എഴുതിയത്  : Prasanth Prabha Sarangadharan

കാശ്മീരിൽ 8 മണിയ്ക്ക് ശേഷം വീടുകളിൽ ലൈറ്റ് തെളിക്കാൻ പാടില്ല എന്നാണ്. ബാൻഡിപോരയിൽ ഒരു പെൺകുട്ടി സ്‌കൂൾ അടുത്തെങ്ങാനും തുറക്കും എന്ന പ്രതീക്ഷയിൽ പുസ്തകം വായിക്കാൻ വേണ്ടി രാത്രി 8 മണിക്ക് ശേഷവും ലൈറ്റ് അണയ്ക്കാതിരുന്നപ്പോൾ സൈനികർ ആ വീട്ടിലേക്ക് ഇരച്ചു കയറി. കുട്ടിയുടെ പിതാവിനെയും സഹോദരനെയും പിടിച്ചുകൊണ്ടുപോയി. അവർ ഇപ്പോൾ ജയിലിലാണ്. രാത്രി കൊച്ചു കുഞ്ഞിനെ ടോയ്‌ലെറ്റിൽ കൊണ്ടുപോകാൻ വേണ്ടി മൊബൈലിന്റെ ടോർച്ച് തെളിക്കാൻ പോലും കഴിയാത്ത സാഹചര്യം. കൊച്ചുകുഞ്ഞുങ്ങൾ വരെ കടുത്ത ഭീതിയുടെ നിഴലിലാണ്. ഒരു വീട്ടിൽ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ 4 വയസ്സുള്ള കുഞ്ഞ് ചുണ്ടത്ത് വിരലമർത്തി ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാട്ടി. പട്ടികൾ കുരയ്ക്കുന്ന ശബ്ദം കേട്ടിട്ടാണ് കുട്ടി, നിശ്ശബ്ദരാകാൻ മറ്റുള്ളവരോട് ആംഗ്യം കാട്ടിയത്. സൈന്യത്തിന്റെ വരവ് അറിയിക്കുന്നതാണ് ആ പട്ടികുരയെന്ന് കുട്ടി മനസ്സിലാക്കിയിരിക്കുന്നു.

ശ്രീനഗറിൽ ഒരു എസ്.ടി.ഡി ബൂത്ത് പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തുള്ള കുടുംബാംഗങ്ങളുമായി സംസാരിക്കാൻവേണ്ടി അവിടെ രണ്ടു കിലോമീറ്ററോളമാണ് ആളുകൾ ക്യൂ നിൽക്കുന്നത്. അവിടെ അൽപനേരം നിൽക്കുമ്പോൾ നമുക്ക് കാണാൻ കഴിയും, മക്കളെക്കുറിച്ചുള്ള വിവരമറിയാൻ വേണ്ടി അമ്മമാരും ഉറ്റവരെക്കുറിച്ചുള്ള വിവരമറിയാൻ ബന്ധുക്കളും കാണിക്കുന്ന വേവലാതി.

സ്‌കൂളുകളും കോളേജുകളും പഠന ഗവേഷണകേന്ദ്രങ്ങളുമെല്ലാം സൈനിക ക്യാമ്പുകളായി മാറിയിരിക്കുന്നു.എന്തിലും സൈന്യം ഇടപെടുന്നു. രണ്ടോ മൂന്നോ പേർക്ക് സ്വകാര്യമായി സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥ. ബിജെപി ഒഴികെയുള്ള രാഷ്ട്രീയപ്പാർട്ടികൾക്ക് ഒന്നും ഒരു യോഗം നടത്താൻ പോലും അനുവാദമില്ല. ബിജെപിക്ക് എന്തും ചെയ്യാം.

ഗതാഗതവും ആശയവിനിമയവും സാധ്യമല്ലാത്തതുകൊണ്ട് എന്തുമാത്രം മരണങ്ങളാണ് സംഭവിക്കുന്നത് ! ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതുകൊണ്ട് നിരവധി രോഗികൾ മരണമടഞ്ഞു. ഗർഭിണികളെ ആശുപത്രിയിലെത്തിക്കാൻ കഴിയുന്നില്ല. സ്ത്രീകളും പെൺകുട്ടികളും ബലാൽസംഗം ചെയ്യപ്പെടുന്നു. ഭർത്താക്കന്മാരെ സൈന്യം പിടിച്ചുകൊണ്ടു പോയതിനുശേഷം അവർ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയാത്ത നൂറു കണക്കിന് അർദ്ധ വിധവകളെ ഞങ്ങൾ കണ്ടു. അമ്മമാരുടെ മുന്നിൽവച്ച് മക്കൾ കൊല്ലപ്പെടുന്നു. പെല്ലറ്റുകളിൽനിന്ന് ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് യുവതീയുവാക്കൾ.

നമ്മുടെ സഹോദരങ്ങൾ ക്രൂരമായ അടിച്ചമർത്തലും മനുഷ്യാവകാശ ലംഘനങ്ങളും നേരിട്ട് നരകയാതന അനുഭവിക്കുമ്പോൾ നിശ്ശബ്ദരായിരിക്കാൻ നമുക്ക് അവകാശമില്ല. കാശ്‌മീരി ജനതയോടൊപ്പം നിൽക്കുക എന്നതാണ് രാജ്യത്ത് ജനാധിപത്യം പുലരാൻ ആഗ്രഹിക്കുന്ന സമാധാനകാംക്ഷികളായ എല്ലാവരുടെയും കടമ. ഇന്ന് ജമ്മു കാശ്മീരിനോട് ചെയ്യുന്നത് നാളെ ഏതു സംസ്ഥാനത്തോടും ചെയ്യാൻ ഈ ഭരണകൂടം മടിക്കില്ല എന്നോർക്കണം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.