കഥയിലെ സത്താറും ജീവിതത്തിലെ അനന്യയും, എല്ലാ കഥകൾക്കുമപ്പുറം പ്രതിസന്ധികളാണ് ട്രാൻസ്ജൻഡേഴ്‌സിന്റെ ജീവിതം

0
185

Praveen Prabhakar എഴുതിയത്

“എട്ടിനും പത്തിനും ഇടയിൽ എന്താണ്… അത് ഒമ്പതാണ്…”
പാവ കതൈകളിലെ സത്താറിനെ കാണുന്ന നാട്ടുകാർ പരിഹസിക്കാൻ വേണ്ടി പറയുന്ന വാക്കുകളാണിത്… സത്താർ… മനസ് നിറയെ ശരവണനെ സ്നേഹിക്കുന്ന അവന്റേതായി മാറാൻ അത്രയും ആഗ്രഹിക്കുന്ന പുരുഷന്റെ ശരീരവും പെണ്ണിന്റെ മനസുമുള്ള മനുഷ്യൻ… ഒരു ജീവിത കാലം കൊണ്ട് കൂട്ടിവെച്ച പതിനയ്യായിരം രൂപ കൊണ്ട് മുംബൈൽ പോയി ലിംഗമാറ്റ ശസ്ത്രക്രീയ ചെയ്യണം എന്നതാണ് അവനിലെ അവളുടെ ജീവിതലക്ഷ്യം തന്നെ… എന്നാൽ മാത്രമേ തന്റെ ‘തങ്കമായ’ ശരവണനെ അവന് സ്വന്തമാക്കാൻ പറ്റു… പക്ഷേ സത്താർ ഒഴികെ മറ്റാരും അവന്റെ വികാരങ്ങൾക്ക് വില കൊടുക്കുന്നില്ല… അവനെ കാണുന്നതോ തൊടുന്നതോ കൂടി ദുശ്ശകുനമായി കരുതുന്ന നാട്ടിൽ അവനെ ഒന്ന് ചേർത്ത് പിടിക്കുന്നത് പോലും ശരവണൻ മാത്രമാണ്… അത് കൊണ്ട് തന്നെ ശരവണന് വേണ്ടി അവൻ എന്തും ചെയ്യും…സ്വന്തം സഹോദരിയെ ശരവണന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ പോലും നെഞ്ച് തകർന്ന് കൊണ്ട് അവരുടെ പ്രേമത്തിന് വേണ്ട സഹായം ചെയ്യാൻ കൂടെ നിൽക്കുന്നത് അത് കൊണ്ട് തന്നെയാണ്.

ശരവണനും സാഹിറയും തമ്മിൽ സ്നേഹിക്കുന്നത് ആ നാട്ടിൽ സത്താറിനൊഴികെ എല്ലാവർക്കും പാപമാണ്… സത്താറിന് അവര് രണ്ട് പേരും തന്നെ പോലെ രണ്ട് മനുഷ്യർ മാത്രമാവുമ്പോൾ ബാക്കിയുള്ളവർക്ക് അവർ ഒന്ന് ചേരാൻ പാടില്ലാത്ത രണ്ട് മത ധ്രുവങ്ങളിൽ പെട്ടവരാണ്…അത് കൊണ്ട് തന്നെയാണ് തന്റെ സ്വപ്നമായ ഓപ്പറേഷന് വേണ്ടി ഒരായുഷ്കാലം കൂട്ടി വെച്ച പണം തന്റെ ശരവണനും സാഹിറക്കുമായി കൊടുക്കുന്നത്… ശരവണന് വേണ്ടിയാണ്, അവനെ സ്വന്തമാക്കാനാണ് സത്താർ തന്റെ ജന്മ സിദ്ധമായ പെണ്മയിലേക്ക് പൂർണമായും എത്തിച്ചേരണമെന്ന് ആഗ്രഹിച്ചത്… പക്ഷേ ശരവണന് അങ്ങനെയൊരു ഇഷ്ടം തന്നോടില്ല എന്നറിഞ്ഞതോടെ എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി അവരുടെ പ്രേമ സാഫല്യത്തിന് കൂട്ട് നിക്കാനും സത്താറിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല… ഒടുവിൽ അവരുടെ സ്നേഹത്തിനു കൂടെ നിന്നു എന്നൊരു കാരണം കൊണ്ട് മാത്രം സത്താർ സത്താർ എല്ലാവരാലും വെറുക്കപെടുകയാണ്… തന്നെ ഉപദ്രവിക്കാൻ വരുന്ന മനുഷ്യരിൽ നിന്നോടി അയാൾ സ്വന്തം വീടടക്കം ഗ്രാമത്തിലെ എല്ലാ വീടുകളിടേയും വാതിലുകൾ മുട്ടുകയാണ്… സഹായം അഭ്യർത്ഥിക്കുകയാണ്… മതം തലക്ക് പിടിച്ച ഒരൊറ്റ മനുഷ്യർ പോലും വാതിൽ തുറന്നു കൊടുത്തില്ല… “ഇങ്ങനെ ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലത് നീ മരിക്കുന്നതാണ് ” എന്ന് പറഞ്ഞു കൊണ്ട് അവനെ മരണത്തിലേക്ക് തള്ളി വിട്ടത് സ്വന്തം അമ്മ തന്നെയാണ്… അങ്ങനെ ആ രാത്രി അവനും അവനിലെ അവളും നീതി നിഷേധം ഒന്ന് കൊണ്ട് മാത്രം മരിക്കുകയാണ്… അല്ലെങ്കിൽ ഒരു സമൂഹത്താൽ കൊല ചെയ്യപ്പെടുകയായിരുന്നു.

കഥയിൽ നിന്നും വർത്തമാന കാലത്തിലേക്ക് വരാം…അനന്യ എന്ന ട്രാൻസ്വുമൺ ഇന്നലെ ആത്മഹത്യ ചെയ്തിരിന്നു…മെയിൻ സ്ട്രീമിൽ ഒന്നും ഇടം പിടിക്കാൻ സാധ്യത ഇല്ലാത്ത വാർത്തയാണ്… കാരണം ആത്മഹത്യ ചെയ്തത് ഒരു ട്രാൻസ്ജൻഡർ ആണ്… അവർ ആത്മഹത്യ ചെയ്യുന്നത് നമുക്ക് സാധാരണമായ ഒരു വിഷയമാണ്… ജീവിക്കാൻ അർഹതയില്ലാത്തവർ മരിക്കണമെന്ന പൊതുബോധമാണ്…പക്ഷേ മരിച്ചു പോയവൾ അവൾ പ്രതിനിധാനം ചെയ്യുന്ന കമ്മ്യൂണിറ്റിയുടെ അഭിമാനമായിരുന്നു… മുന്നേ പറഞ്ഞ പൊതുബോധങ്ങളെ ഉടച്ചു വാർക്കാൻ കഴിവുള്ളവളായിരുന്നു… നിയമസഭ ഇലക്ഷനിൽ കാൻഡിഡേറ്റ് ആയ ആദ്യ ട്രാൻസ്ജൻഡർ ആയിരുന്നു അവൾ… റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്നു…മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു… ഇവന്റ് മാനേജ്മെന്റുകളുടെ ഭാഗമായിരുന്നു… അങ്ങനെ ഒരു മനുഷ്യൻ എൻഗേജ്ഡ് ആവേണ്ടത്തിന്റെ പരമാവധി അവളും സമൂഹത്തിൽ ഇടകലർന്നിരുന്നു.

അവൾ ആഗ്രഹിച്ച പോലെ പൂർണമായും പെണ്മയിലേക്കുള്ള അവസാന ചുവട് വെപ്പായിരുന്നു കഴിഞ്ഞ വർഷം നടത്തിയ ലിംഗ മാറ്റ ശസ്ത്രക്രീയ… വളരെ കാലം കൊണ്ട് പല തൊഴിലും ചെയ്ത് സ്വരുക്കൂട്ടി വെച്ചിരുന്ന പണം ചിലവഴിച്ചു നടത്തിയ ഓപ്പറേഷന് ശേഷം ഒരിക്കൽ പോലും അവളുടെ ജീവിതം പഴയത് പോലെ ആയില്ല… ഒന്നുറക്കെ തുമ്മാനോ ചുമക്കാനോ ചിരിക്കാനോ കൂടുതൽ നേരം നിക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥ… പരാജയപ്പെട്ട ഒരു ഓപ്പറേഷന്റെ ഇരയായിരുന്നു അവൾ… ആ തെറ്റ് ഏറ്റു പറഞ്ഞുകൊണ്ട് അവൾക്ക് വേണ്ട നീതി കൊടുക്കാൻ തെറ്റ് ചെയ്തവർക്ക് സാധിച്ചില്ല… പല തവണ ആ വാതിലുകൾ മുട്ടിയെങ്കിലും ആരും തുറന്ന് കൊടുത്തില്ല…ഇനി ആ നീതിയുടെ ആവശ്യമില്ല… അവൾ മരിച്ചുകഴിഞ്ഞു… അനീതി സംഭവിച്ചു കഴിഞ്ഞു.

ഇത്തരം എത്ര ആത്മഹത്യകൾ കേട്ടാലാണ് നമ്മുടെ സമൂഹം ഇവരുടെ ജീവിത സാഹചര്യങ്ങളെ പറ്റി തിരിച്ചറിയുന്നത്…ഇന്നും ട്രാൻസ്ജൻഡറുകൾ എന്നാൽ അവരുടെ ലൈംഗിക താല്പര്യങ്ങൾക്ക് വേണ്ടി മാത്രം ലിംഗ മാറ്റം ചെയുന്നവരാണ് എന്നൊരു അപബോധം നമ്മുക്കിടയിലുണ്ട്… അത് അവരുടെ ശരീരികമായ അനിവാര്യത ആണെന്നും മാനസികമായ തിരഞ്ഞെടുപ്പാണെന്നും ആത്യന്തികമായി അവരുടെ മാത്രം ചോയ്സ്‌ ആണെന്നും ഇനി എത്ര കാലം കഴിഞ്ഞാലാണ് തിരിച്ചറിയുന്നത്…ഒരു വലിയ മെഡിക്കൽ നേഗ്ലിജൻസിന്റെ ഇരയായിയിരുന്നു അവൾ… വികൃതമായ, തകരാറുള്ള ഒരു ലിംഗം വെച്ചു കൊടുത്തു കയ്യൊഴിഞ്ഞിട്ട് അവളെ മരണത്തിലേക്ക് തള്ളി വിട്ടവരാരും ചിലപ്പോൾ വിചാരണ നേരിടില്ല…ചോദ്യങ്ങൾ നേരിട്ടതത്രയും മരിച്ചു പോയ ആ പെൺകുട്ടി മാത്രമായിരുന്നു… മതം തലക്ക് പിടിച്ച മനുഷ്യർക്ക് അവൾ ചെയ്തത് ‘പ്രകൃതി വിരുദ്ധമായിരുന്നു…’ ദൈവത്തിന്റെ സൃഷ്ടിക്ക് എതിരായിരുന്നു…മാപ്പർഹിക്കാത്ത പാപമായിരുന്നു… അത് കൊണ്ട് തന്നെ സത്താറിന് മുന്നിൽ വാതില് തുറക്കാതിരുന്ന നാട്ടുകാരെ അന്വേഷിച്ചു വേറെ എങ്ങും പോകണ്ട… അവർ നമുക്കിടയിൽ തന്നെയുണ്ട്.

സത്താർ ഒരു കെട്ടു കഥയും അനന്യ ഒരു യഥാർഥ്യവും ആകുമ്പോൾ പോലും എല്ലാ കഥകൾക്കുമപ്പുറം പ്രതിസന്ധികളാണ് ഓരോ ട്രാൻസ്ജൻഡേഴ്സും നേരിടുന്നത് എന്നതാണ് സത്യം… സ്വന്തം സ്വത്വത്തിൽ ഉറച്ചു നിൽക്കാൻ വേണ്ടി ജീവിതം തന്നെ സമരമാക്കി മാറ്റേണ്ട അവസ്ഥയോളം ഭീകരമായത് മറ്റെന്താണ്… ജീവിച്ചിരിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിട്ട് പോലും ഒരാളെ ആത്മഹത്യയിലേക്ക് തള്ളി വിട്ടിട്ടുണ്ടേൽ അത് ആത്മഹത്യ അല്ല… കൊലപാതകമാണ്… സത്താറിനെ കൊല്ലാൻ മനസമ്മതം കൊടുത്ത കഥയിലെ മനുഷ്യരെ പോലെ നമ്മളടങ്ങുന്ന സമൂഹത്തിന്റെ കയ്യിലും ആ ചോരക്കറയുടെ മണമുണ്ടാകും.