മോഹൻലാലിനെയും മമ്മൂട്ടിയെയും മാത്രം ആഘോഷിച്ചാൽ പോരാ

94

Praveen Prabhakar

“ആനി മകനെ സ്നേഹിക്കുന്ന പോലെ മാഗിക്ക് എന്നെ സ്നേഹിക്കാമോ… ” മാഗിയുടെ തോളിൽ കൈ വെച്ചുകൊണ്ട് വിറയാർന്ന ശബ്ദത്തിൽ രാജീവ്‌ പറയുന്ന വാക്കുകളാണിത്… ഒരേ സമയം സ്വന്തം മകനെ വിട്ടു നൽകേണ്ടി വന്ന വിഷമവും സ്വന്തം അമ്മ തന്നെ ഉപേക്ഷിച്ചതിലെ ആശ്ചര്യവും മകനെ അവന്റെ അമ്മക്ക് വിട്ട് നൽകാൻ കൈകൊണ്ട തീരുമാനത്തിലുള്ള കൃതാർത്ഥതയും മാഗിയിൽ ഒരു അമ്മയെ കാണുന്ന പ്രതീക്ഷയും അങ്ങനെ ഒരായിരം ഭാവങ്ങൾ ഒരുമിച്ചു തെളിയേണ്ട നിമിഷം മോഹൻലാൽ എന്ന നടൻ ആ കടമ്പ എങ്ങനെയാണ് വളരെ അനായാസമായി കടന്നതെന്ന് നമ്മൾ കണ്ടതാണ്…രാജീവിന്റെ വിരലുകൾ പോലും അയാളുടെ ശബ്ദ വിന്യാസങ്ങൾക്കൊപ്പം ചലിച്ചത് നമ്മൾ അത്ഭുതത്തോടെയാണ് കണ്ടത്… എല്ലാ വിഷമങ്ങളും ഉള്ളിലേക്ക് കടിച്ചമർത്തുമ്പോളും പ്രതീക്ഷയുടെ ഒരു പുലരി പോലെയാണ് കണ്ണീരു വീണു കലങ്ങിയ അയാളുടെ മുഖത്ത് വിരിഞ്ഞ ചിരി…വ്യത്യസ്തമായ രണ്ട് ധ്രുവങ്ങളിലുള്ള വികാരങ്ങളെ ഒരേ സമയം ഒരേ തീവ്രതയോടെ സന്നിവേശിപ്പിച്ച ആ പ്രകടനം ലോകനിലവാരത്തിലുള്ള ഒന്ന് തന്നെയായിരുന്നു എന്നതിൽ എതിരഭിപ്രായങ്ങൾ കാണില്ല.

“ഒരരയന് നിരക്കാത്തത് ഞാൻ ചെയ്യുവോടാ… ” അച്ചു തന്റെ ബാല്യകാല സുഹൃത്തായ കൊച്ചുവിനെ ചേർത്ത് പിടിച്ചു ഇത് പറയുന്നിടത്ത് അയാളിലെ ഒരായിരം മാനസിക സംഘർഷങ്ങളാണ് മുഖത്ത് തെളിയുന്നത്…നിരപരാധി ആയിട്ടും എല്ലാവരാലും തിരസ്കരിക്കപ്പെടേണ്ടി വന്ന, തെറ്റിദ്ധരിക്കപ്പെടേണ്ടി വന്ന, സ്വന്തം മകൾ പോലും മാനസികമായി അകന്നുപോയതിന്റെ ദുഖവും അതേ സമയം തന്റെ സത്യസന്ധത തെളിയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും എല്ലാംകൂടി ഇടകലർന്ന ഒരു വികാരം അവതരിപ്പിക്കേണ്ട അപൂർവ നിമിഷങ്ങളെ അദ്ഭുതകരമായ കയ്യടക്കത്തോടെ മറികടക്കാൻ മമ്മൂട്ടി എന്ന നടന്റെ പ്രതിഭക്ക് സാധിച്ചു….ഒരു നിമിഷം കരഞ്ഞു പോയേക്കുമെന്ന് തോന്നിച്ച മുഖത്ത് മിന്നിമറിഞ്ഞ ചിരിയുടെ ഭാവങ്ങൾ കൂടി ഇടകലർത്തിയപ്പോൾ അവിടെ ജനിച്ചത് എക്കാലത്തെയും മനോഹരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രകടനം തന്നെയായിരുന്നു… ഒരു തട്ടിൽ രാജീവിനെ വെച്ചാൽ ആ തട്ട് താഴാതെ കാക്കുന്ന അച്ചു… അങ്ങനെ ആ രണ്ട് കഥാപാത്രങ്ങളും അഭിനയ കല പഠിക്കുന്നവരിൽ ഒരു സിലബസ് ആയി… സാധാരണ പ്രേക്ഷകന് വിസ്മയമായി.

രാജീവിനും അച്ചുവും ഒന്ന് കൂടി ജനമനസ്സിലേക്ക് ആഴത്തിലിറങ്ങാൻ കാരണം അവരുടെ ഉടയവൻമാരുടെ പേര് മോഹൻലാൽ എന്നും മമ്മൂട്ടി എന്നും ആയത് കൊണ്ട് കൂടിയാണ്…മലയാള സിനിമയിൽ ഇനി ഏത് നടൻമാർ എത്ര മനോഹരമായി കഥാപാത്രങ്ങളെ അവതരിപ്പിച്ചാലും പൊതുബോധത്തിൽ അവരുടെ അവസാന താരതമ്യം ഈ രണ്ട് പേരോടായി വന്ന് നിൽക്കും…അതാണ് അവരുടെ നീണ്ട വർഷങ്ങളുടെ കരിയർ കൊണ്ട് മലയാള സിനിമ രംഗത്ത് ഉണ്ടായ മാറ്റം.. ഇനി ഇതേ അച്ചുവിനെയും രാജീവിനെയും രണ്ട് സ്ത്രീകഥാപാത്രങ്ങളുമായി താരതമ്യം ചെയ്യേണ്ടി വന്നാലോ… ആരാണ് മോഹൻലാലിനോടും മമ്മൂട്ടിയോടും മത്സരിച്ചു നിൽക്കാൻ കെൽപ്പുള്ളവർ…?? തീർച്ചയായും അങ്ങനെ ഒരുപിടി നല്ല നടിമാരുള്ള അവരിൽ തന്നെ അദ്ഭുതകരമായ പരകായ പ്രവേശം നടത്താൻ കഴിവുള്ള രണ്ട് പേരുണ്ട്.

സ്വന്തം മകന് വേണ്ടി കല്യാണമുറപ്പിച്ച, തനിക്ക് സ്വന്തം മകളെ പോലെയായ നിക്കിയോട് മകന് ഇപ്പോൾ കല്യാണത്തിന് താല്പര്യമില്ല എന്ന് പറഞ്ഞു മനസിലാക്കേണ്ടി വരുന്ന ഷേർളിയുടെ മാനസികാവസ്ഥ… നിക്കിയെ സ്വന്തം മകളെ പോലെ ചേർത്ത് പിടിച്ചവളായിരുന്നു ഷേർലി… ഒടുവിൽ സ്വന്തം ഭർത്താവിന്റെ വാശിയുടെ തിക്ത ഫലങ്ങൾ മുഴുവൻ ഒരു ജീവിതകാലത്ത് അനുഭവിച്ചു തീർന്ന ഷേർലി ഇപ്പോൾ മകന്റെ സ്വാർത്ഥ താല്പര്യങ്ങളുടെ കൂടി അനന്തരഫലങ്ങളിലേക്ക് തെന്നിവീഴുകയാണ്… അവസാന പ്രതീക്ഷയായ മകൻ തന്നെ കേൾക്കാതെ പോകുന്ന അവസ്ഥ, സ്വന്തം മകളെ പോലെ സ്നേഹിച്ചു തുടങ്ങിയ നിക്കി ഇനി തന്റെ ജീവിതത്തിൽ ഇല്ല എന്നുള്ള തിരിച്ചറിവ്…ചുറ്റിനും വെള്ളത്താൽ ഒറ്റപെട്ട തുരുത്ത് പോലെ ഏകാന്തമായ ജീവിതമാണ് ഇനി മുന്നിലുള്ളതെന്ന തിരിച്ചിറവിലും അത്രയും നിസ്സഹായമായ അവസ്ഥയിലും ഷേർലി നിക്കിയോട് ഇതിനെ പറ്റി പറയുന്ന രംഗങ്ങളിൽ അവരുടെ മുഖത്ത് മിന്നിമറിയുന്ന ചില ഭാവങ്ങളുണ്ട്… കണ്ണുകളിൽ നിന്ന് അവരുടെ അവസ്ഥ വായിച്ചെടുക്കാൻ സാധിക്കുന്ന പോലെ, വിറയാർന്ന വിരലുകൾക്ക് നിക്കിയെ ഒരിക്കൽ കൂടി ഒന്ന് ചേർത്ത് പിടിക്കണം എന്ന് തോന്നിക്കുന്ന പോലെ, ഇടറുന്ന ശബ്ദവും ചുണ്ടുകളും അവരുടെ മാനസികാവസ്ഥയെ വരച്ചിടുന്ന പോലെ ഉർവശി എന്ന നടി ഓരോറ്റ രംഗത്ത് പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിച്ചത് എത്രയോ അവസ്ഥാന്തരങ്ങളാണ്… അഭിനയിച്ചത് ഒരു അതിഥി കഥാപാത്രം എന്ന് വിശേഷിപ്പിക്കാവുന്ന വേഷം… കൂടെ അഭിനയിച്ചത് ദേശീയ പുരസ്‌കാര ജേതാക്കളായ നടിയും നടനും അടങ്ങുന്ന താരനിര… എന്നിട്ടും ആ ‘വരനെ ആവശ്യമുണ്ട് ‘ എന്ന ചിത്രത്തെ ഓർക്കുമ്പോൾ ആദ്യം മനസിലേക്കെത്തുന്ന രംഗം തന്റെ പേരിൽ ചേർത്ത ഉർവശി എന്ന നടിയുടെ ജന്മസിദ്ധമായ പ്രതിഭയെ മോഹൻലാലിന്റെ അനായാസതയോട് ചേർത്ത് ഉപമിക്കാവുന്ന ഒന്നാണ്…കാലമെത്ര കഴിഞ്ഞാലും ഈ രണ്ട് പേരിൽ നിന്ന്
ഏത് നിമിഷവും ഒരത്ഭുതം പ്രതീക്ഷിക്കാം എന്നത് തന്നെയാണ് അവരെ ചേർത്ത് വായിക്കാൻ പറ്റുന്ന ഘടകം.

“കാലത്ത് ഞാൻ പോകും… പോവുമ്പോ എന്റെ മുന്നിലെങ്ങും വന്ന് നിന്നേക്കരുത്… ”
തന്റെ ജീവിതത്തിന്റെ ഏതാണ്ട് എല്ലാക്കാലത്തും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി കൊച്ചു ത്രേസ്യയോട് കുഞ്ഞു മറിയ ഇത് പറയുന്ന നിമിഷം അവർക്കുണ്ടാവുന്ന അനവധി ആത്മസംഘർഷങ്ങളുണ്ട്… അവരുടെ ലോകമായ ആ ഗ്രാമം വിട്ട്, അവളുടെ മനസിന്റെ പകുതിയായി കൊച്ചു ത്രേസ്യയെ വിട്ട്, എല്ലാവരെയും എല്ലാത്തിനെയും ഉപേക്ഷിച്ചു ജീവിതത്തിന്റെ അവസാന കാലത്ത് തിരിച്ചു വരവില്ലാത്ത യാത്രക്ക് പോകുന്ന കുഞ്ഞു മറിയ… ഒരേ നിമിഷം ജീവിതത്തിൽ അത് വരെ കൂടെയുണ്ടായിരുതെല്ലാം നഷ്ടപ്പെടാൻ പോകുന്ന നൊമ്പരവും അതിനേക്കാളേറെ കൊച്ചു ത്രേസ്യ എന്ന അവളുടെ വല്യ ലോകം ഈ രാത്രിക്ക് അപ്പുറം ഒരോർമയാകുന്നതിന്റെ തിരിച്ചറിവും കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കാൻ KPAC ലളിതയോളം ഫ്ലെക്സിബിൾ ആയ ഒരു ഓപ്ഷൻ വേറെയുണ്ടാവില്ല…അത് കൊണ്ട് തന്നെയാണ് ഞാൻ അവരെ മമ്മൂട്ടിയോട് ചേർത്ത് വെയ്ക്കാൻ ആഗ്രഹിക്കുന്നതും… KPAC എന്ന നാടക കളരിയിൽ നിന്ന് സിനിമയിലേക്ക് വന്ന് അവിടെ നിന്ന് സ്വയം അപ്ഡേറ്റ് ചെയ്ത് രാകി മിനുക്കിയ പ്രതിഭയാണ് അവരുടേത്…തന്നോട് മാത്രം മത്സരിച്ചുകൊണ്ട് ഇന്നലത്തെ തന്നെക്കാളും മികച്ചതാവണം ഇന്നത്തെ താൻ എന്നാഗ്രഹിക്കുന്ന മമ്മൂട്ടിയോട് മാത്രമേ അവർക്ക് താരതമ്യം അർഹിക്കൂ എന്നതാണ് സത്യം.

ഒരൊറ്റ നിമിഷം മിന്നിമായുന്ന അനേകം ഭാവവ്യത്യാസങ്ങളുടെ, ആത്മസംഘർഷങ്ങളുടെ, വികാരങ്ങളുടെ പ്രതിഫലനം കൊണ്ട് നമ്മളെ വിസ്മയിപ്പിക്കുന്നവരാണിവർ…മോഹൻലാലിനെയും മമ്മൂട്ടിയെയും മാത്രം ആഘോഷിച്ചാൽ മതിയാവില്ല… അവരോടൊപ്പം നിൽക്കുന്ന അസാമാന്യ പ്രതിഭയുള്ള ഉർവ്വശിയെയും ലളിതയേയും പോലുള്ള നടികളെ കൂടി, അവരുടെ പ്രകടനങ്ങൾ കൂടി വിലയിരുത്തണം… ആസ്വദിക്കണം… ഉള്ള് തുറന്ന് അഭിനന്ദിക്കണം… ആഘോഷിക്കണം… കാരണം ആരുടെയും പ്രതിഭ മറ്റുള്ളവരുടെ നിഴലിൽ തളച്ചിടരുത്… അത്രയും കഴിവുള്ള കലാകാരന്മാരും കലാകാരികളും ഉൾകൊള്ളുന്നതാണ് മലയാള സിനിമ…വിരലുകൾ കൊണ്ട് അഭിനയിക്കുന്ന, കരഞ്ഞു കൊണ്ട് ചിരിക്കുന്ന, ചിരിച്ചു കൊണ്ട് കരയുന്ന രാജീവും അച്ചുവും മാത്രം ഉണ്ടായാൽ പോരാ… ഷേർളിയും കുഞ്ഞു മറിയയും കൂടി ഈ പേരുകൾക്കൊപ്പം ചേർത്ത് വായിച്ചാൽ മാത്രമേ നമ്മളിലെ ആസ്വാദനം പൂർണമാകൂ…അവിടയെ ഈ കലാകാരികൾക്ക് അവരുടെ പൂർണമായ അർത്ഥത്തിൽ നീതി ലഭിക്കൂ…അതിനപ്പുറത്തേക്കുള്ളതിലെല്ലാം ആസ്വാദനമെന്ന തലമില്ല, ആരാധന മാത്രമേയുള്ളു.