തട്ടിപ്പ് വീരൻ ഹർഷദ് മേഹ്തയുടെ ചരിത്രം കൂടി കൂട്ടി വായിക്കുന്നതത് മികച്ച ‘ഒരിത്’ തന്നെ നമുക്ക് സമ്മാനിക്കും

Prasanth Prabha Sarangadharan

Scam 1992: The Harshad Mehta Story

വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടിയുടെ വായ്പാതട്ടിപ്പ് നടത്തി ലണ്ടനിലേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യ, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് കടന്ന രത്നവ്യാപാരി നീരവ് മോദി,15 ബാങ്കുകളില്‍ നിന്നായി 6,800 കോടി രൂപ വായ്പയെടുത്ത് മുങ്ങി സെയ്ന്റ് കിറ്റ്സ് എന്ന ദ്വീപ് നിവാസിയായി പൗരത്വമെടുത്ത് പൊങ്ങിയ വിന്‍സം ഡയമണ്ട്സ് ചെയര്‍മാനായ ജതിന്‍ മെഹ്ത, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്,യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതു മേഖലാ ബാങ്കുകളില്‍ നിന്ന് 800 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ റോട്ടോമാക് പെന്നിന്റെ പ്രമോട്ടര്‍ വിക്രം കോത്താരി,2009 ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കാണിച്ച് രാജ്യം വിട്ട ലളിത് മോദി,
പ്രതിരോധ വകുപ്പിന്റെ ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ട് ലണ്ടനിലേക്ക് കടന്ന സഞ്ജയ് ഭണ്ഡാരി,1000 കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യത്തില്‍ എന്‍ഫോഴ്സ്മെന്റ് കുറ്റവാളിയായി പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് ഇടനിലക്കാരനായ ദീപക് തല്‍വാര്‍,
തുടങ്ങീ ഇന്ത്യയിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് രാജ്യം വിട്ടവര്‍ ഏതാണ്ട് 36 പേരോളം വരും..ഒട്ടേറെ വ്യവസായികൾ കോടികൾ ബാങ്കുകളിൽ നിന്നും വായ്‌പയെടുത്ത് രാജ്യം വിടുന്ന വാർത്തകൾക്ക് ഒരു ക്ഷാമവും ഇല്ലാത്ത ഇന്ത്യൻ സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ഹർഷദ് മെഹ്ത 92ൽ നടത്തിയ 10,000 കോടിയുടെ ഓഹരി കുംഭക്കോണത്തെ കുറിച്ചുള്ള സീരീസ് നിങ്ങളിൽ അധികം ഞെട്ടലുള്ളവാക്കാൻ സാധ്യത ഇല്ലെന്നറിയാം.. എന്നാലും കണ്ടിരിക്കേണ്ട ഒന്നു തന്നെയാണ്..

90 കളിൽ ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചു കുലുക്കിയ ഹർഷദ് മെഹ്ത നടത്തിയ 10,000 കോടി രൂപയുടെ കുംഭകോണത്തെ പറ്റി ടൈംസ് ഓഫ് ഇന്ത്യയിലെ Sucheta Dalal ഉം Debashish Basu വും എഴുതിയ ” The Scam: Who Won, who Lost, who Got Away “എന്ന ബുക്കിനെ ആസ്പദമാക്കി സോണി ലൈവിൽ ഈ ഒക്ടോബറിൽ റിലീസായ 10 എപ്പിസോഡുകൾ മാത്രമുള്ള ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ഹിന്ദി മിനി വെബ് സീരിസാണ് ‘Scam 1992: The Harshad Mehta Story’…ഷെയർ,മണി മാർക്കറ്റുകളുടെ ഉള്ളുകളികൾ മനസിലാക്കി കാണുന്നവർക്ക് മികച്ച ഒരു അനുഭവമാണ് ഈ സീരീസ് സമ്മാനിക്കുന്നത്..

അധോലോക സിനിമയിലെ നായകനെ പോലെ ഒറ്റ മുറി വീട്ടിൽ നിന്ന് വെറും ഒരു സെയിൽസ്മാനായി ദുരിതജീവിതങ്ങളെ അതിജീവിച്ച്‌ ഇന്ത്യൻ ബാങ്കിങ് മേഖലയിലെയും ഓഹരി വിപണിയിലെയും പഴുതുകൾ വളരെ സമർഥമായി ഉപയോഗിച്ച് സാമാന്തരമായ ഒരു സാമ്പത്തിക മേഖല കെട്ടിപ്പെടുക്കുന്നതും അതിൽ ചന്ദ്രസാമി മുതൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു വരെയുള്ള രാഷ്ട്രീയ കച്ചവടക്കാരുടെ പിൻബലത്തിൽ കോടിശ്വരനായി മാറുകയും അവസാനം അന്നത്തെ കാലത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന് അറസ്റ്റിലാവുകയും ചെയ്ത ‘കോമൺ മാനി’ന്റെ ഉയർച്ച താഴ്ച്ചകളുടെ കഥയാണ്  നമ്മളോട് പറയുന്നത്.

കോൺഗ്രസ് ഗവർമെന്റ് 90 കളിൽ ആരംഭിച്ച ഉദാരാവത്കരണ നയങ്ങൾ ഇന്ത്യൻ സമ്പത് വ്യവസ്ഥയിലുണ്ടാക്കിയ മാറ്റങ്ങൾ , രാഷ്ട്രീയകാരുടെ താളത്തിനൊത്തു തുള്ളുന്ന അന്വേഷണ ഏജൻസികൾ, ഇന്ത്യയുടെ ബാങ്കിങ് മേഖലയിലേക്ക് കടന്നു വരുന്ന വിദേശ ബാങ്കുകളുടെ മോണോപൊളി,ബാങ്കിംഗ് മേഖലയിലുള്ള ഉദ്യോഗസ്ഥരുടെ അവിശുദ്ധ ബന്ധങ്ങൾ,കുംഭകോണത്തിന് ശേഷം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അപ്പാടെ മാറ്റിമറിച്ച ബാങ്കിംഗ്, ഷെയർ മാർക്കറ്റ് പരിഷ്ക്കരണങ്ങൾ, ഇന്ദിരഗാന്ധി വെടിയേറ്റ് കൊല്ലപ്പെടുന്നത്,രാജീവ്‌ ഗാന്ധിയുടെ രാഷ്ട്രീയ അരങ്ങേറ്റം മുതൽ പ്രധാന മന്ത്രി പദം അലങ്കരിക്കുന്നതും തെരെഞ്ഞെപ്പിലെ വിജയവും,ഹിന്ദുത്വ ഭീകരവാദികളുടെ ബാബറി മസ്ജിദ് തകർക്കൽ മുതൽ സംഘപരിവാർ ഫാസിസ്റ്റു ഗവർമെന്റിന്റെ പൊഖ്രാൻ അണു പരീക്ഷണം വരെ ഷെയർ മാർക്കറ്റിനെ എങ്ങെനെയൊക്കെ ബാധിക്കുമെന്നും ഊഹകച്ചവടം വെറും സോപ്പ് കുമിളകളായി പൊട്ടി പാളിസാകുന്നതുമൊക്കെ നല്ല വൃത്തിക്ക് തന്നെ സീരീസ് കാട്ടി തരുന്നുണ്ട്..

മനുഷ്യവികാരങ്ങൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടും സ്റ്റോക്ക് മാർക്കറ്റിന്റെ സാങ്കേതിക പദാവലികൾ ഉപയോഗിക്കുമ്പോൾ നമുക്ക് അധികം കൺഫ്യുസ് വരാത്ത രീതിയിൽ ഒരുക്കിയിരിക്കുന്ന തിരക്കഥയാണ് സീരിസിന്റെ നട്ടെല്ല്…മറ്റൊന്ന് ഗുജറാത്തി തിയേറ്റർ നടനായ പ്രതീക് ഗാന്ധിയുടെ ഹർഷദ് മെഹ്തയായിട്ടുള്ള പകർന്നാട്ടം, സുചേതാ ദലാൽ ആയിട്ടുള്ള Shreya Dhanwanthary യുടെ അഭിനയം, ചെറിയ വേഷങ്ങൾ പോലും കൈകാര്യം ചെയ്ത ഓരോ അഭിനേതാക്കളുടെയും അവിസ്മരണീയമായ പ്രകടനം തുടങ്ങിയവ  ഹഠാതാകർഷിക്കുന്നതാണ്..പഴയകാല ബോംബെയുടെ പുനാരാവിഷ്കാരം, ചായഗ്രഹണം,എഡിറ്റിങ്, ബാക്ക് ഗ്രൗണ്ട് സ്‌കോർ, തുടങ്ങിയവയും മികച്ചു നിന്നു. 92 കളിൽ പത്രങ്ങളിലൂടെ മാത്രം അറിഞ്ഞിരുന്ന അഴിമതികഥകൾ സീരീസിലൂടെയുള്ള കാഴ്ച്ചാനുഭവം
കഴിഞ്ഞ് ഗൂഗിളിൽ ഹർഷദ് മേഹ്തയുടെ ചരിത്രം കൂടി കൂട്ടി വായിക്കുന്നതത് മികച്ച ‘ഒരിത്’ തന്നെ നമുക്ക് സമ്മാനിക്കും