സുശാന്ത് നിങ്ങളൊരു ഗന്ധർവനാണെന്ന് ആഗ്രഹിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം

53

Praveen Prabhakar

വളരെ വേണ്ടപ്പെട്ടവർ മരിച്ചു കഴിയുമ്പോൾ നമ്മൾക്ക് അനുഭവപ്പെടുന്ന ഒരു ഏകാന്തതയുണ്ട്…അവരെ അവസാനം കണ്ടിട്ട് തിരികെ പോകുമ്പോളോ, അവരും നമ്മളും ഒരുമിച്ചിരുന്ന ഇടങ്ങളിൽ തനിച്ചിരിക്കുമ്പോളോ അവർ നമ്മളെ തനിച്ചാക്കി പോയതിനെ ഓർത്തു നമ്മൾ ശപിക്കും…ചുറ്റും ഒരുപാട് ആളുകളും ശബ്ദങ്ങളും ഉണ്ടെങ്കിലും നമ്മളങ്ങനെ കനത്ത ഇരുട്ടിൽ പെട്ടപോലെ മരിച്ചവരുടെ ഓർമകളിൽ മാത്രം ചൂഴ്ന്നു പോകും… അപ്പോൾ മരിച്ചവരുടെ ശബ്ദം നമ്മൾക്ക് വ്യക്തമായി കേൾക്കാം… അത് പക്ഷെ അവർ ജീവിച്ചിരുന്നപ്പോൾ നമ്മളോട് പറഞ്ഞ ആഗ്രഹങ്ങൾ തന്നെയാവാം… ഒരുപക്ഷെ നമുക്ക് അവർക്ക് വേണ്ടി സാധിച്ചു കൊടുക്കാൻ കഴിയാതെ പോയ ആഗ്രഹമാവാം അത്… അപ്പോഴൊരു തിരിച്ചറിവുണ്ടാവും നമുക്ക്, മരിച്ചവരെല്ലാം ഒരു പൂർത്തിയാക്കാത്ത കവിതകളാണ്… ചെയ്യാൻ കരുതിയത് എന്തൊക്കെയോ ബാക്കി വെച്ചാണ് അവരിവിടുന്ന് പോയത്…കൂടെയുണ്ടായിട്ടും നമ്മൾ ആ സമയങ്ങളിൽ നിസ്സഹായരായിരുന്നു…പക്ഷെ ‘ദിൽ ബച്ചാരെ’ മറ്റൊരാളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ മാത്രം ജീവിച്ചു തീർത്ത നമുക്കത്ര പരിചയമില്ലാത്ത ‘നിസ്സഹായരായ’ ഹൃദയങ്ങളെയാണ് കാണിച്ചു തരുന്നത്.

സ്വന്തം ഭാര്യ മരിച്ചതോടെ തനിച്ചായി പോയ ഏതോ ഒരു മനുഷ്യനെ ഒന്ന് കെട്ടി പിടിക്കുമ്പോൾ പോലും കിസി ബാസുവിനു അത് സ്വന്തം ഏകാന്തത കൂടി ഇല്ലാതാക്കാനുള്ള മരുന്നായിരുന്നു….. കിസി ഒരു തൈറോയിഡ് കാൻസർ രോഗിയാണ്, ഇനിയെത്ര നാളുകൾ കൂടി ഉണ്ടാവുമെന്ന് അറിയാതെ, തോളിൽ തൂക്കിയിട്ട പുഷ്പിന്ദർ എന്ന മനോഹരമായ പേരുള്ള ഒരു ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ജീവിച്ചു തീർക്കുന്നവളാണ്… ഒരാഴ്ചയിൽ കൂടുതൽ ഒരാളോടും സൗഹൃദം സൂക്ഷിക്കാൻ കഴിയാതെ പോകുന്ന കിസി ബാസുവിന് മരിക്കുന്നതിന് മുന്നേ പൂർത്തീകരിക്കാൻ ആഗ്രഹമുള്ളത് ഒരേയൊരു കാര്യമാണ്… അഭിമന്യു വീർ എന്ന കവി എഴുതിയ ‘യേ തുമാര’ എന്ന പൂർത്തിയാക്കാത്ത കവിത എന്ത് കൊണ്ടാണ് അയാൾ പിന്നീട് പൂർത്തിയാക്കാൻ ശ്രമിക്കാതിരുന്നത് എന്ന് അയാളോട് തന്നെ നേരിട്ട് ചോദിച്ചറിയണം.

ഇനിയൊരാൾ ഒരു കണ്ണിന്റെ കാഴ്ച കാൻസർ മൂലം നഷ്ടപെട്ട, ബാക്കിയുള്ള ഒരു കണ്ണിന്റെ കാഴ്ച അടുത്ത സർജറിയോടെ നഷ്ടപ്പെടാൻ പോകുന്ന ജഗദിഷ് പാണ്ഡെ എന്ന ജെ പി… രണ്ട് മാസങ്ങൾക്ക് ശേഷം അയാളുടെ ലോകം പൂർണമായും ഇരുട്ടിലാകും… പക്ഷെ അതിന് മുമ്പ് അയാൾക്കുമുണ്ട് പൂർത്തീകരിക്കാനുള്ള ഒരാഗ്രഹം…ഒരു ഷോർട് ഫിലിം സംവിധാനം ചെയ്യണം…അതിൽ തന്റെ പ്രിയ കൂട്ടുകാരൻ അഭിനയിക്കണം… കാരണം അയാളുടെ മനസ്സിൽ അടിമുടി അഭിനയത്തോടുള്ള ആവേശമാണ്.

ആ കൂട്ടുകാരനാണ് ഇമ്മാനുവേൽ രാജ്‌കുമാർ ജൂനിയർ എന്ന ‘മാനി’…അസ്ഥിമജ്ജയിലെ ക്യാൻസർ മൂലം ഒരു കാല് മുറിച്ചുകളഞ്ഞെങ്കിലും അയാൾക്ക്‌ അതൊന്നുമൊരു ബുദ്ധിമുട്ടായി തോന്നിയില്ല… അയാളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘Its not a bit silly’…രക്തത്തിൽ തമിഴിന്റെ അംശം കൂടിയുള്ളത് കൊണ്ട് ജന്മനാ രജനികാന്തിന്റെ കടുത്ത ആരാധകനാണ് അയാൾ… രജനി കാന്തിനെ പോലൊരു നടനാവണം, വില്ലന്മാരെ ഇടിച്ചു തോൽപ്പിക്കുന്ന നായികയെ രക്ഷിക്കുന്ന ഒരു റിയൽ ലൈഫ് ഹീറോ ആകണം എന്നതെല്ലാമാണ് അയാളുടെ ആഗ്രഹം… അതുകൊണ്ട് തന്നെ JP യുടെ താൻ നായകനായ ഷോർട് ഫിലിമിന് അയാളിടുന്ന പേര് ‘Rajani arrives, Dreams revive’ എന്നാണ്.

ഇവർ മൂന്ന് പേരും ജംഷദ്പൂരിലെ പകലുകളിലും രാത്രികളിലും ഒരുമിച്ചു കൂടുന്നിടത്താണ് അവരുടെ സ്വപ്‌നങ്ങൾക്ക് കൂടുതൽ നിറം വെക്കുന്നത്… ഒരിക്കൽ പോലും അവരുടെ രോഗത്തിന്റെ വേദന നമ്മളിലേക്ക് കൂടി പറിച്ചു വെക്കാൻ അവർ ശ്രമിച്ചിട്ടില്ല… മരണം എന്നത് അവർ തൊട്ടടുത്ത നിമിഷവും പ്രതീക്ഷിക്കുന്ന യാഥാർഥ്യമാണെങ്കിലും അവരിങ്ങനെ ഓരോ ദിവസവും ജീവിക്കാൻ കാരണങ്ങൾ കണ്ടെത്തുകയാണ്…അച്ഛനും അമ്മയും പുഷ്പിന്ദറും മാത്രമായ കിസിയുടെ ലോകം മാനിയുടെ വരവോടെ കൂടുതൽ വിശാലമാകുകയിരുന്നു… തടാക കരയിലെ പഴയ പൊട്ടി പൊളിഞ്ഞ ബസ്സിൽ ഇരുന്ന് അവനോടൊപ്പം അവൾ കണ്ട ഭൂമിക്ക് മറ്റൊരു നിറമായിരുന്നു… അത് പ്രതീക്ഷയുടെയും പ്രേമത്തിന്റെയും നിറമായിരുന്നു…അവളുടെ ലോകം അങ്ങനെ മാനിയിലേക്കും കൂടി പടർന്നു കയറുകയായിരുന്നു…അവരുടെ പ്രേമം കാൻസർ വാർഡിലേക്ക് ചുരുക്കാതെ വലിയ ക്യാൻവാസുകളിൽ നിറച്ചു കാണിച്ചു.

“എനിക്കറിയാം ഈ അവസ്ഥയിൽ അവളുടെ ആഗ്രഹത്തിനു വേണ്ടി ശ്രമിക്കുന്നത് ഒരു ചെറിയ ശ്രമകരമാണ്… പക്ഷെ ആ ശ്രമത്തിനു ശേഷമുള്ള സന്തോഷം മറ്റെന്തിനേക്കാളുമായിരിക്കും… ” മാനി കിസിയുടെ അച്ഛനോട് അവളുടെ ആഗ്രഹത്തെ പറ്റി പറയുമ്പോൾ അവളുടെ അച്ഛന്റെ കണ്ണുകൾ നിറയുന്നുണ്ട്… കാരണം തന്നോളം മറ്റൊരാൾ അവളുടെ ആഗ്രഹങ്ങൾക്ക് നിറം പകരാൻ ശ്രമിക്കുന്നത് തിരിച്ചറിയുന്നതിന്റെ സന്തോഷമാണത്…ഒരു കാല് മുറിച്ചതിനു ശേഷം പഴയത് പോലെ ബാസ്കറ്റ്ബോൾ കളിക്കാൻ സാധിക്കാത്ത സ്വയം അപൂർണനായി തോന്നുന്ന അതേ മാനിയാണ് കിസിയുടെ ആഗ്രഹം പൂർത്തിയാക്കാൻ അവളെ പാരിസിൽ കൊണ്ട് പോകുന്നതും അഭിമന്യുവിനെ കാട്ടി കൊടുക്കുന്നതും.

മാനി ഓരോതവണയും രോഗത്തിന്റെ മൂർച്ഛിച്ച അവശതയിൽ വീണു പോകുമ്പോൾ നിസ്സഹായയായ കിസി തന്നെയാണ് ഒടുവിൽ അയാളുടെ ഷോർട് ഫിലിം പൂർത്തിയാക്കാൻ അയാളെ പ്രേരിപ്പിക്കുന്നത്…അപ്പോഴേക്കും ജെ പി യുടെ ലോകം പൂർണമായും ഇരുട്ടിലായിട്ടും അവർ ഒരുമിച്ചു അയാളുടെ ആഗ്രഹമായ ആ ഷോർട് ഫിലിം പൂർത്തിയാക്കുന്നിടത്തും മാനി രജനിയെ പോലൊരു സൂപ്പർ ഹീറോ വേഷം കെട്ടിയിടത്തും എത്രയെത്ര ആഗ്രഹങ്ങളാണ് നിറവേറിയത്… അവരുടേത് ഒന്നും വലിയ സ്വപ്‌നങ്ങൾ അല്ലായിരുന്നു… പക്ഷെ അവരുടെ നിസ്സഹായത എന്ന ചട്ടക്കൂടിൽ ആ സ്വപ്‌നങ്ങൾ തളക്കപെടുകയിരുന്നു…പക്ഷെ അവരൊന്നിച്ചപ്പോൾ, ആഗ്രഹങ്ങൾ പങ്കുവെച്ചപ്പോൾ ഓരോ സ്വപ്നങ്ങൾക്കും ചിറക് വെക്കുകയായിരുന്നു…ഒടുവിൽ കിസിയുടെ ഏറ്റവും പ്രിയപ്പെട്ട അപൂർണമായ കവിത പൂർത്തിയാക്കിയ, ജെ പി യുടെ ഏറ്റവും പ്രിയപ്പെട്ട ഷോർട് ഫിലിം പൂർത്തിയാക്കിയ മാനി ഇതിലൂടെയെല്ലാം അയാളുടെ ജീവിതവും പൂർത്തിയാക്കുകയായിരുന്നു…അവിടെ അയാളെ ഓർത്ത് ചിരിക്കുന്ന മുഖങ്ങൾ നമുക്ക് കാണിച്ചു തന്നത് ‘His life is Complete’ എന്ന് തന്നെയല്ലേ… അഭിമന്യു വീർ പറഞ്ഞത് എല്ലാ ജീവിതങ്ങളും പൂർത്തീകരിക്കാത്ത കവിതകളാണെന്നാണ്… പക്ഷെ എല്ലാ ജീവിതങ്ങളും അങ്ങനെയല്ല എന്ന് മാനി അയാളിലൂടെ കാണിച്ചു തന്നു.

മാനി എവിടെയൊക്കെയോ സുശാന്ത് തന്നെയായിരുന്നു… അയാളെന്തിനാണ് ഇങ്ങനെയൊരു വേഷം അവസാനത്തേക്ക് വെച്ചത് എന്ന് മാത്രമാണ് കാഴ്ചകൾക്കപ്പുറം മനസ്സിൽ വന്ന ചോദ്യം…മാനിയുടെ ഷോർട് ഫിലിം വലിയ സ്‌ക്രീനിൽ കണ്ട കിസിയുടെ അതേ മനോനില തന്നെയാണ് ഒന്നേമുക്കാൽ മണിക്കൂറുള്ള ഈ സിനിമ കാണുന്ന ഓരോരുത്തരിലും…ഒരുതുള്ളി കണ്ണീരെങ്കിലും ഈ സിനിമയുടെ കാഴ്ചകൾ അവസാനിക്കുന്നിടത്ത് അയാൾക്ക്‌ വേണ്ടി നമ്മൾ പൊഴിച്ചിരിക്കും…മാനി അയാളുടെ മരണശേഷം കൂട്ടുകാർ തന്നെ പറ്റി പറയുന്നത് കേൾക്കാൻ ആഗ്രഹിച്ചത് പോലെ സുശാന്ത് നിങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ പറയും .”സുശാന്ത് നിങ്ങളൊരു ഗന്ധർവനാണെന്ന് ആഗ്രഹിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം…കുറച്ചു നാൾ ഞങ്ങളുടെ ഇടയിലേക്ക് വന്ന് ഇവ്വിധം താങ്കളോട് ചേർത്ത് നിർത്തിയിട്ട് ഒടുവിൽ ഒരു ദിവസം ഭൂമിയിൽ അനുവദിച്ച സമയം തീർന്നു പോയത് കൊണ്ട് ഒരു നക്ഷത്രമായി പരിണമിച്ച ഗന്ധർവ്വനാണെന്ന് തന്നെ ഞങ്ങൾ വിശ്വസിക്കുന്നു…”
അതല്ലാതെ മാനിക്ക് ശേഷം നിങ്ങളിൽ നിന്ന് ഇനിയൊരു മാജിക്ക് ഇല്ലന്ന് വിശ്വസിക്കാൻ പ്രയാസപെടുന്ന മനസിനോട് പറയാൻ മറ്റൊരു കള്ളവുമില്ല.