മതപരമായ ജൂത വിരോധത്തെ ഹിറ്റ്‌ലർ ഒരു രാഷ്ട്രീയ സാദ്ധ്യതയായി തിരിച്ചറിഞ്ഞ പോലെ ഇവിടെ മുസ്ലിം വിരോധത്തെയും

523

Prathapan A എഴുതുന്നു

മതപരമായ മുസ്ലീം വിരോധത്തിന്റെ വലിയ രാഷ്ട്രീയ സാദ്ധ്യതയിലേക്കുള്ള കുതിച്ചു ചാട്ടമാണ് ഇന്നത്തെ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയം. മതവൈരങ്ങൾ, ലഹളകൾ, അതിക്രമങ്ങൾ എല്ലാം പണ്ടും ഉണ്ട്. ഇന്നത്തേത് അതിന്റെ സ്വാഭാവിക തുടർച്ചയോ വികാസമോ അല്ല. ഹിറ്റ്ലർ ഇത് നേരത്തെ പരീക്ഷിച്ചതാണ്, ജയിച്ചതാണ്. മതപരമായ ജൂത വിരോധത്തെ ഒരു രാഷ്ട്രീയ സാദ്ധ്യതയായി തിരിച്ചറിഞ്ഞ് അതിന് മുകളിൽ ഒരു രാഷ്ട്രീയം പടുത്തുയർത്തുകയും ഒരു ലോകമഹായുദ്ധത്തിലെത്തിക്കുകയും ചെയ്തയാളാണ്.

Prathapan A 
Prathapan A

1925ൽ RSS സ്ഥാപിക്കുമ്പോൾ അവരുടെ ദേശീയതാ നിർവ്വചനത്തിൽ മുസ്ലീം വിരുദ്ധതയെ അവർ ലക്ഷ്യം വെച്ചിരുന്നു. പക്ഷെ അക്കാലത്ത് സാമ്രാജ്യത്യവിരുദ്ധമായതും മത, ഭാഷാ ബഹുലതകളെ ഉൾക്കൊള്ളുന്നതുമായ ഗാന്ധി രാഷ്ട്രീയം RSS ന്റെ മതവൈര രാഷട്രീയത്തിന്റെ സാദ്ധ്യതകളെയും ആവിഷക്കാരങ്ങളെയും പ്രതിരോധിച്ചു. ആ പ്രതിരോധത്തിന്റെ വിലയാണ് ഗാന്ധിയുടെ ജീവൻ. ഗാന്ധിയുടെ രക്തസാക്ഷിത്വവും നെഹ്റുവിന്റെ മതേതര നിലപാടുകളും RSS നെ പിന്നെയും കാണികളാക്കി മാറ്റി.

എഴുപതുകളുടെ രണ്ടാം പകുതി കോൺഗ്രസ്സിന്റെ തകർച്ച തുടങ്ങി. ജനാധിപത്യപരമായി പിടിച്ചു നിൽക്കാനാകാത്ത കോൺഗ്രസ്സാണ് അടിയന്തിരാവസ്ഥയിലേക്ക് പോയത്. എൺപതുകളിൽ കോൺഗ്രസ്സ് കൂടുതൽ ദുർബ്ബലമായി. ലോക സാഹചര്യങ്ങളും മാറിത്തുടങ്ങിയിരുന്നു. സോവിയറ്റ് ചേരിയുടെ തകർച്ചയും നവലിബറൽ സാമ്രാജ്യത്വ നയങ്ങളുടെ വ്യാപനവും കോൺഗ്രസ്സ് ഒരു കാലത്ത് പ്രതിനിധാനം ചെയ്ത സാമ്രാജ്യത്വ വിരുദ്ധ ദേശീയത എന്ന സങ്കൽപത്തെ തന്നെ പൂർണ്ണമായും അപ്രസക്തമാക്കി. നരസിംഹറാവു സർക്കാറിന്റെ നിയോലിബറൽ നയങ്ങളും ബാബറി പള്ളി പൊളിക്കലും ഒരേ കാലത്ത് സംഭവിച്ചു എന്നത് യാദൃശ്ചികമല്ല.

കോൺഗ്രസ്സിന്റെ തകർന്ന ദേശീയതാ സങ്കൽപത്തെയാണ് RSS ന്റെ മത ദേശീയതാ സങ്കൽപം പകരം വെച്ചത്. ഇന്ത്യൻ ഭരണ വർഗ്ഗങ്ങളുടെ രാഷ്ട്രീയ പ്രതിനിധാനം എന്ന സ്ഥാനം കോൺഗ്രസ്സിന് നഷ്ടപ്പെടുകയും ബിജെപി ആ സ്ഥാനം കൈയടക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യൻ കോർപറേറ്റ് മുതലാളിത്ത സാമ്പത്തിക താൽപര്യങ്ങളുടേയും രാഷ്ട്രീയമായി ആക്രമാത്മക ഹിന്ദുത്വ ശക്തികളുടേയും സുദൃഢമായ ഏകീകരണമാണ് ഇന്നത്തെ ബി ജെ പി. ആക്രമാത്മകമായ ഹിന്ദുത്വ രാഷ്ട്രീയത്തിലൂടെ ലഭിക്കുന്ന അതിന്റെ ജനസമ്മതി കോർപറേറ്റ് താൽപര്യങ്ങളുടെ സംരക്ഷണത്തിനും കോർപറേറ്റ് മൂലധനശക്തികളിൽ നിന്ന് ലഭിക്കുന്ന വലിയ സാമ്പത്തിക ,മാദ്ധ്യമ പിന്തുണ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ജനസമ്മതി വിപുലമാക്കുന്നതിനും അതിനെ സഹായിക്കുന്നു .

രണ്ട് കാര്യങ്ങൾ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ ഇരുണ്ടതാക്കുന്നു.
ഒന്ന് -ബിജെപി പ്രതിനിധാനം ചെയ്യുന്ന മുസ്ലീം വിരുദ്ധ രാഷ്ട്രീയത്തിന് ഇന്ന് ലോകത്തിൽ കിട്ടുന്ന വലിയ സമ്മതി.
രണ്ട് -കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖല.

കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ ബിജെപി ഭരണം നമ്മുടെ സാമ്പത്തിക മേഖലയിലെ തകർച്ചയെ രൂക്ഷമാക്കി. കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുകയാണ്. ഈ സാമ്പത്തിക പ്രതിസന്ധിയെ ബിജെപി സർക്കാർ നേരിടാൻ പോകുന്നത് തീവ്രഹിന്ദുത്വ രാഷ്ട്രീയ ഇടപെടലുകളിലൂടെയായിരിക്കും. കാശ്മീർ ഇടപെടൽ അതിന്റെ ഭാഗമാണ്. മുസ്ലീം വിരുദ്ധ ഹിന്ദുത്വ വികാരത്തെ ഉദ്ദീപിക്കാനും സാമ്പത്തിക പ്രതിസന്ധികളെ മറച്ചുവെക്കാനും സമർത്ഥമായ ഒരു രാഷ്ട്രീയ നീക്കം. വലിയ ദുരന്തങ്ങൾ ജനതയെ കാത്തിരിക്കുന്നു. ഇത് ഭരണഘടനയുടെ ഒരു വകുപ്പിന്റെ പ്രശ്നം മാത്രമാണെന്ന്, ഫാസിസം ഇപ്പോഴും അകലെയാണെന്ന് വിശ്വസിക്കുകയോ അങ്ങനെ നടിക്കുകയോ ചെയ്യുന്നവർ ഭാഗ്യവാന്മാർ . ഇന്ത്യയിലെ പാർലിമെന്ററി പ്രതിപക്ഷം കോൺഗ്രസ്സ്, ഇടതുൾപ്പടെ നാമാവശേഷമായിക്കൊണ്ടിരിക്കുന്നു.

ജർമൻ ജനതയല്ല ഹിറ്റ്ലറെ തോൽപിച്ചത് എന്ന് നമുക്കറിയാം. അന്ന് യുദ്ധമുണ്ടായിരുന്നു, ഹിറ്റ്ലർക്കെതിരെ ശക്തരായ ശത്രുക്കളുണ്ടായിരുന്നു. ഇന്ന് അതൊന്നുമില്ല. ലോകം മാറി. കാലം മാറി. പൊള്ളയായ മുദ്രാവാക്യങ്ങൾ ആവർത്തിക്കുന്നതിൽ അർത്ഥമില്ല. പുതിയ തുടക്കങ്ങൾ വേണം. ആത്യന്തികമായ വിജയങ്ങൾ, തോൽവികൾ എന്നല്ല, ഇപ്പോൾ എങ്ങനെ അതിജീവിക്കും എന്നതാണ് ചോദ്യം.

Advertisements