എന്താണ് വാക്‌സിനുകൾ, കോറോണയ്ക്കു എന്ന് വാക്‌സിൻ വരും

36

Prathibha Ratheesh

എന്താണ് വാക്‌സിനുകൾ, കോറോണയ്ക്കു എന്ന് വാക്‌സിൻ വരും

രോഗകാരിയായ സൂക്ഷ്മജീവിയെയോ അതിന്റെ ഏതെങ്കിലും ഒരു ഭാഗമോ രോഗം പരത്താത്ത വിധത്തിൽ നിർവീര്യമാക്കി പ്രസ്തുത രോഗത്തിന് എതിരെ പൊരുതുവാൻ ശരീരത്തിൽ കടത്തിവിട്ടു ശരീരത്തെ സജ്ജമാക്കി നിർത്തുന്ന ഒരു ജൈവകൂട്ടാണ് വാക്‌സിനുകൾ.
പിന്നെന്താണ് കൊറോണ വൈറസിന് എതിരെ വാക്‌സിൻ ഉണ്ടാക്കാൻ ഇത്ര താമസം …സ്വാഭാവിക സംശയം
രണ്ടു കാര്യങ്ങൾ ഉണ്ട്

ഒന്ന്: വൈറസുകളുടെ സങ്കീർണ ജനിതക ഘടന ഉയർത്തുന്ന വെല്ലുവിളി
രണ്ട്: വാക്‌സിൻ നിർമാണത്തിനു സ്വീകരിക്കേണ്ടുന്ന അവശ്യം വേണ്ടുന്നവഴികളുടെ നീളം
ഇതിൽ ഒന്നാമത്തെ കാര്യം ഒട്ടും കാലതാമസം ഇല്ലാതെ ആധുനിക ശാസ്ത്ര സാങ്കേതങ്ങൾ വഴി മറികടന്നു എന്നുള്ളത് എടുത്തു പറയേണ്ടതാണ്.

രണ്ടാമത്തെ വിഷയത്തിലേക്കു വന്നാൽ
ഒരു വാക്‌സിൻ അല്ലെങ്കിൽ മരുന്ന് പുറത്തിറക്കുന്നതിനു പലഘട്ട പരീക്ഷണ നിരീക്ഷണങ്ങളിൽ കൂടി കടന്നു പോകേണ്ടതുണ്ട്. സാധാരണ ഒരു വാക്‌സിൻ പ്രീ ക്ലിനിക്കൽ എന്നറിയപ്പെടുന്ന മനുഷ്യപരീകഷണങ്ങൾക്കു മുൻപ് നിരവധിയായ പഠനങ്ങൾ നടത്തി ( ലാബിനുള്ളിൽ വളർത്തുന്ന കോശങ്ങളിലും ചില പ്രത്യേക ചെറു ജീവികൾ അല്ലെങ്കിൽ മൃഗങ്ങളിൽ ) അതിന്റെ രാസപരമായതും ഉപാപചയപരവും (metabolic ) ആയ പ്രവർത്തനങ്ങളുടെ മുഴുവൻ വിരവങ്ങളും പഠിച്ചശേഷമാണ് മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ക്ലിനിക്കൽ ട്രയലുകളിലേയ്ക് കടക്കുന്നത്. ഇത് പ്രധാനമായും മൂന്ന് ഘട്ടങ്ങളിലാണ് നടത്തുന്നത്.

ഒന്നാം ഘട്ട പഠനങ്ങൾ (Phase 1) പ്രധാനമായും ഉപയോഗിക്കുന്ന വാക്‌സിൻ അല്ലെങ്കിൽ മരുന്ന് എത്രത്തോളം സുര ക്ഷിതമാണ് എന്നറിയാണ്.ഒപ്പം തന്നെ നിർദിഷ്ട വാക്‌സിൻ പ്രതിരോധസംവിധാനത്തിൻ ഉണ്ടാക്കാൻ സാധ്യതയുള്ള പ്രതികരണം അറിയുക എന്നതും. ട്രയൽ രണ്ടു തരത്തിൽ നടത്താം. പങ്കെടുക്കുന്ന എല്ലാവരെയും അവർക്കു വാക്‌സിൻ ആണോ കണ്ട്രോൾ ആണോ നൽകിയത് എന്നറിയിക്കാതെ (blinding the participants) അല്ലെങ്കിൽ അറിയിച്ചുകൊണ്ടു. ആരോഗ്യമുള്ള വോളന്റീർ മാരെയാണ് ഇതിനായി തിരഞ്ഞെടുക്കുക. ചെറിയ ഒരു ഗ്രൂപ്പിലാണ് സാധാരണ ഇത് നടത്താറുള്ളത് . ഈ ഘട്ടത്തിൽ വാക്‌സിൻ എടുക്കുന്നവരെ കൃത്യമായി നീരിക്ഷിച്ചു വിവരങ്ങൾ രേഖപെടുത്തുന്നു. പ്രധാനമായും എന്തെങ്കിലും ദോഷകരമായ പ്രതിപ്രവർത്തങ്ങൾ ഉണ്ടോ എന്ന് നോക്കുന്നു .

രണ്ടാംഘട്ട ട്രയൽ (Phase 2) കൂടുതൽ എണ്ണം ആൾക്കാരെ ഉൾപ്പെടുത്തി വലുതായി നടത്തേണ്ടുന്ന ഒന്നാണ്. പരീക്ഷണ ഗ്രൂപ്പും ( യഥാർത്ഥ വാക്‌സിൻ നൽകുന്ന ) പ്ലാസിബോ ഗ്രൂപ്പും( മരുന്ന് എന്ന വ്യാജേന മരുന്ന് അല്ലാത്ത വസ്തു നൽകുന്ന ) ഉണ്ടാകും. ഈ ഘട്ടത്തിലാണ് വാക്‌സിൻ ലഭിക്കുന്ന ആളിന്റെ സുരക്ഷ , നൽകേണ്ടുന്ന അളവ്, നൽകേണ്ടുന്ന പ്ലാൻ അതിനു തിരഞ്ഞെടുക്കേണ്ടുന്ന മാർഗം എന്നിവ കൃത്യമായി മനസിലാക്കി തീർപ്പാക്കുന്നത്. ഇതും സാധാരണ പരീക്ഷണം നടത്തുന്നവരെയും പരീക്ഷിക്കപെടുന്നവരെയും ബ്ലൈൻഡ് ആക്കിയാണ് നടത്തുന്നത്. ഇതിന്റെ കാലാവധി മാസങ്ങൾ നീളും. സുരക്ഷ , ഡോസ് ,കൊടുക്കേണ്ടുന്ന ക്രമം , നൽകേണ്ടുന്ന റൂട്ട് എന്നിവയിൽ കൃത്യമായ കണക്കുകൾ കിട്ടിയ ശേഷം മാത്രമാണ് അടുത്ത ഘട്ടം ട്രയലിലേക്ക്‌ നീങ്ങുക .

മൂന്നാംഘട്ട ട്രയലിൽ (Phase 3) ആയിരകണക്കിന് ആൾക്കാരെ പങ്കെടുപ്പിക്കേണ്ടന്നതും പങ്കെടുക്കുന്നവരെ ക്രമാനുഗത മല്ലാതെ വിന്യസിച്ചു വാക്‌സിൻ നല്കുന്നവരെയും സ്വീകരിക്കുന്നവരെയും എന്താണ് സ്വീകരിക്കുന്നത് എന്ന് അറിയിക്കാതെയാണ് നടത്തുന്നത്. (randomized and double blind ). ഇതിൽ പ്രധാ നമായും നോക്കുന്നത് ഒരു വലിയ ഗ്രൂപ്പിൽ എങ്ങനെ സുരക്ഷ സംരക്ഷിക്കപ്പെടുന്നു ,എത്രമാത്രം ആളുകളിൽ എന്തെങ്കിലും തരത്തിലുള്ള പ്രതിപ്രവർത്തനങ്ങൾ ഉണ്ടാകുന്നുണ്ടോ ഉണ്ടെകിൽ അവ എത്ര മാത്രം സൂക്ഷിക്കേണ്ടതാകുന്നു , വാക്‌സിൻ എത്ര മാത്രം ഫലപ്രദ മാണ് , ശ രിക്കും ഇത് അസുഖത്തെ തടയുന്നുണ്ടോ , രോഗകാരിയായ സൂക്ഷ്മജീവിയുടെ പ്രവർത്തനം തടയാൻ എത്ര ഫ ലപ്രദമായി കഴിയുന്നുണ്ട്, ശരീരത്തിൽ ആന്റിബോഡി ഉണ്ടാക്കാൻ ഈ വാക്‌സിന് കഴിയുന്നുണ്ടോ തുടങ്ങി ഒരു നിര ചോദ്യങ്ങൾക്കു ഉത്തരം കിട്ടാനായാണ് ഈ ട്രയൽ

ഇത്രയും പഠനങ്ങൾ നടത്തി ഇവയുടെ എല്ലാം റിസൾട്ട് ക്രോഡീകരിച്ചു അതിനെ സ്ഥിതിവിവരകണക്കിന്റെ ഏകകങ്ങളിൽ തുലനം ചെയ്താണ് വാക്‌സിൻ ശ രിക്കും ഉപയോഗയോഗ്യമാണോ എന്ന് കണ്ടുപിടിക്കുന്നത് . ഇതിലെ ഓരോ സ്റ്റെപ്പും നിരവധി ആളുകളും കൃത്യമായ പ്ലാനിങ്ങോട് കൂടി സമയമെടുത്ത് നടപ്പാക്കേണ്ടുന്നതാണ് .