ഇപ്പോഴും ഉള്‍ക്കൊള്ളാനാവാത്തൊരു വേര്‍പാടാണ് സച്ചിയുടേത്, ഇന്നേക്ക് രണ്ട് വര്‍ഷം.
Praveen Prabhakar
■ സൂഫി സന്യാസി ശന്തനുവിനോട് ആ ആകസ്മികതയെ പറ്റി പറയുന്നിടത്താണ് ഈ സിനിമയുടെ പേരിന്റെ പിന്നിലെ രഹസ്യം നമ്മളിലേക്കെത്തുന്നത്… ശന്തനു എന്നാൽ ശാന്ത സ്വഭാവമുള്ളവൻ… ജഹാംഗീറിന്റെ മറ്റൊരു പേരായ സലീമിന്റെ അർത്ഥവും അത് തന്നെ… നാദിറ… അനാർക്കലിയുടെ യഥാർത്ഥ പേര്… സച്ചിയുടെ അനാർക്കലി വീണ്ടും വീണ്ടും മനസിലേക്ക് കടന്നു വരാൻ കാരണം ക്ലൈമാക്സിലെ ഈ ആകസ്മികത കൂടി നമ്മളിലേക്ക് പങ്കു വെക്കുന്നതുകൊണ്ടാണ്.
ശന്തനു മരണത്തെ തോൽപിച്ചുകൊണ്ടാണ് നാദിറയുടേതായി മാറുന്നത്… “Love is also strong as death.. ” പ്രണയം മരണത്തോളം ശക്തവും തീവ്രവുമാണ്…അത്രമേൽ ശക്തമായ പ്രണയത്തിനു മുന്നിൽ മരണം വഴി മാറി കൊടുക്കുകയായിരുന്നു… സച്ചി അനാർക്കലി എന്നൊരു ടൈറ്റിൽ കൊടുത്ത് അവരെ ഒന്നായ കഥ പറയുമ്പോൾ ഒരുപക്ഷെ ലാഹോറിലെവിടെയോ ജീവനോടെ അടക്കം ചെയ്യപ്പെട്ട അനാർക്കലി ഒരു തുള്ളി കണ്ണീർ ഭൂമിയിലെക്ക് വീഴ്ത്തിയിട്ടുണ്ടാവും.
ഇന്ന് ജാഫർ ഇമാം ആയിരുന്നെങ്കിൽ അന്ന് അക്ബർ ആയിരുന്നു വില്ലൻ… ഇന്ന് നാദിറയാണ് തടവിലാക്കപ്പെട്ടതെങ്കിൽ അന്ന് സലിമായിരുന്നു പ്രേമത്തിന് വേണ്ടി തുറുങ്കിലടക്കപ്പെട്ടത്…ഇന്ന് മതമായിരുന്നു വിലങ്ങ് തടിയായി നിന്നിരുന്നതെങ്കിൽ അന്ന് സ്ഥാന വലിപ്പം അല്ലെങ്കിൽ അന്തസ്സ് എന്ന ഘടകമായിരുന്നു… ഇന്ന് ശന്തനുവാണ് നാദിറയെ തേടി വന്നതെങ്കിൽ അന്ന് സലീമിനെ കാണാൻ, ഒരു ദിവസം ഒരേയൊരു ദിവസം ഒരുമിച്ചു ജീവിക്കാൻ അനുവാദം തേടി വന്നത് അനാർക്കലിയായിരുന്നു… സച്ചി എത്ര മനോഹരമായിട്ടാണ് ഒരു ചരിത്രത്തെ നമ്മളിലേക്ക് നമ്മൾ പോലുമറിയാതെ ആവാഹിച്ചത്.
ആഗ്രയിലെ ഫത്തേപ്പൂർ സിക്രി എന്ന അക്‌ബർ നിർമിതിയിൽ ഒരു തുരങ്കമുണ്ട്… ഡൽഹിയിൽ നിന്ന് ലാഹോറിലേക്കാണ് ആ തുരങ്കം(താഴെ കാണിച്ചിട്ടുണ്ട്)… 1949 ൽ ആ തുരങ്കം അടച്ചു പൂട്ടി… ഒരേയൊരു രാത്രി സലീമിനൊപ്പം താമസിക്കാൻ അനാർക്കലിയെ അനുവദിച്ചതിന്റെ അടുത്ത ദിവസം ഈ തുരങ്കം വഴിയാണ് അവരെ ലാഹോറിലേക്ക് നാട്കടത്തിയത്… തുരങ്കത്തിന്റെ വാതിലിൽ വെച്ച് അനാർക്കലി കലങ്ങിയ കണ്ണുകളോടെ തിരിഞ്ഞു നോക്കി… പതിയെ തുരങ്കത്തിന്റെ ഇരുട്ടിലേക്ക് മറഞ്ഞു… പിന്നീട് ആരും അനാർക്കലിയെ കണ്ടിട്ടില്ല… ലാഹോറിൽ വെച്ച് ജീവനോടെ അവരെ മതിൽ കെട്ടി ഖബറടക്കുകയായിരുന്നു എന്ന് കേട്ടിട്ടുണ്ട്…ഷാജഹാന്റെ ഓപ്ഷൻസിൽ ഒന്നായ മുംതാസിന് വേണ്ടി നിർമിച്ച വെണ്ണക്കൽ സ്തൂപത്തെ പ്രണയത്തിന്റെ അവസാന വാക്കായി വിശേഷിപ്പിക്കുന്ന നാട്ടിൽ നിന്നും കിലോമീറ്ററുകൾക്കപ്പുറം ആരാലും ശ്രദ്ധിക്കാതെ ഒരു ഖബറിനുള്ളിൽ യഥാർത്ഥ പ്രണയത്തിന്റെ രക്ത സാക്ഷി സലീമിനെയും പ്രതീക്ഷിച്ചിരുപ്പുണ്ടാവും… അവിടെയാണ് പ്രണയം ചിലപ്പോൾ മരണത്തോളം ശക്തമായിട്ടുണ്ടാവുക.
നാദിറയും അനാർക്കലിയും സൂഫി സംഗീതത്തിന്റെ വശ്യതയിൽ നൃത്തം ചവിട്ടിയവരാണ്… വെറുതെ ഒരു ആകസ്മികതക്ക് വേണ്ടിയല്ല സച്ചി ഇതെല്ലാം നമ്മൾക്ക് മുന്നിൽ വരച്ചു കാണിച്ചത്… പ്രണയം എന്ന ലേബലിൽ എന്തെങ്കിലുമൊരു ക്ളീഷേ കാണിച്ചു കയ്യടി നേടുന്നതിന് പകരം അയാൾ ചരിത്രത്തിൽ നമ്മൾ തമസ്കരിച്ച രണ്ടാത്മാക്കളെ ശന്തനുവിലേക്കും നാദിറയിലേക്കും പറിച്ചു നട്ടു…”ഇനി ഈ കാര്യത്തിൽ ഒരു ചാൻസ് എടുക്കാൻ വയ്യാ” എന്ന് പറയുന്നിടത്ത് പ്രണയത്തിനു വേണ്ടി മരിച്ചാലും സന്തോഷം മാത്രമുള്ള ശന്തനുവിനെ കാണാം… ഒരേയൊരു രാത്രി മാത്രം സലീമിനൊപ്പം ജീവിക്കാൻ അക്ബറിനോട് അനുവാദം ചോദിച്ച അനാർക്കലിയുടെ അതേ മാനസികാവസ്ഥ… അതിന് ശേഷം മരിച്ചാലും അവൾക്കു സന്തോഷമേ ഉള്ളു… ഒടുവിൽ ഇമാം നാദിറയെ ശന്തനുവിന്റെ പക്കലേക്ക് അയക്കുന്ന പോലെ അക്ബർ അനാർക്കലിയെ സലീമിന്റെ പക്കലേക്ക് അയക്കുന്നു… മരണത്തിൽ നിന്ന് തിരികെ വന്ന ശന്തനു നാദിറയുടേത് ആവുന്നിടത്ത് അത്രയും കാലത്തെ അവരുടെ കാത്തിരിപ്പ് അവസാനിക്കുന്നു… പക്ഷെ അത്രയും നാളത്തെ കാത്തിരിപ്പിന്റെ ഒരു രാത്രിക്കൊടുവിൽ അനാർക്കലി മരണത്തിലേക്ക് നടന്ന് പോവുന്നു… അനാർക്കലിയുടെ മരണം പ്രണയത്തോളം ശക്തമാണ്.
അനാർക്കലി പോലൊരു സിനിമ നമ്മുക്ക് തന്നിട്ട് സച്ചി മരിച്ചു പോയി എന്ന് പറഞ്ഞാൽ നമ്മൾ എങ്ങനെ വിശ്വസിക്കാനാണ്… ഓരോ തവണയും ഈ സിനിമ അയാളെ പുനർജീവിപ്പിക്കുന്നുണ്ട്… അയാൾ നമുക്ക് മുന്നിൽ കാണിച്ചു തന്ന ഈ പ്രണയത്തിന്റെ ഭാഷ അയാളുടെ മരണത്തേക്കാൾ ശക്തമാണ്.
അനാർക്കലി… ❤️
കടപ്പാട് : Praveen Prabhakar