ദലിത് ബുദ്ധിജീവിയായ അംബേദ്കറിൻ്റെയും കോൺഗ്രസ് നേതാവ് ഗാന്ധിയുടെയും ഹിന്ദുത്വ അനുകൂല പ്രസ്താവനകളാണ് സംഘ് പരിവാറിൻ്റെയും ഹിന്ദുത്വ സെക്യുലറുകളുടെയും മുഖ്യ ആയുധങ്ങൾ

53

Prashaanth Subrahmanian

മലബാർ വിപ്ലവത്തിനും വാരിയൻ കുന്നത്തിനും മുസ്‌ലിങ്ങൾക്കുമെതിരെ വർഗീയ പ്രചരണങ്ങൾക്ക് മുൻപന്തിയിൽ നിൽക്കുന്നത് സംഘ് പരിവാറും അതിൻ്റെ മാധ്യമങ്ങളുമാണ്. രണ്ടാമതായി മുസ്‌ലിം വിരുദ്ധരായ ഹിന്ദുത്വ സെക്യുലറിസ്റ്റുകളാണ്. അവരിൽ സി.പി.എമുകാരും കോൺഗ്രസുകാരും -ആ ബോധമുള്ള മർദ്ദിത വിഭാഗങ്ങളിലുള്ളവരുമുണ്ട്. എന്നാൽ ദലിത് – മുസ്‌ലിം പക്ഷത്തെ ചിലർ ശ്രമിക്കുന്നത് ആർ.എസ്.എസിനെയും സംഘ്പരിവാറിനെയും നോർമലൈസ് ചെയ്ത്, സൈഡിലാക്കി കമ്മ്യൂണിസ്റ്റുകളെയും അവരുടെ ഭാഷയിൽ പറഞ്ഞാൽ തീവ്ര കമ്മ്യൂണിസ്റ്റുകളെയും വിചാരണ ചെയ്യാനാണ്. അവർ അവഗണിക്കുന്ന പ്രധാനകാര്യം, ഈ വിഷയത്തിൽ, ഒരു കമ്മ്യൂണിസ്റ്റ് നേതാവിൻ്റെയും പ്രസ്താവനകൾ ഉയർത്തി പിടിച്ചല്ല ആർ.എസ്.എസ് മുസ്‌ലിങ്ങൾക്കെതിരെ hate campaign തുടങ്ങിയത്. ദലിത് ബുദ്ധിജീവിയായ അംബേദ്കറിൻ്റെയും കോൺഗ്രസ് നേതാവ് ഗാന്ധിയുടെയും മലബാർ വിപ്ലവത്തെ സംബന്ധിച്ച ഹിന്ദുത്വ അനുകൂല പ്രസ്താവനകളാണ് സംഘ് പരിവാറിൻ്റെയും ഹിന്ദുത്വ സെക്യുലറുകളുടെയും മുഖ്യ ആയുധങ്ങൾ. അംബേദ്കറുടെയും ഗാന്ധിയുടെയും ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെയും ഹിന്ദുത്വരുടെയും നിലപാടുകൾ തുറന്ന് കാണിക്കുന്നതാണ് ലെനിൻ, സൗമ്യേന്ദ്രനാഥ ടാഗോർ തുടങ്ങി കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും സോവിയറ്റ് ചരിത്രകാരന്മാരുടെയും ബുദ്ധിജീവികളുടെയും പഠനങ്ങളും പ്രസ്താവനകളും. ഈ വിഷയത്തിൽ താൽപര്യമുള്ള നല്ലൊരു ശതമാനം മുസ്‌ലിങ്ങളും മറ്റുള്ളവരും വാരിയൻ കുന്നത്തിൻ്റെ പ്രസംഗങ്ങളെയും കത്തിനെയും സാധൂകരിക്കുന്ന ആ പഠനങ്ങൾ ഉയർത്തിപിടിക്കുന്നുണ്ട്. അല്ലാത്തവർ ചെയ്യുന്നത് അംബേദ്കറെയും ഗാന്ധിയെയും സംരക്ഷിച്ച് വാരിയൻ കുന്നൻ്റെ വാക്കുകളെ അസാധുവാക്കുന്ന ചരിത്രനിഷേധമാണ്.