ഹൃതിക്ക് റോഷൻ എന്ന സൗന്ദര്യ സങ്കൽപ്പത്തെ ആഘോഷമാക്കുന്ന ബോളിവുഡ്.
അഭിനയ പ്രാധാന്യവും വ്യത്യസ്തമായ കഥാതന്തുക്കളും പലപ്പോഴും വെള്ളിത്തിരയിൽ കൊണ്ട് വരാൻ ശ്രമിച്ചിട്ടുള്ള നടനാണ് ഹൃതിക്ക്. എന്നാൽ അപ്പോഴൊന്നും ലഭിക്കാത്ത ജനപ്രിയതയും അംഗീകാരവുമാണ് ആക്ഷൻഹീറോ പരിവേഷത്തിൽ ഈ മനുഷ്യൻ വരുമ്പോൾ ലഭിക്കുന്നത്. ഈ പറഞ്ഞ ആക്ഷൻ ഹീറോ പരിവേഷത്തിലും പരമാവധി ചൂഷണം ചെയ്യപ്പെടുന്നത് അദ്ധേഹത്തിന്റെ ആകാര ഭംഗി തന്നെയാണ്. അതിന് അവസാന തെളിവാണ് വാർ.
സമീപകാല ഹൃതിക്ക് സിനിമകൾ ആദ്യ ദിനത്തിൽ 7-8 കോടികളാണ് നേടിയിരുന്നത്. എന്നാൽ വാർ ആദ്യ ദിനം നേടിയത് 53.35 കോടിയാണ്. ബോളിവുഡിന്റെ സകല ഓപ്പണിംഗ് റെക്കോർഡുകളും ഇന്ന് ഹൃതിക്ക് തകർത്ത് കഴിഞ്ഞു. ഇതാദ്യമായിട്ടല്ല ആക്ഷൻ ഹീറോ പരിവേഷത്തിൽ വരുന്ന ഹൃതിക്ക് ചിത്രം ബോളിവുഡിലെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് തകർക്കുന്നത്. ഇതിന് മുൻപ് ഈ റെക്കോർഡ് തകർത്ത സിനിമകൾ ഇവയാണ് :
മിഷൻ കാഷ്മീർ
ക്രിഷ്
ധൂം 2
അഗ്നിപഥ്
Bang Bang (Non holiday opening)
സിനിമയുടെ ക്രാഫ്റ്റിനേക്കാളും കഥയുടെ പ്രത്യേകതയേക്കാളും ഇന്ന് ഹിന്ദി സിനിമ സംസാരിക്കുന്നത് ഹൃതിക്ക് റോഷൻ എന്ന സൗന്ദര്യബിംബത്തെ വാർ എന്ന സിനിമ വെള്ളിത്തിരയിൽ വരച്ച് കാട്ടിയ രീതിയെക്കുറിച്ചാണ്. മറ്റാരേക്കാളും ഇന്ന് ബോളിവുഡ് വിലമതിക്കുന്നത് ഈ മൊതലിനെയാകണം. യഷ് രാജിന് വേണ്ടി അടുത്ത ചിത്രം (ധൂം 4 ആണെന്ന് കേൾക്കുന്നു), ക്രിഷ് 4 എന്നിവ തുടങ്ങാൻ ഇരിക്കെ നഷ്ടപ്പെട്ട പ്രതാപകാലത്തേക്ക് പൂർണ തേജസോടെ തിരിച്ച് വരുന്ന ഹൃതിക്കിനെ ആണ് കാണാൻ സാധിക്കുക.
ഈയൊരു വർഷം ഹൃതിക്ക് എന്ന നടനെയും താരത്തെയും പരിപൂർണമായി ഹിന്ദി സിനിമ ആഘോഷിച്ച വർഷമാണ്. 150 കോടിക്ക് മുകളിൽ കളക്ഷൻ നേടി ‘സൂപ്പർ 30’ വലിയ വിജയമായപ്പോൾ ‘വാർ’ കുതിക്കുന്നത് ഹിന്ദി സിനിമ കണ്ട ഏറ്റവും വലിയ വിജയത്തിലേക്കാണ്. വ്യക്തി ജീവിതത്തിൽ ഒരുപാട് ദുരവസ്ഥയിലൂടെ കടന്ന് പോയ ഹൃതിക്കിന് അവസാനം കഠിനാധ്വാനത്തിലൂടെ വെള്ളിത്തിരയിൽ മിന്നുന്ന വിജയം.
കാത്തിരിക്കുന്നു, ഈ മനുഷ്യന്റെ അടുത്ത കിടിലൻ ചിത്രങ്ങൾക്കായി !