Prasanth Prabha Sarangadharan
‘Athena’
യൂറോപ്പിലും അമേരിക്കയിലും ശക്തി പ്രാപിക്കുന്ന തീവ്ര വലതുപക്ഷ നവ നാസികളെ കരുതിയിരിക്കുക എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അനിയന്ത്രിതമായ അക്രമത്തിന്റെയും കലാപത്തിന്റെയും മഹത്തായ ദൃശ്യ വിരുന്നൊരുക്കി കൊണ്ട് സിംഗിൾ ഷോട്ടു കളുടെ മനോഹാരിതകൊണ്ട് ഒരുക്കിയ ഒരു പൊളിറ്റിക്കൽ സിനിമ.വെറും പത്തു മിനിറ്റിൽ കൂടുതൽ നീളുന്ന ഓപ്പണിംഗ് സീക്വൻസ് കൊണ്ട് ബാക്കിയുള്ള സമയത്തേക്ക് നിങ്ങളെ പിടിച്ചിരുത്താൻ പാകത്തിന് ഒരുക്കിയ അത്യുഗ്രൻ ത്രില്ലർ. നീതിബോധമുള്ള യുവാക്കളുടെ നീണ്ട ഉപരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും ചുവടുപ്പിടിച്ച് ഒരു രാവും പകലുമായി വികസിക്കുന്ന പൊളിറ്റിക്കൽ ഡ്രാമ..
ന്യൂനപക്ഷ – കുടിയേറ്റ പക്ഷത്ത് നിന്നുകൊണ്ട് സമകാലീന ഫ്രാൻസിന്റെ കൂടുതൽ വൈവിധ്യമാർന്ന യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ തന്നെ കാമറ ചലിപ്പിച്ചു കൊണ്ട് സംവിധായകൻ ‘ Ladj Ly’ ‘കാമറയാണ് തന്റെ ആയുധം’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് 2019 ഇൽ ഇറക്കിയ സിനിമയായിരുന്നു ‘ലെസ് മിസറബിൾ ‘(Les Misérables)*..അതിനുശേഷം കണ്ട മികച്ച ഒരു ഫ്രഞ്ച് സിനിമയാണ് ‘അഥീന’
(Athena).കുടിയേറ്റവിരുദ്ധ രാഷ്ട്രീയം ഉൾകൊള്ളുന്ന തീവ്ര വലതുപക്ഷ ഫാസിസ്റ്റ് നേതാവ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിൽ കുടിയേറ്റ രാഷ്ട്രീയം ശക്തി പ്രാപിക്കുന്നതിന്റെ സാഹചര്യത്തിൽ ആ രാഷ്ട്രീയത്തെ ഉൾക്കൊണ്ട് കൊണ്ട് തന്നെ കാണേണ്ട ഒരു പൊളിറ്റികൾ സിനിമയാണ് 2022 ഇൽ ‘Romain Gavras’ ന്റെ സംവിധാനത്തിൽ ഇറങ്ങിയ ‘Athena’എന്ന ഫ്രഞ്ച് സിനിമ..
കുറച്ച് പോലീസുകാര്‍ ചേർന്ന് 13 വയസ്സുള്ള കുട്ടിയെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വയറലാകുകയും ആ കുട്ടിയുടെ മരണത്തെ തുടര്‍ന്ന് പോലീസിനെതിരെ ഉണ്ടാവുന്ന ശക്തമായ പ്രതിഷേധവും പ്രതിരോധവുമാണ് സിനിമയുടെ ഇതിവൃത്തം.ഒന്നുകിൽ പോലിസ് അതിക്രമൾക്കും മർദ്ദനങ്ങൾക്കുമെതിരെ പോരാടി ജനങ്ങൾക്കൊപ്പം നിൽക്കുക, അല്ലെങ്കിൽ ജനരോക്ഷത്തെ പ്രതിരോധിച്ച് പോലീസിനൊപ്പം നിലകൊള്ളുക.. ആ പ്രക്ഷോഭത്തിൽ നിങ്ങൾ ആർക്കൊപ്പമാണ്? ഒരു സിനിമയുടെ ഉള്ളടക്കവും രാഷ്ട്രീയവും ശക്തമാണെങ്കിൽ അതിന് എത്രമാത്രം കാഴ്ച്ചക്കാരെ സ്വാധീനിക്കാൻ കഴിയുമെന്ന് ഗൗരവപരമായി സിനിമയെ സമീപിക്കുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. സിനിമയുടെ തുടക്കം തന്നെ പോലീസ് സ്റ്റേഷൻ ആക്രമണമാണ് ആ സീൻ തന്നെ 11 മിനിറ്റോളം നീണ്ട് നിൽക്കുന്ന ഒരു സിംഗിൾ ഷോട്ട്.. അത്രയ്ക്ക് ഉദ്വേഗം നിറഞ്ഞ രംഗങ്ങളും മികച്ച കാമറയും അതിനൊത്ത ബാക്ക് ഗ്രൗണ്ട് സ്ക്കോറും ചേർത്ത് സംവിധായകൻ ആ കലാപത്തിൽ കാണിയായ നമ്മളേയും കൂടെ കൂട്ടുന്നുണ്ട്..കൂടാതെ
മൂന്ന് സഹോദരങ്ങളുടെ കാഴ്ചകൾ അവരുടെ കാഴ്ച്ചപ്പാടുകൾ അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ഇവയും നമ്മളെ വിടാതെ പിന്തുടരുന്നുണ്ട്.’Sam Mendes’ സംവിധാനം ചെയ്ത് 2019 ൽ ഇറങ്ങിയ ‘1917’ എന്ന ഹോളിവുഡ് സിനിമയ്ക്ക് ശേഷം Technical Perfection നോടുകൂടിയ ഒരു ബ്രില്യന്റ് റിയലിസ്റ്റിക് സിനിമ എന്ന് വിശേഷിപ്പിക്കാം ‘Athena’ യേ..അത്രയ്ക്ക് മനോഹരം.പൊലീസുകാരെ ട്രാപ്പിലാക്കി നടുക്കിട്ട് വളഞ്ഞ് ബൈക്ക് സ്റ്റണ്ട് ചെയ്ത് ഫയർ ചെയ്യുന്ന സീനൊക്കെ ഒരേ പൊളി…🔥
എല്ലാ ആധുനിക സമൂഹങ്ങളിലും പോലീസ് നടപടികൾ കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെടേണ്ട ആവശ്യകത നാൾക്ക് നാൾ വർദ്ധിച്ചുവരികയാണ്…ഇവിടെ ഇന്ത്യൻ സമൂഹത്തിലാവട്ടെ നാടുവാഴിത്തകാലത്തെ രീതികളാണ് ഇപ്പോഴും പോലീസ് തുടർന്ന് വരുന്നത്. പോലീസിന്റെ ഈ ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടികൾക്ക് കടിഞ്ഞാണിടേണ്ട ഭരണകൂടങ്ങളാവട്ടെ ഈ ജനവിരുദ്ധതയെ ശക്തിപ്പെടുത്താൻ മത്സരിച്ചു കൊണ്ടേയിരിക്കുന്നു.അതുകൊണ്ട് തന്നെ ഭരണക്കൂടങ്ങൾക്കെതിരെയുള്ള ചെറുത്ത് നിൽപ്പുകളും പ്രതിരോധങ്ങളും ഇനിയുള്ള കാലങ്ങളിൽ ശക്തി പ്രാപിക്കുക തന്നെ ചെയ്യും.ക്ഷുഭിത യൗവനങ്ങളുടെ നീണ്ട നിരയിൽ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവവും, ക്ലൈമാക്സിലേക്ക് എത്തുമ്പോൾ പോലീസ് അതിക്രമങ്ങൾക്കെതിരെയും ക്രൂരതകൾക്കെതിരെയുമുള്ള വിമർശനങ്ങളെ സിനിമ ദുർബലപ്പെടുത്തുന്നു എന്നുള്ളതാണ് ആകെയുള്ള ഒരു പോരായ്മ…
സ്ഫോടനാത്മകമായ ആഖ്യാന രീതിയിൽ ചിത്രീകരിച്ചിരിക്കുന്നത് കൊണ്ട് തന്നെ ‘Athena’ മികച്ചൊരു സിനിമാറ്റിക് അനുഭവം കാണികൾക്ക് നൽകുന്നുണ്ട്..വിഷ്വൽ ഇഫക്‌റ്റുകളുടെ അധികസഹായമില്ലാതെ മാസങ്ങളോളം നീണ്ട റിഹേഴ്‌സലിലൂടെ ഒരുക്കിയിരിക്കുന്ന സിനിമ അതിന്റെ റിസൾട്ട് കൊയ്യുന്നുമുണ്ട്…