എന്താണ് ഈ ഫോർപ്ലേ… എങ്ങനാണ് ഇത് പെണ്ണിന്റെ വേദന കുറക്കുന്നത് ?

579

Praveen Prabhakar

What Is foreplay…??

കഴിഞ്ഞ ഒരു മാസക്കാലം കൊണ്ട് മലയാളികൾ ഏറ്റവുമധികം ഗൂഗിളിനോട്‌ ചോദിച്ച ചോദ്യമിതാണ് എന്ന് അറിയാൻ കഴിഞ്ഞു…”ഏട്ടാ നമ്മള് ചെയ്യൂലെ… അപ്പൊ എനിക്ക് നല്ല പെയിൻ ഉണ്ട്… ഫോർപ്ലേ കൂടി ഉണ്ടെങ്കിൽ… ” എന്ന് നായിക പറയുന്ന ഒരു രംഗത്തിൽ നിന്നാണ് ഈ വാക്ക് പലരും ആദ്യമായിട്ട് കേട്ടത് എന്ന് പോലും തോന്നും…ഈ രംഗം എന്താണ് മുന്നോട്ട് വെക്കുന്നത് എന്ന് പോലും ആലോചിക്കാതെ ഒരുപാട് പേര് ഇതിനെ വെറും ഹാസ്യവൽക്കരിച്ചു സംസാരിക്കുന്നത് വരെ കണ്ടു… എന്നിട്ട് വളരെ സൈലന്റ് ആയി ഗൂഗിളിനോട് പോയി ചോദിച്ചു…

May be an image of 2 people and indoor“അല്ല സത്യത്തിൽ എന്താണ് ഈ ഫോർപ്ലേ… എങ്ങനാണ് ഇത് പെണ്ണിന്റെ വേദന കുറക്കുന്നത്…!!!”
മലയാളിയുടെ ലൈംഗികതയോടുള്ള കാഴ്ചപ്പാടോളം വിചിത്രമായ ഒരു നിലപാട് മറ്റൊന്നിനോടും കാണില്ല…അവരുടെ സദാചാരകപടത കാണണമെങ്കിൽ ഏതേലും ഓൺലൈൻ ന്യൂസ്‌ പോർട്ടലുകൾ “എന്താണ് ഫോർപ്ലേ” എന്ന് വിശദീകരിച്ചുകൊണ്ട് എഴുതുന്ന ആർട്ടിക്കിളുകളുടെ താഴെ പോയി നോക്കിയാൽ മതി… “അഡ്മിൻ കമ്പി കഥയുമായി വന്നു”, “ഇന്നത്തേക്കുള്ളതായി…” “പോയി ചത്തൂടെ അഡ്മിനെ…” തുടങ്ങി പലതരം സദാചാര വയറിളക്കങ്ങൾ അവിടെ കാണാം… ഏതാണ്ട് 10% കമെന്റുകൾ മാത്രമേ സാധാരണ അവർ പറയാൻ ഉദ്ദേശിച്ച വിഷയത്തെ ആസ്പദമാക്കി ഉണ്ടാവാറുള്ളു… രസമെന്തെന്നാൽ ഇതേ മലയാളികൾ തന്നെയാണ് രഹസ്യമായി പോയി ഈ ഫോർപ്ലേ എന്താണെന്ന് അന്വേഷിച്ചതും…2021ലിറങ്ങിയ ഒരു സിനിമ വേണ്ടി വന്നു പുരോഗമന മലയാളിക്ക് ഫോർപ്ലേ അല്ലെങ്കിൽ ബാഹ്യകേളികൾക്ക് ലൈംഗികതയിലുള്ള സ്ഥാനം പഠിപ്പിച്ചുകൊടുക്കാൻ എന്നതാണ് ഏറ്റവും വിരോധാഭാസം… ഭൂമിക്ക് കീഴെ എന്തിനെ പറ്റിയും അഭിപ്രായമുള്ള ‘പൊളിയായ’ മലയാളിക്ക് സ്വന്തം കിടപ്പറയിൽ പാലിക്കേണ്ട മിനിമം മര്യാദകളെ പറ്റി അറിവില്ല എന്ന് സമ്മതിച്ചു തരാൻ തന്നെ മടിയാണ്… ഇനി അതിനെ പറ്റി ആരേലും പഠിപ്പിക്കാൻ ശ്രമിച്ചാൽ അതെല്ലാം വെറും കമ്പി കഥകളായി പട്ടം ചാർത്തി കൊടുക്കുകയും ചെയ്യും.

ഫോണിനും ഗൂഗിളിനുമെല്ലാം മുന്നേ ആരോഗ്യ മാസികയും വനിതയും പോലെയുള്ള മാഗസിനുകൾ നിർവഹിച്ചുകൊണ്ടിരുന്ന ഇപ്പോളും തുടരുന്ന ഒരു ജോലിയാണ് ലൈംഗികതയെ പറ്റിയുള്ള സംശയങ്ങൾ തീർക്കുന്നത്…. ഒരു തവണ എങ്കിലും അത്‌ വായിക്കാത്തവർ ഉണ്ടാവില്ല…വിദഗ്ദ്ധർ കൊടുക്കുന്ന മറുപടികൾ വായിക്കുമ്പോൾ അറിയാത്ത ഒരു കാര്യം പുതുതായി മനസിലായ ഫീലാണ് സാധാരണ തോന്നാറുള്ളത്… പക്ഷെ എന്നും ആ പേജ് മറ്റുള്ളവരുടെ ഇടയിലിരുന്ന് അവർ കണ്ടാലും കുഴപ്പമില്ല എന്ന് വിചാരിച്ചുകൊണ്ട് വായിക്കാൻ എത്രപേർക്ക് സാധിക്കും… അങ്ങനെ വായിക്കുന്ന ആരെയെങ്കിലും കണ്ടാൽ ഉടനെ കളിയാക്കി കമന്റ്‌ പാസ്സാക്കാനും നമ്മൾ മുന്നിൽ തന്നെ കാണും… സാധാരണ ജീവിതത്തിൽ അപ്ലൈ ചെയ്യാൻ പറ്റാത്ത വിഷയങ്ങളിൽ ബിരുദാനന്ദര ബിരുദം എടുത്ത സാക്ഷര മലയാളി തന്നെയാണ് ഏറ്റവും അധികം അപ്ലൈ ചെയ്യപ്പെടേണ്ട ഒരു വിഷയത്തെ ഇന്നും അവജ്ഞയോടെ സമീപിക്കുന്നത്.

നളിനി ജമീല എന്ന സെക്സ് വർക്കർ ഒരു അഭിമുഖത്തിലും അവരുടെ ആത്മകഥയിലും പറയുകയുണ്ടായി മലയാളി പുരുഷന്മാരെ പോലെ അവർ നേരിടേണ്ടി വന്ന നികൃഷ്ഠരായ ക്ലയന്റ്സ് വേറെ ഇല്ലന്ന്…”75% പുരുഷന്മാർക്കും സെക്സിനെ പറ്റി അടിസ്ഥാന ധാരണ ഇല്ല…ഞങ്ങൾ ബന്ധത്തിനിടയിൽ കരയുന്നതാണ് കൂടുതൽ മലയാളി ക്ലയന്റിനും ഇഷ്ടം… അത്‌ അവരുടെ വിജയം പോലെയാണ് അവർ കരുതുന്നത്… സത്യത്തിൽ ഞങ്ങൾ സുഖം കൊണ്ടല്ല, മറിച്ച് യൂറിനറി ഇൻഫെക്ഷൻ കൊണ്ടോ മറ്റ് ആസ്വസ്ഥതകൾ കൊണ്ടോ ആവും കരയുന്നത്… ” ഏതാണ്ട് 30 വർഷക്കാലം എത്രയോ മനുഷ്യരെ നേരിട്ടറിഞ്ഞ വാക്കുകളാണത്…ഇത് പറഞ്ഞതിന് അവരെ വെർബൽ റേപ്പ് ചെയ്യാൻ പക്ഷെ മലയാളികൾ മുന്നിൽ തന്നെയായിരുന്നു… എന്താണ് അവർ പറഞ്ഞതെന്നും അതിന്റെ പരിഹാരം എന്താണെന്നും ആലോചിക്കുന്നതിനു മുന്നേ അവരെ കീറി പങ്കിട്ടു കഴിഞ്ഞിരുന്നു.

മലയാളിയുടെ സദാചാര ബോധം കാലം പിന്നീടുംതോറും വിഷലിപ്തമായി വരുകയാണ്… O V വിജയന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും എഴുത്തുകളിൽ തുറന്നെഴുതിയ “മുല” എന്ന വാക്ക് പോലും ഇപ്പോൾ മലയാളിക്ക് നാണക്കേടിന്റെ പര്യായമാണ്… തുറന്നു സംസാരിക്കുന്നത്, തുറന്നെഴുതുന്നത് എല്ലാം മലയാളി ഇപ്പോൾ സദാചാര കണ്ണ് കൊണ്ട് മാത്രമേ കാണൂ… ലിംഗം കൊണ്ട് മാത്രമേ ചിന്തിക്കൂ…അതിനിടയിൽ വീണു കിട്ടിയ ഒരു ഫോർപ്ലേ എന്ന വാക്കാണ് ഇപ്പോൾ അവർ ആഘോഷിക്കുന്നത്… മനുഷ്യൻ അവന്റെ പരിണാമദശയുടെ പല ഘട്ടങ്ങൾ കഴിഞ്ഞ് അന്യ ഗ്രഹങ്ങളിലേക്ക് താമസം മാറുന്നതിനെ പറ്റി ആലോചിക്കുന്ന ഇതേ കാലഘട്ടത്തിലാണ് ഇവിടെ സെക്സിന്റെ ആരംഭ ദശയെ പറ്റി തമാശകൾ ഇറക്കി സ്വയം ആസ്വദിക്കുന്നത്… വിരോധാഭാസം എങ്ങനെ തൂങ്ങി മരിക്കാതിരിക്കും…?