സലാർ – പ്രശാന്ത് നീൽ – കറുപ്പ്- OCD :

“എന്തുകൊണ്ടാണ് താങ്കളുടെ സിനിമകളിൽ കറുപ്പ് നിറത്തിന്റെ അതിപ്രസരം ആവർത്തിച്ചു വരുന്നത് ?”
സലാർ സിനിമയുടെ പ്രോമോ ഇന്റർവ്യൂസിൽ സംവിധായകൻ പ്രശാന്ത് നീൽ നേരിട്ട ഒരു ചോദ്യമാണിത് . ഇതിനു അദ്ദേഹം പറയുന്ന മറുപടി :” എനിക്ക് കറുപ്പ് നിറത്തോട് ഒരു OCD ഉണ്ട് ” എന്നാണ് . ഇരുണ്ട ഭൂമികയാണ് തന്റെ കഥകൾക്ക് യോജിച്ചത് എന്ന് പിന്നീട് അദ്ദേഹം വിശദീകരിക്കുന്നു.സത്യത്തിൽ ഇവിടെ തൻ്റെ സംവിധാന ശൈലിയെ ഒരു രോഗാവസ്ഥയുടെ പേരുമായി അദ്ദേഹം തെറ്റിദ്ധരിക്കുകയാണ് . പുള്ളിയുടെ മാത്രം കുറ്റമല്ല, പലപ്പോഴും നമ്മുടെ സംഭാഷണങ്ങളിൽ നിർബന്ധ ബുദ്ധിയെ സൂചിപ്പിക്കാൻ OCD എന്ന് തെറ്റായി പറഞ്ഞു പോകാറുണ്ട്.

ഒരു പ്രേത്യേക രീതിയിൽ കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുകയും അങ്ങനെ തന്നെ ചെയ്യാൻ ശഠിക്കുന്നതും അല്ല OCD . പ്രശാന്ത് നീൽ കറുപ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയാൻ ഇഷ്ടപെടുന്നു എന്നാണ് അദ്ദേഹം പറയുന്നത് . അത് അദ്ദേത്തിന്റെ സർഗാത്മക തിരഞ്ഞെടുപ്പ് ( creative choice ) ആണ് . അറിഞ്ഞോ അറിയാതെയോ ഇത്തരം നിർബന്ധങ്ങൾ ഉള്ള ഒരുപാട് സംവിധായകർ ഉണ്ട്. ഉദാഹരണത്തിന് വിഖ്യാത സംവിധായകൻ സ്റ്റാൻലി കുബ്രിക് ( Stanley Kubrick ) ന്റെ ചിത്രങ്ങളുടെ ഫ്രേമിൽ ഒരു symmetry മിക്കപ്പോഴും ഉണ്ടാകും. അതായത്, ഫ്രേമിന്റെ ഒരു വശത്തു ഒരു പൂച്ചട്ടി ഉണ്ടെങ്കിൽ അപ്പുറത്തെ വശത്തും ഒരു പൂച്ചട്ടി ഉണ്ടാകും. പ്രിയദർശൻ സിനിമകളിൽ വരുന്ന ആൾമാറാട്ട കോമഡി , സത്യൻ അന്തിക്കാട് സിനിമകളിൽ കാണുന്ന അനാഥത്വം അനുഭവിക്കുന്ന കഥാപാത്രങ്ങൾ, ഗൗതം മേനോൻ സിനിമകളിൽ ആവർത്തിക്കുന്ന നായികയുടെ കാല്പാദത്തിന്റെ ക്ലോസ് അപ്പ് ഷോട്ട് ഇവയെല്ലാം ഇതിൽ പെടും. ഇതൊക്കെ അവരുടെ ഒരു ശൈലി അല്ലെങ്കിൽ creative obsession ( അമിതമായ ഇഷ്ടം) ആണെന്ന് പറയാം. അതുകൊണ്ടാണ് ഇവരുടെ ഒക്കെ സിനിമ കാണുമ്പോ അത് ഈ ആളിന്റെ പടം ആണെന്ന് നമുക്ക് മനസ്സിലാകുന്നത് . ഇതിനെ ഒരു രോഗാവസ്ഥയായ OCD എന്ന് തെറ്റായി പറയുമ്പോ ശരിക്കുമുള്ള ആ രോഗം നിസ്സാരവത്കരിക്കപ്പെടുന്നു , അല്ലെങ്കിൽ OCD ഒരു തമാശ രോഗം ( funny disease ) ആണെന്നുള്ള പൊതുബോധം ഊട്ടിയുറയ്ക്കപ്പെടുന്നു.
അപ്പൊ എന്താണ് ശെരിക്കും OCD ?

OCD ഗൗരവമുള്ള ഒരു മാനസിക രോഗാവസ്ഥയാണ്. Obsessive Compulsive Disorder എന്നാണ് ഇതിന്റെ പൂർണ രൂപം. രോഗിയുടെ സമ്മതമില്ലാതെ മനസ്സിലേക്ക് ഇരച്ചു കയറുന്ന അസഹ്യമായ ചിന്തകൾ ( Obsessions ), അതിൽ നിന്ന് താത്കാലിക ആശ്വാസം കിട്ടാൻ ആവർത്തിച്ചു ചെയ്യേണ്ടി വരുന്ന പ്രവർത്തികൾ ( Compulsions ) ആണ് ഈ രോഗത്തിൽ ഉണ്ടാകുന്നത്. ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഒരു OCD ആണ് “വൃത്തിക്കൂടുതൽ “. അത് വെച്ച് തന്നെ വിശദീകരിക്കാം.

ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിച്ചു ഇരുന്നു കേക്ക് കഴിക്കുന്നു. ശേഷം എല്ലാവരും പോയി കൈ കഴുകുന്നു. അവർ എല്ലാവരും കൂടി സലാർ സിനിമ കാണാൻ പോകുന്നു..ആഘോഷമായി സിനിമ കാണുന്നു. എന്നാൽ ഇതിൽ ഒരാൾക്ക് മാത്രം കൈ അത്ര വൃത്തിയായില്ല എന്നൊരു തോന്നൽ ഉണ്ടാകുന്നു. അയാൾക്ക് തന്നെ അറിയാം അയാൾ നന്നായി കൈ കഴുകിയതാണ്, ഈ തോന്നൽ അനാവശ്യം ആണെന്ന് . പക്ഷെ ആ തോന്നൽ അയാളുടെ മനസ്സിനെ അലട്ടികൊണ്ടേ ഇരിക്കുന്നു ( Obsessions ). ബാക്കി എല്ലാവരും പ്രഭാസിന്റെ intro യ്ക്ക് ആർത്തു വിളിക്കുന്നു . ഇയാൾ മാത്രം തിയേറ്ററിൽ ഇരുന്നു വീർപ്പു മുട്ടുകയാണ് . സഹിക്കാൻ പറ്റുന്നില്ല ഈ ചിന്ത. ഒടുവിൽ അയാൾ ഒന്നൂടി കൈ കഴുകാൻ തീരുമാനിച്ചു . വളരെ സമയം എടുത്ത് നന്നായി കൈ കഴുകി വന്നു വീണ്ടും സിനിമ ശ്രദ്ധിച്ചു . കുറച്ചു സമയത്തേക്ക് ഒരു ആശ്വാസം തോന്നി. പക്ഷെ വീണ്ടും ഈ ചിന്ത തലപൊക്കി. ” വൃത്തിയായില്ല, ഒന്നുകൂടി പോയി കൈ കഴുകണം ” മനസ്സ് അയാളോട് പറഞ്ഞു. വീണ്ടും പോയി കൈ കഴുകിയിട്ട് വന്നു. ഇത് തുടർന്നു കൊണ്ടേ ഇരുന്നു ( Compulsions ). പ്രിത്വിരാജിന്റെ intro മിസ്സ് ആയി, പ്രധാന fight scenes എല്ലാം മിസ്സായി . കഥ ശ്രദ്ധിക്കാനോ മനസ്സിലാക്കാനോ പറ്റുന്നില്ല. ഇടയ്ക്ക് ഇടയ്ക്ക് എഴുന്നേൽക്കുന്നതിനു പിറകിൽ ഇരിക്കുന്നവർ അയാളെ ചീത്ത പറയാൻ തുടങ്ങി. അയാൾക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി. ഒടുവിൽ തിയേറ്റർ വിട്ടു അയാൾ വീട്ടിലേക്കോടി. ഈ പ്രശ്നം കാരണം അയാൾ അനുഭവിക്കുന്ന മാനസിക സംഘർഷം, അയാൾക്ക് നഷ്ടപെടുന്ന സമയം, അയാളുടെ കുടുംബ ജീവിതത്തിലും ജോലിയിലും വിനോദത്തിലും ഏൽക്കുന്ന ആഘാതം – അതാണ് OCD .

ഇതിന്റെ വളരെ തീവ്രമായ ഒരു അവസ്ഥ The Aviator ( 2004 ) സിനിമയിൽ കാണിക്കുന്നുണ്ട്. ലിയനാർഡോ ഡികാപ്രിയോ ചെയ്ത ഹൊവാർഡ് ഹ്യൂസ് എന്ന ocd ഉള്ള കഥാപാത്രം കൈ കഴുകി കഴുകി തൊലി മുറിഞ്ഞു ചോര വന്നിട്ടിട്ടും നിർത്താത്ത ഒരു രംഗം. ( ഹൊവാർഡ് ഹ്യൂസ് ശെരിക്കും OCD ഉള്ള വ്യക്തി ആയിരുന്നു , അദ്ദേത്തിന്റെ biopic ആയിരുന്നു ഈ ചിത്രം).

പ്രശാന്ത് നീലിനു കറുപ്പിനോടുള്ള അഭിനിവേശം OCD ആയിരുന്നു എങ്കിൽ അദ്ദേഹം തന്നെ ആ ചിന്തകളെ വെറുത്തു പോയേനെ . ഈ കറുപ്പ് ഒന്ന് മാറ്റി പിടിക്കാൻ പറ്റിയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചേനെ. കറുപ്പിനെ കുറിച്ചുള്ള അസഹ്യമായ ചിന്തകൾ മാറ്റാൻ വെളുപ്പ് നിറങ്ങൾ ഉള്ള ഒരിടത്തേക്ക് ഓടി ഒളിച്ചേനെ. കഥാപാത്രങ്ങൾ കറുപ്പണിഞ്ഞു നിൽക്കുമ്പോൾ ഒരു നല്ല shot കിട്ടിയതിന്റെ സംതൃപ്തി അല്ല ,വല്ലാത്ത ഒരു ആത്മ സംഘർഷവും വെറുപ്പും തോന്നിയേനെ – അപ്പോഴാണ് അത് OCD എന്ന മാനസിക രോഗാവസ്ഥ ആകുന്നത്. അതാണ് വ്യത്യാസം!!

You May Also Like

നിലവിൽ മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ “കാത്തിരിക്കുന്ന” ചിത്രമായി LJP -മോഹൻലാൽ പ്രൊജക്റ്റ്‌ മാറും

മാത്യു മാഞ്ഞൂരാൻ ലിജോ ജോസ് പെല്ലിശേരി -മമ്മൂട്ടി കൂട്ടുകെട്ടിന്റെ “നൻപകൽ നേരത്തു മയക്കം ” IFFK…

റൊമാന്റിക് ചിത്രങ്ങളുടെ ആരാധകർക്കായി ഒരു ബ്രിട്ടീഷ് ചിത്രം

സിനിമാപരിചയം Mothering Sunday 2021/English Vino പ്രണയമെന്ന സുഗന്ധം നൽകുന്ന പടങ്ങൾ, എല്ലാകാലത്തും എല്ലായിടത്തും പ്രേക്ഷകർ…

ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന് രണ്ടാം വിവാഹ൦ കഴിക്കാം

ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവിന് രണ്ടാം വിവാഹ൦ കഴിക്കാം അറിവ് തേടുന്ന പാവം പ്രവാസി ഈ വാർത്ത…

ഉയർന്ന് പറക്കുന്ന പ്രകാശൻ

” ഉയർന്ന് പറക്കുന്ന പ്രകാശൻ “ Alfy Maria മലയാള സിനിമയിലെ ഏറ്റവും ഭാഗ്യമുള്ള യുവതാരം…