ഒരാൾ കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ്, മറ്റെയാൾ കൊമേഡിയനും, പക്ഷെ വാക്കുകൾ കൊണ്ട് റേപ്പ് ചെയ്തുകളയും

  275

  Praveen Prabhakar

  “A leopard can’t change its spot… ”
  ഇംഗ്ലീഷിലെ വിഖ്യാതമായ ഒരു പഴമൊഴിയാണിത്… മലയാളത്തിൽ പറഞ്ഞാൽ ചുട്ടയിലെ ശീലം ചുടല വരെ എന്ന്… എത്രയൊക്കെ വെളുത്തു മിനുങ്ങിയ വേഷമിട്ടാലും, എത്രയൊക്കെ നല്ലവനായി നടിച്ചാലും അറിയാതെ ചിലപ്പോൾ ആ കുഷ്ഠം പിടിച്ച മനസ് തുറന്ന് പോകും…രണ്ട് ‘മികച്ച’ പ്രസ്താവനകളാണ് ഇന്ന് നമ്മൾ അങ്ങനെ കണ്ടത്…രണ്ട് പേരുടെയും വൃത്തികെട്ട നാക്കിനു ഇരയായത് സ്ത്രീകളുടെ ആത്മാഭിമാനവും.

  ഒരാൾ കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ്…പ്രതിപക്ഷ നേതാവ് എന്ന് പറഞ്ഞാൽ ഒരുപക്ഷെ നാളെ ഇന്നാട്ടിലെ മുഖ്യമന്ത്രി വരെ ആയേക്കാവുന്ന ആളാണ്… അദ്ദേഹം ഇന്ന് കോവിഡ് സർട്ടിഫിക്കറ്റിനു വീട്ടിൽ വന്ന യുവതിയെ ക്രൂരമായി പീഡിപ്പിച്ച ഹെൽത്ത് ഇൻസ്‌പെക്ടറുടെ കോൺഗ്രസ്‌ ബന്ധം ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് ചോദിച്ച ചോദ്യമാണ് DYFI ക്ക് മാത്രമേ പീഡിപ്പിക്കാൻ അവകാശമുള്ളോ എന്ന്… ഒന്ന് അദ്ദേഹം ആ വലിയ തെറ്റിനെ എത്ര ലാഘവത്തോടെയാണ് കണ്ടത് എന്ന് നോക്കൂ…. രണ്ട്, സ്ത്രീകളെ പീഡിപ്പിക്കുന്നത് എന്തോ ആണുങ്ങളുടെ അവകാശമാണ് എന്നുള്ള ആ മനോഭാവം നോക്കൂ… മൂന്ന്, റേപ്പിനെ എത്ര മനോഹരമായി നോർമലൈസ് ചെയ്തൊരു തമാശയാക്കി മാറ്റി എന്ന് നോക്കൂ… അത്രയും ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്ന് ഒരു നാക്ക് പിഴയാണോ എന്ന് സംശയം തോന്നാത്ത വിധം കൃത്യമായി ഒരു റേപ്പിനെ അനുകൂലിച്ച അദ്ദേഹത്തെ പോലൊരാൾ നാളെ എങ്ങനെയാണ് സ്വന്തം മണ്ഡലത്തിലെ സ്ത്രീകളുടെ മുഖത്ത് നോക്കി വോട്ട് അഭ്യർഥിക്കുന്നത്…? എന്ത് സ്ത്രീസുരക്ഷയാവും അദ്ദേഹത്തിന്റെ ഗവണ്മെന്റ് മുന്നോട്ട് വെക്കുന്നത്….? പീഡിപ്പിച്ചവന്റെ രാഷ്ട്രീയം നോക്കി ആരേലും പീഡനത്തെ അനുകൂലിച്ചിട്ടുണ്ടെങ്കിൽ അവന് മാനസികമായി എന്തേലും തകരാറുണ്ടാവും… അല്ലാത്തപക്ഷം ഈ ലോകം മുഴുവൻ പീഡനത്തിന് ഇരയായ സ്ത്രീക്ക് എതിരായാൽ പോലും നീതി അവളുടെ പക്ഷത്ത് തന്നെയാണ്.

  രണ്ടാമത്തെയാൾ സോ കാൾഡ് കൊമേഡിയൻ ആണ്… സ്വന്തം കഴിവിന്റെ പത്തിരട്ടി കഴിവുള്ള താരങ്ങളുടെ കുറ്റവും കുറവും കണ്ടുപിടിക്കാൻ ജഡ്ജിയായി യാതൊരുളുപ്പുമില്ലാതെ വന്നിരിക്കുന്ന ടിനി ടോം…അയാളെ കൊണ്ട് ആർക്കെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടെങ്കിൽ മമ്മൂട്ടിക്ക് മാത്രമാണ്…അതും കുറച്ചു ചിത്രങ്ങൾ കൊണ്ട് അവസാനിച്ചു…ജഡ്ജി സീറ്റിൽ ഇരുന്ന് കഴിവുള്ള കലാകാരന്മാരെ വിമർശിക്കുന്ന അയാൾക്ക്‌ സ്വയം വിമർശനം ഏൽക്കേണ്ടി വന്നപ്പോൾ കുരു പൊട്ടിയൊലിച്ചു…. കുറച്ചു നാളായി ആ ഒലിച്ചിറങ്ങിയത് ചുറ്റിനും ദുർഗന്ധം പരത്താൻ തുടങ്ങിയിട്ട്… മാന്യമായി, കാണുന്ന പ്രേക്ഷകർക്ക് കൂടി വിമർശിക്കണം എന്ന് തോന്നുന്നവരെ റോസ്റ്റ് ചെയ്തു വരുന്ന ഗായത്രിയെയാണ് അയാൾ വെർബൽ റേപ്പ് ചെയ്തത്…വിമർശനങ്ങൾക്ക് മറുപടി ഇല്ലാതാവുമ്പോൾ, അതിന് മുന്നിൽ തല കുനിക്കേണ്ടി വരുമ്പോൾ എല്ലാ മനുഷ്യരും പ്രയോഗിക്കുന്ന അവസാന അടവാണ് വെർബൽ റേപ്പ്…അയാളുടെ മുൻ തലമുറയാണ് ഇതെല്ലാം അയാളെ പഠിപ്പിച്ചതെന്ന് അഭിമാനത്തോടെ പറഞ്ഞ നിമിഷം ഞാൻ ആലോചിച്ചത് ആ കുടുംബത്തെ സ്ത്രീകളുടെ അവസ്ഥയാണ്… ഒരു TV പ്രോഗ്രാമിന് നൽകിയ അഭിമുഖത്തിൽ, ലക്ഷകണക്കിന് ആളുകൾ കാണുമെന്ന് ഉറച്ച ബോധ്യമുണ്ടായിട്ടും തന്നെ വിമർശിച്ച ഒരു പെൺകുട്ടിയെ പരസ്യമായി ‘വേശ്യ’ എന്ന് വിളിച്ച ആ അപകടകരമായ മനസ് ആരും കാണാതെ പോകരുത്… എതിരേയുള്ളത് പെണ്ണാണോ, അപ്പോൾ പിന്നെ വേശ്യ എന്നൊക്കെ വിളിക്കാം… അത്രയുമില്ലെങ്കിൽ പിന്നെ എന്ത് ആണധികാരം.

  ഇതെല്ലാമാണ് പ്രെവിലേജ്…ഒരിടത്ത് പരസ്യമായി, ലൈവ് സ്ട്രീമിങ് നടക്കുമ്പോൾ പോലും നിന്ദ്യമായ, അങ്ങേയറ്റം ക്രൂരമായ ഒരു പീഡനത്തെ തമാശവൽക്കരിക്കുന്ന ഒരു നേതാവ്… മറ്റൊരിടത്ത് അത്യന്തം മ്ലേച്ഛമായ രീതിയിൽ ഒരു പെൺകുട്ടിയെ വാക്കുകൾ കൊണ്ട് ‘റേപ്പ് ‘ ചെയ്ത ഒരു കലാകാരൻ…ഇവർക്ക് ഒരു മാധ്യമ വിചാരണയും ഉണ്ടാവില്ല… ഇവർക്ക് ഒരു പൊങ്കാലയും ഏൽക്കേണ്ടി വരില്ല… വേണ്ടി വന്നാൽ ഇതിനെയെല്ലാം ന്യായീകരിക്കാനും ഇറക്കുമതികൾ കാണും… പക്ഷെ ഓർമിക്കേണ്ട ഒരു വസ്തുത എന്തെന്നാൽ, എത്ര ലഘൂകരിച്ചാലും ചിരിച്ചു തള്ളിയാലും റേപ്പ് ഒരു തമാശയാവില്ല… ആ അവസ്ഥയിലൂടെ കടന്നുപോയ സ്ത്രീകളുടെ, അതിനെ അതിജീവിച്ചവരുടെ മുറിവുകളുടെ തുന്നൽ അഴിച്ചുവിടുന്ന മൂർച്ചയുള്ള കത്തികളായ ഓരോ നാവുകളെയും കരുതിയിരിക്കണം…നാളെ ഇതേ നാവ് കൊണ്ട് അവർ സ്ത്രീ അമ്മയാണ്, പെങ്ങളാണ്, ദേവിയാണ് എന്നൊക്കെ പറഞ്ഞോണ്ട് നിങ്ങളുടെ മുന്നിൽ വരും.
  നമ്പാതെ… 👍