ഒരു പ്രളയത്തിന്റെ ഭീതി നമ്മെ വിട്ടകലുകയാണ്

45

പ്രസുൻ തലശ്ശേരി

ഒരു പ്രളയത്തിൻറ്റെ ഭീതി നമ്മെ വിട്ടകലുകയാണ്.കഴിഞ്ഞ രണ്ടു വർഷത്തെ പോലെ തന്നെ മലയോര മേഖലകളിൽ നിന്നും ഏതാനും ദുരന്ത വാർത്തകൾ വന്നുവെങ്കിലും അതിനപ്പുറത്തേക്ക് ഭയപ്പെട്ട പോലെ ഒരു വൻ പ്രളയത്തിലേക്ക് നാട് വീണില്ലയെന്ന ആശ്വാസമുഖത്താണ് നാം.മഴ കനത്ത് നിന്ന ദിവസങ്ങളിൽ ഡാമുകൾ തുറക്കുന്നതും പല പ്രദേശങ്ങളിലും വെള്ളം കയറുന്നതും നമ്മൾ കണ്ടു… അതിലൊന്നായിരുന്നു റാന്നി ടൗൺ വെളളത്തിനടിയിലായ വാർത്ത… എല്ലാ ചാനലുകളും റിപ്പോർട്ട് ചെയ്ത ഒന്ന്, പിന്നീട് പമ്പ ഡാം തുറന്നപ്പോഴും അടുത്ത 5 മണിക്കൂർ കൊണ്ട് റാന്നി ടൗൺ വെളളത്തിൽ മുങ്ങുമെന്ന വാർത്തകൾ പ്രചരിക്കുകയുണ്ടായി, അവസാനം പത്തനംതിട്ട ജില്ലാ കളക്ടർ നേരിട്ട് പത്രസമ്മേളനം നടത്തി അങ്ങനെയൊരു ഭീതിയുടെ കാര്യമില്ലെന്ന് പറയുന്നതും നാം കണ്ടു.കൃത്യമായ മുൻകരുതലോടെയുളള സർക്കാർ നടപടികൾ ഒരു മഹാദുരന്തത്തെ ഒഴിവാക്കി…
ഇതിനൊപ്പം നാം കാണേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്.

2018ലെ മഹാപ്രളയത്തിൽ റാന്നി ടൗൺ ഒരാഴ്ചയോളം വെള്ളത്തിൽ മുങ്ങി കിടന്നതും, 2019 ലെ വെള്ളപ്പൊക്കത്തിൽ വീണ്ടും റാന്നി ടൗൺ വെള്ളത്തിന് അടിയിലായപ്പോഴും, പ്രളയജലം ഒഴുകി പോകാത്തതായിരുന്നു റാന്നിയും ചെങ്ങന്നൂരും അടക്കമുള്ള ടൗണുകളിലെ വെള്ളപ്പൊക്കത്തിൻറ്റെ കാരണം.എന്നാൽ ഈ തവണ കേരള സർക്കാർ സ്വീകരിച്ച ശക്തമായ നിലപാടുകൾ ആയിരുന്നു പ്രളയ ദുരന്തത്തെ ഒഴിവാക്കിയത്… മധ്യകേരളത്തെ ജലസമ്പുഷ്ടമാക്കുന്നതും അതുപോലെ തന്നെ കഴിഞ്ഞ രണ്ടു വർഷവും പ്രളയത്തിൽ ആഴ്ത്തിയതും പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിലെ ജലസമൃദ്ധിയാണ്.

ഈ മൂന്നു പുഴകളിലേയും വെള്ളം കടലിലേക്ക് ഒഴുകി പോകാനുളള ഒരേയൊരു മാർഗ്ഗമാണ് തോട്ടപ്പള്ളി സ്പിൽവേ… കൃത്യമായി സ്പിൽവേയിൽ കൂടി വെള്ളം ഒഴുകി മാറാത്തതായിരുന്നു കഴിഞ്ഞ വർഷങ്ങളിലെ പ്രശ്നങ്ങളിൽ പ്രധാനം.ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം പ്രകാരം തോട്ടപ്പള്ളി സ്പിൽവേയിൽ കെട്ടിക്കിടന്ന ആയിരക്കണക്കിന് ടൺ മണൽ എടുത്തുമാറ്റി ജലമൊഴുകാൻ വഴിതെളിഞ്ഞത് കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ എന്ന വ്യക്തിയായതിനാൽ മാത്രമാണ്. സ്പിൽവേയിൽ അടിഞ്ഞ് കൂടിയ മണൽ ഒരു പൊതുമേഖലാ സ്ഥാപനം ഏറ്റെടുത്തു അവർക്ക് വേണ്ടി തന്നെ നീക്കിയ നിയമപരമായ നടപടിയെ തടസ്സപ്പെടുത്താൻ മരണത്തിന്റെ വ്യാപാരികൾ സർവ്വ ശക്തിയും സംഭരിച്ചാണ് സമരപരിപാടികൾ നടത്തി വന്നത്.കോവിഡ് പ്രോട്ടോക്കോൾ വരെ ലംഘിച്ചു വ്യാജ പ്രചരണം നടത്തി ജനങ്ങളെ ഇളക്കി വിട്ടാണ് സമരാഭാസങ്ങൾ നടത്തിയത്.പമ്പയിലും നടന്നത് ഇതുതന്നെയാണ്.ദിവസേന മരണത്തിന്റെ വ്യാപാരികൾ നേതാക്കൾക്ക് ടാർഗറ്റ് കൊടുത്തു പത്രസമ്മേളനങ്ങൾ നടത്തിയും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും മണൽനീക്കം ചെയ്യുന്നത് തടയാൻ പരമാവധി ശ്രമിച്ചു.അവിടെയും കാര്യങ്ങൾ നടക്കുന്നതിന് മുഖ്യമന്ത്രി നേതൃത്വം നൽകി.

കേരളത്തിൻറ്റെ പൊതുവായ നേട്ടത്തിന് വേണ്ടിയുളള ഒരു പദ്ധതിയും വിവാദങ്ങളെ പേടിച്ച് നിർത്തി വെക്കില്ലെന്ന ആ ഇച്ഛാശക്തിയുടെ ഗുണഫലമാണ് നാമിപ്പോൾ കാണുന്നത്.മരണത്തിന്റെ വ്യാപാരികൾ പ്രതീക്ഷിച്ചതു പോലെ മനുഷ്യ ശവശരീരങ്ങൾ ഒഴുകി നടക്കുന്ന ഒരു പ്രളയ ദുരന്തകാലത്തിലേക്ക് നാം കടന്നില്ല.ദുരന്ത പ്രവാചകർക്ക് ഈ മഴക്കാലത്ത് ആകെ കിട്ടിയത് രാജമലയിലെ മണ്ണിലെ ദുരന്തം മാത്രമാണ്, അവിടെ കുത്തിതിരിപ്പ് നടത്തി ആത്മനിർവൃതി അടയുകയേ ഉളളൂ നിങ്ങൾ.