Praveen Nu
ലൈംഗികത എന്ന വാക്ക് ഇത്രമേൽ തെറ്റായി മനസിലാക്കിയിരിക്കുന്ന ഒരു ജനത ഒരുപക്ഷെ നമ്മൾ മാത്രമായിരിക്കും. എതിർലിംഗത്തിൽപ്പെട്ട രണ്ടുപേർ അവരുടെ സന്തോഷത്തിനോ ചിലപ്പോൾ കൗതുകത്തെ തൃപ്തിപ്പെടുത്താനോ വേണ്ടിമാത്രം വിവാഹത്തിന് മുൻപോ ശേഷമോ ചെയ്യുന്ന ഒരു പ്രവർത്തിയുടെ ഫലമായി ഉണ്ടാവുകയും പിന്നീട് തന്റെ ജനനത്തിന് കാരണമായ പ്രസ്തുത പ്രവർത്തിയെ ജാള്യതയോടെ കാണുകയും ചെയ്യുന്ന വല്ലാത്ത ഒരു വിഭാഗം. ഞാൻ ഒരുപാട് കടന്നുപോയാണ് തുടങ്ങിയത് എന്ന് തോന്നുന്നുണ്ട് എങ്കിൽ കുറച്ച് പുറകോട്ട് നടന്നുവന്നു വീണ്ടും തുടങ്ങാം.
പ്രണയമായാലും പെണ്ണുകാണലായാലും തുടങ്ങുന്നത് ബാഹ്യസൗന്ദര്യങ്ങളെ ഇഷ്ടപ്പട്ടുകൊണ്ടാണ്. ദീർഘനാളായുള്ള പരിചയം കൊണ്ടുണ്ടാവുന്ന അടുപ്പങ്ങളെയോ ദീർഘകാലമായി കുട്ടികൾ ഉണ്ടാകാത്ത ദമ്പതിമാർ ഏർപ്പെടുന്ന ലൈംഗികബന്ധങ്ങളെയോ മാറ്റിനിർത്തിയാൽ മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളും സത്യസന്ധമായി നിരീക്ഷിച്ചാൽ ശരിയാണ് എന്ന് നിങ്ങൾക്ക് തന്നെ ബോധ്യമാകും. അതായത് ശരീരത്തോടുള്ള ആകർഷണം എന്നത് അത്രമേൽ സ്വാഭാവികമായ ഒന്നാണ് എന്നർത്ഥം. ഈ കാര്യത്തിലും നമ്മുടെ അഭിരുചികൾ രൂപപ്പെടുത്തിയെടുക്കുന്നതിൽ വലിയൊരു പങ്ക് സാഹിത്യത്തിനും സിനിമപോലെ ഉള്ള വിഷ്വൽ മീഡിയകൾക്കും ഉണ്ട്. നിങ്ങൾ ഓരോരുത്തരുടെയും സൗന്ദര്യസങ്കല്പങ്ങൾ അറിഞ്ഞോ അറിയാതെയോ ഇങ്ങനെ കണ്ടും കേട്ടും വായിച്ചും രൂപപ്പെട്ടതായിരിക്കും. മനുഷ്യന്റെ കഴിവുകൾ അളക്കേണ്ട ഒരിടത്തും ഒരു അളവുകോലായി വരേണ്ട ഒന്നല്ല സൗന്ദര്യം എന്നത്. എന്നിട്ടും ശരീരസൗന്ദര്യം നിലനിർത്താൻ ആളുകൾ ശ്രമിക്കുന്നത് ആരോഗ്യമുള്ള ഒരു ശരീരം ഉണ്ടാവണമെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് എന്ന് കരുതുന്നുണ്ടോ? അല്ല. തന്റെ ശരീരം കൂടുതൽ അപ്പീലിങ് ആവണം എന്ന് അവൻ അല്ലെങ്കിൽ അവൾ അറിഞ്ഞോ അറിയാതെയോ ആഗ്രഹിക്കുന്നുണ്ട്.
ഇത്രയും പറഞ്ഞത് ശരീരവും ലൈംഗികതയും തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്നു എന്ന് പറയാൻ തന്നെ ആണ്. സിനിമ എന്ന ജനപ്രിയമാധ്യമത്തിൽ ഈ രണ്ടു കാര്യങ്ങൾ കടന്നുവരുമ്പോൾ എന്നും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. കാരണം സ്ത്രീശരീരത്തിലെ അടിമുതൽ മുടിവരെ വർണ്ണിച്ച് വർണ്ണിച്ച് ലൈംഗിക വസ്തുവായി മാറ്റിയെടുത്ത ഒരു വർത്തമാനകാലത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇതിൽ ഏതൊക്കെ “ലൈംഗികവസ്തുക്കൾ ” മൂടിവെച്ചാലാണ് മാന്യമായ വസ്ത്രധാരണമാവുക എന്നതിന് കൃത്യമായ ഉത്തരം നൽകാൻ തൽക്കാലം ആർക്കും പറ്റുമെന്ന് തോന്നുന്നുമില്ല. നൃത്തരംഗമുൾപ്പടെ സിനിമകളിൽ ഉള്ള വസ്ത്രസാധാരണരീതിയാണോ അംഗവിക്ഷേപങ്ങളാണോ എന്താണ് ശരിക്കും ഒരു വിഭാഗം ‘കാണികളെ’ പ്രകോപിപ്പിക്കുന്നത് എന്നറിയാൻ താല്പര്യമുണ്ട്. സ്ത്രീയെ ലൈംഗികവസ്തുവായി കാണുന്നു അഥവാ കാണാൻ പ്രേരിപ്പിക്കുന്നു എന്നതാണ് വലിയൊരു ആരോപണം. സ്ത്രീയെ നിങ്ങൾ ഒരു സാധാരണ “വസ്തുവായി” കാണുന്നത് പോലും തെറ്റാണ്. നിങ്ങളെപ്പോലെതന്നെ ഒരു ശരീരമായി കണ്ടാൽ ഒരു പ്രശ്നവും ഇല്ല. ചിലപ്പോൾ നിങ്ങൾക്ക് ലൈംഗികാകർഷണം തോന്നിയേക്കാവുന്ന ശരീരമാണെങ്കിൽ പോലും. ആ ആകർഷണത്തെയല്ല അത് ഒരു കാരണമായി വെച്ച് കായികമായോ ചതിയിലൂടെയോ അവളെ കീഴ്പ്പെടുത്താനുള്ള ചോദനകളെയാണ് പുരുഷൻ ഇല്ലാതാക്കണ്ടത്.
ഉഭയസമ്മതം എന്ന വാക്കാണ് നമ്മുടെ ശബ്ദതാരാവലിയിലേക്ക് കടമെടുക്കേണ്ടത്. എനിക്ക് കീഴ്പ്പെടാനും എന്നെ സന്തോഷിപ്പിക്കാനുമുള്ള “വസ്തു” മാത്രമാണ് ആ ശരീരം എന്ന ചിന്തകളെയാണ് കരിച്ച് കളയണ്ടത്. അല്ലെങ്കിൽ അത്തരം ചെയ്തികൾ ന്യായീകരിക്കപ്പെടുന്നതോ സാമാന്യവൽക്കരിക്കപ്പെടുന്നതോ ആണ് നമ്മളെ ആശങ്കപ്പെടുത്തേണ്ടത്. എന്നെപ്പോലെ തുല്യമായ ഒരു ഇടം അവളും ഈ ലോകത്തെവിടെയും അർഹിക്കുന്നു എന്ന ബോധ്യമാണ് ഉണ്ടാകേണ്ടത്. അത്രയൊക്കെ ആയാൽ ഒരു സാധാരണമൃഗം എന്നിടത്ത് നിന്ന് മനുഷ്യമൃഗത്തിലേക്കുള്ള യാത്രയിൽ നിങ്ങൾ ഒരുപാട് മുന്നോട്ട്പോയി എന്ന് പറയാം. (ഒരു പരിഷ്കൃതമൃഗം എന്നതിനപ്പുറം മൃഗമല്ലാതായി മാറുക എന്നതും തീർത്തും അനാവശ്യചിന്തയാണ്.) സ്ത്രീയും പുരുഷനും ഒരുമിച്ച് നിലനിൽക്കേണ്ട രണ്ടു ശരീരങ്ങളും ചിലപ്പോൾ ഒക്കെ ഒരുമിച്ച് പോയേക്കാവുന്ന രണ്ടു ചിന്തകളും ആണ്.
ഈ ചിത്രം തന്നെ ഇതിന് ഉപയോഗിയ്ക്കാൻ ഉള്ള കാരണം… മലയാളത്തിന് പുറത്തുള്ള ചില നിരൂപകർ “ക്ളീൻ” എന്റെറ്റൈനെർ എന്ന് പറഞ്ഞ ഒരു ചിത്രമാണ് ഇത്. അവർക്ക് ക്ളീൻ ആയി തോന്നിയ ചിലത് നമ്മൾക്ക് അങ്ങനെ തോന്നിയില്ല എന്നത് എനിക്ക് വലിയ അത്ഭുതമൊന്നുമല്ല. കുട്ടിക്കാലത്ത് രംഗീല, ദിൽവാലെ ദുൽഹനിയ ലെ ജായേംഗേ എന്നീ രണ്ടു ചിത്രങ്ങൾ ഒരുമിച്ച് റിലീസ് ചെയ്ത സമയത്ത് കുടുബവുമായി ചേർന്ന് കാണാവുന്ന “ക്ളീൻ” ചിത്രം എന്ന പേര് DDLJ ക്കു ആയിരുന്നു. ആ ചിത്രം കാണാൻ ഒരു കമ്പനിക്ക് വേണ്ടി ഒരുത്തനെ വലിച്ച് കൊണ്ടുപോയി പടം കണ്ടു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. “രംഗീലയുടെ വാലിൽ കെട്ടാൻ കൊള്ളില്ല പക്ഷെ കാജലിന്റെ മഴയത്തെ ഡാൻസ് പൊളിച്ച്.”. മുകളിലും അതിന്റെ മുകളിലും ഒന്നും പറഞ്ഞ പടങ്ങളുടെ നിലവാരം ഒന്നും അളക്കുന്നതല്ല. പറഞ്ഞെന്നെ ഉള്ളൂ. നമ്മുടെ കണ്ണിൽ തടയുന്നത് എപ്പോഴും ഇതൊക്കെ മാത്രമായിപ്പോവുന്നുണ്ട്! – ദി ‘L’ ദാരിദ്ര്യം.