Art
മാഡം നിങ്ങൾ നൃത്തം ചെയ്യുമ്പോൾ ദൈവം സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടാൽ എന്ത് ചെയ്യും?
മാഡം നിങ്ങൾ നൃത്തം ചെയ്യുമ്പോൾ ദൈവം സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടാൽ എന്ത് ചെയ്യും? ഒന്ന് സൈഡിലേക്ക് മാറി നിൽക്കൂ, ഞാനെന്റെ പ്രേക്ഷകരുമായി സംവദിക്കുകയാണ് എന്ന് ഞാൻ ദൈവത്തോട് പറയും
207 total views

മാഡം നിങ്ങൾ നൃത്തം ചെയ്യുമ്പോൾ ദൈവം സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടാൽ എന്ത് ചെയ്യും? ഒന്ന് സൈഡിലേക്ക് മാറി നിൽക്കൂ, ഞാനെന്റെ പ്രേക്ഷകരുമായി സംവദിക്കുകയാണ് എന്ന് ഞാൻ ദൈവത്തോട് പറയും.ഈയിടെ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായ ഒരാൾ തന്റെ ഫേസ്ബുക്ക് ലൈവിൽ ഒരു പ്രേക്ഷകന് നൽകിയ മറുപടിയാണിത്.1984ൽ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ ബാലചന്ദ്രമേനോൻ എന്ന മലയാള സിനിമാ യൂണിവേഴ്സിറ്റി അവതരിപ്പിച്ച ആ പതിന്നാലു വയസ്സുകാരി പെൺകുട്ടി അന്ന് സ്ക്രീനിൽ നിന്ന് ഓരോ മലയാളി വീടുകളിലെയും മണിക്കുട്ടനായി.
ഓരോ ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ മണിക്കുട്ടാ എന്ന് വിളിച്ചു തുടങ്ങി.ചുവന്ന പൊട്ടും തൊട്ട് ആ മെലിഞ്ഞ പെൺകുട്ടി ഒരൊറ്റ സിനിമ കൊണ്ട് മലയാളിയുടെ മനസ്സിൽ ഒരു കസേര വലിച്ചിട്ടിരുന്നുകഴിഞ്ഞിരുന്നു.അതേ വർഷം തന്നെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന ഭരതൻ ചിത്രത്തിൽ മമ്മൂട്ടിയുടെ സഹനടിയായും,കാണാമറയത്ത് എന്ന ചിത്രത്തിൽ അന്ന് മുപ്പത്തിയൊന്ന് വയസ്സുള്ള മമ്മൂട്ടിയുടെ നായികയായും അതേ പതിന്നാലു വയസ്സുകാരി മലയാള സിനിമയിൽ നിറഞ്ഞാടി.പറഞ്ഞുവരുന്നത് വേറാരേയും പറ്റിയല്ല.ഒരു കാലഘട്ടത്തിന്റെ കൗമാര-യൗവനങ്ങളുടെ മധുരക്കിനാവുകളെയും സൗന്ദര്യസങ്കൽപ്പങ്ങളെയുമാകമാനം വെളുത്തുകൊലുന്നനെയുള്ള തന്റെ രൂപത്തിലേക്ക് ഒരു ലാസ്യ നൃത്തം പോലെ വലിച്ചടുപ്പിച്ചുനിർത്തിയ ശോഭന ചന്ദ്രകുമാർ പിള്ള എന്ന ദ് എവർഗ്രീൻ, എവർചാമിംഗ് ശോഭന.
1985 ൽ പതിനാറ് മലയാളം സിനിമകളിലും പന്ത്രണ്ട് തെലുങ്ക് സിനിമകളിലും നിറഞ്ഞഭിനയിക്കുമ്പോൾ അവർക്ക് വെറും പതിനഞ്ചു വയസ്സ് മാത്രമായിരുന്നു പ്രായം.1986 ൽ പതിന്നാലു സിനിമകളിലാണ് ശോഭന അഭിനയിച്ചത്.അതായത് പതിനഞ്ച് -പതിനാറ് വയസ്സിൽ അവർ അഭിനയിച്ചത് ഏകദേശം 50ഓളം സിനിമകളിൽ! ആറടിയോളം ഉയരവും മെല്ലിച്ച,എന്നാൽ ലക്ഷണമൊത്ത ശരീരഭംഗിയും ഹൈലി എക്സ്പ്രസീവായ പുരികങ്ങളും കണ്ണുകളുമൊക്കെ കാരണം 1980-90 കാലഘട്ടത്തിലെ ഏറ്റവും സുന്ദരിയായ തെന്നിന്ത്യൻ നടിയായി ശോഭന ആഘോഷിക്കപ്പെട്ടു.1994ൽ മണിച്ചിത്രത്താഴ് എന്ന എക്കാലത്തെയും മികച്ച ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രം ശോഭനയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങമായി കരുതപ്പെടുന്നു.ഗംഗയേക്കാൾ നാഗവല്ലി എന്ന നർത്തകിയെ സ്ക്രീനിൽ അവതരിപ്പിക്കാൻ ശോഭനയേക്കാൾ മികച്ചൊരു ചോയ്സ് ഉണ്ടാകുമായിരുന്നില്ല ഫാസിലിന്. ആ നാഗവല്ലി അന്ന് വശീകരിച്ചത് രാമനാഥനെ മാത്രമായിരുന്നില്ല,ആ വർഷത്തെ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കൂടിയായിരുന്നു.മണിച്ചിത്രത്താഴ് എന്ന ചിത്രം പല ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടെങ്കിലും മികച്ച അഭിനേത്രികളായ വിദ്യാ ബാലനും ജ്യോതികയുമൊക്കെ നാഗവല്ലിയുടെ വേഷം ചെയ്തുവെങ്കിലും അവരുടെയൊക്കെ പെർഫോമൻസുകൾ നമ്മളോടാവർത്തിച്ചു പറയുന്നത് നാഗവല്ലിയെ പൂർണതയോടെ ആടിത്തീർക്കാൻ ശോഭനയ്ക്ക് മാത്രമേ കഴിയൂ എന്നതാണ്.
അതിന് ശേഷവും ശോഭന ദേശീയ പുരസ്കാരം നേടുകയുണ്ടായി,2002ൽ രേവതി സംവിധാനം ചെയ്ത മിത്ര്, മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഒരിക്കൽ കൂടി ശോഭനയെ തേടിയെത്തി.അന്ന് നടി തബുവുമായി ചാന്ദ്നി ബാറിലെ അഭിനയത്തിന് അവർ പുരസ്കാരം പങ്കിട്ടു.1984ൽ തുടങ്ങി 2000ത്തോടെ നീണ്ട പതിനാറ് വർഷത്തെ കരിയറിന് ബ്രേക്ക് നൽകിയ ശോഭന പിന്നീട് 2004ൽ മാമ്പഴക്കാലത്തിലൂടെയും 2005ൽ മകൾക്ക് എന്ന ചിത്രത്തിലൂടെയും 2009ൽ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെയും തന്റെ സാന്നിധ്യമറിയിച്ചു.ഇതിൽ ശക്തമായ തിരിച്ചുവരവ് എന്ന് പറയാവുന്നത് 2013ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെയായിരുന്നു.ആ ചിത്രത്തിലൂടെ ശോഭനയുടെ അഭിനയചാതുരി വീണ്ടും നമുക്ക് മുന്നിൽ വെളിവാക്കപ്പെട്ടു.സ്വന്തം ശബ്ദത്തിൽ തന്നെ ഡബ്ബ് ചെയ്തുകൊണ്ട് തിരയിലെ തന്റെ കഥാപാത്രത്തെ ശോഭന മറ്റൊരു തലത്തിലേക്ക് എത്തിച്ചു എന്ന് വേണം പറയാൻ.
വിനീതിന്റെ നാളിതുവരെയുള്ള ബെസ്റ്റ് വർക്കായി കണക്കാക്കാവുന്ന ചിത്രമാണ് തിര.തിരയിലെ ഡോ.രോഹിണി പ്രണബിനെ പേപ്പറിൽ പകർത്തുമ്പോഴൊക്കെയും തന്റെ മനസിൽ നിറയെ ശോഭനയുടെ ഉയർന്നുവളഞ്ഞ പുരികങ്ങളുംതുളച്ചിറങ്ങുന്ന നോട്ടവുമായിരുന്നു എന്ന് വിനീത് അന്നത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.2006ൽ പദ്മശ്രീ നൽകി രാജ്യവും, 2014ൽ കലാ രത്ന നൽകി സംസ്ഥാനവും 2019ൽ ഡോക്ടറേറ്റ് നൽകി എംജിആർ വിദ്യാഭ്യാസ ഗവേഷണ ഇന്സ്റ്റിറ്റ്യൂട്ടും ശോഭനയെ ആദരിച്ചു.
പ്രശസ്ത നർത്തകിമാരായ ചിത്ര വിശ്വേശരന്റെയും പത്മാ സുബ്രഹ്മണ്യത്തിന്റെയും പ്രിയ ശിഷ്യയായ ശോഭന സിനിമയിൽ നിന്ന് മാറിനിന്ന സമയമത്രയും കലാർപ്പണ എന്ന തന്റെ നൃത്തവിദ്യാലയത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നൃത്തത്തോട് ഇഴുകിച്ചേർന്ന് തന്നെ നിന്നു.ലോകപ്രശസ്തനായ പോപ് സംഗീജ്ഞൻ മൈക്കിൾ ജാക്സണിനൊപ്പം വരെ കോൺസെർട്ട് ചെയ്ത ഇന്ത്യൻ നർത്തകിയാണ് മലയാളത്തിന്റെ ഈ പ്രിയ നടി.ഏപ്രിൽ പതിനെട്ടിന്റെ സെറ്റിൽ വളരെയധികം റിബലായിരുന്നു ശോഭന എന്ന് ബാലചന്ദ്രമേനോൻ പറഞ്ഞിട്ടുണ്ട്. ആ ഒരു അറ്റിറ്റ്യൂഡ് അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്ന് വേണം കരുതാൻ.
അവിവാഹിതയായ ഒരു സ്ത്രീ തന്റെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന എല്ലാ തരം പ്രശ്നങ്ങളും നേരിട്ട ഒരു സ്ത്രീയാണ് ശോഭന. ഒരുകാലത്ത് ഏറ്റവുമധികം ഗോസിപ്പുകൾ പടയ്ക്കപ്പെട്ട ഒരു പേര് ശോഭനയുടേതായിരുന്നു.അവരുടെ ജീവിതം പല ഘട്ടങ്ങളിലും ഓഡിറ്റ് ചെയ്യപ്പെട്ടു.പക്ഷേ അപ്പോഴൊക്കെയും തന്റെ ആ അറ്റിറ്റ്യൂഡ് മൂറുകെപ്പിടിച്ചുകൊണ്ട്, തലയുയർത്തി പിടിച്ചു കൊണ്ട് തന്നെയാണവർ മുന്നോട്ട് പോയത്. പിന്നീടവർ ഒരു കുഞ്ഞിനെ തന്റെ മകളായി ദത്തെടുക്കുകയും അനന്തനാരായണി എന്നവൾക്ക് പേരിട്ട് വളർത്തുകയും ചെയ്തു.ജീവിതത്തിൽ മുഴുവനും ആ ഒരു ആത്മവിശ്വാസവും ഉറച്ച തീരുമാനങ്ങളും അവർ കൈക്കൊണ്ടു പോന്നിരുന്നു എന്ന് വ്യക്തമല്ലേ. പാപ്പരാസികൾ അവരുടെ അവിഹിതം തിരഞ്ഞപ്പോൾ ലോകമൊട്ടുക്കും നൃത്തപരിപാടികളുമായി തിരക്കിലായിരുന്നു അവർ, ഓരോ ഗോസിപ്പുകളെയും അവർ ചിലങ്കയണിഞ്ഞ തന്റെ കാലുകൾക്ക് താഴെ നിർദാക്ഷിണ്യം ചവിട്ടിയരച്ചു.ഇന്നിപ്പോൾ ഈ 2020ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ വീണ്ടും ശോഭന വന്നു.ഇവിടെ ശോഭനയ്ക്ക് കൂടുതൽ അഭിനയിക്കേണ്ടി വന്നില്ല എന്നതാണ് സത്യം. അവരുടെ അഭിനയത്തെ ചലഞ്ച് ചെയ്യുന്ന കഥാപാത്രമായിരുന്നില്ല ഈ ചിത്രത്തിലേത്.
പക്ഷേ ഒരു കാര്യം പറയാം,ഈ ചിത്രത്തിന്റെ ഫ്രഷ്നെസ്സിന്റെ ഏറിയ പങ്കും ശോഭന എന്ന നടിയുടെ സ്ക്രീൻ സ്പേസിനും, പ്രഭാവത്തിനുമവകാശപ്പെട്ടതാണ്. 1991ൽ സാക്ഷാൽ രജനീകാന്തിനൊപ്പം ദളപതിയിലഭിനയിച്ചപ്പോളാണ് ശോഭന ഏറ്റവും സുന്ദരിയായിരുന്നതെന്നൊരു കൂട്ടർ, അല്ല, അത് ചുവന്ന പൊട്ടും തൊട്ട്, മനം മയക്കുന്ന ചിരിയോടെ നാടോടിക്കാറ്റിലായിരുന്നെന്ന് ഒരു കൂട്ടർ, ഇതൊന്നുമല്ല അത് അനന്തരത്തിലായിരുന്നുവെന്ന് മറ്റൊരു കൂട്ടർ.തോം തോം തോം എന്ന മൂന്നു ജതി കേൾക്കുമ്പോൾ തന്നെ അഴിഞ്ഞുലഞ്ഞ മുടിയും ഭ്രാന്തമായി ചലിക്കുന്ന കണ്ണുകളും വിഭ്രമാത്മകമായ നൃത്തചലനങ്ങളോടെയും ശോഭനയുടെ രൂപം നമ്മുടെ മനസിലെ സെല്ലുലോയ്ഡിൽ തെളിയും.അത് പോലൊരു ബെഞ്ച് മാർക്ക് സൃഷ്ടിക്കുക എന്നത് ഒരു നായികാനടിയെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നില്ല,പ്രത്യേകിച്ച് മലയാളം പോലെ ഒരു പുരുഷാധിപത്യ സിനിമ മേഖലയിൽ, അവിടെയാണ് ശോഭന എന്ന പേര് വേറിട്ട ശബ്ദമാകുന്നത്.അവരുടെ സൗന്ദര്യം കേവലം രൂപത്തിലൊതുങ്ങുന്നതല്ല എന്നതാണ് സത്യം. അവരുടെ ആ വ്യക്തിത്വത്തിന്റെ, ആ റെബല്യസ് നേച്ചറിന്റെ,ആ ആറ്റിറ്റ്യൂഡിന്റെ ഒക്കെ റിസൽട്ടാണവരുടെ സൗന്ദര്യം. അതാണവരുടെ ഔറയ്ക്ക് ഇത്ര പോസിറ്റിവിറ്റി പകർന്നു നൽകുന്നത്.സിനിമ സംഭാഷണം കടമെടുത്താൽ ഇങ്ങനെ പറയാം, “മൊഞ്ച് ഓൾടെ മുഖത്തിനല്ല, ഓൾടെ മനസ്സിനാണ്..”മികച്ച കഥാപാത്രങ്ങളിലൂടെ ഈ പ്രിയ നടി ഇനിയുമിനിയും മലയാളത്തിലേക്ക് നിറയട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.പ്രിയമുള്ളൊരീ നടി ഇനിയുമിനിയും വരുമെന്നാശിച്ച് പടിവാതിൽ തുറന്നിട്ട് മോഹിക്കുകയാണ് മലയാള സിനിമയും പ്രേക്ഷകരും.
വര : അനുഗ്രഹീത കലാകാരൻ, പ്രിയപ്പെട്ട സുഹൃത്ത്
208 total views, 1 views today