സ്ത്രീകളുടെ ജീവിതരീതി നൂറ്റാണ്ടുകൾക്കിപ്പുറവും അങ്ങനെതന്നെ പിന്തുടരണമെന്ന് പറഞ്ഞു നടക്കുന്നവരെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത് ?

87

Praveen Prabhakar

“പെൺകുട്ടികൾ ബോൾഡ് ആവേണ്ടത് തുണി ഉരിഞ്ഞിട്ടല്ല… പൊലീസോ പൈലറ്റോ ഒക്കെ ആയി മാറികൊണ്ടാണ്… “

രാവിലെ കണ്ട ഒരു ട്രോളിന്റെ ഉള്ളടക്കമാണ്…പതിനാറാം നൂറ്റാണ്ടിൽ നിന്ന് മോക്ഷം കിട്ടാതിരുന്ന ഏതോ ആത്മാവിന്റെ പോസ്റ്റാണെന്ന് കരുതി അതിന്റെ കമെന്റുകൾ വായിച്ചപ്പോൾ മോക്ഷം കിട്ടാത്ത ഒരുപാട് ആത്മാക്കളെ അവിടെ കാണാൻ സാധിച്ചു…ചിലപ്പോൾ ചിലരെങ്കിലും ചിന്തിക്കും, ശരിയല്ലേ പോലീസും പട്ടാളവുമൊക്കെ ആകുന്നതും ഒരു ബോൾഡ്നെസ്സിന്റെ ഭാഗമല്ലേ,അതല്ലേ യഥാർത്ഥ സ്ത്രീ ശാക്തീകരണം…അവരിൽ നിഷ്കളങ്കമായി ഇവ്വിധം ചിന്തിക്കുന്ന ഒരുപാട് അതി ഭീകരമാം വിധം നിഷ്കളങ്കന്മാരുണ്ട് നമ്മുടെ നാട്ടിൽ… അവരിൽ കുറച്ചു പേരാണ് അനശ്വര എന്ന ഒരു ചെറിയ പെൺകുട്ടിയുടെ ഫോട്ടോക്ക് കീഴിൽ പോയി സദാചാരത്തിന്റെ അപ്പ കക്ഷണങ്ങൾ വിളമ്പിയത്.

ഇന്ത്യയിലെ ഏറ്റവുമുയർന്ന സാക്ഷരതയുള്ള, ഏറ്റവുമുയർന്ന ജീവിത നിലവാരമുള്ള ഒരു നാട്ടിലെ ജനതയിലെ നല്ലൊരു ശതമാനം ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകളെ പോലെ ജീവിക്കുന്നുണ്ടെങ്കിൽ അതിന് കലാപരമായ രാഷ്ട്രീയമായ സാംസ്കാരികമായ സ്വാധീനങ്ങൾ ഒരുപാടുണ്ട്… അതിൽ പ്രധാനമാണ് ഭാരത സംസ്കാരം എന്നത്… പെണ്ണിന്റെ സ്വാതന്ത്ര്യങ്ങളെ ഹനിച്ചു കൊണ്ടുള്ള ആണധികാര കേന്ദ്രങ്ങളുടെ ഫാബ്രിക്കേറ്റഡ് ആയിട്ടുള്ള ഒരു സൃഷ്ടി എന്നതിനപ്പുറം അതൊന്നുമില്ല…അധികം പോകണ്ട, നൂറു വർഷങ്ങൾക്ക് മുമ്പ് വരെ മാറ് മറക്കാനും നാണം മറക്കാനുള്ള തുണി ഉടുക്കാനുമുള്ള അവകാശത്തിനു വേണ്ടി സമരങ്ങൾ നടന്ന നാടാണിത്…അപ്പോൾ പിന്നെ ഈ പറഞ്ഞു നടക്കുന്ന ആർഷ ഭാരത സംസ്‍കാരം എന്നത് അന്നത്തെ കാലത്ത് അധികാരവും അവകാശവും അനുഭവിച്ചു വന്നിരുന്ന മേലാളരുടെ മാത്രം കുത്തകയാണ്…അവിടങ്ങളിലെ സ്ത്രീകളുടെ ജീവിത രീതി നൂറ്റാണ്ടുകൾക്കിപ്പുറവും പിന്തുടരണമെന്ന് പറഞ്ഞു നടക്കുന്നവരെ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത് എന്നത് തന്നെ ആശ്ചര്യമാണ്.

അതിനുമപ്പുറത്തേക്ക് ചിന്തിച്ചാൽ സിനിമ എന്ന കലാരൂപം കൂടി ഇത്തരം പിന്തിരിപ്പൻ ആശയങ്ങളെ പ്രോത്സാഹിപ്പിച്ചു എന്ന് വേണം കരുതാൻ…അല്പ സ്വല്പം ‘മോഡേൺ’ ആയ പെൺകുട്ടികളെ വില്ലൻ അല്ലെങ്കിൽ നെഗറ്റീവ് സ്വഭാവത്തോടെ അല്ലാതെ കാണിച്ചു തരാൻ നമ്മുടെ സിനിമകൾക്ക് ബുദ്ധിമുട്ടുള്ളത് പോലെ തോന്നിയിട്ടുണ്ട്… അല്ലെങ്കിൽ നെഗറ്റീവ് ടച്ച്‌ ഉള്ള കഥാപാത്രം അവതരിപ്പിക്കേണ്ട പെൺകുട്ടി മോഡേൺ ആയിരിക്കണം എന്ന് വാശിയുള്ള പോലെ… ചിന്താമണി എന്ന ‘നിഷ്കളങ്കയായ’ പെൺകുട്ടിയെ ഉപദ്രവിക്കുന്നവരെ സിനിമ കാണിച്ചുതരുന്ന ഒരു അവതരണ രീതിയുണ്ട്…അവിടെ ചിന്താമണിയെ വേഷവിധാനത്തിലും അപ്പിയറൻസിലും എത്രത്തോളം ഒരു ‘നാടൻ’ പെൺകുട്ടി ആക്കാൻ പറ്റുമോ അത്രത്തോളം ശ്രമിച്ചപ്പോൾ, അവളെ ഉപദ്രവിച്ചവരുടെ വേഷ വിധാനത്തിലൂടെ അവർ അത്യാവിശം മോഡേൺ ആണെന്നും കോളേജുകളിൽ റാഗിംഗ് ചെയ്യുന്ന എല്ലാ പെൺകുട്ടികളും ഏതാണ്ട് ഇവരെ പോലെ തന്നെയിരിക്കുമെന്നുമുള്ള ബോധപൂർവമായ ഒരു ഒളിച്ചു കടത്തൽ നമുക്ക് കാണാൻ സാധിക്കും… രസികൻ എന്ന സിനിമയിൽ ശിവനെ ‘തേച്ചിട്ട്’ പോകുന്ന കരീഷ്മയെ അവതരിപ്പിച്ചതും ഏതാണ്ട് ഇതേ വിധമായിരുന്നു… ഒടുവിൽ ശിവൻ തങ്കിയുടെ സ്നേഹം തിരിച്ചറിയുമ്പോൾ അവിടെ പറയാതെ പറയുന്നത് നിഷ്കളങ്കകളായ അതിനൊത്ത് വേഷം ധരിക്കുന്ന പെൺകുട്ടികളാണ് എന്ത്കൊണ്ടും മെച്ചമെന്ന് തന്നെയാണ്… ഇത് തന്നെയാണ് വർഷങ്ങൾപ്പുറം കട്ടപ്പനയിലെ ഹൃതിക് റോഷനിലും നമ്മൾ കണ്ടത്… വർഷങ്ങൾക്ക് മുമ്പ് മഴയെത്തും മുൻപേ എന്ന സിനിമയിൽ ആനി ചെയ്ത കഥാപാത്രത്തോട് കുറച്ചെങ്കിലും ദേഷ്യം തോന്നുകയും ശോഭന ചെയ്ത കഥാപാത്രത്തോട് സിമ്പതി തോന്നുകയും ചെയ്യാനിടത്ത് അവരെ അവതരിപ്പിച്ച രീതിയും ഇതേ വിധം തന്നെയല്ലേ.

ഇതിവിടെ പറയുമ്പോൾ മറ്റൊരു ചോദ്യം കൊണ്ട് നിഷ്കളങ്കതയുടെ രണ്ടാം വേർഷനുമായി അടുത്ത ചോദ്യം വരും… സിനിമയെ സിനിമയായി കണ്ട് കൂടെ…? ട്രോളുകളെ ട്രോളായി കണ്ടുകൂടെ…?നിരന്തരം ഒരേ കാര്യം തന്നെ പല വിധത്തിൽ നമ്മളിലേക്ക് സംവദിക്കുമ്പോൾ അതിലേക്ക് സ്വാഭീവികമായ ഒരു സ്വാധീനം ഉണ്ടാവും…അങ്ങനെ ഇല്ല എന്ന് വാദിക്കാൻ വരുന്നവരോട്, ഏതേലും പേടി പെടുത്തുന്ന രാത്രിയിൽ ഒറ്റക്ക് കിടക്കേണ്ടി വരുന്ന സാഹചര്യത്തിൽ നിങ്ങളുടെ മനസ്സിൽ ആദ്യമെത്തുന്നത് എപ്പോഴേലും കണ്ട് മറന്ന ഹൊറർ സിനിമകളിലെ പ്രേത രൂപങ്ങൾ തന്നെയല്ലേ… അപ്പോൾ സിനിമയിലെ കാഴ്ചകളും ആശയങ്ങളും നമ്മുടെ മനസിനെ സ്വാധീനിക്കുന്നില്ല എന്ന് എങ്ങനെയാണ് പറയാൻ സാധിക്കുന്നത്… തീർച്ചയായും സിനിമ രണ്ട് വിധത്തിൽ സ്വാധീനിക്കുന്നുണ്ട്… ഒന്ന് അതിലെ നല്ല ആശയങ്ങൾ…. ‘ഷ്വാവ്‌ഷാങ്ക് റെഡ്മപ്ഷൻ’ എന്ന സിനിമ കണ്ട് ജയിൽ ചാടിയവരെക്കാൾ അതിലെ പ്രതീക്ഷ (Hope) എന്ന ശക്തമായ ആശയത്തെ മനസിലാക്കിയവരാണ് ഏറെയും. രണ്ട് സിനിമയിലെ മോശമായ ആശയം…ഏറ്റവുമെളുപ്പം മനുഷ്യ മനസിന്‌ ആഗീകരിക്കാൻ കഴിയുന്നതും ഈ മോശമായ ആശയങ്ങൾ തന്നെയാണ്….അത് കൊണ്ട് തന്നെയാണ് സിനിമകളിലെ പൊളിറ്റിക്കലി ഇൻകറക്റ്റ് ആയവയെ ചോദ്യം ചെയ്യുന്നത്… അതിനി ഒരുകാലത്ത് ക്ലാസ്സിക്‌ ആണെന്ന് പറഞ്ഞാലും അത് ഈ കാലത്ത്, ഇന്നത്തെ ചിന്തകളോട് പൊരുത്ത പെടുന്നില്ലെങ്കിൽ ചോദ്യം ചെയുക തന്നെ ചെയ്യണം.

ഇവിടെ അനശ്വര രാജൻ എന്ന പെൺകുട്ടി ഒരു ഫോട്ടോ ഇട്ടു… അത് ഈ രാജ്യത്ത് മൗലികമായ അവകാശങ്ങൾ ലഭിച്ചു വരുന്ന ഇതൊരു പൗരനും ചെയ്യാൻ പറ്റുന്ന കാര്യം തന്നെയാണ്… അത് ആത്യന്തികമായി ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്… അതിൽ ആ കുട്ടിക്ക് ഏൽക്കേണ്ടി വന്ന ആൾക്കൂട്ട വിചാരങ്ങൾക്ക് എതിരെ കുറെയേറെ സ്ത്രീകളും നടികളും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നു… നല്ലത്.

മറുവശത്ത് ട്രോളുകൾ കൊണ്ട് ഈയൊരു ഐക്യ പെടലിനെ എതിർക്കുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്… ഒരു പക്ഷെ ഈ ട്രോൾ ചെയ്യുന്നവരും അവരെ അംഗീകരിക്കുന്നവരും മനസിലാക്കാതെ പോകുന്ന ഒരു സത്യമെന്തെന്നാൽ ഇത് കേവലം നിക്കർ ഇട്ട് തെളിയിക്കുന്ന പുരോഗമനമല്ല… ഇവിടുത്തെ സദാചാര ബോധങ്ങളോടുള്ള വെല്ലുവിളിയാണ്… അവരുടെ വസ്ത്ര സ്വാതന്ത്ര്യത്തിനു മേൽ കടന്നുകയറുന്നവരോടുള്ള എതിർപ്പാണ്…വളരെയധികം കഷ്ടപ്പെട്ട് ഇതിനെ നോർമലൈസ് ചെയ്യാൻ ശ്രമിക്കുമ്പോളും, കളിയാക്കാൻ ശ്രമിക്കുമ്പോളും മറന്നു പോകുന്ന സത്യവുമിത് തന്നെയാണ്… എടോ മനുഷ്യരെ ഈ ലോകം അവരുടേത് കൂടിയാണ്… നിങ്ങളിങ്ങനെ മറ്റുള്ളവരുടെ വസ്ത്രത്തിന്റെ അളവെടുത്ത് അതിനനുസരിച്ചു മാർക്ക്‌ ഇട്ട് ജീവിക്കുന്ന സദാചാരകുളത്തിലെ താവളകളാണെന്ന് കരുതി എല്ലാവരും അങ്ങനെയല്ല… സ്വന്തം ജീവിതം ഇഷ്ടമുള്ള രീതിയിൽ ജീവിച്ചു തീർക്കുന്ന മനുഷ്യരുമുണ്ട്… ആത്യന്തികമായി ഇതൊരു നിക്കറിട്ടാൽ തീരുന്ന പ്രശ്‌നമല്ലെന്നും ഇതൊരു അവകാശ പ്രഖ്യാപന സമരമാണെന്നും മനസിലാക്കുന്നിടത്താണ് നിങ്ങളുടെ ട്രോളുകളുടെ സ്ഥാനം ചവിറ്റുകൊട്ടയാണെന്ന് തിരിച്ചറിയേണ്ടത്… അപ്പോൾ ആദ്യം സമൂഹത്തിന്റെ വിലയിരുത്തലുകൾ ഇല്ലാതെ അവർ അവർക്കിഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കട്ടെ, ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ…അതിനോട് സമരസപെടാത്ത പിന്തിരിപ്പൻ മനസ്ഥിതികളോട് കലഹിക്കുന്നതും ഒന്നാംതരം ബോൾഡ്നെസ്സ് തന്നെയാണ്… അതിന് പോലീസിൻേറയോ പൈലറ്റിന്റെയോ യൂണിഫോമിന്റെ പിൻബലം ആവശ്യമില്ല.

====

Sijin Vijayan

അഭിപ്രായം പറയുന്ന, വ്യക്തിത്വം ഉള്ള, വ്യക്തമായ പൊളിറ്റിക്കൽ സ്റ്റാൻഡ് ഉള്ള, തന്നിഷ്ടത്തിന് നടക്കുന്ന പെണ്ണുങ്ങളുടെ കമെന്റ് ബോക്സുകളിലും പബ്ലിക് ഡോമയിനിലും സർവ വ്യാപി ആയ ഉപദേശി ആങ്ങള ബ്രോസിനോട് ആണ്.മലയാളം ക്ലാസിക്കുകളിൽ ഒന്നായ ഐ വി ശശി സിനിമ അവളുടെ രാവുകളിൽ സോമൻ ചെയ്ത ഒരു കഥാപാത്രം ഉണ്ട്, പുള്ളിക്ക് പബ്ലിക്കിൽ നല്ലോരു ഇമേജ് പുള്ളി ഉണ്ടാക്കി വെച്ചിട്ടുണ്ട്, പുള്ളി ആ ഇമേജ് ഉണ്ടാക്കി വെച്ചത് നാട്ടിൽ നിലനിൽക്കുന്ന ഇക്വാളിറ്റിയോട് തെല്ലും നീതി പുലർത്താത്ത വളരെ മോശം സദാചാര ബോധത്തോട് സ്വയം കോംപ്രമൈസ് ചെയ്തുകൊണ്ടാണ്. അതായത് ഇവിടുത്തെ പൊതുബോധം പേറുന്ന സകല വൃത്തികേടുകളും നല്ല എന്തോ ആണെന്ന സങ്കല്പം ഉണ്ടല്ലോ, അതിനകത്ത് ആണ് അയാൾ ഉള്ളത്..

വേശ്യകളോട് ഒക്കെ പരമ പുച്ഛം വെച്ചു പുലർത്തി പോന്നിരുന്ന, പൊതുബോധ സദാചാര സംസ്കാരത്തെ മുറുകെ പിടിച്ച് യുദ്ധം ചെയ്യുന്ന ഉപദേശി ആങ്ങള ആയ അങ്ങേരാണ് ഒരവസരം ഒത്തു വന്നപ്പോൾ ബെഡിൽ അർദ്ധ നഗ്നയായി കിടക്കുന്ന സീമയുടെ കഥാപാത്രത്തെ നോക്കി വെള്ളമിറക്കി അടുത്തേക്ക് ചെന്നത്.. തൊട്ടു പോകരുത് എന്ന മാസ്സ് ഡയലോഗിൽ അളിയന്റെ മൂത്രം പോയിക്കാണും 😁😁Nothing more nothing less, ഇതാണ് നിങ്ങൾ.”രണ്ട് പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടപ്പോൾ പ്രതികരിക്കാത്ത ഫെമിനിച്ചികൾ ഇതാ ഉളുപ്പും ഇല്ലാതെ കാലും കാണിച്ചു വന്നിരിക്കുന്നു..”

ഒരു ആങ്ങളയുടെ മാസ്സ് കമെന്റ് ആണ്, അളിയൻ അളിയന്റെ ജീവിതത്തിൽ ആകെ പ്രതികരിക്കുന്നത് ഇങ്ങനെന്തേലും കണ്ട് കുരു പൊട്ടുമ്പോൾ മാത്രമാണ്, അതാണ് ഹൈലൈറ്റ് 😁ഒരാളുടെ ചോയ്സും ഡിസിഷനുമൊക്കെ അയാളുടെ മാത്രം സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നത് ആണ്, ആര് എന്ത് പറയണം എന്ത് പറയണ്ട എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നതൊക്കെ അയാളാണ് തീരുമാനിക്കുക, അതിനെ റദ്ദ് ചെയ്യാൻ ഒരു അച്ഛനും ഒരു ആങ്ങളക്കും അധികാരം ഇല്ല ഹേ.. ഈ ഡിഫാൾട്ട് മെയിൽ പ്രിവിലേജ് എന്ന് പറയുന്ന സംഗതി തന്നെ ഒരു തരം കുത്തിക്കഴപ്പ് ആണ്, ടെക്‌നിക്കൽ ആയി ഞങ്ങൾക്കെന്തോ സ്പെഷ്യലിറ്റി ഉണ്ട് എന്നൊക്കെയുള്ള ഭയങ്കര ഭയങ്കര തോന്നലുകൾ 😁അതിന്റെ പുറത്താണ് അവരീ വന്ന് സ്വാതന്ത്ര്യത്തിന്റെ മേലെ ഒക്കെ കൈകടത്തുന്നത്.നിങ്ങൾക്ക് സ്പെഷ്യൽ ആയി ഒരു തേങ്ങയുമില്ല എന്ന് ആരേലും പറയുന്ന പക്ഷം പിന്നെ തെറിയുടെ അഭിഷേകം ആണ്.. അതിനി റിമ പറഞ്ഞാലും ശരി അനശ്വര പറഞ്ഞാലും ശരി.. അത് നേരെ ഇക്കയോ ഏട്ടനോ മറ്റോ പറഞ്ഞു നോക്കണം, പാലഭിഷേകം നടത്തി പൂജിക്കും ഈ ഊളകൾ..

അനശ്വര ട്രൗസർ ഇട്ടപ്പോഴും ഇവർക്ക് കുരു പൊട്ടി, മൊത്തം മൂടുന്ന ഹിജാബ് അണിഞ്ഞപ്പോഴും ഇവർ ഉറക്കെ കരഞ്ഞു.. ഹൗ.ഉള്ളിൽ ഭയങ്കര ചരക്ക് ആണെന്നും പറഞ്ഞ് സ്വയം ഭോഗം ചെയ്ത് പബ്ലിക്കിൽ തെറി പറയും.. അവരെപ്പോലെ തന്നെയുള്ള കൊറേ പേരെ കാണിക്കാൻ, അതുകൊണ്ട് കിട്ടുന്ന ഇമേജ് ഉണ്ടാക്കാൻ.. എന്താ ല്ലേ .അതുകൊണ്ട് കിട്ടുന്ന ഇമേജ് അത്ര നല്ലതൊന്നും അല്ലെന്ന് ഈ മണ്ടന്മാർക്ക് ഒരുകാലത്തും മനസ്സിലാവുല്ലല്ലോ, പണ്ട് പറഞ്ഞു കേട്ടൊരു കഥയിൽ തുണിയുടുക്കാതെ കവലയിൽ ഇറങ്ങി നടന്നൊരു രാജാവ് ഉണ്ടാർന്നില്ലേ, അത് തന്നെ സംഗതി 😁പിന്നെ വേറൊരു ടീം ഉണ്ട്, അനശ്വരയുടെ പടം ഷെയർ ചെയ്ത് സ്ത്രീ സമത്വം കഴിയും പോലെ സാഹിത്യം ചേർത്ത് ഛർദിച്ച് വെച്ച് സോളിഡാറിറ്റിയൊക്കെ ഒക്കെ പറഞ്ഞ് രെഹ്ന ഫാത്തിമയുടെയും ശ്രീലക്ഷ്മി അറക്കലിന്റെയും പ്രൊഫൈലിൽ പോയി പൊങ്കാല ഇടും..🤭ഇരട്ടതാപ്പിന്റെ മാർപ്പാപ്പമാരാണ് 😐😐ഉറപ്പായും അനശ്വരക്കും റിമക്കും ഒക്കെ ഉള്ളത് പോലെ ഫ്രീഡം, പേർസണൽ ചോയ്‌സ്, ഡിസിഷൻസ്, തുടങ്ങി സകലമാന അവകാശങ്ങളും ബാക്കിയുള്ള മുഴുവൻ പെണ്ണുങ്ങൾക്കും ഉണ്ട്..അത് സംഭവിക്കുമ്പോൾ മാത്രമാണ് ഈ ഇക്വാളിറ്റി എന്ന് പറയുന്ന സംഗതി ശരിക്ക് വർക്ക് ആവൊള്ളൂ..

നബി: കൊറേ ആങ്ങളമാർ കാരണം രഹന ഫാത്തിമ എന്ന സ്ത്രീക്ക് ഒരു വീട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന നാടാണ് നമ്മുടേത് എന്ന് ഒരു ക്രെഡിറ്റ് അല്ല കേട്ടോ..