ഇന്ത്യയിൽ മാവോയിസ്റ്റ് തടവുകാർക്കും മുസ്‌ലിം തടവുകാർക്കും നീതി നിഷേധിക്കുന്നതിന് തുല്യമാണ് തുർക്കിയിലെ ഓരോ രാഷ്ട്രീയ തടവുകാരും

25

Prashaanth Subrahmanian

സഫൂറ സർഗാറിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് കുറ്റപത്രവും വിചാരണയും നീട്ടിക്കൊണ്ടു പോയാൽ നമ്മൾ എങ്ങനെയാണ് പ്രതികരിക്കുക ? ഇന്ത്യയിൽ മാവോയിസ്റ്റ് തടവുകാർക്കും മുസ്‌ലിം തടവുകാർക്കും നീതി നിഷേധിക്കുന്നതിന് തുല്യമാണ് തുർക്കിയിലെ ഓരോ രാഷ്ട്രീയ തടവുകാരും. അർഹമായ നീതി വ്യവഹാരത്തിന് അവർക്ക് ജയിലിൽ സമരം ചെയ്യേണ്ടി വരുന്നു. രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾക്കുവണ്ടി കേരളത്തിലെ ജയിലിൽ രൂപേഷും അസമിലെ ജയിലിൽ അഖിൽ ഗോഗോയും ഷർജീലും ആയിരക്കണക്കിന് തടവുകാരും നിരാഹാര സമരം ചെയ്തപ്പോൾ നിങ്ങൾക്ക് എന്താണ് തോന്നിയത്, അവർക്കൊപ്പമായിരുന്നില്ലേ ?

തുർക്കിയിൽ, നമ്മുടെ സക്കരിയയുടെ പ്രായമുള്ള മുസ്തഫ ഗോക്ചെക് എന്ന ചെറുപ്പക്കാരൻ ജയിലിൽ നിരാഹാര സമരം ചെയ്ത് മരിച്ചപ്പോൾ, ബീയുമ്മയെ പോലെ അവൻ്റെ മാതാപിതാക്കൾ വേദനകൊണ്ട് പിടഞ്ഞത്, എൻ്റെ മകന് നീതി അനുവദിച്ചിരുന്നെങ്കിൽ അവൻ ജീവിച്ചിരിക്കുമായിരുന്നല്ലോ എന്നോർത്താണ്. ഇത് അഭിഭാഷകരായ Ebru Timtikഉം Aytaç Ünsalഉം… നീതി നിഷേധിക്കപ്പെട്ട് ജയിലിൽ നിരാഹാര സമരം ചെയ്യുന്നവർ.

ഇറോം ശർമിളയെ ബലം പ്രയോഗിച്ച് നിരാഹാര സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു, വിയ്യൂർ ജയിലിൽ നിരാഹാരം സമരം ചെയ്ത സ്വപനേഷിനെയും പ്രശാന്ത് എ ബിയെയും പുറത്ത് തിളച്ച വെള്ളമൊഴിച്ചാണ് സമരമടിച്ചമർത്താൻ ശ്രമിച്ചത്. എർദോഗാന് അസ്വീകാര്യരായ നിരാഹാര സമരം ചെയ്യുന്ന ഈ യുവ അഭിഭാഷകരെ ബലമായി ഭക്ഷണം കൊടുത്ത് സമരം അടിച്ചമർത്താൻ അധികൃതർ ശ്രമിച്ചു. സമരമവസാനിപ്പിക്കാൻ ക്രൂരമായ പീഡനങ്ങൾ, ഇരുവരെയും ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുന്നു. വിമതരെ കൊണ്ട് ജയിൽ നിറച്ച് പീഡിപ്പിച്ച് ഹഗിയ സോഫിയയിൽ വന്ന് പ്രാർത്ഥിക്കുമ്പോൾ എർദോഗാൻ ശാന്തത അനുഭവിക്കുന്നുണ്ടാകുമോ ?

എന്തുകൊണ്ട് നിങ്ങൾ തുർക്കിയെ കുറിച്ച് നിത്യവും പറയുന്നുവെന്ന് ചിലർ ചോദിക്കുന്നു, കശ്മീരികളെ കുറിച്ച്, ഇന്ത്യയിലെ മുസ്‌ലിങ്ങളെ കുറിച്ച്, പലസ്തീനികളെ കുറിച്ച് റോഹിംഗ്യകളെ കുറിച്ച്, ശ്രീലങ്കയിലെ തമിഴ് വംശജരെ കുറിച്ച്, അമേരിക്കയിലെ കറുത്തവംശജരെ കുറിച്ച് പറയുമ്പോൾ നിങ്ങൾ ഇങ്ങനെയൊരു ചോദ്യം ചോദിച്ചിരുന്നില്ല, റോഹിംഗ്യൻ വംശഹത്യ റിപ്പോർട്ട് ചെയ്തതിന് ജയിലിലടച്ച മാധ്യമപ്രവർത്തകരെ കുറിച്ച് പറഞ്ഞപ്പോൾ നിങ്ങൾ ഇങ്ങനെ ചോദിച്ചിരുന്നില്ല. ലോകത്തെ ഏറ്റവും വലിയ വിമതരുടെ, മാധ്യമപ്രവർത്തകരുടെ തടവറകളിലൊന്നിൽ ക്രൂരമായ പീഡനങ്ങളേറ്റ് തുർക്കിയിലെ ഈ രാഷ്ട്രീയ തടവുകാർ ഹോസ്പിറ്റലിലാണ്…