Praveen Prabhakar
പത്തു വർഷങ്ങൾക്ക് മുന്നേ ഇതേ ദിവസമായിരുന്നു ഡോക്ടർ രവി തരകനെ ആദ്യമായി കാണുന്നത്….അതിന് മുന്നേ മൂന്നാർ പോയിട്ടുണ്ടെങ്കിലും ആദ്യമായി അയാളുടെ കഥ ‘Redemption’ ഹോസ്പിറ്റലിലെ തണുത്ത കാറ്റിനും കോട മഞ്ഞിനും ഇടയിലൂടെ കണ്ടപ്പോൾ അന്നേവരെ അറിയാതിരുന്ന ഒരു തണുപ്പ് മനസ്സ് നിറഞ്ഞന്നറിഞ്ഞു… സിനിമയെ വളരെ വൈകാരികമായി തന്നെ സമീപിക്കുന്ന ഒരു സാധാരണ ആസ്വാധകനാണ് ഞാൻ…അതിലെ കഥാ പാത്രങ്ങളും കഥാ പരിസരവും നമ്മുടെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു സമയത്തെയോ കാലത്തെയോ കൂടിയല്ലേ സ്ക്രീനിൽ കാണിക്കുന്നത് എന്ന് തോന്നി കഴിഞ്ഞാൽ പിന്നെ ആ സിനിമയോട് പറഞ്ഞറിയിക്കാനാവാത്ത ഒരു ബന്ധം തന്നെ എന്നുമുണ്ടാവും… ഒരു പ്രതീക്ഷയുമില്ലാതെ ഒരു സിനിമ കാണാൻ പോയിട്ട് പത്ത് വർഷങ്ങൾക്ക് മുന്നേ കണ്ണും മനസും നിറഞ്ഞിറങ്ങി വന്നപ്പോൾ അങ്ങനെയൊരു ബന്ധം അയാൾക്കും എനിക്കുമിടയിലുമുണ്ടായി… ഡോക്ടർ രവി തരകൻ… പത്ത് വർഷം മുന്നേ കണ്ടപ്പോൾ അയാൾ എന്റെ പത്ത് വർഷം മുന്നേയുള്ള പതിപ്പായിരുന്നു… കാലം മുന്നോട്ട് പോകുന്നത് അനുസരിച്ച് അയാൾ നമ്മുടെയെല്ലാം അപ്ഡേറ്റഡ് വേർഷൻ തന്നെയാവുന്നു… ഒരു സിനിമയും അതിലെ കഥാപാത്രവും നമ്മളോടൊപ്പം വളരുക എന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്നതാണ്… ആ അപൂർവതയാണ് ‘അയാളും ഞാനും തമ്മിൽ’.
ഒരാളുടെ ഏതാണ്ട് 20-25 വർഷക്കാലയളവിൽ അയാളിലേക്ക് വന്ന് പോകുന്ന മനുഷ്യരും അയാളും തമ്മിലുള്ള ആത്മബന്ധം… പക്വത ഇല്ലാത്ത ഒരു കാലത്ത് നിന്ന് പക്വത കൈവരിക്കുന്ന കാലത്തേക്കുള്ള പീരിയോഡിക്ക് ട്രാൻസിഷൻ സംഭവിക്കുന്ന അത്രയും കാലയളവിൽ അയാളുടെ ജീവിതത്തിൽ അത്രയും സ്വാധീനിക്കുന്ന മനുഷ്യർ… രവി തരകന്റെ ആ ഓരോ ലയറുകളും നമ്മുടേത് കൂടിയാവുന്നിടത്താണ് സിനിമ അത്രയും ജീവനുള്ളതാകുന്നത്… ഡോക്ടർ സമൂവലിനെ പോലൊരു മനുഷ്യനെ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഏതെങ്കിലും വഴികളിൽ വെച്ച് നമ്മൾ കണ്ടിട്ടുണ്ടാകും… മുന്നോട്ട് ഇനി എന്ത് അല്ലെങ്കിൽ എങ്ങനെ പോകണം എന്ന് വാക്കിലൂടെ പറയാതെ പഠിപ്പിച്ച ഒരാൾ… അതൊരുപക്ഷെ നമ്മുടെയെല്ലാം അച്ഛനോ അമ്മയോ ആകാം, അല്ലെങ്കിൽ ഏതെങ്കിലും അധ്യാപകനാകാം, ഒപ്പം ജോലി ചെയ്യുന്ന ആളാവാം, സുഹൃത്ത് ആവാം, പാർട്ണർ ആവാം, ആരുമാകാം…ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഒരു പക്ഷേ നമ്മളെടുത്ത തെറ്റായ തീരുമാനത്തെ തിരുത്തിയവവർ, അല്ലെങ്കിൽ നമ്മുടെ ശരികളെ കൂടുതൽ നല്ല ശരികളായി ഒപ്പം നിന്നവർ… അവരും നമ്മളും തമ്മിലുള്ള ആ ആത്മബന്ധം തന്നെയാണ് രവിക്ക് സാമൂവലിനോടുമുള്ളത്… തെറ്റുകൾ തിരുത്തുക എന്നതും, നല്ല മനുഷ്യനാവുക എന്നതും,ചെയ്യുന്ന തൊഴിലിന്റെ എത്തിക്സ് ഒരിക്കലും ഇല്ലായിമ ചെയ്യരുതെന്നും ഒന്നും സാമൂവൽ രവിയോട് പറഞ്ഞു കൊടുത്തില്ല…. പക്ഷേ സ്വന്തം ജീവിതം കൊണ്ട് കാണിച്ചു കൊടുത്തു… ജീവിതം അതാണ്… ഒരു യൂണിവേഴ്സിറ്റിയിലും പഠിക്കാൻ കാണില്ല, ഒരു പുസ്തകത്തിലും ഡെഫിനിഷനും കാണില്ല… പക്ഷേ എങ്ങനെ ചിലർ നമ്മുടെ ജീവിതത്തിൽ വന്ന് നമ്മൾ പോലുമറിയാതെ പഠിപ്പിച്ചിട്ട് പോകും… അവരെ നഷ്ടമാകുന്ന ആ മൊമെന്റ് മുതലാണ് അവർ നമുക്കാരായിരുന്നു എന്നും അയാളും നമ്മളും തമ്മിൽ എന്തായിരുന്നു എന്നും മനസിലാവുന്നത്.
മൂന്നാറിൽ പിന്നെയും പിന്നെയും പോയിട്ടുണ്ട്… പക്ഷേ ‘അയാളും ഞാനും തമ്മിൽ’ ഓരോ തവണ കാണുമ്പോളും അനുഭവിക്കുന്ന ഒരു തണുപ്പ് ഒരിക്കലും തോന്നിയിട്ടില്ല…കോളേജ് കാലവും, ഈ സിനിമക്ക് ശേഷമുള്ള പത്ത് വർഷവും കഴിഞ്ഞ് ജീവിതത്തിന്റെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ പതിയെ നര വന്ന രവി താരകനോട് ജീവിതം ചേർത്ത് വായിക്കാൻ തുടങ്ങിയിരിക്കുന്നു…Redemption ഹോസ്പിറ്റലിന്റെ മുന്നിലെ നീളമേറിയ കസേരയിൽ തണുത്ത കാറ്റേറ്റ് ഒറ്റക്കിരിക്കുന്ന രവിയെ പോലെ പലപ്പോഴും ഒറ്റക്കിരുന്ന് ജീവിതത്തിലേക്ക് പിന്തിരിഞ്ഞു നോക്കണം… അവിടെ നമുക്കുമുണ്ടാവും തീർച്ചയായും ഒരു സാമൂവലിന്റെ കഥ പറയാൻ… അയാളും നമ്മളും തമ്മിലുള്ള ബന്ധം പറയാൻ… ഒരുപക്ഷെ ഇന്നലത്തെ നമ്മളെ ഇന്നത്തെ നമ്മളാക്കി മാറ്റിയ ആ ഒരാൾ… അല്ലെങ്കിൽ ആളുകൾ. പത്ത് വർഷമായിരിക്കുന്നു… ഇനിയുമെത്ര വർഷം കഴിഞ്ഞാലും ഈ സിനിമ ഇങ്ങനെ നമ്മളോടൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കും… ചില സിനിമകൾ അങ്ങനെയാണ്… അത് നമ്മുടെ ജീവിതത്തോടൊപ്പവും ജീവിതാവസാനം വരെയും കൂടെയുണ്ടാവും…ഈ സിനിമയും ഞാനും തമ്മിൽ അങ്ങനെയാണ്… ❤