*കാന്താരാ*
Praveen Pai
ഈ സിനിമ പ്രദർശനം തുടങ്ങി ഒരു മാസം ആയി. കുറെയധികം റിവ്യൂസ് പലയിടത്തും കണ്ട് വല്ലാത്ത അമിത പ്രതീക്ഷയോടെയാണ് ചിത്രം കാണാൻ ഇന്നലെ കൊട്ടകയിൽ പോയത്.അതുകൊണ്ടാകണം തുടക്കത്തിൽ ഒരു സാധാരണ സിനിമയായി തോന്നി. തോന്നിയതല്ല, അങ്ങനെതന്നെയാണെന്ന് പറയാം.
ഒരു സാധാരണ ഗ്രാമീണ സിനിമയുടെ എല്ലാ കച്ചവടമൂല്യങ്ങളും സമമായി കോർത്തിണക്കിയ ഒരു മസാല സിനിമ ആയി ഒരു വിഭാഗം പ്രേക്ഷകന് തോന്നിയാലും തെറ്റുപറയാനാവില്ല. മസാല സിനിമ എന്ന് പറയുമ്പോൾ, ചിത്രത്തിൽ നാടകീയത വേണം, ആത്മാർത്ഥമായ പ്രണയം, പക,ചതി, കൊലപാതകം, വ്യഭിചാരം, യുവാക്കളുടെ പച്ചയായ സൗഹൃദം, കുടുംബ ബന്ധങ്ങളിലെ വൈകാരിക മൂഹൂർത്തങ്ങൾ, മദ്യപാനം തുടങ്ങി കഞ്ചാവ് വലിക്കുന്ന രംഗങ്ങൾ പോലും വളരെ തന്മയത്തോടുകൂടി അവതരിപ്പിച്ചിരിക്കുന്നു.
ഒരിടത്ത് ഒരു രാജാവിന്റെ കഥ, മേലാളന്മാരും കീഴാളന്മാരും തമ്മിലുള്ള നിലനില്പിന്റെ കഥ, തലമുറകളിലൂടെ പറഞ്ഞ പകയുടെ കഥ അതൊന്നും കൂടാതെ കഥയില്ലാത്ത മനുഷ്യരുടെ കഥ, അങ്ങനെ കണ്ട് കഴിഞ്ഞ പല കഥകളും ഈ കഥയ്ക്കുള്ളിൽ കാണാൻ കഴിയുമെങ്കിലും സിനിമയുടെ ആത്മാവ് ഇതൊന്നുമല്ല. ദിവ്യമായ ഒരു സന്ദേശം അടങ്ങുന്ന ആ അകക്കാമ്പ് തന്നെയാണ് *കാന്താരാ* യെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഏൽക്കുവാൻ ഒരു കാന്തമായി വർത്തിക്കുന്നതും.
*കാന്താരാ* യെ ജ്വലിപ്പിക്കുന്ന പ്രധാന ഘടകം, അത് ഇന്ത്യയുടെ മണ്ണിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ദൈവീകമായ ഒരു സംസ്കാരത്തിന്റെ ഉദാത്തമായ ഒരു ദൃശ്യാവിഷ്കാരമാണ്.ശങ്കരാഭരണം, നന്ദനം, പ്രാഞ്ചിയേട്ടൻ തുടങ്ങിയ സിനിമകൾ കാണുമ്പോൾ അതിലെ കഥാപാത്രങ്ങൾ ഈശ്വര സാന്നിദ്ധ്യം അനുഭവിക്കുമ്പോൾ, കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരിലേയ്ക്ക് അത് പകരുന്നുണ്ട്. അതിനേക്കാളേറെ ആ ദിവ്യമായ അനുഭൂതി പ്രേക്ഷകരിലേയ്ക്കു ഒരു തീയായി പടരുന്ന ഒരു തീയേറ്റർ അനുഭവമാണ് *കാന്താരാ*.
ചിരിക്കുന്ന വില്ലന്മാരും ധർമ്മയുദ്ധങ്ങളും ഇന്ത്യൻ സിനിമയിൽ ഒരു പുതുമ അല്ലെങ്കിലും, ക്ലൈമാക്സിന് ശേഷമുള്ള ആ tail end ന്റെ അവതരണം അനിർവചനീയമാണ്.ശ്രേഷ്ഠമായ നാടൻ കലാരൂപങ്ങളുടെയും, നിഷ്കളങ്കമായ ഭക്തിയുടെയും, കാപട്യമില്ലാത്ത പച്ചയായ മനുഷ്യ ജീവിതങ്ങളുടെയും ഒരു അത്യപ്പൂർവ സമ്മേളനം… ഇതിനെല്ലാമുപരി ആ രംഗങ്ങളെ അവിസ്മരണീയമാക്കുന്ന അഭിനയ ചാരുതയുടെ അനർഘനിമിഷങ്ങൾ. ഭാരതീയ സംസ്കാരത്തെ നെഞ്ചിലേറ്റുന്ന, അതിനെ ഇത്രയധികം ഉത്‌കൃഷ്‌ടമായി അഭ്രപാളികളിൽ വരച്ചു കാട്ടുന്ന ഒരു ദൃശ്യസംഗീത സമ്മോഹനം.ചിത്രത്തെകുറിച്ച് എഴുതുമ്പോൾ അതിന്റെ അമരക്കാരൻ റിഷഭ് ഷെട്ടിയെ പരാമർശിക്കാതെ ഈ കുറിപ്പ് പൂർണമാക്കാൻ കഴിയില്ല. കന്നഡ സിനിമയിൽ നടനായും, തിരക്കഥാകൃത്തായും, സംവിധായകനായും, നിർമ്മാതാവായും എല്ലാം തിളങ്ങുന്ന ഒരു വ്യക്തിത്വം.
*കാന്താര* യിൽ ഒരു നായകന് വേണ്ട പല ഭാവങ്ങളും വളരെ ഫലപ്രദമായി വെള്ളിത്തിരയിൽ കാണിക്കുന്നുണ്ടെങ്കിലും, അമിതാഭിനയം എന്ന് പ്രേക്ഷകർ കരുതുവാൻ, അങ്ങനെ തോന്നുവാൻ സാധ്യതയുള്ള ഒരു നേർത്ത അതിർവരമ്പിന്റെ അറ്റത്തുനിന്നുള്ള ക്ലൈമാക്സ് പ്രകടനം കയ്യിൽ നിന്നും വഴുതിപോകാതെ കഥാപാത്രത്തിലേയ്ക്ക് പരക്കായപ്രേവേശം നടത്തി പ്രേക്ഷകരെ കൊണ്ട് കൈയ്യടിപ്പിക്കുന്ന മനോഹര കാഴ്ച ആക്കി മാറ്റിയ ആ കുറച്ചു നിമിഷങ്ങൾ ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ ഒരു പുതിയ നാഴികകല്ല് സൃഷ്ടിക്കുവാൻ ഉതകുന്നതാണ്.ചിത്രത്തിന്റെ അണിയറ ശില്പികൾ എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ടെങ്കിലും റിഷഭ് ഷെട്ടി യ്ക്ക് ഈ ചിത്രം തന്റെ കലാജീവിതത്തിൽ ഒരു പൊൻതൂവലാണ്.
മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയാണെങ്കിൽ വെറും 16 കോടി രൂപ മുതൽ മുടക്കുള്ള ഈ ചിത്രം ഇപ്പോൾ തന്നെ ഇന്ത്യയിൽ നിന്നും 250 കോടിക്കു മുകളിൽ നേടി കഴിഞ്ഞു. വളരെ താമസിയാതെ തന്നെ ആഗോള തലത്തിൽ 500 കോടി നേടുവാൻ ചിത്രത്തിന് കഴിഞ്ഞേക്കും.സിനിമയെ ഇഷ്ടപെടുന്നവർ OTT റിലീസിന് കാക്കാതെ ഈ ചിത്രത്തിന്റെ തീയറ്റർ അനുഭവം ആസ്വദിക്കുക.