വൺ നൈറ്റ് സ്റ്റാൻഡ് ദാമ്പത്യജീവിതത്തിൽ എങ്ങനെ?

3160

Prasanth S Pushpa എഴുതുന്നു 

വൺ നൈറ്റ് സ്റ്റാൻഡ് ദാമ്പത്യജീവിതത്തിൽ എങ്ങനെ?

മനുഷ്യൻ ജനിതകപരമായി വെജിറ്റേറിയൻ ആണോ അല്ലയോ എന്ന ചർച്ചപോലെ തന്നെ ഒരറ്റത്തും എത്താത്ത ഒന്നാണ് മനുഷ്യൻ മോണോഗാമി ആണോ പോളിഗാമി ആണോ എന്നുള്ളതും. എന്നാൽ പോളിഗാമി ആയ ഒരാളെ സംബന്ധിച്ചിടത്തോളം അയാളുടെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാവുന്ന ഒന്നാണ് “വൺ നൈറ്റ് സ്റ്റാൻഡ്” അതായത് ആദ്യമായി കാണുകയും ലൈംഗികപരമായി ആകൃഷ്ടരാവുകയും ചെയ്യുന്നവർ തമ്മിൽ ഒരു ദിവസം ജീവിക്കുകയും സിനിമയോ യാത്രക്കോ ഒപ്പം ലൈംഗികത ആസ്വദിക്കുക ശേഷം രണ്ടുവഴിക്ക് പിരിയുക എന്നത്. പിന്നെ അവർക്ക് മുന്നോട്ടുള്ള ജീവിതത്തിൽ ആ ദിവസത്തെക്കുറിച്ചുള്ള ചിന്തകൾ പോലും ഉണ്ടാകില്ല.

 

Prasanth S Pushpa

പോളിഗാമി ആരാ ഒരാളെ സംബന്ധിച്ചിടത്തോളം യാത്രയിലോ മറ്റോ ആദ്യമായി കാണുന്ന ഒരു സ്ത്രീയോട് ഒരാൾക്ക് ലൈംഗികമായ ഇഷ്ടം തോന്നുന്നത് ഒരു തെറ്റായ കാര്യമല്ല, അവർക്ക് തിരികെ അതേ താല്പര്യമുണ്ടെകിൽ പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും ഒരു തെറ്റല്ല. ഇത്തരത്തിൽ ഒരു ബിസിനസ് ട്രിപ്പിനിടെ കണ്ടുമുട്ടുന്ന ഒരു സ്ത്രീയോട് ഒരാൾക്ക് തോന്നുന്ന അഭിനിവേശവും അവൾക്ക് അയാളോട് തിരികെയുള്ള അഭിവാഞ്ജയും മൂലം അവർ ഒരുമിച്ച് ഒരു രാത്രി പങ്കിടുകയും രണ്ട് വഴിക്ക് പിരിയുകയും ചെയ്യുന്നു. ഒരുപക്ഷേ വീണ്ടും മറ്റൊരു സാഹചര്യത്തിൽ തമ്മിൽ കണ്ടുമുട്ടിയേക്കാം എങ്കിലും അവർ തമ്മിൽ ഒരു തരത്തിലുള്ള ബന്ധവും മേൽപ്പറഞ്ഞ ലൈംഗികതയുമായി ബന്ധപ്പെട്ട് ഉണ്ടാവില്ല. ഇതിനാണ് വൺ നൈറ്റ് സ്റ്റാൻഡ് എന്ന് പറയുന്നത്.

സ്വന്തം ഭാര്യ/ഭർത്താവ് അല്ലാതെ മറ്റൊരാളോട് ലൈംഗിക താല്പര്യം തോന്നാത്ത ഒരു സ്ത്രീയോ പുരുഷനോ ഉണ്ടെന്ന് തോന്നുന്നില്ല. വലിയ ശതമാനം ആളുകളും കുടുംബത്തെ, സമൂഹത്തിലെ സദാചാര കാഴ്ചപ്പാടുകളെ തൃപ്തിപ്പെടുത്താൻ വേണ്ടി സ്വന്തം ലൈംഗിക താല്പര്യങ്ങൾ ഉള്ളിൽ കുഴിച്ചുമൂടി അതിനുമുകളിൽ മാന്യതാപരിവേഷം നൽകി ജീവിക്കുന്നവർ തന്നെയാണ്. ഇതിൽ പൂരിഭാഗവും പകൽമാന്യന്മാരും. അതിനാൽ മാത്രമാണ് ഇവിടെ ലൈംഗികത അശ്ലീലമാവുന്നതും. എന്നാൽ ചുരുക്കം ചിലരെങ്കിലും അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കാൻ ശ്രമിക്കാറുണ്ട്.

പറഞ്ഞുവരുന്നത് “വൺ നൈറ്റ് സ്റ്റാൻഡ്” എന്ന സദാചാര മലയാളിക്ക് ദഹിക്കാത്ത ഒരു കാര്യത്തെപ്പറ്റിയാണ്. വ്യക്തിജീവിതത്തിൽ അത്തരം താൽപര്യങ്ങൾ ഒരാളോട് തോന്നിയാൽ, ലൈംഗികത ഏറെ ഇഷ്ടപ്പെടുന്ന അത് ആസ്വദിക്കുന്ന വ്യക്തി എന്നനിലയിൽ ഞാൻ ഒരിക്കലും അത് വേണ്ടെന്ന് വെക്കാൻ സാധ്യത ഇല്ല. അതുപോലെ തന്നെയാണ് ഏറെപ്പേരും മറ്റാരും അറിയില്ലെങ്കിൽ ആ അത് പൂർത്തീകരിക്കാൻ ശ്രമിക്കുമെന്നതിൽ സംശയമില്ല. ഒരിക്കലും അനങ്ങനെ ചെയ്യില്ല എന്ന് പറയുന്നവർ പോലും ഒരിക്കലെങ്കിലും മനസുകൊണ്ട് മറ്റൊരാളെ ഭോഗിച്ചിട്ടുണ്ടാവും. അപ്പോൾ അതൊരു തെറ്റല്ല. ആവശ്യം മാത്രമാണ്. വേണമെന്നുള്ളവർക്ക് ചെയ്യാം, അല്ലാത്തവർക്ക് ചെയ്യാതിരിക്കാം. തീരുമാനം വ്യക്തിപരം.

ഇനി പറയാൻ പോകുന്നത് ഒരു വൺ നൈറ്റ് സ്റ്റാൻന്റിന് ശേഷം എന്റെ ജീവിതത്തിൽ സംഭവിക്കാവുന്ന രണ്ട് വ്യത്യസ്ത സിറ്റുവേഷൻസിനെകുറിച്ചാണ്. ഈ സിറ്റുവേഷനുകൾക്ക് ചതിയുടെയോ വഞ്ചനയുടെയോ പരിവേഷങ്ങൾ ഇല്ല, വ്യക്തിപരമായ ഇഷ്ടങ്ങളും, വ്യക്തികളോട് കാട്ടേണ്ട മര്യാദകളും മാത്രമാണ് ഉള്ളത്.

സിറ്റുവേഷൻ ഒന്ന്:
ഒരു വൺ നൈറ്റ് സ്റ്റാൻന്റിന് ശേഷം വീട്ടിലേക്ക് വരുന്ന ഞാൻ ഭാര്യയോടും സുഹൃത്തുക്കൾക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു. ആ സ്ത്രീയെപ്പറ്റി ഞാൻ വീണ്ടും ചിന്തിക്കുന്നുപോലും ഇല്ല, ഞാനീകാര്യം ഭാര്യയിൽ നിന്ന് മറച്ചുവെക്കുന്നു. അങ്ങനെയിരിക്കെ ആ സ്ത്രീയെ വീണ്ടും കാണുന്നു. എന്നാൽ ഞങ്ങൾ അങ്ങനെ ഒരു സംഭവം നടന്നതായിപോലും ഭാവിക്കുന്നില്ല. (വീണ്ടും സാഹചര്യങ്ങൾ ഉണ്ടായാൽ അത്തരം ഒരു ബന്ധം അവർത്തിച്ചേക്കാമെന്നത് ഒരു സാധ്യത മാത്രം). ഈ സിറ്റുവേഷനിൽ എനിക്കോ, ഭാര്യാക്കോ, സുഹൃത്തുക്കൾക്കോ നഷ്ടങ്ങൾ ഒന്നുമില്ല. എല്ലാവരും ഹാപ്പി.

സിറ്റുവേഷൻ രണ്ട്:
ഒരു വൺ നൈറ്റ് സ്റ്റാൻന്റിന് ശേഷം വീട്ടിലേക്ക് വരുന്ന ഞാൻ ഭാര്യയോടും സുഹൃത്തുക്കൾക്കുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു. ആ സ്ത്രീയെപ്പറ്റി വീണ്ടും ഞാൻ ചിന്തിക്കുന്നുണ്ട്, എങ്കിലും കുടുംബജീവിതം കുറ്റമില്ലാതെ പോകുന്നു. അങ്ങനെയിരിക്കെ വീണ്ടും ആ സ്ത്രീയെ കാണുകയും ശേഷം എനിക്ക് ആ സ്ത്രീയെ കൂടാതെ പറ്റില്ല എന്ന അവസ്ഥയിൽ എത്തുകയും ചെയ്യുന്നു. ആ അവസ്ഥയിൽ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനോ, ഭാര്യയോട് നല്ലപോലെ ഇടപെടാനോ സാധിക്കാതെ പോകുന്നു, കുടുംബജീവിതം തകരുന്നു. മാത്രമല്ല നിരന്തരമായ എന്റെ ശല്യം, എനിക്കുവേണ്ടി ഞാൻ പറയുന്ന സമയത്ത് അവൈലബിൾ ആയില്ലെങ്കിൽ എന്നുപറഞ്ഞു ഭീഷണിപ്പെടുത്തുകയും അവരുടെ കുടുംബത്തിലേക്ക് കയറി ചെല്ലുകയും ചെയ്യുമ്പോൾ ആ സ്ത്രീയുടെ ജീവിതവും പ്രശ്നമാവാനുള്ള സാധ്യതകൾ ഞാൻ സൃഷ്ടിക്കുന്നു.

ഇനി വ്യത്യസ്ത ബന്ധങ്ങളിൽ പുലർത്തേണ്ടതായ ചില മര്യാദകളിലേക്ക്…

ആദ്യത്തെ സിറ്റുവേഷനിൽ ഞാൻ ഇടപെടുന്ന എല്ലാ വ്യക്തികളോടും അവരർഹിക്കുന്ന പരിഗണനകൾ കൊടുക്കുകയും, അതോടൊപ്പം എൻ്റെ വ്യക്തിപരമായ ഇഷ്ടങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ. അതുമൂലം എൻ്റെ കുടുംബ ബന്ധങ്ങൾക്കോ സൗഹൃദങ്ങൾക്കോ ഒരു വിള്ളലും സംഭവിക്കുന്നുമില്ല.

രണ്ടാമത്തെ സിറ്റുവേഷനിലേക്ക് വരുമ്പോൾ ഞാനെന്ന വ്യക്തി ഒരു സമ്പൂർണ്ണ പരാജയമാണ്. സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനോ, കുടുംബജീവിതം സംരക്ഷിക്കാനോ, അതോടൊപ്പം ആ സ്ത്രീയോട് അവർ തിരികെ നൽകുന്ന മാന്യതയും അവരുടെ അവകാശങ്ങളും തിരികെ നൽകാനോ കഴിയാത്ത ഒരുവൻ.

ലൈംഗികത എന്നത് ഒരു വ്യക്തിയുടെ അല്ലെങ്കിൽ പരസ്പരം ഇഷ്ട്ടപ്പെടുന്ന രണ്ടുപേരുടെ സ്വകാര്യതയാണ്, സ്വാതന്ത്ര്യമാണ്. അതിലേക്ക് കടന്നുകയറാൻ മൂന്നാമതൊരാൾക്ക് അധികാരമില്ല, എന്നുപറയുമ്പോൾ തന്നെ ചില പരിമിതികൾ ഇവർ തമ്മിലുണ്ട് എന്നത് ഇത്തരം ബന്ധങ്ങളിലേക്ക് കടക്കുന്ന പലരും വിസ്മരിക്കുന്നു, അല്ലെങ്കിൽ തിരിച്ചറിയുന്നില്ല. ഒരിക്കൽ ഒരു ബന്ധം ഉണ്ടായി എന്നതിനർദ്ധം അവൾ എപ്പോഴും അയാൾക്ക് അവൈലബിൾ ആയിരിക്കുമെന്നല്ല. ആ സംഭവം നടക്കുന്ന സമയത്ത് അല്ലെങ്കിൽ ആ ദിവസങ്ങളിൽ അയാളെപ്പോലെ അവളും അത് ആഗ്രഹിച്ചിരുന്നു. ആ ദിവസം കഴിയുന്നതോടെ ആ ആഗ്രഹങ്ങളും കഴിയുന്നു. ഇത് മനസിലാക്കാതെ അവരെ വീണ്ടും പിന്തുടരുന്നതും തനിക്ക് അവളെ കിട്ടിയേ മതിയാവു എന്ന് കരുതുന്നതുമൊക്കെ തെറ്റുമാണ് അതുപോലെ മാനസികമായ പ്രശ്നങ്ങളുമാണ്, മറ്റൊരാളുടെ വ്യക്തിജീവിതത്തിലേക്കുള്ള കടന്നുകയറ്റവുമാണ്.

ഇതൊക്കെ മനസിലാക്കി പരസ്പരം ആകൃഷ്ടരാകുന്നവരോടൊപ്പം സുരക്ഷിതമായും, ഓരോ വ്യക്തിയും സ്വാതന്ത്രരാണെന്നും അവർക്ക് മറ്റൊരു ലോകമുണ്ടെന്നും അവിടെ നമ്മൾ അരുമല്ലെന്നും മനസിലാക്കി പരസ്പരം നൽകേണ്ട മാനുഷിക പരിഗണനകൾ നൽകി ലൈംഗികതയും ഒപ്പം ജീവിതവും ആസ്വദിക്കൂ… ഈ ജീവിതം പൂർണ്ണമായും ആസ്വദിക്കാനുള്ളത് തന്നെയാണ്, നിങ്ങൾക്കും അതുപോലെ നിങ്ങളുടെ പങ്കാളികൾക്കും. പരമാവധി ആരുടേയും സ്വാതന്ത്യത്തെയോ സ്വകാര്യതയെയോ ഹനിക്കാതിരിക്കുക…

നോട്ട്: സ്വകാര്യത പ്രശ്‌നമാകുന്ന സാഹചര്യങ്ങളിൽ ആളെ വ്യെക്തമാക്കാൻ സാധിക്കില്ല എങ്കിൽപ്പോലും വ്യക്തിജീവിതത്തിൽ എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു റിലേഷൻ ഉള്ളത് പങ്കാളിയോട് തുറന്നുപറയുന്നതാണ് എൻ്റെ മാന്യതയും ഞാൻ സ്വീകരിച്ചിട്ടുള്ള രീതിയും. ഇതാവണം മറ്റൊരാളുടെ അവസ്ഥ എന്നില്ല, സ്വയം നിങ്ങളെയും പങ്കാളിയെയും മനസിലാക്കി മുന്നോട്ട് പോകൂ. ഒരു സംശയത്തിന് ഇടവന്നാൽ ഏത് കുടുംബജീവിതവും തകരുമെന്നത് മറക്കാതിരിക്കുക.

കഴിഞ്ഞ ദിവസം കണ്ട One Night Stand എന്ന സിനിമയെ ആസ്പദമാക്കി എഴുതിയത്.

✍️ Prasanth S Pushpa