തിൽ സമാനതയില്ലാത്ത സംഭവമാണ്. യുഎസിൽ നിർമിച്ചു പാക്കിസ്ഥാനു കൈമാറിയ വിമാനമാണ് എഫ് 16. താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ മിഗ് 21 ബൈസൻ വിമാനങ്ങൾ പഴക്കം ചെന്നവയാണ്. യുദ്ധ വൈമാനികൻ എന്ന നിലയിൽ പഴയ വിമാനവുമായി പറന്ന് ആധുനിക വിമാനമായ എഫ് –16നെ തകർത്ത ധീരനാണ് അഭിനന്ദൻ എന്നു ചുരുക്കം. യുഎസ് നിർമിച്ച അത്യാധുനിക നാലാം തലമുറ യുദ്ധവിമാനമായ എഫ് 16നെ റഷ്യൻ നിർമിത വിമാനമായ മിഗ് 21 ബൈസൻ തകർത്തുവെന്നതു വലിയ ക്ഷീണമാണു യുഎസിന്.

പാക്കിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനത്തെ വീഴ്ത്തിയ ഇന്ത്യയുടെ മിഗ് 21 പോർവിമാനത്തിന്റെ മികവിൽ ആശങ്ക വേണ്ട. ഇവയുടെ പ്രഹരശേഷി വർധിപ്പിക്കാൻ 1998 മുതൽ തന്നെ ഇന്ത്യ നടപടി സ്വീകരിച്ചിരുന്നു. റഷ്യയുടെ സഹായത്തോടെ പലഘട്ടമായി ശേഷി വർധിപ്പിച്ചതിലൂടെ മിഗ് 21 വിമാനങ്ങൾ കൂടുതൽ കരുത്തു നേടിയതായി വ്യോമസേന വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

1998ൽ ഇന്ത്യയുടെ 12 മിഗ് 21 വിമാനങ്ങൾ, റഷ്യയിലെ നിഷ്നി നോവ്ഗോറോഡിലുള്ള സോകോൾ എയർക്രാഫ്റ്റ് പ്ലാന്റിൽ എത്തിച്ചാണു നവീകരിച്ചത്. മറ്റു വിമാനങ്ങൾ പലഘട്ടമായി ഇന്ത്യയിൽ തന്നെ നവീകരിക്കാനും നടപടികൾ സ്വ‌ീകരിച്ചു. സോവിയറ്റ് സാങ്കേതികവിദ്യ നിലനിർത്തി, ഇന്ത്യയിൽ നവീകരണം പൂർത്തിയാക്കിയ ‘മിഗ് 21 ബൈസൺ’ സേനയ്ക്കിപ്പോൾ ഇര‌ട്ടി ആ‌ത്മവിശ്വാസമാണു നൽകുന്നത്.

പൈലറ്റുമാരുടെ മികവു കൂടി ചേരുന്നതു പ്രഹരശേഷി ഇരട്ടിയാക്കുമെന്ന‌തിനു അഭിനന്ദൻ വർധമാന്റെ പോരാട്ടവും സേന ചൂ‌ണ്ടിക്കാട്ടുന്നു. ഇന്ത്യയും യുഎസും സംയുക്തമായി 2004ൽ ഗ്വാളിയാറിൽ നടത്തിയ സൈനികാഭ്യാസത്തിലും ശേഷി വർധിപ്പിച്ചെത്തിയ മിഗ് 21 മികവു കാട്ടിയിരുന്നു. 1964 ലാണ് മിഗ് 21 ആദ്യമായി ഇ‌ന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.

പ്രഹരശേഷി കുറഞ്ഞ വിമാനം ഉപയോഗിച്ചു ശത്രുവിനെ തകർത്ത അഭിനന്ദൻ വർധമാന്റേത് ‘മിഗ് കുടുംബം’ ആണ്. പിതാവ് വ്യോമസേന റിട്ടയേഡ് എയർ മാർഷൽ സിംഹക്കുട്ടി വർധമാനും മിഗ് 21 പൈലറ്റായിരുന്നു. പിന്നീടു പൈലറ്റ് ട്രെയിനറായും കുറച്ചുകാലം സേവനം ചെയ്തു. അഞ്ചു വർഷം മുൻപ് എയർ മാർഷലായി വിരമിച്ചു. ശത്രുവിമാനങ്ങളുമായി ആകാശയുദ്ധത്തിലേർപ്പെടാൻ മാത്രമായി ചില വിമാനങ്ങളുണ്ട്. ഈ റോളിൽ ‘വ്യോമസേനയുടെ വണ്ടിക്കാള’ തന്നെയായിരുന്നു മിഗ്-21. ഇവയ്ക്കു രണ്ടു പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒന്ന്: 1970കളിലെ സാങ്കേതിക വിദ്യ. രണ്ട്: സ്‌പെയർ പാർട്ടുകൾ ലഭ്യമല്ല. ഇക്കാരണങ്ങളാൽ അപകടങ്ങൾക്കു വഴിതെളിച്ചിട്ടുള്ള വിമാനം വ്യോമസേന ഘട്ടംഘട്ടമായി കയ്യൊഴിയുകയാണ്. ഇനി, യുദ്ധവീര്യങ്ങളുടെ അനേകം കഥകളുമായി മിഗ്–21 തലമുറകളിലേക്ക് ചിറകു വിരിക്കും.

കടപ്പാട്: wikipedia, defense updates, manorama, mathrubhumi, military factory, history net,etc…….