Featured
‘കമ്പോളവൽക്കരിക്കപ്പെട്ട കവി’ എന്നാണ് അയാൾ സ്വയം വിശേഷിപ്പിച്ചത്
വർഷങ്ങൾ ഒരുപാട് പിന്നിലേക്ക് പോവും ഇയാളെ പറ്റി ഓർക്കുമ്പോൾ… അറബികഥ എന്ന സിനിമ അയാളെ ഗർഭ പാത്രത്തിൽ ചുമക്കുന്നതിന് മുന്നേ തന്നെ അയാളുടെ അനിതര സാധാരണമായ ശബ്ദം ശ്രദ്ധിച്ച ചിലരെങ്കിലുമുണ്ടാകും
164 total views, 1 views today

വർഷങ്ങൾ ഒരുപാട് പിന്നിലേക്ക് പോവും ഇയാളെ പറ്റി ഓർക്കുമ്പോൾ… അറബികഥ എന്ന സിനിമ അയാളെ ഗർഭ പാത്രത്തിൽ ചുമക്കുന്നതിന് മുന്നേ തന്നെ അയാളുടെ അനിതര സാധാരണമായ ശബ്ദം ശ്രദ്ധിച്ച ചിലരെങ്കിലുമുണ്ടാകും… കായംകുളത്തെ പല സാംസ്കാരിക വേദികളിലും ആ ശബ്ദവും അതിന്റെ ഉടമയും സ്ഥിരം സാനിധ്യമായിരുന്നു…. അയാളുടെ കവിതകളുടെ ഒരു പ്രത്യേകത എന്തെന്നാൽ അതിന്റെ യഥാർത്ഥ രൂപവും ഭാവവും അയാളുടെ ശബ്ദത്തിൽ മാത്രമേ കൈവരിക്കൂ എന്നതാണ്… അതായത് അയാളുടെ കവിതകൾക്ക് ചേർച്ച അയാളുടെ ശബ്ദത്തൊടായിരുന്നു… വർഷങ്ങൾ പിന്നോട്ട് പോവുമ്പോൾ ഇപ്പോഴും ആ വലയിൽ വീണ കിളികളെ ഓർക്കാറുണ്ട്… ആ ചിറകൊടിഞ്ഞ ഇണകളെ പറ്റി പനച്ചൂരാനോളം ഭംഗിയിൽ പാടാൻ മറ്റാർക്കും സാധിക്കില്ല.
ഇന്നും ഏതൊരു പ്രവാസിയെയും അഞ്ച് മിനിറ്റ് കൊണ്ട് ഗൃഹാതുരതയിലേക്ക് തിരികെ കൊണ്ട് പോകാൻ കഴിവുള്ള “തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും…” എന്ന പാട്ടിനു സാധിക്കുമെങ്കിൽ അതിന് പിന്നിൽ പനച്ചൂരാന്റെ പേനയുടെ മാജിക്കുണ്ട്….അയാളിൽ എക്കാലത്തും ഒരു വിപ്ലവകാരിയുണ്ടായിരുന്നു… കൂലിക്ക് പാട്ടെഴുതുന്ന കാലത്തും തന്റെയുള്ളിൽ അവശേഷിക്കുന്നത് ഒരുപിടി കമ്മ്യൂണിസം ആണെന്ന് അയാൾ പറഞ്ഞിട്ടുണ്ട്… തികഞ്ഞ ആരാജക വാദിയിൽ നിന്നും നിരീശ്വര വാദിയിൽ നിന്നും വിശ്വാസി ആയപ്പോൾ പോലും അയാൾ സ്വയം വിശേഷിപ്പിച്ചത് ‘വിശ്വാസിയായ കമ്മ്യൂണിസ്റ്റ്’ എന്നാണ്.
“നോക്കുവിൻ സഖാക്കളേ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോരകൊണ്ടെഴുതി വെച്ച വാക്കുകൾ…” രക്തസാക്ഷിത്വത്തെ ഇത്രയും മനോഹരമായി മുമ്പോ പിമ്പോ കണ്ടിട്ടില്ലാത്ത വിധം വരച്ചിടാൻ അയാൾക്ക് കഴിഞ്ഞത് അയാളിലെ കവി ഒരു കമ്മ്യൂണിസ്റ്റ് ആയത് കൊണ്ട് കൂടിയാണ്…എന്നിട്ടും വഴിയിലെപ്പഴോ അയാൾ കൂട്ടം തെറ്റി… ലഹരി അയാളെ സേവിക്കാൻ തുടങ്ങിയ കാലത്തും അതിനോട് അയാൾക്ക് പശ്ചാത്തപം തോന്നിയില്ലായിരുന്നു… അതിനെ പറ്റി ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്
“എന്റെ അച്ഛൻ പറഞ്ഞത് കുടിക്കുന്നത് കുഴപ്പമില്ല എന്നാണ്… പക്ഷെ നീ ഒരു വയലാർ എങ്കിലും ആകണം അവസാനം…”
അയാൾ വയലാർ ആയില്ല… പക്ഷെ പനച്ചൂരാനായി… സ്വയം ബ്രാൻഡ് ചെയപ്പെട്ട കവിയായി.
കവിതയെ ജീവിതവും കച്ചവടവുമാക്കിയ മനുഷ്യനാണ് അയാൾ… ‘കമ്പോള വൽക്കരിക്ക പെട്ട കവി’ എന്നാണ് അയാൾ അയാളെ തന്നെ വിളിച്ചത്…”എന്റമ്മേടെ ജിമിക്കി കമ്മൽ” എന്നൊരു പാട്ട് മാത്രം മതി ആ വിശേഷണം എത്ര മാത്രം സത്യമായിരുന്നു എന്ന് മനസിലാക്കാൻ…ആശയം വിപ്ലവമായാലും പ്രേമമായാലും അതല്ല ജിമിക്കി കമ്മൽ പോലൊന്നായാലും അതിനെ ആസ്വാദകരിലേക്ക് മനോഹരമായി കൺവെ ചെയ്യാനും അതൊരു ട്രെൻഡ് സെറ്റർ ആക്കാനുമുള്ള കഴിവ് അയാൾക്കുണ്ടായിരുന്നു….
“വ്യത്യസ്ഥനാമൊരു ബാർബറാം ബാലനെ” സത്യത്തിൽ എല്ലാവരും തിരിച്ചറിഞ്ഞതും ജനങ്ങൾ ഇത്ര കണ്ട് സ്വീകരിച്ചതും ഒരു പക്ഷെ പനച്ചൂരാന്റെ ശബ്ദം ഒന്നുകൊണ്ട് മാത്രമാകണം…
അത്രയും കാമ്പുള്ള ശബ്ദത്തിന് വിട… എഴുതി വെച്ച വരികളിൽ നിങ്ങൾ ഇവിടെ ഉയർത്തെഴുന്നേൽക്കപ്പെടും പനച്ചൂരാനെ.
165 total views, 2 views today
Continue Reading