ആസാമും എൻ.ആർ.സിയും, എന്തുകൊണ്ട് നാല്പതുലക്ഷത്തിലേറെ പേർ പുറത്തായി ?

138
Praveen Pathiyil
രാജ്യത്ത് പലയിടത്തും CAA-ക്ക് എതിരായുള്ള പ്രക്ഷോഭങ്ങൾ നടക്കുകയാണ്. അതിനെ കുറിച്ചുള്ള വാർത്തകൾ ശ്രദ്ധിച്ചിട്ടുള്ളവർക്ക്, വളരെ വ്യത്യസ്തമായ രണ്ട് തരം പ്രതിഷേധങ്ങൾ നടക്കുന്നുണ്ട് എന്ന് മനസ്സിലായിരിക്കും. മിക്കവാറും എല്ലായിടങ്ങളിലും മതത്തിന്റെ പേരിൽ അഭയാർത്ഥികളെ (ഒരു പക്ഷേ ഇന്ത്യക്കാരെ തന്നെയും) തരം തിരിക്കുന്നതിനോടുള്ള എതിർപ്പാണെങ്കിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഉള്ള പ്രതിഷേധം ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള കാലാവധി 1971-ൽ നിന്ന് 2014 ആകുന്നതിന് എതിരെ ആണ്. വേറൊരു തരത്തിൽ പറഞ്ഞാൽ ഏത് മതത്തിൽ പെട്ടവർക്കും ഇന്ത്യൻ പൗരത്വം നേടുന്നത് എളുപ്പമാകുന്നതിന് എതിരെ ആണ്. അത്തരം ഒരു നിലപാട് എവിടെ നിന്ന് വരുന്നു എന്ന് മനസ്സിലാക്കാൻ NRC എന്തെന്നറിയണം. അതും ആസ്സാമും തമ്മിലുള്ള ബന്ധം അറിയണം.
1970-കൾ മുതൽ ആസ്സാമിൽ തദ്ദേശീയരല്ലാത്തവർക്കെതിരായ സമരം നടക്കുന്നുണ്ട്. ഈ സമരത്തിന്റെ ചരിത്രം ബ്രിട്ടീഷുകാരുടെ കാലത്ത് മുതല്ക്കുള്ളതാണെങ്കിലും 1978-79 കാലഘട്ടത്ത് ഇത് ശക്തി പ്രാപിച്ചു. 1979-ലെ ഒരു ഉപതിരഞ്ഞെടുപ്പാണ് അതിന് തീപ്പൊരി ആയത്. ആ നിയോജക മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം അസ്വാഭാവികമായി കൂടിയിട്ടുണ്ട് എന്നുള്ള തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഒരു പ്രസ്താവന മൂലമായിരുന്നു അത്. സമരം ശക്തി പ്രാപിക്കാൻ മൂന്ന് മൂല കാരണങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു. ഇന്ത്യ വിഭജന സമയത്തും പിന്നീട് ബംഗ്ലാദേശ് സ്വാതന്ത്ര്യത്തോട് അനുബന്ധിച്ച് നടന്ന യുദ്ധ സമയത്തും ഒരു പാട് ആളുകൾ ബംഗ്ലാദേശിൽ നിന്ന് അവിഭക്ത ആസ്സാമിലേക്ക് വന്നിട്ടുണ്ട് എന്നുള്ള വസ്തുത. മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മലനിര ഗോത്രങ്ങൾക്ക് ഭരണഘടനയുടെ സംരക്ഷണം ലഭിച്ചിരുന്നു എങ്കിൽ ആസ്സാമിലെ സമതല ഗോത്രങ്ങൾക്ക് അതുണ്ടായിരുന്നില്ല എന്നത്. അടിയന്തരാവസ്ഥ കഴിഞ്ഞ് മിക്ക സ്ഥലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ ആസ്സാമിൽ അവർ ജയിച്ചു എന്നുള്ളത് (ഈ ജയം തദ്ദേശീയരല്ലാത്തവർ കോൺഗ്രസിനെ ആ പാർട്ടിയുടെ അനുകൂല നയങ്ങൾക്ക് പ്രത്യുപകാരമായി പിന്തുണച്ചത് കൊണ്ടാണെന്നുള്ള സംശയം കൊണ്ട്).
1979 മുതൽ വിദ്യാർത്ഥി പ്രസ്ഥാനമായ All Assam Students Union (AASU) ന്റെ നേതൃത്വത്തിൽ തദ്ദേശീയരല്ലാത്തവരെ പുറത്താക്കണം, അല്ലെങ്കിൽ അത്തരക്കാർക്ക് വോട്ടവകാശം നിഷേധിക്കണം എന്ന ആവശ്യവുമായി സമരം തുടങ്ങി. 850-ഓളം ആളുകളുടെ മരണത്തിനിടയാക്കിയ സമരം 1985 ആഗസ്റ്റ് 15 ന് രാജീവ് ഗാന്ധിയും വിദ്യാർത്ഥി നേതാക്കളും തമ്മിൽ കരാർ ഒപ്പ് വെച്ചാണ് അവസാനിച്ചത്.
മരിച്ചവരുടെ എണ്ണം 850 എന്ന് പറയുമ്പോൾ അത് സമരക്കാരുടെ മാത്രം കണക്കാണ്. സമരത്തിനിടക്ക്, 1983 ഫെബ്രുവരി 18-ന്, 2000-ത്തിനും 3000-ത്തിനും ഇടക്ക് വരുന്ന മുസ്ലിം അഭയാർത്ഥികളെ ആസ്സാം ഗോത്രവർഗക്കാർ കൂട്ടക്കൊല ചെയ്തു. 8 മണിക്കൂറോളം നീണ്ട അക്രമത്തിൽ 14 ഗ്രാമങ്ങളിലായാണ് പണിയായുധങ്ങളും വിഷം തേച്ച അമ്പുകളും ഉപയോഗിച്ച് കുട്ടികളും സ്ത്രീകളും വൃദ്ധരും കൊല ചെയ്യപ്പെട്ടത്. അതിലെ ഒരു ഗ്രാമമായ നെല്ലി-യുടെ പേരിൽ ഈ സംഭവം അറിയപ്പെടുന്നു – Nellie Massacre. വോട്ടർ ലിസ്റ്റ് പുതുക്കാതെ തിരഞ്ഞെടുപ്പ് നടത്തരുത് എന്നതായിരുന്നു AASU ഉന്നയിച്ചിരുന്ന ആവശ്യം. ഇതിനെ മറികടന്ന് ഇന്ദിര ഗാന്ധി 1983 -ൽ നിയമസഭ തിരഞ്ഞെടുപ്പ് നടത്തിയതാണ് പെട്ടെന്ന് കലഹാന്തരീക്ഷം മോശമാക്കിയത് എന്ന് പറയപ്പെടുന്നു. കൊല്ലങ്ങളായുള്ള വഴക്കുകൾ ഒരു കൂട്ടക്കൊലയിലേക്ക് എത്തി. പക്ഷെ സമരാവസാനം ഒപ്പ് വെച്ച കരാർ പ്രകാരം ഇതുമായി ബന്ധപ്പെട്ട കേസുകൾ എല്ലാം പിൻവലിച്ചു.
ആയിരക്കണക്കിനാളുകളുടെ ജീവൻ ബാക്കി ഉള്ളവരുടെ സമാധാനം കെടുത്തരുതല്ലോ.
1985-ലെ തിരഞ്ഞെടുപ്പിൽ AASU നേതാക്കൾ രൂപീകരിച്ച Asom Gana Parishad (AGP) ഏറ്റവും വലിയ പാർട്ടി ആയി. AASU നേതാവ് പ്രഫുല്ല കുമാർ മൊഹന്ത ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയും. ഇന്ത്യക്കാർ ആരെന്ന് തീരുമാനിക്കാനുള്ള Citizen List-ഉം (അതിന്റെ പിൻഗാമിയായ NRC-യും) അതിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള Foreigner Tribunal-ഉം ഒക്കെ ഈ കരാറിൽ നിന്നും വരുന്നതാണ്. പക്ഷെ കരാറിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ, അതിന് കാരണമായ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ, കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ കാര്യമായി പരിശ്രമിച്ചില്ല. അധികാരം കയ്യിൽ വന്നതോടെ വിദ്യാർത്ഥി നേതാക്കൾ അവരുടെ ഉൾപാർട്ടി വഴക്കുകളിലേക്ക് തിരിഞ്ഞു. കരാറിനെ ആദ്യമേ എതിർത്തവർ ULFA എന്ന തീവ്രവാദി സംഘടനയിലേക്കും പോയി. പിന്നെ കുറെ നാൾ ULFA-യും കേന്ദ്ര / സംസഥാന ഗവണ്മെന്റുകളും തമ്മിലായി ഏറ്റുമുട്ടൽ.
ആസ്സാം പ്രശ്നം മതത്തിന്റെ പേരിലുള്ള പ്രശ്നമായിരുന്നില്ല. മറിച്ച് ഭാഷയുടെയും ഭൂമിയുടെയും പ്രശ്നമായിരുന്നു. അത് മനസ്സിലാക്കാൻ ആസ്സാമിന്റെ ചരിത്രം കൂടി അറിയേണ്ടതുണ്ട്. 1800-കളുടെ തുടക്കത്തിൽ ആസ്സാമുകാർക്ക് ബർമയുടെ പട്ടാളത്തിന്റെ ക്രൂരതകൾക്ക് ഇരയാവേണ്ടി വന്നു. അതിൽ നിന്ന് രക്ഷപെടാൻ അവർ ബ്രിട്ടീഷുകാരുടെ സഹായം അഭ്യർത്ഥിച്ചു. ബർമയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷുകാർ പക്ഷെ ആസ്സാമിന്റെ ഭരണം കയ്യാളി. ഭരണകാര്യങ്ങൾ നടത്താൻ ബംഗാളിൽ നിന്നുള്ള ആളുകളെ ആണ് അവർ കൊണ്ട് വന്നത്. ഭരണ ഭാഷ ബംഗാളിയും ആയി. ബംഗാളിൽ ഭരണ ഭാഷ മുഗളന്മാരുടെ പേർഷ്യനിൽ നിന്ന് ബംഗാളി ആയ കാലം കൂടെ ആയിരുന്നു അത്. ടാഗോറും മറ്റ് എഴുത്തുകാരും ബംഗാളി ഭാഷയിൽ നവോത്ഥാനം കൊണ്ട് വന്നപ്പോൾ മറ്റ് വടക്ക് കിഴക്കൻ പ്രവിശ്യകളിലെ ഭാഷകളുടെ മേൽ ബംഗാളി ഭാഷ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി. ഇവിടെ നിന്നാണ് ബംഗാളികൾക്കും അവരുടെ ഭാഷക്കും എതിരായ വികാരം ആസാമിൽ ഉടലെടുക്കുന്നത്. ഇന്ത്യ വിഭജന സമയത്തും പിന്നീട് ബംഗ്ലാദേശ് സ്വാതന്ത്ര്യത്തോട് അനുബന്ധിച്ച് നടന്ന യുദ്ധ സമയത്തും ഒരു പാട് ആളുകൾ ബംഗ്ലാദേശിൽ നിന്ന് വന്നപ്പോൾ ബംഗാളികൾ ഭൂരിപക്ഷവും സ്വന്തം നാട്ടിൽ ആസ്സാമികൾ ന്യൂനപക്ഷവും ആവുമോ എന്ന ഭീതി വർധിച്ചു. ആസ്സാമിന്റെ ഭാഗമായിരുന്ന Sylhet ബംഗ്ലാദേശിന്റെ ഭാഗമായപ്പോൾ അവിടെ ഉണ്ടായിരുന്ന ബംഗാളി ഹിന്ദുക്കൾ വലിയ തോതിൽ ആസ്സാമിലേക്കെത്തിയതും ഇതിന് കാരണമായി.
മറ്റൊരു പ്രശ്നം ഭൂമിയുടേതാണ്. ചതുപ്പായി കിടന്നിരുന്ന ആസ്സാമിലെ പല നിലങ്ങളും ബംഗ്ലാദേശിൽ നിന്ന് വന്നവർ കൃഷിസ്ഥലമാക്കി. ഇവിടെ കഷ്ടപ്പെട്ട് കൃഷി ചെയ്യാൻ ആസാമികൾ ശ്രമിച്ചിരുന്നില്ല എന്നത് കൊണ്ട് ബ്രിട്ടീഷുകാർ തന്നെ ഇങ്ങനെ ഒരു കുടിയേറ്റത്തിനെ പ്രോത്സാഹിപ്പിച്ചിരുന്നു. അങ്ങിനെ തദ്ദേശീയർക്ക് ഭൂമി സംവരണം വേണം എന്ന ആവശ്യം ശക്തമായി. ഇന്ത്യക്കാർ ആണെങ്കിൽ പോലും മറ്റ് പ്രവിശ്യയിലെ ആളുകളുടെ കുടിയേറ്റം തടയാൻ Inner Line Permit (ILP) എന്ന സംവിധാനം വരുന്നത് ഈ ഭൂസംവരണത്തിൽ നിന്നാണ്.
ഭാഷ, ഭൂമി, സംസ്കാരം എന്നിവ അടിസ്ഥാനമായ സമരത്തിന് മതത്തിന്റെ നിറം കൊടുത്തത് പ്രധാനമായും മത / രാഷ്ട്രീയ സംഘടനകളാണ്. ബംഗാളി ഹിന്ദുക്കളെ ഒഴിവാക്കി ബംഗ്ലാദേശി മുസ്ലിങ്ങളെ മാത്രം എതിർക്കുന്ന സമരമായി ആസ്സാം പ്രക്ഷോഭത്തെ മാറ്റാൻ ശ്രമിച്ചത് ബിജെപിയും ആർഎസ്എസുമാണ്. ആദ്യകാലത്ത് വാജ്‌പേയിയും ‘രാജു ഭയ്യ’ എന്നറിയപ്പെട്ടിരുന്ന രാജേന്ദ്ര സിങ്ങും ഇതിന് നേതൃത്വം നൽകിയിരുന്നു എന്ന് പറയപ്പെടുന്നു. മറുവശത്ത് മുസ്ലിം നേതാക്കൾ ബംഗാളി എന്ന സ്വത്വത്തിന് (identity) മുകളിലായി മുസ്ലിം സ്വത്വം അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചു. ആസ്സാം കരാർ ഒപ്പ് വെക്കുന്നതോടെ AASU നേതാക്കളെ കോൺഗ്രസിലേക്ക് ചേർക്കാം എന്ന രാജീവ് ഗാന്ധിയുടെ പദ്ധതി നടക്കാതെ വന്നപ്പോൾ ആസ്സാമിൽ തങ്ങളുടെ അധികാരം തിരിച്ചു പിടിക്കാൻ AASU-വിനെതിരായി കോൺഗ്രസ് ന്യൂനപക്ഷങ്ങളെ കൂട്ടുപിടിച്ചു. പ്രമുഖ നേതാക്കളെല്ലാം ബംഗാളികളായിരുന്ന CPM, ബംഗാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ, ആസ്സാമികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ അവർക്കും ആകാതെ പോയി.
ആസ്സാം പ്രക്ഷോഭം ഉയർത്തിയ ആവശ്യങ്ങൾ കൃത്യമായ പരിഹാരം ഇല്ലാതെ ഇപ്പോഴും നിലനിൽക്കുന്നു. 1971-ലെ കണക്കുകൾ വെച്ച് ഇന്ത്യക്കാർ ആരെന്ന് നിശ്ചയിക്കൽ എളുപ്പമല്ല. ആ കാലത്തെ രേഖകൾ മുഴുവനായും ലഭ്യമല്ല. ഇടക്കിടക്ക് വെള്ളപ്പൊക്കം മൂലം ആളുകളുടെ കുടിയേറ്റം ഉണ്ടാവുന്ന ആസ്സാമിൽ ഭൂമിരേഖകൾ വെച്ച് ഇതിനൊരു തീർപ്പാവില്ല. കല്യാണം കഴിഞ്ഞ് വേറൊരു ഗ്രാമത്തിൽ താമസമാക്കുന്ന സ്ത്രീൾക്ക് കുടുംബഭൂമി കാണിച്ച് പൗരത്വം തെളിയിക്കൽ ബുദ്ധിമുട്ടാണ്. ഇതെല്ലാം കൊണ്ടാണ് NRC നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ 40 ലക്ഷം ആളുകൾ അതിലുൾപ്പെടാതെ പോയത്. ഇനി വിദേശീയരെന്ന് കരുതുന്ന ആളുകളെ എന്ത് ചെയ്യണം എന്നതിനെ കുറിച്ചും വ്യക്തമായ ധാരണ ഇല്ല. ഇപ്പോൾ ചെയ്യുന്നത് കൂറ്റൻ ‘detention centre’-കൾ പണിയുക എന്നതാണ്. ഇത്രയും ആളുകളുടെ അപ്പീൽ കേൾക്കണം എന്നുള്ളത് കൊണ്ട് അതിന് തീർപ്പ് കൽപ്പിക്കാനുള്ള ആളുകളുടെടെ യോഗ്യത ഹൈക്കോടതി ജഡ്ജിയിൽ നിന്ന് അഭിഭാഷകൻ ആക്കിയിരിക്കുന്നു. നൈതികമായി തീർപ്പുകൽപ്പിക്കാൻ തയ്യാറാവാത്ത ആളുകളുടെ കയ്യിൽ കിട്ടുന്ന അപ്പീലുകളുടെ ഭാവി നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.
സംഗീത ബറൂവ പിഷാരടിയുടെ 400 പേജ് ഉള്ള “Assam: The Accord, The Discord” എന്ന പുസ്തകത്തിന്റെ സംഗ്രഹം ആണ് മുകളിൽ പറഞ്ഞത്. NRC-യുടെ ഉത്ഭവം അറിയുക എന്നത് ഇന്നത്തെ ആവശ്യമാണ്. ഇത്തരം ഒരു ഉദ്യമം ഇന്ത്യ ഒട്ടാകെ നടത്തേണ്ടതില്ല എന്ന് NRC-യുടെയും ആസ്സാമിന്റെയും ചരിത്രത്തിൽ നിന്ന് നമുക്ക് മനസ്സിലാവും. ഒരു അതിർത്തി പ്രദേശത്തെ ചരിത്രപരമായ പ്രശ്നം ഇന്ത്യ ഒട്ടുക്കും ഉണ്ടെന്ന് ഭാവിച്ചാൽ ഒരു പാട് പാവങ്ങൾ അതിന് കനത്ത വിലകൊടുക്കേണ്ടി വരും.
ഇവിടെ ആലോചിക്കേണ്ട ഒന്ന് രണ്ട് വിഷയങ്ങൾ കൂടി ഉണ്ട്. ആസ്സാമിലെ പ്രക്ഷോഭത്തെ പരദേശീസ്‌പര്ദ്ധ (xenophobia) എന്ന് പറഞ്ഞ് തള്ളാം. പക്ഷെ മറ്റിടങ്ങളിലും സമാനമായ സാഹചര്യങ്ങൾ വന്നെന്ന് വരാം. കേരളത്തിൽ പണിക്ക് വരുന്ന ബംഗാളികളോ അസ്സമികളോ ഇവിടെ താമസമാക്കാൻ തുടങ്ങിയാൽ, അവരുടെ ഭാഷയും സംസ്കാരവും ഇവിടെ പ്രചരിപ്പിക്കാൻ തുടങ്ങിയാൽ നമ്മൾ അതിനെ സ്വാഗതം ചെയ്യാൻ തയ്യാറാവുമോ? നാം നമ്മളോട് ചോദിക്കേണ്ട ഒരു ചോദ്യമാണ് അത്.
മറ്റൊന്ന് കുടിയേറ്റത്തിന്റേതാണ്. വിദ്യാഭ്യാസവും അനുകൂല ചുറ്റുപാടുകളും ഉള്ളവർക്ക് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കോ രാജ്യത്തേക്കോ പോകാൻ വ്യവസ്ഥകൾ ഉണ്ട്. അതില്ലാത്തവർക്ക് ധാരാളം കടമ്പകളും. ഇതെല്ലാം കുറഞ്ഞവർക്ക് തങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ, തങ്ങളുടെ കുട്ടികൾക്ക് ഒരു നല്ല ഭാവി ഉണ്ടാക്കി കൊടുക്കാൻ അർഹത ഇല്ലേ? ഇത്തരത്തിലുള്ളവരുടെ കൂടുമാറ്റം എന്നും ‘illegal’ എന്ന് മുദ്രകുത്തപ്പെടുന്നു. ലോകത്ത് സമത്വം വളരാൻ ഈ അവസ്ഥക്ക് മാറ്റം വന്നേ തീരൂ.