“എനിക്കിനി അവനായിട്ട് മാത്രമേ കഴിയാനൊക്കൂ… ഉത്തമനായിട്ട്…” ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചിട്ട് വിശ്വനാഥൻ തന്റെ അപരനായ ഉത്തമന്റെ ചിതയിലേക്ക് നോക്കി അതിഗൂഢമായി ഒന്ന് ചിരിക്കുന്നുണ്ട്… തന്റെ അപാരനോടൊപ്പം കത്തി തീർന്ന തന്റെ ഐഡന്റിറ്റി കൂടി തിരിച്ചറിയുന്ന നിമിഷം… ഇനിയങ്ങോട്ട് ജീവിച്ചിരിക്കുന്ന വിശ്വനാഥൻ ഇല്ല, പകരം ചാരമായ അപരനായി ജീവിച്ചു തീർക്കാൻ പോകുന്ന ജീവിതത്തെയോർത്തുകൊണ്ട്, ആ വിധി വൈപര്യതയെ തിരിച്ചറിഞ്ഞുകൊണ്ട് അപരനിലേക്ക് പരകായം ചെയ്യപ്പെട്ട നിമിഷം… അപരൻ എന്ന സിനിമ നമ്മളെ അലട്ടുന്നത് അത് അവസാനിക്കുന്നിടത്തുനിന്നുമാണ്…. സിനിമയിലൊരിടത്ത് പോലും അപരനെ കാണിക്കാതെ തന്നെ അയാളെക്കുറിച്ചുള്ള ഭീതി കാഴ്ച്ചക്കാരിലേക്ക് വരുത്തിതീർക്കാൻ കഴിവുള്ള ഒരു മനുഷ്യന്റെ, മാന്ത്രികന്റെ ഏറ്റവും വലിയ കണ്ടെത്തലിനെ കൂടിയാണ് അപരനിലൂടെ മലയാള സിനിമക്ക് ലഭിച്ചത്… കലാഭവന്റെ വേദികളിൽ മിമിക്രി കളിച്ചു നടന്ന ജയറാം എന്ന പയ്യനെ മമ്മൂട്ടിക്കും മോഹൻലാലിനും അപ്പുറമൊരു നായകനെ സങ്കൽപ്പിക്കാൻ ധൈര്യമില്ലാതിരുന്ന കാലത്ത് മലയാളിക്ക് പരിചയപെടുത്തുന്നത് അങ്ങനെ സിനിമയിലെ സകല ക്ലീഷേകളും പൊട്ടിച്ചെറിഞ്ഞു ശീലമുള്ള അതേ പദ്മരാജൻ തന്നെയായിരുന്നു.
ആറു വർഷങ്ങൾക്ക് ശേഷം തന്നെ കാണാൻ വരുന്ന തന്റെ അവസാന പ്രതീക്ഷയായ ചെറുമകൻ ഭാസിക്ക് വേണ്ടിയുള്ള കാത്തിരിക്കുന്ന തമ്പി എന്ന കാരണവർ…അവന്റെ വരവ് ഒരു ആഘോഷമാക്കി മാറ്റാൻ അയാൾ നടത്തുന്ന ഒരുക്കങ്ങൾ… അത് വരെയും അതിന് ശേഷവും മുത്തച്ഛൻ-ചെറുമകൻ ബന്ധം ഇത്രയും ആഴത്തിൽ നമ്മളിലേക്ക് എത്തിച്ച മറ്റു സിനിമകൾ ഉണ്ടോ എന്ന് തന്നെ സംശയമാണ്… വർഷങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടന്ന ആ രംഗത്തിൽ അവരോടൊപ്പം അവരുടെ അത്രയും ഗാഡമായ ആലിംഗനത്തിൽ നമ്മളും പെട്ടു പോകുന്ന അവസ്ഥ…അവിടുന്നങ്ങോട്ട് അവരോടൊപ്പമൊരു അവധിക്കാലം ആഘോഷിച്ചു തുടങ്ങിയ നമ്മളെ എത്ര വേഗമാണ് തിരകൾ നിശബ്ദമാക്കിയത്… കടല് തന്റെ പ്രാണനെ ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോയിട്ടും കൂടെയുള്ള എല്ലാവരുടെയും പ്രതീക്ഷകൾ നശിച്ചിട്ടും കാരണവർ മാത്രം ഭാസി നീന്തി രക്ഷപെട്ടുവരുന്നത് പ്രതീക്ഷിക്കുന്നു…
“മാർക്കേസിന്റെ ഷിപ്റെക്കട് സൈലർ പത്തു ദിവസമാ കടലിൽ കിടന്നത്… എന്താണ് ആ സൈലറിന്റെ പേര്… ആ വലസ്കോ… അത് ഫിക്ഷൻ അല്ല, നടന്ന സംഭവമാണ്…” കാരണവർ ഭദ്രയോട് ഇത് പറയുന്ന രംഗത്തിൽ ഇനിയും മരിക്കാത്ത അയാളുടെ പ്രതീക്ഷയാണ് നമ്മൾ കണ്ടത്… അയാളുടെ മാത്രം ഭാസി അത്രവേഗം മരിക്കേണ്ടവനല്ല… ഇന്നുമൊരു നോവായി മാത്രമേ ആ സിനിമയെ പറ്റി ഓർക്കാൻ സാധിക്കു… അത്രയും വേണ്ടപ്പെട്ടവർ പെട്ടെന്നൊരു ദിവസം നമ്മളിൽ നിന്ന് ഇറങ്ങിപോകുമ്പോളുള്ള സകല മനോനിലകളും ഒന്നേമുക്കാൽ മണിക്കൂറിൽ കാണിച്ചു തന്ന ‘മൂന്നാം പക്കത്തിലും’ പദ്മരാജൻ ആ ചെറുപ്പക്കാരനെ വീണ്ടുമൊരിക്കൽകൂടി കാണിച്ചു തന്നു… ഇത്തവണ അയാൾ കുറച്ചു കൂടി മെച്ചപ്പെട്ടു നിന്നു… കുറച്ചുകൂടി മലയാളികൾ അയാളെ സ്നേഹിച്ചു തുടങ്ങി…ഇന്നും ജയറാമിനെ ഓർക്കുമ്പോൾ ആദ്യം ഓർമയിലെത്തുന്ന ഫ്രെമുകളിൽ ഭാസിയുടെ സുന്ദരമായ ചിരിയുമുണ്ട്.
“നിങ്ങളന്വേഷിച്ചു വന്ന പെൺകുട്ടി ഇവരല്ല അല്ലേ…??” ശരത് മേനോന്റെ അത്രയും പ്രതീക്ഷയും ആകാംഷയും അല്പം സ്വാർത്ഥതയും കലർന്ന ചോദ്യത്തിന് നെഞ്ചിൽ ഒരു നെരിപ്പോട് കത്തിച്ചു വെച്ച അത്രയും നീറ്റലോടെ ‘അല്ല’ എന്ന് മറുപടി പറയേണ്ടി വരുന്ന നരേന്ദ്രനോടൊപ്പം കാഴ്ചക്കാരുടെയും ഉള്ള് മുറിപ്പെടുത്തിയ പദ്മരാജൻ ക്ലാസ്സിക് ‘ഇന്നലെ’… ഇന്നലെ തന്റേത് മാത്രമായിരുന്ന ഒരാൾ ഇന്ന് മറ്റൊരാളുടെ സ്വന്തമാകുന്ന, ഇനിയുള്ള കാലം ഇന്നലകളിൽ ജീവിക്കാൻ വിധിക്കപ്പെട്ട നരേന്ദ്രനോടാണ് മനസ് ചേർന്ന് നിക്കുന്നതെങ്കിലും തന്റെ സ്നേഹവും സ്വപ്നവുമായ മായയെ വിട്ടകൊടുക്കാൻ മനസ് വരാത്ത, അയാളുടെ പക്ഷത്തു നിന്ന് ചിന്തിച്ചാൽ അയാളാണ് ശരി എന്ന് തോന്നിപോകുന്ന ശരത്തിനെ കാഴ്ചക്കരിലേക്ക് എത്തിക്കുമ്പോളേക്കും ജയറാം എന്ന നടൻ ഇരുത്തം വന്ന് കഴിഞ്ഞിരുന്നു…. അയാളുടെ കഴിവ് മലയാള സിനിമക്ക് നിഷേധിക്കാൻ പറ്റാത്തതായി മാറിയിരുന്നു… അതിന് ഏറ്റവും പ്രധാന കാരണം അയാള് സിനിമയുടെ അടിസ്ഥാനം പഠിച്ചത് പദ്മരാജൻ യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു എന്നത് തന്നെയാണ്.
ജയറാം എന്ന നടന്റെ ഗ്രാഫ് നോക്കിയാൽ തന്നെ മനസിലാവും അയാളെ ഏറ്റവും നല്ലത് പോലെ ഉപയോഗിച്ചത് പദ്മരാജനും ഭരതനുമായിരുന്നു എന്ന്… അവർക്ക് ശേഷം പ്രത്യേകിച്ച് പദ്മരാജന്റെ കാലശേഷം അയാളിലെ സ്വാഭാവിക നടനെ ഉപയോഗിച്ചവർ കുറവായിരുന്നു… പിന്നീട് വന്നവർ അയാളെ ഒരു ഫാമിലി -കോമഡി സർക്കിളിൽ തളച്ചിടാൻ ശ്രമിച്ചത് പോലെയും അറിയാതെ പോലും അയാൾ അതിന് വിധേയനാകുകയും ചെയ്ത കാഴ്ച നമ്മൾ കണ്ടതാണ്… ഒരു പക്ഷെ പദ്മരാജൻ ജീവിച്ചിരുന്നെങ്കിൽ ജയറാം എന്ന നടൻ ഇതിനേക്കാൾ ഉയരത്തിൽ എത്തിയേനെ… അയാൾക്ക് ജയറാം അത്രയും പ്രിയപെട്ടവനായിരുന്നു… മുപ്പത് വർഷം മുന്നേയുള്ള ഒരു ജനുവരി 24 ന് തുടർച്ചയായി സിനിമ പരാജയപ്പെട്ടുകൊണ്ടിരുന്ന ജയറാമിനെ അയാൾ ഒരിക്കൽ കൂടി കണ്ടു… “നിനക്ക് വീണ്ടും കത്തിക്കേറാനുള്ള ഒരു സാധനം ഞാൻ റെഡി ആക്കിയിട്ടുണ്ട് ” എന്ന് പറഞ്ഞുകൊണ്ട് ജയറാമിന് വേണ്ടി മാത്രം എഴുതിയ ഒരു സിനിമയുടെ കഥ അയാൾ പറഞ്ഞു കേൾപ്പിച്ചു… പക്ഷെ ഗന്ധർവ്വന്റെ കഥ പറയാൻ ഭൂമിയിൽ അവതരിച്ച പോലെ അനുവദിച്ച സമയം തീർന്നത്കൊണ്ട് അയാൾ അതേ ദിവസം തന്നെ മടങ്ങി പോയി… സ്വന്തം സഹോദരനെ പോലെയൊരാൾ, പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായ ഒരാൾ പെട്ടെന്ന് ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയത് ജയറാം എങ്ങനെയാകും സഹിച്ചിട്ടുണ്ടാകുക എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
അത് ഒരു പക്ഷെ സച്ചിയെ നഷ്ടപെട്ട പ്രഥ്വിരാജിന്റെ മാനസിക അവസ്ഥയോട് തുല്യമായിരിക്കും… സച്ചി മരണപെട്ട അന്ന് ‘പോയി…’ എന്നോരൊറ്റവാക്കിൽ ഒതുക്കിയ കടലാഴമുള്ള വിഷമം നമ്മൾ കണ്ടതാണ്…ഒരുപക്ഷെ ജീവിച്ചിരുന്നെങ്കിൽ ഇനിയുമേറെ നമ്മളെ അത്ഭുതപെടുത്തേണ്ടിയിരുന്ന കൂട്ടുകെട്ടുകൾ… പദ്മരാജന്റേത് നമുക്കൊരു വിയോഗമാകുമ്പോൾ ജയറാമിന് അതൊരു തീരാ നഷ്ടമായിരുന്നു…അയാളുടെ പപ്പേട്ടൻ കുറച്ചുനാൾ കൂടി ഭൂമിയിലുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ജയറാം എന്ന നടൻ ഇന്ന് നേരിടുന്ന അനിശ്ചിതത്വം പോലും ഒരുപക്ഷെ ഉണ്ടാവില്ലായിരുന്നു.