ഭ്രാന്ത്‌ എപ്പോഴാണ് ഏറ്റവും മനോഹരമായി ആസ്വദിക്കാൻ സാധിക്കുന്നത്…?

0
114

Praveen Prabhakar

“ഭ്രാന്ത്‌ എപ്പോഴാണ് ഏറ്റവും മനോഹരമായി ആസ്വദിക്കാൻ സാധിക്കുന്നത്…”
“അത്‌ LJP യുടെ സിനിമകൾ കാണുമ്പോളാണ്…”

പത്തു വർഷത്തെ കരിയറിൽ പുറത്തു വന്നത് ഏഴ് ചിത്രങ്ങൾ മാത്രം… അതിൽ മൂന്നെണ്ണം പരാജയപ്പെട്ടവ… പക്ഷെ ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകന്റെ പേരിന് ഇന്ന് പ്രതീക്ഷ എന്ന് കൂടി അർത്ഥം ഉണ്ടെന്ന് തെളിയാക്കാൻ അയാളുടെ ഈ കയറ്റിറക്കമുള്ള സിനിമ ജീവിതം തന്നെ ധാരാളമാണ്…ആ പ്രതീക്ഷ തൊട്ടടുത്ത ഷോട്ടിൽ അയാൾ ഒളിപ്പിച്ചു വെച്ചേക്കുന്ന മാജിക്കിൽ ആണ്, തൊട്ടടുത്ത നിമിഷം സംഭവിച്ചേക്കാവുന്ന ഉന്മാദത്തിലാണ്, തൊട്ടടുത്ത കാഴ്ച്ചയിൽ പൂക്കുന്ന ഭ്രാന്തുകളിലാണ്.

LJP സിനിമകൾ എപ്പോളാണ് കാണേണ്ടത്…?? ചിത്രമിറങ്ങി കഴിഞ്ഞ് ഒരു 5-6 വർഷങ്ങൾക്കപ്പുറം മാത്രം കാണേണ്ടത്… കാരണം അയാളുടെ സൃഷ്ടികളെല്ലാം കാലം തെറ്റി പിറന്നവയാണ്, അല്ലെങ്കിൽ അയാളുടെ കാലം നമ്മളുടേതിനേക്കാൾ വർഷങ്ങൾ മുന്നിലാണ്… ഇത് രണ്ടായാലും അയാളുടെ സിനിമകൾ ഇറങ്ങി പത്ത് വർഷങ്ങൾക്കപ്പുറവും അന്നത്തെ കാലത്തോട് നീതി പുലർത്തുകയും പുതുമ നിലനിർത്തുകയും ചെയുന്നുണ്ടെങ്കിൽ അയാളിലെ ക്രാഫ്റ്റ് മാന്റെ റേഞ്ച് എത്രമാത്രം വ്യത്യസ്തമാണെന്ന് വെറുതെ ആലോചിച്ചാൽ മതി.

ആദ്യ രണ്ട് ചിത്രങ്ങൾ പരാജയം… അയാളുടെ അഭിരുചിയിലേക്ക് പ്രേക്ഷകൻ വന്നില്ലെങ്കിൽ പ്രേക്ഷകന്റെ നിലവാരത്തിലേക്ക് ഇറങ്ങി ചെല്ലാൻ അയാൾ ശ്രമിക്കുമെന്ന് എല്ലാവരും കരുതി… പക്ഷെ മലയാളത്തിലെ ലക്ഷണമൊത്ത മാജിക്കൽ റിയലിസവുമായിട്ടാണ് അയാൾ മൂന്നാമത് വന്നത്…’ആമേൻ’ അതൊരു പുതിയ വാതിലാണ് മലയാള സിനിമയിൽ തുറന്നിട്ടത്… അവിടെ നിന്ന് അയാൾ സ്വന്തം ഭ്രാന്തിന്റെ മാരകമായ ഉത്പന്നവുമായിട്ടാണ് വീണ്ടും വന്നത്… ഒരു 20 വർഷങ്ങൾക്കപ്പുറം ദഹിച്ചേക്കാവുന്ന ‘ഡബിൽ ബാരൽ’… അവിടെ നിന്ന് ഇതിലും സാധാരണമായി എങ്ങനെ ഒരു സിനിമ നമ്മളോട് സംസാരിക്കുമെന്ന് സംശയം തോന്നിപ്പിച്ച ‘അങ്കമാലി ഡയറീസ്’…

മരണത്തിന്റെ കഥ ക്യാമറയിൽ പതിഞ്ഞപ്പോൾ സംഭവിച്ച മാജിക്‌ ‘ഈ. മൗ. യൗ’… ഒടുവിൽ മനുഷ്യനും മൃഗവും തമ്മിലുള്ള കുറച്ചു കൂടി പച്ചയായി പറഞ്ഞാൽ വേട്ടക്കാരനും ഇരയും തമ്മിലുള്ള നിലനിൽപ്പിന്റെ പോരാട്ടം കാണിച്ച ജെല്ലിക്കെട്ട്…അയാളൊരു നിഷേധിയാണ് എന്നതിന്റെ തെളിവാണ് ഈ സിനിമകൾ… കാരണം അയാൾ കാഴ്ചക്കാരെ തന്റെ നിലവാരത്തിലേക്ക് തന്റെ ഉന്മാദ തലത്തിലേക്ക് ഉയർത്തി കൊണ്ട് പോകുകയാണ്… അയാളൊരിക്കലും നമ്മൾ പ്രേക്ഷകന്റെ ആഗ്രഹങ്ങളെ മാനിച്ചിട്ടില്ല, മറിച്ച് അയാളിലേക്ക് നമ്മളെ പറിച്ചു നടുകയായിരുന്നു.

ഒരു നടനോ നടിക്കോ ആരാധക വൃന്ദം ഉണ്ടാവുന്നത് അത്ര പുതുമയല്ല… പക്ഷെ ഒരു സംവിധായകന് മേൽ ഇത്ര പ്രതീക്ഷ തോന്നുന്നത്, അയാളുടെ നീളമുള്ള പേരിന്റെ മൂന്ന് ചുരുക്ക അക്ഷരങ്ങൾ തന്നെ ആൾക്കൂട്ടത്തിന് ധാരാളമാകുന്നത്, അയാൾ ആഘോഷിക്കപെടുന്നത്, ചർച്ച ചെയ്യപ്പെടുന്നത് നമുക്ക് പുതുമയാണെങ്കിൽ ആ പുതുമയുടെ പേരിനും മൂന്ന് അക്ഷരങ്ങളാണ്… ആ അക്ഷരങ്ങൾ കടൽ കടന്ന് ഓസ്കാർ വേദിയിൽ മുഴങ്ങി കേൾക്കാൻ അധിക കാലം വേണ്ടി വരില്ല.
LJP… പ്രതീക്ഷയുടെ മൂന്നക്ഷരങ്ങൾ…❤