ജിതിൻ എന്ന കഥാപാത്രം പീരുമേട്ടിലാണെങ്കിലും മറ്റേതൊരു നാട്ടിലും അവനുണ്ട്

139

പ്രവീൺ പ്രഭാകറിന്റെ ഈ പോസ്റ്റ് തുണിയുടുക്കാത്ത സത്യമാണ്. അത്രമാത്രം ദുഷിച്ച മനസ്ഥിതിയുള്ളവരുടെ നാടാണിത്. ആണും പെണ്ണും ഒന്നിച്ചുയാത്ര ചെയ്താൽ, ബീച്ചിലോ പാർക്കിലോ ഒന്നിച്ചിരുന്നാൽ വിജൃംഭിക്കുന്ന അലവലാതി സദാചാരബോധങ്ങളുടെ നാട്. കാലത്തിനു പിന്നിലോട്ടു മാത്രം യാത്ര ചെയുന്ന നാട്. എല്ലാ സദാചാര ഞരമ്പുരോഗങ്ങളെയും പ്രസ്തുത രോഗികൾ സംസ്കാരം എന്ന് പേരിട്ടു വിളിക്കുന്നു. ഒരു പെണ്ണിന്റെ വീട്ടിൽ ആരൊക്കെ വരുന്നു എന്നറിയാൻ ബൈനാക്കുലറും കൊണ്ട് ഇരിക്കുകയാണ് ഒരു നാട് മുഴുവൻ. അവസരത്തിന്റെ അഭാവമാണ് സദാചാരം എന്നത് അക്ഷരാർത്ഥത്തിൽ സത്യമാണ്. കൂടെ പഠിക്കുന്ന വിദ്യാർത്ഥിനിയുടെ കൂടെ നടന്നു എന്ന ‘കുറ്റം’ ചുമത്തിയാണ് സമൂഹത്തിലെ പ്രധാന സദാചാര പോലീസ് തൊഴിലാളികളായ ഓട്ടോ ഡ്രൈവർമാർ വിദ്യാർത്ഥിയെ മർദ്ദിച്ചത്. എന്നാൽ ഇവിടെനിയ്ക്കെ നോക്കി ഒരു പെണ്ണ് ചിരിച്ചു കാണിച്ചു നോക്കൂ.. പ്രണയം പറഞ്ഞു നോക്കൂ…ഇതൊക്കെ തന്നെയാകും ഇവന്മാരും ചെയുക. തനിക്കു കഴിയാത്തതൊന്നും മറ്റുള്ളവർ ചെയ്യരുത്. അല്ലെങ്കിൽ തന്നെ ഇവനെയൊക്കെ ആരാണ് നാട്ടിൽ സദാചാരം സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയത് ? പ്രവീൺ പ്രഭാകറിന്റെ ഫേസ്ബുക് കുറിപ്പ് വായിക്കാം

Praveen Prabhakar

വരത്തൻ എന്ന സിനിമയിലെ ജിതിൻ എന്ന കഥാപാത്രത്തിന് ഒരു പ്രത്യേകതയുണ്ട്…. അയാളുടെ കഥ നടക്കുന്നത് പീരുമേട്ടിൽ ആണെങ്കിലും മറ്റേതൊരു നാട്ടിലും അങ്ങനെയൊരു വ്യക്തി ഉറപ്പായും ജീവിച്ചിരിപ്പുണ്ടാവും… ഭാര്യയുടെ വസ്ത്രത്തിന്റെ നീളവും വീതിയും അനുസരിച്ചു അവളുടെ ഭർത്താവിന്റെ സ്വാഭാവത്തെ വിലയിരുത്തുന്നവൻ…തന്റെ നാട്ടിലേക്ക് കടന്ന് വരുന്നവർ തങ്ങളെ അനുസരിക്കേണ്ടവരാണെന്നുള്ള ഇടുങ്ങിയ ചിന്ത ഉള്ളവൻ… പെണ്ണിന്റെ വേഷവും പെരുമാറ്റവും തങ്ങൾക്ക് ഇഷ്ടപെട്ട സ്കെയിലിൽ അല്ലെങ്കിൽ അവൾ പിഴയാണെന്ന് മുദ്ര കുത്തുകയും സംസ്കാരം നശിപ്പിക്കുന്നവളാണെന്ന് വിളിച്ചു പറയുകയും ചെയുന്ന മനോവൈകല്യമുള്ളവൻ… മറ്റൊരാളുടെ സ്വകാര്യത എന്നത് തന്റെ കൂടി ഔദാര്യമാണെന്ന് കരുതുന്ന പെർവേർട്ട്… സദാചാരം ഒരു വാക്കല്ല, അതൊരു ജീവിതമായി കൊണ്ട് നടക്കുന്ന ഏറ്റവും ഇറിട്ടേറ്റിങ് ആയിട്ടുള്ള ജീവ വർഗം…. ജിതിന്റെ ആ കണ്ണുകൾ നമ്മളും പല തവണ കണ്ടിട്ടുണ്ടാവും…നമ്മളുടെ സ്വകാര്യതയിലേക്ക് ഒരാവിശ്യവുമില്ലാതെ എത്തി നോക്കി മാർക്ക്‌ ഇടുന്ന ജിതിൻമാർ നമുക്ക് ചുറ്റും ഒരുപാടുണ്ട്… സ്വന്തം നാടിനോടുള്ള സ്നേഹമോ സംസ്കാരം സൂക്ഷിക്കാനുള്ള വ്യാഗ്രതയോ അല്ല അവരുടെ മോട്ടിവ്… മറിച്ചു കിട്ടാത്തവന്റെ കഴപ്പ് മാത്രമാണ് അവനിലെ സദാചാര ബോധം.

Moral policing: The ugly truth in God's own countryനമ്മുടെ വീടെന്ന വേലികെട്ടിനപ്പുറത്തേക്ക് നമ്മളുടെ ആഗ്രഹങ്ങളെ, ജീവിതത്തെ എപ്പോഴും നിയന്ത്രിക്കുന്നത് സമൂഹമാണെന്ന് തോന്നിയിട്ടുണ്ട്… അദൃശ്യമായി നമ്മളെ പേടിപ്പിച്ചു നിർത്തുന്ന, നിയന്ത്രിക്കുന്ന സദാചാര വാദികളായ മനുഷ്യർ… മുന്നിൽ കാണുന്ന മനുഷ്യരിൽ ആരാണ് ആ സദാചാരവാദി എന്നറിയാത്തത് കൊണ്ട് അറിയാത്ത എല്ലാ മനുഷ്യരും നമുക്ക് സദാചാര വാദികളായിട്ട് തോന്നും…അങ്ങനെ അന്യരെ ഭയന്ന് എത്ര നാളുകളായി നമ്മൾ ഈ ഭൂമിയിൽ ജീവിക്കുന്നു… “ബാക്കിയുള്ളവർ എന്ത് വിചാരിക്കും..??”
എക്കാലവും നമ്മളെ അലട്ടുന്ന ഒരു ചോദ്യമാണിത്… ആ ബാക്കിയുള്ളവർക്ക് വേണ്ടി നമ്മൾ സഹിക്കുന്ന വീർപ്പു മുട്ടലുകളെ പറ്റി എപ്പോഴേലും നമ്മൾ ചിന്തിച്ചിട്ടുണ്ടോ… ഒരു പക്ഷെ ഇത് വായിക്കുമ്പോൾ ചിലരെങ്കിലും കരുതും ഇപ്പോഴും ഇങ്ങനെയൊക്കെ മറ്റുള്ളവരെ ഭയന്ന് ജീവിക്കുന്ന മനുഷ്യരുണ്ടോ എന്ന്… ഉണ്ട്… വെറുതെ ചുറ്റുമോന്ന് കണ്ണോടിച്ചു നോക്കിയാൽ കാണാം.

Access denied: Chennai couples recall horrendous experiences of moral policing- The New Indian Expressബസിൽ സ്വന്തം കൂട്ടുകാരിയോടൊപ്പമോ കാമുകിയോടൊപ്പമോ അല്ലേൽ ഭാര്യയോടൊപ്പമോ യാത്ര ചെയ്യുമ്പോൾ ഉറക്കെ ഒരു തമാശ പറഞ്ഞു ചിരിക്കാൻ കഴിയുന്നവർ എത്ര പേരുണ്ട്… ഒന്നുറക്കെ ചിരിച്ചാൽ നമ്മളെ ശ്രദ്ധിക്കുന്ന, ഇവന് അല്ലെങ്കിൽ ഇവൾക്ക് ചോദിക്കാനും പറയാനും ആരുമില്ലേ എന്ന് ചോദിച്ചു കൊണ്ട് എപ്പോൾ വേണേലും കടന്ന് വരാവുന്ന ആ ‘അതിഥി’യെ ഭയന്ന് നമ്മൾ ചിരികൾ കടിച്ചമർത്താറില്ലേ…ബൈക്കിൽ പോകുമ്പോൾ ഭർത്താവിനെ മുറുക്കെ കെട്ടിപിടിച്ചു അയാളുടെ ദേഹതേക്ക് വീണ് മയങ്ങുന്നത് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും… പക്ഷെ ഈ എത്തി നോട്ടക്കാരെ ഭയന്ന്, അവരുടെ കഴുകൻ കണ്ണുകളെ ഭയന്ന് വൺ സൈഡ് മാത്രം ഇരിക്കുന്ന ഒരുപാട് പേരെ എനിക്കറിയാം… ചോദിച്ചാൽ “ഓ കാണുന്നവർ ന്ത്‌ വിചാരിക്കും” എന്ന പഴകി തേഞ്ഞ മറുപടിയും….റെസ്റ്റോറന്റിലെ ഫാമിലി കോർണാറുകളിൽ വെച്ച് പോലും തന്റെ പങ്കാളിക്ക് സ്നേഹത്തോടെ ഒരിച്ചിരി ഭക്ഷണം വാരി കൊടുക്കാൻ നമ്മളുടെ മനസ് അനുവാദിച്ചാലും കയ്യനുവദിക്കാത്തത് ഈ പറഞ്ഞ കാണുന്നവരുടെ വിചാരത്തോടുള്ള ഭയം കൊണ്ടാണ്….തുണി കടകളിൽ കയറിയാൽ എത്ര ഭർത്താക്കന്മാർ സ്വന്തം ഭാര്യയുടെ അടിവസ്ത്രത്തിന്റെ അളവ് പറഞ്ഞു വാങ്ങി കൊടുക്കും…ചുറ്റുമുള്ളവരുടെ അടക്കി പിടിച്ച ചിരികളെ ഭയന്ന് പിന്മാറുന്നവർ ഇപ്പോഴുമുണ്ട്… അതേ ഭാര്യക്ക് ഒരു പാഡ് വാങ്ങിയാൽ “ചേട്ടാ നല്ലോണം പൊതിഞ്ഞു തരണേ ” എന്ന് പറയാത്തവർ എത്ര പേരുണ്ട്…സെക്കൻഡ് ഷോ കഴിഞ്ഞു വരുന്ന വഴിക്ക് റോഡരികിലെ തട്ടുകടയിൽ നിന്ന് ഒരു കട്ടനടിച്ചു കൊണ്ട് സിനിമയെ പറ്റി നിങ്ങൾക്ക് സംസാരിക്കാം… രണ്ടാണുങ്ങൾ മാത്രമാണെങ്കിൽ… അതേ സ്ഥാനത്ത് ഭാര്യയോ കാമുകിയോ ആണെങ്കിൽ നിങ്ങളും അവരും രണ്ടാമതും മൂന്നാമതും ആലോചിക്കും… ചിലപ്പോൾ വേണ്ടാന്ന് വെക്കും… പേടിച്ചിട്ടാണ്… “എന്താടാ ഈ സമയത്ത് ഒരു കറക്കം” എന്ന് ചോദിച്ചു കടന്ന് വരുന്ന ആ കണ്ണുകളെ ഭയന്ന് തന്നെയാണ് അത്…ഒരു കൂട്ടം ആളുകളുടെ ഇടയിൽ വെച്ച് ഫോൺ കാളിന്റെ അപ്പുറത്തെ തലക്കലുള്ള നമ്മുടെ പ്രിയപ്പെട്ട ഒരാൾ ‘Love You’ എന്ന് പറഞ്ഞാൽ തിരിച്ചു ‘ Love you too’ എന്ന് ഉറക്കെ പറയാൻ നമുക്ക് ഒരുപാട് കണ്ണുകൾക്ക് മറുപടി കൊടുക്കണം… അതോണ്ട് ഒരു ‘Ok’ യിൽ ഒതുക്കി തീർക്കാറുണ്ട്…ഒരുപക്ഷെ ചിലപ്പോൾ ആ സമയങ്ങളിലാവാം നമ്മൾ ജീവിക്കുന്നത്… ഒന്നുറക്കെ ചിരിച്ചാൽ, തമാശ പറഞ്ഞാൽ, ഒരുമിച്ച് കൈ കോർത്തു നടന്നാൽ, മഴ നനഞ്ഞു ചേർന്നിരുന്നു ബൈക്കിൽ യാത്ര ചെയ്താൽ, ഇഷ്ടപെട്ട വസ്ത്രം ധരിച്ചാൽ,ചേർന്ന് നിന്ന് സെൽഫി എടുത്താൽ, ജ്യൂസ്‌ ഷെയർ ചെയ്താൽ, തോളിൽ കയ്യിട്ടാൽ, മടിയിലിരുന്നാൽ എല്ലാം തകർന്ന് വീഴുന്ന സദാചാരങ്ങളുടെ ഒത്ത നടുക്ക് ജീവിക്കുന്ന മനുഷ്യർ ഈ ചെറിയ ആഗ്രഹങ്ങൾ പോലും മാറ്റി വെച്ച് ജീവിക്കേണ്ടി വരുന്ന അവസ്ഥയോളം പരിതാപകരമായത് വേറെയെന്താനുള്ളത്.

ഒരു സ്കൂൾ വിദ്യാർത്ഥിയെ ഓട്ടോ ഡ്രൈവർമാർ കൂട്ടം ചേർന്ന് ആക്രമിക്കുന്ന ഒരു വീഡിയോ ഇന്നലെ കണ്ടു… അവൻ ചെയ്ത ‘തെറ്റ് ‘ ഒപ്പം പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയോടൊപ്പം നടന്ന് വന്നു എന്നതാണ്…ഒരാണും പെണ്ണും ഒരുമിച്ചു നടന്നാൽ ഉടനെ അതിനെ “മറ്റേ പരിപാടി” ആയിട്ട് കാണുന്ന ഒരുപാട് മനുഷ്യരുള്ള നാട്ടിൽ നിന്ന് ഈ വാർത്ത കേൾക്കുമ്പോൾ വലിയ പുതുമയൊന്നും തോന്നിയില്ല…പക്ഷെ അതിനേക്കാൾ പേടിപ്പെടുത്തുന്നതായിരുന്നു ആ വാർത്തയുടെ താഴെ വന്ന കമെന്റുകൾ… പച്ചക്ക് സദാചാരം പറയുകയും പ്രവർത്തിക്കുകയും അതിനെ നഖ ശിഖാന്തം അനുകൂലിക്കുകയും ചെയ്യുന്ന ഒരു ജനത പ്രബുദ്ധ മലയാളികളിൽ പെട്ടവരാണ്…. ഇവരുടെ ഈ കണ്ണുകളെ, അടക്കി വെച്ച കഴപ്പിനെ, ഫ്രസ്ട്രേഷനെ പേടിച്ചിട്ട് തന്നെയാണ് ഒരുപാട് മനുഷ്യർ സമൂഹത്തിൽ ജീവിക്കുന്നത് എന്നത് തന്നെയാണ് അവരുടെ വിജയം…അവരെ വക വെക്കാതെ അതിജീവിച്ച ചെറിയ വിഭാഗം മനുഷ്യരോട് ബഹുമാനമുണ്ട്… പക്ഷെ ബാക്കിയുള്ള മനുഷ്യർ അവരുടെ ആഗ്രഹങ്ങളെ കുഴിച്ചുമൂടുന്നത് മറ്റ് മനുഷ്യരെ ഭയന്ന് തന്നെയാണ് എന്നതാണ് ഏറ്റവും വലിയ സാമൂഹ്യ വിരോധാഭാസം. കിളിനക്കോട് ഒരു സാങ്കല്പിക ദേശമല്ല…ഈ മനുഷ്യരുടെ ദുനിയാവാണ്.