പ്രത്യക്ഷത്തിൽ തന്നെ ദലിത് വിരുദ്ധത കാണിക്കാൻ യുപി ഭരണകൂടത്തിന് ഭയമില്ലാത്തത് എന്തുകൊണ്ടാണ്?

  144

  പ്രശാന്ത് കോളിയൂർ എഴുതുന്നു⁦⁦ : ✍🏼⁩

  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദലിതർ വസിക്കുന്ന – ജനസംഖ്യയിലെ 21%- സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. ദലിതർ രാഷ്ട്രീയമായും കരുത്ത് കാട്ടിയ, ദലിത് സ്ത്രീ മുഖ്യമന്ത്രിയായ സംസ്ഥാനം. മായാവതി, ചന്ദ്രശേഖർ ആസാദ് എന്നീ രാജ്യം അറിയുന്ന നേതൃത്വങ്ങൾ പ്രവർത്തിക്കുന്ന ഇടം. എന്നിട്ടും, ഇത്രയധികം ജാതീയ അതിക്രമങ്ങൾ ദലിതർക്ക് നേരെ നടപ്പിലാക്കാൻ സവർണർക്ക് ധൈര്യം ലഭിക്കുന്നത് എങ്ങനെയാണ്? പ്രത്യക്ഷത്തിൽ തന്നെ ദലിത് വിരുദ്ധത കാണിക്കാൻ ഭരണകൂടത്തിന് ഭയമില്ലാത്തത് എന്തുകൊണ്ടാണ്?

  പകൽ വെളിച്ചത്തിൽ തന്നെ ദലിതരെ അടിച്ചമർത്താനും കേസുകൾ അട്ടിമറിയ്ക്കാനും യോഗിയുടെ ഹിന്ദുത്വ ഭരണകൂടത്തിന് ശേഷിയുണ്ടാകുന്നത് എങ്ങനെയാണ്?
  ഉത്തർപ്രദേശിൽ നിന്നുള്ള ചില കണക്കുകൾ ഇങ്ങനെയാണ്. നിയമസഭയിലുള്ള 86 ദലിത് റിസർവേഷൻ സീറ്റുകളിൽ 68 എണ്ണത്തിലും വിജയിച്ചത് ബിജെപിയാണ്. എൻഡിഎയിലെ ഘടക കക്ഷികൾക്ക് 6 എണ്ണം ലഭിച്ചു. അതായത് ആകെയുള്ള 86 ദലിത് എംഎൽഎമാരിൽ 74ഉം ഹിന്ദുത്വ പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. സവർണർ കൂടി വോട്ട് ചെയ്ത് ജയിപ്പിച്ചതാണ് അവരെ. സ്വന്തം പാർട്ടിയുടെ വിപ്പും ഉത്തരവും അനുസരിച്ച് മാത്രമേ ഇവർക്ക് സ്വന്തം ജനതയുടെ പ്രശ്നങ്ങളിൽ പോലും വാതുറക്കാൻ കഴിയൂ. സഭയ്ക്കകത്തും പുറത്തും ഉണ്ടാകുന്ന ദലിത് പ്രതിരോധങ്ങളെ ഇവരെ ഉപയോഗിച്ചാണ് സംഘപരിവാർ ചെറുത്ത് തോൽപ്പിക്കുന്നത്. ഇന്നും ബിജെപി ഉയർത്തിക്കാണിക്കുന്ന ഒന്നാണ് എറ്റവും കൂടുതൽ ദലിത് എംപി، എംഎൽഎമാരെ തങ്ങളാണ് ജയിപ്പിച്ചതെന്നും ദലിതനെ രാഷ്ട്രപതിയാക്കിയെന്ന അവകാശവാദവും. എന്നാൽ ഇങ്ങനെ ജയിച്ച് വരുന്നവരെ സ്വതന്ത്രമായി പ്രവർത്തിക്കാനല്ല മറിച്ച് തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് ഉപയോഗിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ചെയ്യുന്നത്. ഈ സംവിധാനം നിലനിൽക്കുന്നതിനെയാണ് കാൻഷിറാം ചട്ടുകയുഗം എന്ന് വിശേഷിപ്പിച്ചത്.

  ഗാന്ധിയാണ് ഈ ചട്ടുകയുഗത്തിന് കാരണക്കാരനായത്. ബ്രിട്ടീഷുകാരിൽ നിന്നും അംബേദ്കർ നേടിയെടുത്ത പ്രത്യേക മണ്ഡല സംവിധാനം എന്ന രണ്ട് വോട്ട് സമ്പ്രദായത്തിനെതിരെ മരണം വരെ നിരാഹാരം പ്രഖ്യാപിക്കുകയാണ് ഗാന്ധി ചെയ്തത്. അങ്ങനെയാണ് സവർണരുടെ മുകളിൽ ഡെമോക്ലീസിൻ്റെ വാളാകേണ്ടിയിരുന്ന ദലിതരുടെ അധികാര പ്രാതിനിധ്യത്തെ ഗാന്ധി തകർത്തത്. പാർശ്വവത്ക്കരിക്കപ്പെട്ടവരെയും ന്യൂനപക്ഷങ്ങളെയും പ്രതിനിധീകരിക്കുന്ന വ്യക്തികൾ സ്വതന്ത്രരായി അതത് വിഭാഗങ്ങളുടെ പ്രതിനിധികളായിത്തന്നെ നിയമ നിർമ്മാണ സഭകളിൽ ഉണ്ടാകണമെന്നാണ് അംബേദ്കർ ആഗ്രഹിച്ചിരുന്നത്. ഇതിനായി ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പ്രാതിനിധ്യമുള്ള ബഹു അംഗ നിയോജക മണ്ഡലങ്ങളാണ് അംബേദ്കർ നിർദ്ദേശിക്കുന്നത്. ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നു എന്ന് പറഞ്ഞാണ് ദലിതരുടെ ഈ അധികാര പങ്കാളിത്തത്തെ ഗാന്ധി തകർത്തത്. അതാണ് ദലിതരെ ഹിന്ദുത്വ വത്ക്കരിക്കുന്നതിനുള്ള വഴി തുറന്നത്. ഹിന്ദുത്വയുടെ ക്രൂര പീഡനത്തിലും മറ്റു പോംവഴികൾ ഇല്ലാത്തവരെപ്പോലെ ഉഴലുകയാണ് ദലിതർ. തങ്ങൾ വേറിട്ടൊരു ജനതയാണെന്ന് അറിയുന്നതുവരെ ഇത് തുടരുകതന്നെ ചെയ്യും.