Praveen Prabhakar
“Acting is my Happy Agony ”
അധ്രി ജോയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലെ ബയോ ആണ് മുകളിൽ പറഞ്ഞത്… അഭിനേതാവുക എന്ന യാതന നിറഞ്ഞ വഴികളെ ഇഷ്ടപെടുന്ന ഒരാൾ…കൈപിടിച്ചുയർത്താൻ ഗോഡ് ഫാദർമാരില്ലെങ്കിൽ എത്ര കഴിവുണ്ടെങ്കിലും കല്ലും മുള്ളും നിറഞ്ഞ വഴിയാണ് സിനിമയിലേക്കുള്ളത്… ആ യാതന നിറഞ്ഞ യാത്രയെ ആത്മാർഥമായി ആസ്വദിക്കുന്ന അതിനുവേണ്ടി കഷ്ടപ്പെട്ട ഒരാൾ പതിയെ വിജയം കണ്ട് തുടങ്ങുമ്പോൾ സന്തോഷമുണ്ട്.
കയ്യിലുള്ള ജോലി കളഞ്ഞ് 4 വർഷം മുന്നേ വിദേശത്തു നിന്ന് മടങ്ങി വരുമ്പോൾ അധ്രിക്ക് മനസ്സിൽ സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളു… ഒരുപാട് ഒഡിഷനുകളിൽ പങ്കെടുത്തു… ഫലമുണ്ടായില്ല… പിന്നെ സ്വന്തം കഴിവ് തെളിയിക്കാൻ ഇൻസ്റ്റാഗ്രാമിൽ റീൽസ് ചെയ്ത് തുടങ്ങി… പാരഡി പാട്ടുകളും കോമഡി റീൽസും കുറെയേറെ ചെയ്തു… ഏതാണ്ട് 180 വിഡിയോകൾക്ക് ശേഷമാണ് അയാളുടെ ആദ്യ വൈറൽ വീഡിയോ പുറത്തിറങ്ങുന്നത് തന്നെ… അതിന് ശേഷം മാത്രമാണ് നമ്മളെ പോലുള്ളവർ പോലും അയാളെ ശ്രദ്ധിച്ചു തുടങ്ങിയത് തന്നെ…. മൂന്ന് വർഷക്കാലം ജോലി പോലുമില്ലാതെ സിനിമക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്ന്, തന്റെ കഴിവിൽ ഉറച്ച വിശ്വാസത്തോടെ അതിന് വേണ്ടി പരിശ്രമിച്ച അയാളെ ഇന്ന് തല്ലുമാലയിലെ വികാസായി കണ്ടപ്പോൾ സത്യത്തിൽ നല്ല സന്തോഷം തോന്നി.
അധ്രിയുടെ ആദ്യ ഇന്റർവ്യൂവിൽ അവതാരിക അയാളോട് ചോദിച്ച ഒരു ചോദ്യമാണ് “എന്താണ് റീൽസുകൾ ചെയ്യുന്നത് കുറഞ്ഞു വരുന്നത് “…?അയാള് പറഞ്ഞ ഉത്തരമിതാണ്.”നാളെ ഞാൻ സിനിമയിൽ സീരിയസ് ആയിട്ടുള്ള ഒരു റോൾ ചെയ്യുമ്പോൾ കാണുന്നവർ എന്റെ പഴയ കോമഡി റീൽസ് മനസ്സിൽ വെച്ച് എന്നെ കണ്ടാൽ അത് കണക്ട് ആവില്ല… അതോണ്ട് ഞാൻ സിനിമ കൂടുതൽ ശ്രദ്ധിക്കുന്നു…”
എത്ര നല്ല കോൺഫിഡൻസ്…ആഗ്രഹിക്കുന്ന കാര്യം രണ്ട് ദിവസത്തിനുള്ളിൽ നടന്നില്ലെങ്കിൽ മൂന്നാം ദിവസം ഉപേക്ഷിക്കുന്ന ബഹുഭൂരിപക്ഷം മനുഷ്യർക്ക് ഇടയിൽ അധ്രി ജോ വിജയിക്കുന്നത് അയാൾ സിനിമക്ക് വേണ്ടി ഇൻവെസ്റ്റ് ചെയ്ത സമയവും ഊർജവും ഒന്നുകൊണ്ട് മാത്രമാണ്… കൂടുതൽ സിനിമകളിൽ നല്ല വേഷങ്ങളിൽ ഇനിയും അയാളെ കാണാൻ സാധിക്കട്ടെ..