അന്ന് രാജാവിനു വിധേയപ്പെട്ട് അയാൾക്ക്‌ വേണ്ടതെല്ലാം കാഴ്ച വെച്ചു ജീവിച്ച തലമുറയുടെ ജീൻ ആ ഗുണം കാണിക്കും

150

Praveen Prabhakar

വർഷം 1958… കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ സർക്കാർ അധികാരത്തിൽ വന്നതിനു ഒരു വർഷത്തിനു ശേഷം…ജനാധിപത്യം വന്നില്ലായിരുന്നെങ്കിൽ തിരുവിതാംകൂറിൽ രാജഭരണത്തിന്റെ സകല പ്രിവിലേജിലും ജീവിക്കേണ്ടിയിരുന്ന റാണി സേതു ലക്ഷ്മി ഭായ് ഒരു ദിവസം കാലത്ത് തന്നെ പദ്മനാഭ സ്വാമി ക്ഷേത്ര നടയിൽ വന്ന് നിന്നു… ഒരു വെള്ളിനാണയം ക്ഷേത്ര കവാടത്തെ വഞ്ചിയിൽ കാണിക്കയായി നിക്ഷേപിച്ചിട്ട് പറഞ്ഞു “ഇനി ഈ മണ്ണിനു എന്നെ ആവശ്യമില്ല…” അവിടെ നിന്ന് അവർ നേരെ പോയത് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് ആയിരുന്നു…അവിടെ നിന്നവർ പോയത് മദ്രാസിലേക്കായിരുന്നു… അടുത്ത വർഷം ബാംഗ്ലൂരിലേക്ക് താമസം മാറിയ അവർ പിന്നീട് ഒരിക്കലും കേരളത്തിലേക്ക് തിരിച്ചു വന്നിട്ടില്ല… അന്നവർക്ക് കരഞ്ഞുകൊണ്ട് ഈ നാട് വിടേണ്ടി വന്നത് ആയിരം വർഷങ്ങൾ തങ്ങൾ അടക്കി ഭരിച്ച ഒരു ജനതയോട് സമം ചേർന്ന് ജീവിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടായിരുന്നു…സകല പ്രെവിലേജും അവസാനിച്ച കൊട്ടാരത്തിൽ അന്നേ ദിവസം രാവിലെ ഉയർന്ന മുദ്രാവാക്യങ്ങളും ചെങ്കൊടിയും കാരണമായിരുന്നു.

ശ്രീ പദ്മനാഭന്റെ സ്വത്തിന് മേൽനോട്ടം തുടർന്നും പഴയ രാജ കുടുംബത്തിന് കിട്ടിയതിൽ ഊറ്റം കൊള്ളുന്നവരോട് ഒന്ന് ചോദിച്ചോട്ടെ… എവിടുന്നാണ് ഈ സ്വത്ത്‌…?
രാജാവ് തൃപ്പടി ദാനമായി കൊടുത്തതാണെന്നാണ് മറുപടിയെങ്കിൽ രാജാവിന് ഈ പണം എവിടുന്ന് കിട്ടി…?
തിരുവിതാംകൂറിലെ ഏറ്റവും പ്രബലനായ രാജാവായിരുന്ന മാർത്താണ്ഡ വർമ തന്റെ അധികാര പരിധി വർധിപ്പിക്കുന്നതിന്റെ ഭാഗമായി പല രാജ്യങ്ങളും പിടിച്ചടക്കി… പിടിച്ചടക്കിയ രാജ്യങ്ങളിൽ നിന്നെല്ലാം കിട്ടിയ സ്വർണ പണ്ടങ്ങളും പണവും വസ്തുവകകളും രാജ കുടുംബത്തിന്റെ പേരിൽ രാജസ്വമായി ചേർക്കപ്പെട്ടു… പരമാധികാരം ഉണ്ടായിട്ടും പിടിച്ചടക്കിയ രാജ്യങ്ങളിലെ പ്രജകൾക് തന്നോട് ഒരു വിരോധം ഉണ്ടെന്നും തന്നെ ഒരു മോഷ്ടാവായി കണ്ടാലോ എന്ന് ഭയന്നും മാർത്താണ്ഡ വർമ സകല സ്വത്തും അവരുടെ ദേവനായ പദ്മനാഭന്റെ പേരിൽ ചേർത്തു… അതോടെ അത് ദേവസ്വമായി…രാജകുടുംബം പദ്മനാഭ ദാസരായി… ചെയ്തത് തൃപ്പടി ദാനമായി… അതായത് ദേവന്റെ സ്വത്ത്‌ എന്ന് പറയുമ്പോൾ കിട്ടുന്ന അംഗീകാരം എന്ന ഒരു ഉദ്ദേശത്തിനപ്പുറം അതിന് പദ്മനാഭനുമായി യാതൊരു ബന്ധവുമില്ല.

ഇനി മറ്റു ചിലരെ കണ്ടു… പദ്മനാഭന്റെ മണ്ണിനെ പറ്റി അഭിമാനിക്കുന്നവരെ… ഒരു നൂറു വർഷം പിന്നോട്ട് പോയാൽ ഈ പറയുന്നവരുടെ പിന്മുറക്കാർക്ക് ഈ അഭിമാനം കാണില്ല… കാരണം അവർ അത്രയും ആ മണ്ണിൽ കിടന്ന് അനുഭവിച്ചിട്ടുണ്ടാകും…മുലക്കരം എന്ന് കേട്ടിട്ടുണ്ടോ…? ലോകത്ത് തന്നെ ഒരു അവയവത്തിനു നികുതി ഏർപ്പെടുത്തിയ ഭരണാധികാരികളാണ് തിരുവിതാംകൂറിലേത്… കരം അടച്ചാൽ മാറ് മറക്കാം… ഇല്ലേൽ നങ്ങേലി ചെയ്തത് പോലെ മുറിച്ചു ഇലയിൽ വെച്ചു കൊടുക്കാം… ഇനി ആണുങ്ങളിലേക്ക് വന്നാൽ മീശ വളർത്താൻ കരമുണ്ടായിരുന്നു… കല്യാണം നടത്താൻ, പശുവിനെ വളർത്താൻ, വീടിനു ഓല മേയാൻ, തെങ്ങ് ചെത്തുന്ന വാൾ വാങ്ങാൻ, വീട്ടിലേക്ക് പാത്രങ്ങൾ വാങ്ങാൻ എന്ന് വേണ്ട സാധാരണ മനുഷ്യർക്ക് ശ്വാസം വിടുന്നത് ഒഴികെ ഏതാണ്ട് മറ്റെല്ലാത്തിനും നികുതി വാങ്ങിയ നാടാണ് നമ്മുടേത്… നായർ യുവതികളും ഇതിൽ പെട്ടിരുന്നു… പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ പോയി പഠിച്ചു വന്ന ഒരു നായർ യുവതി മേൽവസ്ത്രം അണിഞ്ഞുകൊണ്ട് ആറ്റിങ്ങൽ മഹാറാണിയുടെ മുന്നിൽ പോയതിനു അവരുടെ മുലകൾ ഛേദിച്ചു എന്നാണ് ചരിത്രം പറയുന്നത്…ഇത്ര ഹീനമായ ജാതി വ്യവസ്ഥ നിലനിന്നിരുന്ന തിരുവിതാംകൂർ സന്ദര്ശിച്ചിട്ടാണ് സ്വാമി വിവേകാന്ദൻ കേരളത്തെ ‘ഭ്രാന്താലയം’ എന്ന് വിശേഷിപ്പിച്ചത്…. ആ നാടിനെ ഓർത്ത് ഇന്ന് നിങ്ങൾ ഊറ്റം കൊള്ളുന്നുണ്ടെങ്കിൽ നിങ്ങളുടെ പൂർവികരുടെ പുറത്ത് വീണ ചാട്ടയടികളുടെ സ്വരം നിങ്ങൾ സൗകര്യ പൂർവ്വം കേൾക്കാതിരിക്കുക.

ശ്രീ ചിത്തിര തിരുന്നാൾ ബാല രാമ വർമ കനിഞ്ഞത് കൊണ്ടാണ് എല്ലാവർക്കും ക്ഷേത്രങ്ങളിൽ പ്രവേശനം കിട്ടിയത് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടർ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട് എന്നതാണ് സത്യം… എന്നാൽ അതിനും അമ്പത് വർഷങ്ങൾക്ക് മുമ്പേ അതിന് വേണ്ടിയുള്ള സമരങ്ങൾ തുടങ്ങിയിരുന്നു… ആദ്യകാലങ്ങളിൽ വെറും താണ ജാതിയായി പരിഗണിച്ചിരുന്ന ഈഴവർ ഒരു പ്രബല ശക്തിയായതാണ് ഇതിനു കാരണം… അരുവിപ്പുറത്ത് ‘ഈഴവ ശിവനെ’ പ്രതിഷ്ഠിച്ചുകൊണ്ട് ശ്രീ നാരായണ ഗുരു തുടക്കം കുറിച്ച ആ പോരാട്ടം വിജയത്തിലെത്താൻ പിന്നെയും ഏതാണ്ട് അമ്പത് വര്ഷങ്ങളെടുത്തു എന്നതാണ് സത്യം… അന്നത്തെ സാഹചര്യത്തിൽ താരതമ്യേന ഉയർന്ന ജാതിയായ ‘പിള്ള’ ആയിട്ടു കൂടി P.കൃഷ്ണ പിള്ള മണിയടിച്ചു സമരം ചെയ്തതിനു 1931 ൽ അടച്ച ഗുരുവായൂർ അമ്പലം ഒരു വർഷം കഴിഞ്ഞാണ് തുറന്നത്…ക്ഷേത്രപ്രവേശനം നടപ്പിലാക്കണമോ എന്ന് ആലോചിക്കാൻ കൂടിയ അവസാന കമ്മറ്റിയിൽ പോലും അത് ആവശ്യമില്ല എന്ന തീരുമാനമായിരുന്നു… പക്ഷെ അന്ന് ഉയർന്നു വന്ന സാമൂഹിക മാറ്റങ്ങളോട് കണ്ണടച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നത് കൊണ്ടാണ് ചിത്തിര തിരുനാളിനു ഈ തീരുമാനം അംഗീകരിക്കേണ്ടി വന്നത്… അല്ലാതെ ഒരു സുപ്രഭാതത്തിൽ രാജാവിന്റെ മഹാമനസ്കത കൊണ്ട് അമ്പലത്തിൽ കേറിയ ജനതയല്ല നമ്മുടേത്.

തിരുവിതാം കൂറിനോട് ഇപ്പോഴും കൂറുള്ളവർക്ക് ഓർക്കാൻ മറ്റൊരു പേര് കൂടിയുണ്ട്… സർ CP എന്ന CP രാമസ്വാമി അയ്യർ… ബ്രിട്ടീഷുകരോടുള്ള വിധേയത്വം മൂലം സ്വന്തമാക്കിയ ‘സർ’ പട്ടവും പേറി നടന്ന ദിവാൻ… 1947ൽ രാജ്യം സ്വാന്ത്ര്യമായപ്പോൾ തിരുവിതാംകൂർ നാട്ട് രാജ്യം ഇന്ത്യയുടെ ഒപ്പം ചേരാൻ വിസമ്മതിച്ചു… തങ്ങൾ ഒരു പ്രത്യേക റിപ്പബ്ലിക്കായി മാറും എന്ന്‌ ദിവാൻ CP വല്ലഭായ് പട്ടേലിനെ അറിയിച്ചു… പക്ഷെ വിയോജിപ്പുള്ള ജനത ഇതിനെതിരെ പ്രതിഷേധിച്ചു… ഇന്നത്തെ സ്വാതി തിരുന്നാൾ മ്യൂസിക് കോളജിന്റെ മുന്നിൽ വെച്ച് KCS മണി എന്ന ചെറുപ്പക്കാരൻ CP യെ വെട്ടി പരിക്കേൽപ്പിച്ചു… തുടർന്ന് അന്നത്തെ മഹാരാജാവ് തിരുവിതാംകൂർ ഇന്ത്യൻ ഭൂപടത്തിൽ ചേർക്കാൻ നിർബന്ധിതനായി.

ഇപ്പോഴും നമ്മുടെ മാധ്യമങ്ങളടക്കം പുലർത്തി വരുന്ന ആ പഴയ വിധേയത്വം അല്ലെങ്കിൽ ഓച്ഛാനിച്ചു നിൽപ്പ് തുടർന്ന് വരുകയാണ്… രാജ കുടുംബാംഗങ്ങളെ ദൈവ സ്ഥാനത്തു പ്രതിഷ്‌ടിക്കാനായി അവർ തന്നെ ഉണ്ടാക്കിയ ചില പ്രോട്ടോകോളുകൾ ഉണ്ട്‌… അതിലൊന്നാണ് മരിച്ചാൽ ‘നാട് നീങ്ങി’ എന്ന്‌ പറയുന്നത്… മഹാറാണി ഗർഭിണിയായാൽ ‘തിരുവയർ നിറഞ്ഞു’ എന്നും പ്രസവിച്ചാൽ ‘തിരുവയർ ഒഴിഞ്ഞു’ എന്നും പറഞ്ഞു പഠിപ്പിച്ചു…പള്ളിവേട്ടയും പള്ളിയുറക്കവും പള്ളിനീരാട്ടുമെല്ലാം അതേ പ്രൊപ്പഗാണ്ടയുടെ ഭാഗമായി നമ്മുടെ ഭാഷയിൽ വന്ന പദങ്ങളാണ്… ജനാധിപത്യത്തിന്റെ ഈ നൂറ്റാണ്ടിലും ഇപ്പോഴും ഒരു രാജ കുടുംബാംഗം മരിച്ചാൽ ‘നാട് നീങ്ങി’ എന്നൊക്കെ പറയുന്നത് ഒരു അശ്ലീല തമാശ ആയിട്ടാണ് ചരിത്രം മനസിലാക്കിയവർക്ക് തോന്നുക.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉടമസ്ഥാവകാശവും നടത്തിപ്പവകാശവും ‘രാജ കുടുംബത്തിന്’ തന്നെ അവകാശ പെട്ടതാണെന്ന് ഇന്ദു മൽഹോത്ര കൂടി ഉൾപ്പെട്ട ബെഞ്ച് വിധിച്ചതിന്റെ പിന്നാലെ രാജ്യസ്നേഹം അണപൊട്ടിയൊഴുകിയ ഒരുപാട് മനുഷ്യരെ കണ്ടത് കൊണ്ടാണ് ഇത്‌ എഴുതേണ്ടി വന്നത്… ഇത്‌ വിശ്വാസികളുടെ വിജയവും സർക്കാരിന്റെ പരാജയവുമായി വരുത്തി തീർക്കാൻ പ്രതിപക്ഷ പ്രസ്ഥാങ്ങളടക്കം ശ്രമിച്ചു…1950 ൽ സ്വതന്ത്ര റിപ്പബ്ലിക്കായ ഒരു രാജ്യത്ത് നിന്ന് കൊണ്ടാണ് ഇപ്പോഴും നമ്മൾ രാജസ്വത്തെ പറ്റി ഊറ്റം കൊള്ളുന്നത് എന്നത് ഓർക്കണം…’റോയൽ ബ്ലഡ്‌’ എന്ന്‌ ഇപ്പോഴും വിശ്വസിക്കുന്ന തിരുവിതാംകൂറിന്റെ പഴയ രാജ കുടുംബത്തിലെ കണ്ണികളിൽ ചിലർ പാഴ്‌സിയെയും പാകിസ്താനിയെയും അമേരിക്കക്കാരനെയും വരെ കല്യാണം കഴിച്ചു… പക്ഷെ നമ്മളിൽ ചിലർ ഇപ്പോഴും അവർക്കില്ലാത്ത വംശ ശുദ്ധിയിൽ ഊറ്റം കൊള്ളുകയാണ്…വില്ല് വെച്ച വണ്ടിയിൽ സകല പ്രതിരോധങ്ങളെയും വെല്ലു വിളിച്ചു സഞ്ചാര സ്വാതന്ത്ര്യം നേടിയെടുത്ത മഹാത്മാ അയ്യങ്കാളിയെയും സകല ജാതി മനുഷ്യരെയും ഒരുമിച്ചിരുത്തി ആഹാരം കഴിച്ചു ജാതി വ്യവസ്ഥയെ വെല്ലുവിളിച്ച വാഗ്ഭടാനന്ദനെയും തൂലിക കൊണ്ട് സമരം ചെയ്ത കുമാരനാശാനെയും പോലുള്ളവർ നേടി തന്ന സ്വാതന്ത്ര്യത്തിനു മേലെ ഇരിന്നുകൊണ്ടാണ് പഴയ രാജാക്കന്മാരുടെ പാരമ്പര്യത്തിൽ അഭിമാനിക്കുന്നത്…അതിൽ കുറ്റം പറയാൻ പറ്റില്ല… അന്ന് രാജാവിനു വിധേയപ്പെട്ട് അയാൾക്ക്‌ വേണ്ടതെല്ലാം കാഴ്ച വെച്ചു ജീവിച്ച തലമുറയുടെ ജീൻ ആ ഗുണം കാണിക്കും… സാധാരണ മനുഷ്യർക്ക് വേണ്ടി സമരം ചെയ്തവന്റെ പിന്മുറക്കാർ ഇപ്പോൾ അത് നോക്കി ചിരിക്കും… അത്രേയുള്ളൂ.