ചിലർ നിങ്ങൾക്കു ചോദ്യം ചോദിക്കാനും ഉത്തരം പറയാനും വേണ്ടി മാത്രവുമാകുന്ന ഇടങ്ങളിൽ ‘മനുഷ്യത്വം’ എന്ന വാക്ക് ആത്മഹത്യ ചെയ്യപ്പെടുന്നു

0
130

Praveen Prabhakar

കേരള കഫെ എന്ന ചെറു സിനിമകളുടെ കൂട്ടത്തിലെ ഏറ്റവും അവസാനത്തെ സിനിമയായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ‘പുറം കാഴ്ച്ചകൾ’… അതിലെ മമ്മൂട്ടിയുടെ കഥാപാത്രത്തോട് സഹയാത്രികനായ ശ്രീനിവാസന്റെ കഥാപാത്രം ചോദിക്കുന്നു “ഈ സ്ഥലം സീ ലെവലിൽ നിന്ന് എത്ര ഉയരത്തിലാണ്… ” മറുപടി ഇല്ല… വീണ്ടും ചോദ്യം ” ഈ കൊല്ലം സംഭരണിയിൽ വെള്ളമുണ്ടോ… ” ചോദ്യങ്ങൾ ഇഷ്ടപെടാത്ത മമ്മൂട്ടി അല്പം ദേഷ്യത്തോടെ പറയുന്നു “ഇറങ്ങി നോക്കിയിട്ട് വന്നാൽ പോരാരുന്നോ… ” എന്ന്‌.

ചായ കുടിക്കാൻ ബസ് നിർത്തിയാൽ അയാൾ ഡ്രൈവറോടും കണ്ടക്ടറോടും ദേഷ്യപെടും…യാത്രക്കാർക്ക് വേണ്ടി വെള്ളച്ചാട്ടം കാണാൻ ബസ് നിർത്തിയാൽ വീണ്ടും ദേഷ്യപെടുന്നു…കൂടെ യാത്രചെയ്യുന്ന ചെറുപ്പക്കാർ പാട്ട് പാടുമ്പോൾ അയാളൊഴികെ ബാക്കി എല്ലാവരും അത് ആസ്വദിക്കുന്നു… അയാൾ മാത്രം ആ ബഹളത്തിൽ അസ്വസ്ഥത കാണിക്കുന്നു… അയാളുടെ ദേഹത്ത് അറിയാതെ വന്ന് തട്ടുന്ന ഒരാളെ അയാൾ ഉന്തി മാറ്റി ദേഷ്യം പരസ്യമായി പ്രകടിപ്പിക്കുന്നു…. മൊത്തത്തിൽ അയാൾ ആ കൂട്ടത്തിൽ ഒരൊറ്റയാനായി മാറുന്നു… അയാൾ ആ കൂട്ടത്തിൽ ചേരാത്ത ആളാവുന്നു… അവർ അയാളെ ‘ട്രാൻസ്‌പോർട് മന്ത്രി’ എന്ന്‌ വിളിച്ചു കളിയാക്കുന്നു… എല്ലാവരും അയാളെ കളിയാക്കി ചിരിക്കുമ്പോൾ അയാളുടെ മുഖത്ത് ആദ്യമായി നിസ്സഹായതയുടെ ഭാവം വിരിയുന്നു… ഒടുവിൽ അയാളുടെ വീടിന്റെ മുന്നിൽ ബസ് നിർത്തില്ല എന്ന്‌ പറയുമ്പോൾ അയാൾ അത്യധികം ദേഷ്യത്തോടെ ‘നിർത്തഡോ’ എന്ന്‌ ഇടറിയ സ്വരത്തിൽ പറഞ്ഞുകൊണ്ട് ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്കോടുന്നു… ആ വീട് ഒരു മരണവീടായിരുന്നു… ബസിലെ എല്ലാവരും അത്രയും കുറ്റബോധത്തോടെ പുറത്തേക്ക് നോക്കുമ്പോൾ ഒരു ചെറിയ ശവപ്പെട്ടി അയാളുടെ വീട്ടിലേക്ക് കൊണ്ട് പോകുന്നത് കാണുന്നു… മരിച്ചത് അയാളുടെ മകനോ മകളോ ആവാം… അത്രയും വിഷമം ഉള്ളിൽ കടിച്ചമർത്തി ആ ബസിൽ യാത്ര ചെയ്ത അയാളുടെ വികാരങ്ങളെ കൂടെ യാത്ര ചെയ്ത ഒരാൾക്ക് പോലും മനസിലായില്ല… എല്ലാവരും യാത്ര ആസ്വദിച്ചു ‘പുറം കാഴ്ചകളിൽ’ അഭിരമിച്ചപ്പോൾ അയാളുടെ ഉള്ള് നീറുകയായിരുന്നു… ആ ബസ് ഒരു സമൂഹമാണ്… അതിലെ യാത്രക്കാർ കൂടെ ഉള്ളവന്റെ അവസ്ഥ മനസിലാക്കാതെ അവരെ ഒറ്റപ്പെടുത്താൻ ഏതറ്റം വരെയും പോകുന്ന സാമൂഹ്യ ജീവികളാണ്.

സച്ചി എന്ന സംവിധായകൻ ഈ ഭൂമിയിൽ ഇല്ലായിരുന്നുവെങ്കിൽ നഞ്ചമ്മ എന്ന സ്ത്രീയെ നമ്മൾ അറിയില്ലായിരുന്നു… അവരുടെ പാട്ട് നമ്മളിലേക്ക് എത്തില്ലായിരുന്നു… പ്രിത്വി രാജിനെയോ ബിജു മേനോനെയോ അറിയാത്ത അത് അറിയില്ല എന്ന് പറയുന്നതിൽ ഒരു മടിയുമില്ലാത്ത സ്വന്തം പാട്ട് സിനിമയിൽ വന്നിട്ടും അത് തന്റെ സിനിമയാണോ എന്ന് നിഷ്കളങ്കമായി ചോദിക്കുന്ന 60 വയസുകാരി നഞ്ചമ്മ…ഈ സമൂഹത്തിന്റെ കപടതകളൊന്നുമറിയാത്ത പാർശ്യവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധിയായ നഞ്ചമ്മ…നമ്മൾക്ക് സച്ചി ഒരു സംവിധായകൻ മാത്രമായിരിക്കും, പക്ഷെ നഞ്ചമ്മക്ക് അയാൾ ആരാണെന്ന് അവർക്ക് മാത്രമേ അറിയൂ…സച്ചി സാർ എന്ന് അയാളെ അവർ വിളിക്കുമെങ്കിലും അവർക്ക് ചിലപ്പോൾ അയാൾ മകനെ പോലെയോ അത്രയും വേണ്ടപ്പെട്ട ഒരാളെ പോലെയോ ആവാം… മരിച്ചവരുടെ വേണ്ടപ്പെട്ടവരുടെ വാക്കുകൾക്ക് കിട്ടുന്ന റേറ്റിംഗ് വളരെ വലുതാണെന്ന് മാധ്യമ പ്രവർത്തനം ബിസിനസ് ആക്കിയവർക്കറിയാം…വികാരങ്ങളെ വിറ്റ് കാശാക്കുന്നവർക്ക് എന്ത് മര്യാദ…നഞ്ചമ്മയോട് സച്ചിയെ പറ്റിയുള്ള ചർച്ചയിൽ പാട്ട് പാടാൻ പറഞ്ഞതും അതേ വികാര തള്ളിച്ച ലൈവ് ആയി ലോകത്തിനു മുന്നിൽ കാണിക്കാം എന്ന ധാരണയിലാരുന്നു… ഒരുപക്ഷെ നഞ്ചമ്മ പാടിയിരുന്നെങ്കിൽ, അവർ പാട്ട് മുഴുവുപ്പിക്കുന്നതിനു മുന്നേ കരഞ്ഞുപോയിരുന്നെങ്കിൽ ആ മോമെന്റുകൾ എത്ര വൈറൽ ആകുമായിരുന്നു എന്ന് മാതൃഭൂമിക്കറിയാം… പക്ഷെ നഞ്ചമ്മ പാടിയില്ല… അവർക്കതിന് കഴിയില്ലായിരുന്നു… മരിച്ചു കിടക്കുന്നത് അവർക്ക് അത്രയും വേണ്ടപ്പെട്ട ഒരു മനുഷ്യനാണ്…മരണത്തെ പോലും വിറ്റ് കാശാക്കുന്നവർക്ക് അറിയാത്ത മനുഷ്യത്വം ഏറ്റവും ഉയർന്ന അളവിൽ അറിയാവുന്ന ആളാണ് ആ സ്ത്രീ.

ദേവിക എന്ന കുട്ടി മരിച്ചപ്പോളും മാതൃഭൂമി ഇതേ ഇടപെടൽ നടത്തിയിരുന്നു…ചിതയുടെ ചൂട്‌ ആറുന്നതിനു മുന്നേ ദേവികയുടെ മാതാപിതാക്കളെ വിളിച്ചിരുത്തി ചോദ്യങ്ങൾ ചോദിച്ചു… അന്ന് തല താഴ്ത്തി കുറ്റവാളികളെ പോലെ ഇരിക്കേണ്ടി വന്ന ആ മാതാപിതാക്കളുടെ കാഴ്ച അത്രവേഗം നമ്മൾ മറക്കില്ല. 2 വർഷം മുമ്പ് ദുരഭിമാന കൊലക്ക് ഇരയായ കെവിന്റെ ഭാര്യ നീനുവിന്റെ , കരഞ്ഞു കലങ്ങി തകർന്നിരുന്ന ആ പെൺകുട്ടിയുടെ മുഖത്തേക്ക് മൈക്കും നീട്ടി ചോദ്യങ്ങൾ ചോദിച്ച വനിതാ റിപ്പോർട്ടറെ ഓർമയില്ലേ…ഇതിലെല്ലാം പൊതുവായ കാര്യം ഇവരെല്ലാം ദളിതരോ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരോ ആണെന്നതാണ്…നോക്കു എത്ര കൃത്യമാണ് ആ അജണ്ട… തങ്ങൾ ചോദിക്കുന്ന ചോദ്യത്തിന് അവർ മറുപടി പറയേണ്ടവരാണ് എന്നുള്ള മനോഭാവം… അല്ലെങ്കിൽ ഈ മനുഷ്യരൊന്നും യാതൊരു വികാരങ്ങളുമില്ലാത്തവരാണെന്നുള്ള ഒരുതരം ‘മുന്തിയ ചിന്താഗതി ‘….

വീരേന്ദ്ര കുമാർ മരിച്ച ദിവസം മാതൃഭൂമി മകൻ ശ്രേയാംസ് കുമാറിനെ വിളിച്ചിരുത്തി ഓർമ്മകൾ ചോദിച്ചത് കണ്ടില്ല… നഞ്ചമ്മ കൂടി പങ്കെടുത്ത ചർച്ചയിൽ രഞ്ജിത്തിനോടോ മറ്റുള്ളവരോടോ വികാരങ്ങളെ ഉല്പാദിപ്പിക്കുന്ന തരം ചോദ്യങ്ങൾ ചോദിച്ചു കണ്ടില്ല…നിലപാട് വ്യക്തമാണ്…ചില മനുഷ്യർ ഉത്തരങ്ങൾ പറയാൻ വേണ്ടി മാത്രം ഉള്ളവരാണെന്നുള്ള പ്രെവിലേജ് ബോധം… തങ്ങളുടെ വിസിബിലിറ്റിക്ക് വേണ്ടി ഉപയോഗിക്കാവുന്ന ടൂളുകൾ മാത്രമാണ് അവർക്ക് ആ മനുഷ്യർ…എല്ലാവരും ആഘോഷമാക്കിയ മോളി കണ്ണാമാലിയുടെ ചിത്രമെടുത്ത ആൾ ഉദ്ദേശിച്ചത് അവരെ ഒരു ‘ആഫ്രിക്കൻ വനിതാ പ്രസിഡന്റിന്റെ’ വേഷമാണ് കെട്ടിച്ചത് എന്നാണ്… ആഫ്രിക്കൻ പ്രസിഡന്റ് ആകുന്നത് മോശമാകുന്ന കാര്യമല്ല… പക്ഷെ അവരോട് പോലും പറയാതെ അവരെ ഇങ്ങനൊരു വേഷം കെട്ടിക്കുമ്പോൾ മിനിമം കൺസെന്റ് എന്നൊരു കാര്യമെങ്കിലും ഓർക്കണമായിരുന്നു.ചില മനസികാവസ്ഥകൾ നമുക്ക് മനസിലാവില്ല…മരിച്ചവരുടെ വേണ്ടപ്പെട്ടവരെ ക്രോസ്സ് വിസ്താരം ചെയ്യുന്നതിനെ മാധ്യമ ധർമം എന്നോ വയറ്റിപിഴപ്പെന്നോ വിളിച്ചാൽ അതിനേക്കാൾ മാന്യമായ ജോലിയാണ് മറ്റെന്തും എന്ന് പറയേണ്ടി വരും… നിങ്ങൾ ചോദ്യം ചോദിക്കാൻ വേണ്ടി മാത്രമുള്ളവരും ചില മനുഷ്യർ ഉത്തരം പറയാൻ വേണ്ടി മാത്രവുമാകുന്ന ഇടങ്ങളിൽ ‘മനുഷ്യത്വം’ എന്ന വാക്ക് ആത്മഹത്യ ചെയ്യപ്പെടുന്നു.നിങ്ങൾ പുറം കാഴ്ച്ചകൾ മാത്രമേ ഒപ്പിയെടുക്കുന്നുള്ളു.ഉത്തരം പറയേണ്ടവരുടെ അകം കാണാനുള്ള ലെൻസ്‌ ഒന്നും നിങ്ങളുടെ ക്യാമറകൾക്കും നിങ്ങളുടെ കണ്ണുകൾക്കുമില്ല….അതിനി ഉണ്ടാവുകയുമില്ല.