സെക്കുലറിസം ഭരണഘടനയിൽ നിന്നിറങ്ങി ഡിക്ഷണറിയിലേക്ക് മാത്രം ചുരുങ്ങുന്ന കാലം ദൂരെയല്ല

0
87

പ്രവീൺ പ്രഭാകർ✍️

വഴി തടയാൻ ശ്രമിക്കരുത്… ഇത് ജനങ്ങളുടെ രഥമാണ്…ഒരു പ്രതിജ്ഞയുമായിട്ടാണ് ഇത് പുറപ്പെടുന്നത്… ആ പ്രതിജ്ഞ ഒക്ടോബർ 30ന് അയോധ്യയിലെത്തുമെന്നും ക്ഷേത്രം പണിയാനുള്ള കർസേവക്ക് തുടക്കം കുറിക്കുമെന്നുമാണ്… നോക്കാം ആർക്കാണ് ഇതിനെ തടയാൻ സാധിക്കുക എന്ന്… ”

1990 ൽ അന്നത്തെ പ്രധാന പ്രതിപക്ഷം പോലുമല്ലായിരുന്ന BJP യുടെ നേതാവ് ലാൽ കൃഷ്ണ അദ്വാനി എന്ന L K അദ്വാനി അയോധ്യയിലേക്കുള്ള തന്റെ രഥ യാത്ര തുടക്കം കുറിച്ചുകൊണ്ട് ഇങ്ങനെ പ്രസംഗിച്ചപ്പോൾ ഈ രാജ്യത്തെ ഭരണത്തിലിരുന്ന കോൺഗ്രസ്‌ എന്ത് ചെയ്യുകയായിരുന്നു…??? കോൺഗ്രസ്സും BJP യും ചേർന്ന് ഒരു മതേതര രാജ്യത്തോട് ചെയ്ത ചതി അറിയണമെങ്കിൽ ചരിത്രം പഠിക്കുക തന്നെ വേണം… ആ ചരിത്രത്തിൽ നിങ്ങൾക്ക് തെളിഞ്ഞു കാണാം BJP യെ ഈ നാട്ടിൽ പാലൂട്ടി വളർത്തുന്നതിന് കോൺഗ്രസ് ചെയ്ത സഹായങ്ങൾ…ഗാന്ധിജിയുടെ വധത്തിനും അടിയന്തരാവസ്ഥക്കും ശേഷം ഇന്ത്യ കണ്ട ഏറ്റവും ഹീനമായ നടപടികളിൽ ഒന്നായ ബാബ്‌റി മസ്ജിദ് തകർച്ചയുടെ ചരിത്രം തന്നെ BJP-Congress അന്തർധാരയുടെ ചരിത്രമാണ്. 1528 ലാണ് മുഗൾ ചക്രവർത്തിയായ ബാബർ തന്റെ പടത്തലവനായ മീർ ബാഖിയുടെ നേതൃത്വത്തിൽ ബാബരി മസ്ജിദ് നിർമിച്ചത്…ആ സ്ഥലത്തിന് അവകാശമുന്നയിച്ചു പിന്നീട് കാലാകാലങ്ങളായി വന്ന ആരോപണങ്ങളുടെയും ഹർജികളുടെയും അടിസ്ഥാനത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പല കാലത്തെ ഉൽഖനനത്തിലും പഠനങ്ങളിലും അവിടെ ഈ പറയുന്ന രാമ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളോ ബാക്കിയിരിപ്പുകളോ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല…

അതായത് നിലനിന്നിരുന്ന ഒരു ക്ഷേത്രം തകർത്താണ് ബാബർ ഈ പള്ളി പണിതത് എന്നതിന് വാദങ്ങൾക്കപ്പുറം മതിയായ രേഖകൾ ഇല്ല എന്ന് ചുരുക്കം… എന്നാൽ അന്ന് നിർമിച്ച പള്ളിയുടെ അകത്തു മുസ്ലിങ്ങളും പുറത്ത് തറ മണ്ഡപം കെട്ടി ഹിന്ദുക്കളും ആരാധിച്ചു പോയിരുന്നു എന്നും അവർക്കിടയിൽ യാതൊരു അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല എന്നും ചരിത്രകാരന്മാർ പറയുന്നുണ്ട്… പിന്നീട് മൂന്ന് നൂറ്റാണ്ടുകൾക്കിപ്പുറം കൃത്യമായി പറഞ്ഞാൽ 1850 ൽ ഒരുകൂട്ടം ഹിന്ദുക്കൾ പള്ളിയിൽ പ്രാർത്ഥനക്ക് അനുവദിക്കണം എന്ന് പറഞ്ഞു രംഗത്ത് വന്നിരുന്നു… പക്ഷെ ബ്രിട്ടീഷ് ഭരണകൂടം അതൊന്നും കാര്യമാക്കിയില്ല…പക്ഷെ 1855 ൽ ബ്രിട്ടീഷുകാർ തർക്ക ഭൂമിയിൽ മതിൽ കെട്ടി, മതിലിനിരു വശങ്ങളിലായി രണ്ട് കൂട്ടർക്കും പ്രാർത്ഥിക്കാനുള്ള അനുമതി കൊടുത്തു… അത് അവരുടെ വിശാല മനസ്കത കൊണ്ടാണെന്നു കരുതിയെങ്കിൽ തെറ്റി…ലോകത്ത് എവിടെയും ഭിന്നിപ്പിച്ചു ഭരിച്ച അവരുടെ തന്ത്രം തന്നെയായിരുന്നു അത്… അങ്ങനെ ആദ്യമായി അവർ മുസ്ലിങ്ങളെയും ഹിന്ദുക്കളെയും വേർതിരിച്ചു…പക്ഷെ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ റാണി ലക്ഷിബായും താന്തിയ തോപ്പെയും ബഹദൂർ ഷാ സഫറും ബീഗം ഹസ്രത് മഹലും മംഗൾ പാണ്ഡേയും തുടങ്ങി പല നാടുകളിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ചേർന്ന് ബ്രിട്ടന് ആദ്യത്തെ അടി കൊടുത്തു…ഇതിന്റെ ഫലമായി അവർ ഭിന്നിപ്പിക്കാൽ തന്ത്രം കുറച്ചു കൂടി ശക്തമാക്കി…

1859 ൽ പള്ളിക്ക് സമീപം ക്ഷേത്രം നിർമിക്കണം എന്ന ഹിന്ദുക്കളുടെ ആവശ്യം തള്ളി പോയി പണി നോക്കാൻ പറഞ്ഞു അവർ… ഫലമോ… ഹിന്ദുക്കൾക്ക് മുസ്ലിങ്ങളോട് വിരോധം ഏറി വന്നു. പിന്നീട് കുറേ കാലം ശാന്തമായി പോയെങ്കിലും 1934 ൽ അയോധ്യയിൽ ഗോവധവുമായി ബന്ധപെട്ടു ആദ്യത്തെ കലാപം ഉണ്ടായി… ഓർക്കണം പള്ളി പണിതത്തിനു നാല് നൂറ്റാണ്ട് ശേഷമാണ് വ്യക്തമായ ആദ്യത്തെ കലാപം ഉണ്ടാവുന്നത്… ആ കലാപത്തിൽ നേരത്തെ പണിഞ്ഞ മതിൽ കലാപകാരികൾ തകർത്തു… 1936 ൽ ഉടമസ്ഥാവകാശത്തെ പറ്റിയുള്ള തർക്കം ഷിയകളും സുന്നികളും തമ്മിലായി… കാരണം ബാബർ സുന്നി വിഭാഗത്തിൽ പെട്ടതായിരുന്നെങ്കിലും നിർമാണത്തിന് നേതൃത്വം കൊടുത്ത മീർ ബാഖി ഷിയാ ആരുന്നു… പക്ഷെ സുന്നി വഖഫ് ബോർഡിന് അനുകൂലമായ വിധിയാണ് വന്നത്… അതോടെ അവരായി അവിടുത്തെ മുതലാളിമാർ…. ഇതിനിടക്ക് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി, ഗാന്ധിജി കൊല്ലപ്പെട്ടു… തൊട്ടടുത്ത വർഷം അതായത് 1949 ഡിസംബർ 23 ന് പള്ളിക്ക് അകത്ത് രാമന്റെയും സീതയുടെയും വിഗ്രഹം കണ്ടു… സംഭവം സ്വയംഭൂ ആണെന്ന് വരുത്തി തീർക്കാൻ ഹിന്ദു മഹാസഭ ശ്രമിച്ചെങ്കിലും തലേന്ന് രാത്രി അത് അവിടെ കൊണ്ട് വെച്ചത് അവര് തന്നെയാണെന്ന് പിന്നീട് കണ്ടെത്തി… ഈ ഹിന്ദു മഹാസഭയെ അറിയില്ലേ… ഗാന്ധിജിയുടെ കൊലയാളികളെ റിക്രൂട് ചെയ്ത അതേ സംഘടന….വിഗ്രഹം നീക്കം ചെയ്യണമെന്ന് വഖഫ് ബോർഡ്, അങ്ങനെ ചെയ്താൽ കലാപം ഉണ്ടാകുമെന്ന് ഹിന്ദു മഹാ സഭ… പ്രധാന മന്ത്രി നെഹ്‌റു വിഷയത്തിൽ ഇടപെട്ടു…

അന്നത്തെ UP മുഖ്യമന്ത്രിയായ വല്ലഭായി പന്തിനോടും ഫൈസലാബാദ് കളക്ടർ ആയിരുന്ന KK നായർ എന്ന മലയാളിയോടും വിഗ്രഹം എടുത്തു മാറ്റാൻ നെഹ്‌റു ആവശ്യപ്പെട്ടു… പക്ഷെ എടുത്തു മാറ്റിയാൽ വലിയ പ്രക്ഷോഭം ഉണ്ടാവുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് കൂടി ഭീഷണിപ്പെടുത്തിയതോടെ KK നായർ ഇടപെട്ടില്ല… ഇതേ KK നായർ പിന്നീട് 1967 ൽ ജനസംഘം അതായത് പഴയ BJP യുടെ സ്ഥാനാർത്ഥിയായി നിന്നത് മറ്റൊരു ചരിത്രം… എന്തായാലും നെഹ്‌റു പള്ളി പൂട്ടി സീൽ ചെയ്തു… ഇനി ഹിന്ദുക്കളും മുസ്ലിങ്ങളും അവിടെ പ്രാർത്ഥിക്കണ്ട എന്ന് നെഹ്‌റു പറഞ്ഞു… ഇതിനിടയിലും കേസും ഹർജികളുമായും രണ്ട് മതങ്ങളിലെയും ആളുകൾ വന്നുകൊണ്ടേ ഇരുന്നു… കൂട്ടത്തിൽ 1958 ൽ നിർമോഹി അഖാര എന്ന സന്യാസി ഗ്രൂപ്പ് കൂടി സ്ഥലം തങ്ങളുടേത് ആണെന്ന് അവകാശവുമായി മുന്നോട്ട് വന്നു… ഇവർക്ക് പക്ഷെ VHP യുമായോ BJP യുമായോ ബന്ധമൊന്നും ഉണ്ടായിരുന്നില്ല.
1980ൽ ജനസംഘം BJP ആയി മാറിയതിനു ശേഷമാണ് വീണ്ടും വർഗീയത എന്ന തുറുപ്പു ചീട്ട് കളത്തിലിറക്കുന്നത്… രാജ്യസഭയിൽ വിരലിലെണ്ണാവുന്ന പ്രതിനിധികൾ മാത്രമുണ്ടായിരുന്ന ആ കാലത്ത് BJP കോൺഗ്രസിന് ഒരു എതിരാളികൾ പോലുമില്ലായിരുന്നു… എങ്കിൽ കൂടിയും 1984 ൽ VHP അയോധ്യയിലേക്ക് ആദ്യ രഥ യാത്ര നടത്തുകയുണ്ടായി… ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് അത് നിർത്തിവെച്ചത് അല്ലാതെ കോൺഗ്രസ്‌ ഇടപെട്ടു അത് തടയാൻ ശ്രമിച്ചിരുന്നില്ല… അതിന്റെ ധൈര്യത്തിൽ 1985 ൽ അവർ വീണ്ടും രഥ യാത്ര നടത്തി… ഓരോ രഥ യാത്ര കടന്ന് പോകുന്ന വഴികളിലും അവർ വിധ്വേഷ പ്രസംഗങ്ങൾ നടത്തി… ഹിന്ദി ഹൃദയ ഭൂമിയായ UP, MP, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ ഈ രഥ യാത്ര വലിയ തോതിൽ സ്വാധീനം ചെലുത്തി…നല്ലൊരു വിഭാഗം ഹിന്ദുക്കൾ കർസേവകരായി ചേർന്നു… കോൺഗ്രസ്‌ മൗനം തുടർന്നു.

1985 ലാണ് പ്രസിദ്ധമായ ഷാഹ് ബാനോ കേസിൽ സുപ്രീം കോടതി വിധി വരുന്നത്… തന്നെ തലാക്ക് ചൊല്ലി ഉപേക്ഷിച്ച ഭർത്താവ് മുഹമ്മദ്‌ അഹമ്മദ് ഖാനെതിരെ മോചന ദ്രവ്യവും ചിലവിനുള്ള തുകയും ആവശ്യപ്പെട്ട് കൊണ്ട് ഷാഹ് ബാനു എന്ന സ്ത്രീക് സെക്ഷൻ 125 മുൻ നിർത്തി അതിനുള്ള അവകാശമുണ്ടെന്ന് കോടതി പ്രസ്താവിച്ചു… ചരിത്ര പ്രസിദ്ധമായ ഈ വിധിയെ ആദ്യം സ്വാഗതം ചെയ്ത രാജീവ് ഗാന്ധി പിന്നീട് തീവ്ര മുസ്ലിം വിഭാഗങ്ങളുടെ എതിർപ്പ് ഏറ്റ് വാങ്ങിയത് കൊണ്ട് പ്ലേറ്റ് നൈസ് ആയിട്ട് തിരിച്ചിട്ടു… 1986 ൽ കോടതി വിധിയെ മറികടന്നു ശരിയത്ത് നിയമങ്ങളെ പിന്താങ്ങുന്ന മുസ്ലിം വിമൻസ് ആക്ട് പാർലമെന്റിൽ പാസ്സാക്കി…നോക്കൂ എത്ര കൃത്യമായി മത പ്രീണനമാണ് കോൺഗ്രസ്‌ സ്വീകരിച്ചതെന്ന്… പക്ഷെ ഈ മുസ്ലീം പ്രീണനം ബാലൻസ് ചെയ്യാൻ രാജീവ്‌ 1986 ഫെബ്രുവരി ഒന്നിന് പള്ളി ഹിന്ദുക്കൾക്ക് കൂടി പ്രാർത്ഥിക്കാൻ തുറന്നു കൊടുത്തു…ഈ സമയത്തെല്ലാം BJP പ്രചരിപ്പിച്ചത് രാജീവ്‌ തങ്ങളുടെ ആവശ്യപ്രകാരമാണ് ഇത് ചെയ്തത് എന്നാണ്…1987 ൽ ദൂരദർശനിൽ രാമാനന്ദ് സാഗറിന്റെ ‘രാമായണം’ 78 എപ്പിസോഡുകളിലായി സംപ്രേക്ഷണം ആരംഭിച്ചതും ഈ എരി തീയിൽ എണ്ണ ഒഴിക്കുന്നതിന്റെ ഭാഗമായിരുന്നു…അങ്ങനെ രാമൻ ഇന്ത്യയുടെ അനിവാര്യത ആയി മാറി… ഇന്നേ ദിവസം ദൂരദർശൻ രാമ ക്ഷേത്രത്തിന്റെ തറക്കല്ലിടുന്നത് ലൈവ് ആയിട്ട് കാണിച്ചപ്പോൾ അവരുടെ കൂടിയൊരു സ്വാധീനത്തിന്റെ ബാക്കി പത്രമാണ് ഇതെല്ലാം എന്നുള്ള ബോധ്യം അവർക്കുമുണ്ടാകും… ഇതിന്റെയെല്ലാം ഫലമായി 1988 വരെ വെറും രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന BJP 1989 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 85 സീറ്റിലേക്ക് കുതിച്ചുയർന്നു… വെറും രഥ യാത്ര കൊണ്ടും അയോദ്ധ്യ വിഷയം കൊണ്ടും മാത്രമാണ് ഇതെന്ന് ഓർക്കണം.

1989 ൽ പ്രധാന മന്ത്രിയായ VP സിംഗ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കി…സംവരണം നടപ്പിലാക്കാനുള്ള റിപ്പോർട്ട്‌ ആയിരുന്നു അത്… അതോടു കൂടി സവർണ ഹിന്ദുക്കൾ തെരുവിലിറങ്ങി… ഇത് കോൺഗ്രസിനെ കൂടുതൽ ഹിന്ദു വിരുദ്ധ ചേരിയിൽ നിർത്തി… BJP ഈ സമയം കൃത്യമായി ഉപയോഗിച്ചുകൊണ്ട് 1990 ൽ LK അദ്വാനിയുടെ നേതൃത്വത്തിൽ രഥ യാത്ര നടത്താൻ തീരുമാനിച്ചു… ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിൽ നിന്ന് സെപ്റ്റംബർ 25 ന് തുടങ്ങി അയോധ്യയിൽ ഒക്ടോബർ 30ന് എത്തിച്ചേരുന്ന വിധം അവർ പ്ലാൻ ഷെഡ്യൂൾ ചെയ്തു…ഇതിനെ തുടർന്ന് BJP രാജ്യമൊട്ടുക്കെ കലാപം ആസൂത്രണം ചെയ്തു… രഥ യാത്ര പിന്നിട്ട വഴികളിലെല്ലാം കർസേവകർ മുസ്ലിങ്ങളെ ആക്രമിച്ചു… കോൺഗ്രസ്‌ മൗനം തുടർന്നു… പക്ഷെ ഒക്ടോബർ 23 ന് ബിഹാറിൽ വെച്ച് ലാലു പ്രസാദ് യാദവ് അദ്വാനിയെ അറെസ്റ്റ്‌ ചെയ്യാൻ ഉത്തരവിട്ടു… പക്ഷെ അപ്പോഴേക്കും അയോധ്യയിലെത്തി അക്രമത്തിനു തുടക്കമിട്ട കുറച്ചു കർസേവകരെ അന്നത്തെ UP മുഖ്യമന്ത്രി ആയിരുന്ന മുലായം സിംഗ് യാദവിന്റെ ഉത്തരവോടെ വെടിവെച്ചു കൊലപ്പെടുത്തി… അതോടെ BJP രാഷ്ട്രീയമായി തന്നെ സമ്മർദ്ദം ചെലുത്താൻ ആരംഭിച്ചു… VP സിംഗ് മന്ത്രി സഭക്കുള്ള പിന്തുണ അവർ പിൻവലിച്ചു… രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക്.

1991 ൽ രാജീവ്‌ ഗാന്ധി കൊലപാതകത്തിന്റെ സഹതാപ തരംഗം വോട്ടാക്കി മാറ്റി കോൺഗ്രസ്സ് വീണ്ടും അധികാരത്തിൽ വന്നു… PV നരസിംഹ റാവു പ്രധാന മന്ത്രിയായി… പക്ഷെ അപ്പോഴേക്കും BJP 121 സീറ്റുകളുമായി പ്രധാന പ്രതിപക്ഷമായി വളർന്നു കഴിഞ്ഞിരുന്നു… UP, മധ്യപ്രദേശ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് അടങ്ങുന്ന ഹിന്ദി ഹൃദയ ഭൂമി BJP യുടെ ഭരണത്തിലായി… UP യിലെ മുഖ്യമന്ത്രിയായി കല്യാൺ സിംഗ് അവരോധിക്കപ്പെട്ടു…1992 ൽ വീണ്ടും BJP അയോദ്ധ്യ വിഷയം കത്തിച്ചു നിർത്തി…ഒന്നരലക്ഷം കർസേവകരുമായി LK അദ്വാനി, ഉമാ ഭാരതി, AB വാജ്‌പേയ്, മുരളി മനോഹർ ജോഷി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഡിസംബർ അഞ്ചിന് തന്നെ അയോധ്യയിലെ തർക്കഭൂമിയിൽ തമ്പടിച്ചു… അന്നേ ദിവസം AB വാജ്‌പേയ് നടത്തിയ വർഗീയ പ്രസംഗത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു “നാളെ കല്ലുകൾ കൊണ്ട് മിനാരങ്ങൾ മണ്ണോടു ചേർക്കണം ” എന്ന്…അടുത്ത ദിവസം പള്ളി തകർക്കപ്പെടുമെന്ന് ഇന്റലിജൻസ് ബ്യുറോ രഹസ്യ സന്ദേശം നൽകിയെങ്കിലും നരസിംഹറാവു അത് അവഗണിച്ചു… ഒരർത്ഥത്തിൽ BJP ക്ക് അയാൾ മൗനാനുവാദം കൊടുത്തു എന്ന് വേണം പറയാൻ… പഴി കേൾക്കാതിരിക്കാനായി കുറച്ച് അർദ്ധ സൈനികരെ പള്ളിയുടെ പുറത്തായി വിന്യസിച്ചെങ്കിലും അവർക്ക് പള്ളിക്ക് അകത്തു പ്രവേശിക്കാൻ അനുമതി കൊടുത്തില്ല… അതിന് UP പോലീസിന് മാത്രമായിരുന്നു അധികാരം… പക്ഷെ അവിടെ തമ്പടിച്ച കർസേവകർക്ക് വെള്ളവും ഭക്ഷണവും കൊടുത്ത കല്യാൺ സിംഗിന്റെ പോലീസും വെറും ഡമ്മികളായിരുന്നു.

ഡിസംബർ 6 ന് രാവിലെ മുതൽ തന്നെ കർസേവകർ അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചു… മിനാരങ്ങളുടെ മുകളിൽ കയറി കാവി കൊടി പറത്തി വിജയാഹ്ലാദം നടത്തി… ഏതാണ്ട് വൈകുന്നേരം നാലരയോടെ മൂന്ന് മിനാരങ്ങളും തകർത്തു… ‘മതേതര’ ഇന്ത്യ ലോകത്തിന്റെ മുന്നിൽ തലകുനിച്ചു… ആ സമയങ്ങളിലെല്ലാം നരസിംഹ റാവു ‘പരിധിക്ക് പുറത്തായിരുന്നു’ എന്നാണ് പിന്നീട് പറയപ്പെട്ടത്… അന്നേ ദിവസം പ്രധാന മന്ത്രിയുടേതായ ഒരു പ്രസ്താവന പോലുമോ ഒരു സന്ദേശം പോലുമോ രാജ്യം കേട്ടില്ല…ഇന്ത്യ കത്തിയപ്പോൾ ഉറങ്ങിയ നീറോ ആയിരുന്നു നരസിംഹറാവു….തുടർന്ന് രാജ്യത്ത് അരങ്ങേറിയ വർഗീയ കലാപങ്ങളിൽ ഏതാണ്ട് രണ്ടായിരത്തോളം പേരാണ് മരിച്ചത്… ആ സമയങ്ങളിലെല്ലാം കോൺഗ്രസിന്റെ മൗനം BJP ക്ക് ഇന്ധനമായി… ഈ ഒരൊറ്റ നടപടിയിലൂടെയാണ് BJP 1998 ൽ വാജ്‌പേയുടെ നേതൃത്വത്തിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ഭരണത്തിൽ വന്നത്…ആ തെരഞ്ഞെടുപ്പിലാണ് രാമ ക്ഷേത്രം ആദ്യമായി BJP യുടെ പ്രകടന പത്രികയിൽ സ്ഥാനം പിടിച്ചത്… പിന്നീട് ഇങ്ങോട്ട് എല്ലാ കാലത്തും BJP അതൊരു കെടാ വിളക്കായി സൂക്ഷിച്ചു, കോൺഗ്രസ്സ് ആ കൈകൾ ചേർത്ത് പിടിച്ചു.

1992 ൽ രൂപീകരിച്ച ലിബേർഹാൻ കമ്മീഷൻ പിന്നീട് അദ്വാനിയെയും വാജ്‌പേയും ഉമാ ഭാരതിയെയും മുരളി മനോഹർ ജോഷിയെയും കല്യാൺ സിങ്ങിനെയും എല്ലാം പ്രതികളാക്കി പട്ടിക ഇട്ടപ്പോളെക്കും രാജ്യത്ത് BJP അതിന്റെ പൂർണ വളർച്ചയിൽ എത്തിയിരുന്നു… വെറുമൊരു രാമ ക്ഷേത്രത്തിന്റെ പേരിൽ മാത്രം കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഒരു രാഷ്ട്രീയ പ്രസ്ഥാനം നമ്മുടെ രാജ്യത്ത് വളർന്നു… അതേ കാര്യം കൊണ്ട് മറ്റൊരു പ്രസ്ഥാനം തളർന്നു…ഇന്ന് രാമക്ഷേത്ര പൂജകളിൽ കോൺഗ്രസ്‌ മുന്നിട്ട് നിൽക്കുന്നതിന് ഒരിക്കലും തെറ്റ് പറയരുത്… കാരണം രാജ്യത്ത് വർഗീയത പടർത്തുന്നതിൽ BJP മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെങ്കിൽ അതിന്റെ എല്ലാ ക്രെഡിറ്റും പോകുന്നത് കോൺഗ്രസിന്റെ അക്കൗണ്ടിലേക്കാണ്… പൂർവികർ സ്വീകരിച്ച മൃദു സമീപനം തന്നെയാണ് അവരുടെ ഇന്നത്തെ അവസ്ഥക്ക് കാരണം… ഇനി തിരിച്ചു വരണമെങ്കിൽ പണ്ട് ഹിന്ദി ഹൃദയ ഭൂമിയിൽ ഒന്നുമില്ലായിമയിൽ നിന്ന് BJP കളിച്ചു ജയിച്ച അതേ വർഗീയത എന്ന കാർഡ് കോൺഗ്രസ്സിനും ഇറക്കേണ്ടി വരും… അതിന്റെ തുടക്കമാണ് ഈ പരസ്യമായ ചുവടു മാറ്റം.സെക്കുലറിസം ഭരണഘടനയിൽ നിന്നിറങ്ങി ഡിക്ഷണറിയിലേക്ക് മാത്രം ചുരുങ്ങുന്ന കാലം ദൂരെയല്ല…. 👍