Prasoon Kp

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു . ഈ വര്ഷം മികച്ച സീരിയൽ, രണ്ടാമത്തെ സീരിയൽ, മികച്ച സംവിധായകൻ, മികച്ച കലാ സംവിധായകൻ എന്നീ കാറ്റഗറിയിൽ അവാർഡുകൾ ഒന്നും തന്നെ നൽകുന്നില്ല, മലയാള സീരിയലുകളുടെ നിലവാര തകർച്ചയും സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതും കൊണ്ടാണ് എന്നും ജൂറി വ്യക്തമാക്കി, നമ്മുടെ വീട്ടിലെ ആളുകളൊക്കെ ഈ വാർത്ത കാണുന്നുണ്ടോ ആവൊ?

വാർത്താചാനലുകളിൽ ഒന്നും തന്നെ ഈ വാർത്ത കാര്യമായി കാണിക്കുന്നുമില്ല. കാരണമെന്താ, ഇവർക്ക് എല്ലാവര്ക്കും ഉള്ള ചാനലുകളിലെ സീരിയലുകളെ തന്നെയാണല്ലോ ഈ പറഞ്ഞത്. ഒരൊറ്റ ദിവസം 6.30 മുതൽ 10 മണിവരെയുള്ള സീരിയലുകൾ ഒന്ന് കണ്ടുനോക്കിയാൽ മതി നമ്മുടെ ടെലിവിഷൻ സീരിയലുകളുടെ നിലവാരത്തകർച്ചയും പ്രേക്ഷരുടെ നിലവാരത്തകർച്ചയും മനസ്സിലാക്കാൻ. രാജ്യത്ത് നിന്ന് ഏറ്റവും മികച്ച സിനിമകൾ വരുന്ന സംസ്ഥാനത്ത് നിന്ന് എന്തുകൊണ്ട് ഒരു മികച്ച സീരിയൽ സംസ്കാരം കൊണ്ടുവരാൻ കഴിയുന്നില്ല? (മറ്റു സംസ്ഥാനങ്ങളിലെ സീരിയൽ മെച്ചമെന്നല്ല അർഥം)

ഇത്രയും സദാചാരപോലീസിങ്ങും, പുരുഷാധിപത്യവും, ഗാർഹീകപീഡനവും ഗ്ലോറിഫൈ ചെയ്യുന്ന ഒരു എന്റെർറ്റൈന്മെന്റ്റ് മേഖല ഉണ്ടെന്നു തോന്നുന്നില്ല. നമ്മുടെ വീടുകളിലെ അമ്മമാരും അച്ചന്മാരും അമ്മാവന്മാരും അമ്മായിമാരും വൈകുന്നേരങ്ങളിൽ കണ്ണിമവെട്ടാതെ പച്ചക്ക് സാമൂഹ്യവിരുദ്ധത കുത്തിനിറച്ച് നൂറുവർഷം വീണ്ടും പുറകോട്ട് നയിക്കുന്ന കഥകൾ പറയുന്നത് കണ്ടു ത്രില്ല് അടിച്ച് പിറ്റേന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുന്നത് കാണാം, എല്ലാത്തിലും പറയുന്നത് ഒരേ കഥകൾ തന്നെ അമ്മായിഅമ്മ മരുമകൾ പോര്, അതല്ലെങ്കിൽ ഒരു വീട്ടിൽ നായിക മറ്റുള്ള സ്ത്രീകളെകൊണ്ട് അനുഭവിക്കുന്ന കഷ്ടപ്പാടുകൾ, ഉദാത്തായ സ്ത്രീ എന്നതിന് ഉദാഹരണമായി രാവിലെ കുറിച്ചെണീറ്റ് കുറിതൊട്ട് ഭക്ഷണമുണ്ടാക്കി ഭർത്താവ്‌പറയുന്നതെല്ലാം കേട്ട് തല്ലും വാങ്ങി സഹിച്ചും ക്ഷമിച്ചും നിന്ന് ഒരു മാതൃകയായി മാറുന്ന വീട്ടമ്മ, പിന്നെ അച്ഛനെ അറിയാത്ത മകൾ മകളെ അറിയാത്ത അച്ഛൻ, ഇതിലെ സംഭാഷണമൊക്കെ ഒന്ന് കേൾക്കണം എന്റെ കാവിലമ്മേ ടിവി തല്ലിപ്പൊളിക്കാതിരിക്കാൻ ശക്തിതരൂ എന്ന് വിളിച്ച്‌പോകും.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഏറ്റവും അവിഹിതമുള്ള അതല്ലെങ്കിൽ ഏറ്റവും കുലസ്ത്രീ ഉള്ള സീരിയലിനാണ് ഏറ്റവും TRP ഉള്ളത്, ഇവർക്ക് ആർക്കെങ്കിലും ഒരിക്കലെങ്കിലും നിലവാരമുള്ള ഒരു സീരിയൽ വേണം എന്ന് തോന്നിയിട്ടില്ലേ? ദിവസേന ഓരോ എപ്പിസോഡ് എന്നിൽനിന്നും മാറി പുറത്തൊക്കെ ഉള്ളപോലെ നിലവാരമുള്ള 24 എപ്പിസോഡ് നിർമ്മിച്ച് അതിൽ ജനങ്ങൾ എന്ത് പറയുന്നു എന്ന് മനസ്സിലാക്കി അടുത്ത സീസൺ ആരംഭിക്കുന്ന ഒരു സീരിയൽ ചാനലുകൾക്ക് ആലോചിച്ചൂടെ, അങ്ങനെ ചെയ്യുന്നത് വഴി ഒരുപാട് പുതിയ നല്ല കണ്ടെന്റുകൾ ചാനലുകൾക്ക് കിട്ടും, ഇത് ഓരോ ദിവസവും അടുത്ത ആഴ്ച എന്ത് ഷൂട്ട് ചെയ്യും TRP കൂട്ടാൻ എന്ത് തരികിട ഒപ്പിക്കും എന്ന് ആലോചിച്ച് നിൽക്കുന്ന പ്രൊഡ്യൂസറും കഥാകൃത്തും മാറിയാൽ തന്നെയേ മലയാള ടെലിവിഷൻ മേഖല രക്ഷപ്പെടൂ, ഇന്ത്യൻ സിനിമാ മേഖലയിൽ വിപ്ലവം സൃഷ്‌ടിച്ച മലയാളത്തിൽ നിന്ന് തന്നെയാകട്ടെ ടെലിവിഷൻ മേഖലയിലെ വിപ്ലവവും തുടങ്ങുന്നത്.

അനുബന്ധം : സിനിമയിൽ ഉള്ളത് പോലെ ഒരു സെൻസർ ബോർഡ്‌ സീരിയലിനു ഇല്ല. സെൻസർ ബോർഡ്‌ പോയിട്ട് guidelines പോലും ഇല്ല. പിന്നെ മറ്റു സംസ്ഥാനങ്ങളിലെ സീരിയലുകൾ re dubbing ചെയ്തും remake ചെയ്തും ഇവിടെ ഓടുന്നുണ്ട് എന്നതാണ് വാസ്തവം. പണ്ട് കാണിച്ചിരുന്ന ദൂരദർശൻ സീരിയലുകൾ പോലെ quality ഉള്ള എന്തെങ്കിലും കൊണ്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാതെ സീരിയലുകൾ പാടെ നിർത്തണം എന്നൊന്നും ഇല്ല. After all it is an industry ഒരുപാട് പേരുടെ അന്നം ആണ്. വീട്ടിലിരിക്കുന്ന ഒരുപാട് പേരെ സ്വാധീനിക്കുന്ന പരിപാടിക്ക് അത്യാവശ്യം quality വേണം.

You May Also Like

എന്തുകൊണ്ട് ഈ അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ മുലയൂട്ടാന്‍ കഴിയുന്നില്ല? – ഹൃദയ സ്പര്‍ശിയായ വീഡിയോ

തന്റെ കൈക്കുഞ്ഞിന്റെ വിശപ്പടക്കുക എന്നുള്ള ജോലി അമ്മയുടേതാണ്. മുലപ്പാലോളം അമൃതം ഒരു കുഞ്ഞും ഒരിക്കലും കഴിച്ചിട്ടുണ്ടാകില്ല.

സിനിമയിൽ ഇല്ലാത്ത കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞു പ്രേക്ഷകരെ കരയിപ്പിക്കുന്ന നടൻ

സിദ്ദിഖ് എന്ന നടനെ ആദ്യമായി ശ്രദ്ധിക്കുന്നത് VCR വാടകയ്ക്ക് എടുത്തു കണ്ട ലേലം സിനിമയിലാണ്. പിന്നീട് ദൂരദർശനിലെ ഞായറാഴ്ച നാലുമണി

ഒരാൾക്ക് ജീവിക്കാൻ എത്ര സ്ഥലം വേണം… ?

വീടു വയ്ക്കണം എന്ന തീരുമാനം ഞങ്ങൾക്കു വേണ്ടി വീട്ടുകാർ എടുത്തത് എന്റെ മുപ്പതാം വയസ്സിലാണ്. യാതൊരു സമ്പാദ്യങ്ങളും കയ്യിൽ ഇല്ലാത്ത കാലം. ബിനോയീടെ അച്ഛൻ വാങ്ങിത്തന്ന

ഈ രണ്ടു സിനിമകൾക്കൊരു പ്രത്യേകതയുണ്ട് , എല്ലാ ഭാഷകളിലും വൻ വിജയം, പക്ഷെ ഒന്നിവിടെ പരാജയപ്പെട്ടു

ഒറ്റ ദിവസം റിലീസായ രണ്ട് ചിത്രങ്ങൾ. ഇവ രണ്ടും എല്ലാ പ്രമുഖ ഇന്ത്യൻ ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുകയും അവിടങ്ങളിലെല്ലാം വൻ