നിസയും സോഫിയും സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോവുന്ന കഥാപാത്രങ്ങളാണ്

0
119

ലിജോ ജോസ് പല്ലിശ്ശേരിയുടെ രണ്ടു സിനിമകളിലെ സ്ത്രീകഥാപാത്രങ്ങളെ അടിസ്ഥാനമാക്കി പ്രവീൺ പ്രഭാകർ എഴുതിയ പോസ്റ്റാണ്. ഈ രാജ്യത്തിൻറെ രതിസംസ്കാരവും പുരുഷചിന്തകളും ഈ പോസ്റ്റിൽ വായിക്കാം.

Praveen Prabhakar

ലിജോ ജോസ് പല്ലിശേരിയുടെ രണ്ട് പെൺ കഥാപാത്രങ്ങളുണ്ട്…ഒന്ന് ഈ മ യൗവിലെ നിസയും മറ്റൊന്ന് ജെല്ലിക്കെട്ടിലെ സോഫിയും… ഇവർ രണ്ടുപേരും സമാനമായ ഒരു സാഹചര്യത്തിലൂടെ കടന്ന് പോവുന്ന കഥാപാത്രങ്ങളാണ്…ആദ്യം നിസയുടെ കഥയിലേക്ക് നോക്കാം… അവളുടെ അച്ഛനായ വാവച്ചൻ മേസ്തിരി മരിച്ചു കിടക്കുകയാണ്… ആകെ തകർന്നിരിക്കുന്ന നിസ്സയുടെ വീട്ടിലേക്ക് അവളുടെ കാമുകൻ ശിവനപ്പൻ വരുന്നു… നിസ്സ വെള്ളം കുടിക്കാൻ അടുക്കളയിൽ പോകുന്ന സമയത്ത് അവിടെ ഒളിച്ചു നിൽക്കുന്ന ശിവനപ്പനെ കാണുന്നു… അത്രയും നേരം ഉള്ളിൽ അടക്കി പിടിച്ച വിഷമവും ഭാരവും ഒന്നിറക്കി വെക്കാൻ, അയാളെ ചേർത്ത് പിടിച്ചൊന്ന് കരയാൻ ആഗ്രഹിച്ചു കൊണ്ട് നിസ അയാളെ ചേർത്ത് പിടിക്കുന്നു… അവിടെ അവൾക്കൊരു താങ്ങായി, അശ്വസിപ്പിക്കേണ്ട അയാൾ പക്ഷെ തികച്ചും ലൈംഗിക വികാരത്തോടെ അവളുടെ ദേഹത്തെ സമീപിക്കുന്നു… ഒരു നിമിഷം തന്റെ കാമുകന്റെ ഉദ്ദേശം മനസിലാക്കിയ നിസ അയാളുടെ പിടിയിൽ നിന്ന് ഒരു ഞെട്ടലോടെ പുറത്ത് കടക്കുന്നു… വീണ്ടും അയാൾ അത് തുടരാനായി അവളെ നിർബന്ധിച്ചെങ്കിലും അവൾ അവിടെ നിന്നും മാറി പോകുകയാണ് ചെയ്തത്…

May be an illustration of 1 person, standing and textതിരികെ അച്ഛന്റെ ശവത്തിന് സമീപം നിന്ന് കൊണ്ട് “എന്തിനാണ് അച്ഛാ ഞങ്ങളെ ഒറ്റക്കാക്കിയിട്ട് പോയത് ” എന്ന് ചോദിക്കുന്നിടത്ത് തന്റെ സകല പ്രതീക്ഷകളും ഇല്ലാണ്ടായ ഒരു പെണ്ണിനെ കാണാം… അവൾക്ക് ശിവനപ്പൻ വെറുമൊരു കാമുകൻ മാത്രമല്ലായിരുന്നു… വീണ് പോകുമ്പോൾ താങ്ങാവുമെന്നും, ഒറ്റക്കാവുമ്പോൾ ചേർന്ന് നിൽക്കുമെന്നും കരുതിയ പ്രതീക്ഷയായിരിന്നു… പക്ഷെ അയാൾക്ക് അവളുടെ ശരീരമായിരുന്നു നോട്ടം… അത് കൊണ്ട് തന്നെയാണ് അവളുടെ അന്നേരത്തെ മാനസിക അവസ്ഥ പോലും കണക്കിലെടുക്കാതെ അയാൾ തെറ്റായ രീതിയിൽ സമീപിച്ചത്…പക്ഷെ അവിടെ നിസ ആഗ്രഹിച്ചതും അയാൾ കൊടുത്തതുമായ ആലിംഗനങ്ങൾ തമ്മിൽ രണ്ട് ധ്രുവങ്ങളുടെ വ്യത്യാസമുണ്ട്… അത് കൊണ്ട് തന്നെ അയാളുടെ കൈകൾ അന്വേഷിക്കുന്നത് തന്റെ ശരീരമാണെന്ന് മനസിലാക്കിയ നിസ ആ സാഹചര്യത്തിൽ നിന്ന് ഒരു ഞെട്ടലോടെ പുറത്തേക്ക് കടക്കുന്നത്… താൻ സമ്മതിക്കാത്ത, തന്റെ കൺസന്റ് ഇല്ലാത്ത ഒരു സമീപനം, അതിനി സ്വന്തം കാമുകനായാലും അയാളെ തിരസ്കരിക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ല മറുപടി എന്ന് നിസ കാണിച്ചു തരുന്നുണ്ട്… തങ്ങളെ തനിച്ചാക്കി അപ്പൻ പോയി എന്ന് പറയുന്നിടത്ത് ഇനി നിസയുടെ ജീവിതത്തിൽ ശിവനപ്പന് ഒരു സ്പേസ് ഇല്ല എന്ന് മനസിലാക്കാം… നിസ ഒട്ടും ബോൾഡ് ആയ പെണ്ണല്ല… ഇനി മുന്നോട്ടുള്ള ജീവിതത്തിൽ ഇപ്പോൾ നേരിട്ട ഈ അക്രമത്തിന്റെ ട്രോമ അവളെ പിന്തുടരുമായിരിക്കാം… എന്നാലും സ്നേഹിച്ചു പോയി എന്നൊരു കുറ്റം കൊണ്ട് ഒരാൾ സ്വന്തം ശരീരത്തെ ആക്രമിക്കുമ്പോൾ അതിനോട് വിധേയപ്പെടാൻ അവൾ തയ്യാറായില്ല…അവളുടെ പ്രതികരണം കൊണ്ട് തന്നെ ഉൾക്കൊള്ളാൻ പറ്റാത്ത ആ സാഹചര്യത്തോട് ‘NO’ പറയുകയാതെ പറയുകയായിരുന്നു നിസ.

കാലൻ വർക്കിയുടെ പെങ്ങളാണ് സോഫിയ… നിസയെ അപേക്ഷിച്ച് കുറച്ചു കൂടി തന്റെടി… ജീവിച്ചു വളർന്ന സാഹചര്യം അവളെ കരുത്തുള്ള, ആരോടും പേടിയില്ലാതെ സംസാരിക്കാൻ കഴിവുള്ള പെണ്ണാക്കി മാറ്റിയെന്ന് നമ്മളെ തോന്നിപ്പിക്കും… പക്ഷെ കിണറ്റിൽ വീണ പോത്തിനെ കെട്ടി കയറ്റാനുള്ള വടമെടുക്കാൻ വർക്കിയുടെ വീട്ടിൽ വന്ന അയാളുടെ കൂട്ടുകാരൻ ആന്റണി അയാളുടെ ഏറെ നാളത്തെ ആഗ്രഹം പൂർത്തീകരിക്കാൻ എന്ന വണ്ണം സോഫിയയെ കടന്ന് പിടിക്കുന്നു…കാലങ്ങളായി അയാളെ അറിയാമെങ്കിലും അയാളോട് പ്രത്യേകിച്ച് ഒരു പ്രേമമില്ലാതിരുന്ന സോഫി അതിനെ എതിർക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ കീഴ്പ്പെടേണ്ടി വന്നു…ആരംഭത്തിൽ എതിർപ്പ് പ്രകടിപ്പിച്ച അതേ സോഫി, ആന്റണിയുടെ കരുത്തിനു മുന്നിൽ കീഴടങ്ങേണ്ടി വന്നപ്പോൾ ഇനി അങ്ങോട്ട് ഇതേ കരുത്തിനു മുന്നിൽ വിധേയപ്പെട്ട് ജീവിക്കാം എന്ന് തീരുമാനമെടുത്തത് പോലെയാണ് തുടർന്നുള്ള അവളുടെ പ്രതികരണം… “വാരിയെല്ലിന്റെ ഭാഗം രണ്ട് പങ്ക് എടുത്തേരെ… നാളെ കപ്പ ഇട്ട് വേവിക്കാം…” എന്ന് തൊട്ട് മുമ്പ് തന്റെ അനുവാദമില്ലാതെ തന്നെ കടന്ന് പിടിച്ച ഒരാളോട് പറയുന്ന സോഫി സ്വഭാവം കൊണ്ട് ഇനി എത്ര ബോൾഡ് ആണെന്ന് പറഞ്ഞാലും ഒടുവിൽ വന്ന് നിക്കുന്നത് തന്നെ മസിൽ കരുത്ത് കൊണ്ട് കീഴ്പ്പെടുത്തിയവനു വെച്ച് വിളമ്പുന്ന വെറുമൊരു അടുക്കളക്കാരിയിലാണ്… അത് വരെ പരസ്പരം പ്രേമമില്ലാത്ത രണ്ട് മനുഷ്യർക്കിടയിൽ നായകന്റെ കൈക്കരുത്തിനു മുന്നിൽ വഴങ്ങി കൊടുക്കേണ്ടി വന്ന സിനിമയിലെ ആദ്യത്തെ പെണ്ണല്ല സോഫി…

ബോൾഡ്നെസ്സിൽ സോഫിയുടെ ടീച്ചറാവാൻ യോഗ്യതയുള്ള കൻമദത്തിലെ ഭാനു പോലും വിശ്വനാഥന്റെ കൈക്കരുതിനു മുന്നിൽ തോറ്റു പോയി അയാളോട് വിധേയം പ്രാപിക്കുന്ന കാഴ്ചകൾ നമ്മൾ കണ്ടതാണ്… അതായത് പറഞ്ഞു വെക്കുന്നത് പെണ്ണ് ഇനി എത്ര ബോൾഡ് ആയിക്കൊള്ളട്ടെ, അവളുടെ ശരീരത്തെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നുന്നവനോട് അവൾക്ക് അതേ വരെയില്ലാത്ത പ്രേമമുണ്ടാകും എന്നാണ്… അവിടെ കൺസന്റ് ഒരു മാറ്റർ പോലുമല്ല… അനുവാദമില്ലാതെ കടന്ന് പിടിച്ചവനോട് സ്വഭാവികമായ റീഫ്ളക്സ് എന്ന പോലെ എതിർക്കുമെങ്കിലും തൊട്ടടുത്ത നിമിഷം അവർ ആ സിറ്റുവേഷനിൽ നിന്ന് പുറത്ത് കടക്കുകയും യാതൊരു ട്രോമയും ഉണ്ടായിട്ടില്ല എന്ന വണ്ണം തൊട്ട് മുമ്പ് നടന്നതിനെ പിന്നീട് ഉള്ള കാലം ആസ്വദിക്കുകയും ചെയ്യുന്ന പെണ്ണുങ്ങൾ…പുറമെ തന്റേടിയായ പെണ്ണുങ്ങൾ ഒരാണിന്റെ പത്തു സെക്കന്റുള്ള ബലപ്രയോഗത്തിൽ ‘വെറും പെണ്ണാണ് ‘ എന്ന് പറഞ്ഞു വെക്കുന്ന വെറും അശ്ലീല കഥകൾ… തിരുത്തേണ്ട കാഴ്ചപ്പാടുകൾ.

നിസയും സോഫിയും ശിവനപ്പനും ആന്റണിയും അവരുടെ ജീവിതത്തിൽ കൺസന്റ് എന്ന വാക്ക് കേട്ടിട്ടുപോലുമുണ്ടാവില്ല… ഒരു പെണ്ണ് അവളുടെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ അവസ്ഥയിൽ ഒന്ന് ചേർത്ത് പിടിക്കാൻ തിരഞ്ഞെടുത്ത കൈകൾ അവളെ കയറിപിടിച്ച കൈകളാവുന്നു… അവിടെ ശിവനപ്പൻ ചൂഷണം ചെയുന്നത് അവളുടെ അതേ സാഹചര്യം തന്നെയാണ്… ഒരു പെണ്ണിന്റെ വിഷമവും ദുരിതവും നിങ്ങളോട് ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എന്നത് കൊണ്ട് അവൾ നിങ്ങളോട് അവളുടെ ശരീരം കൂടി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന വികലമായ ആൺചിന്ത തന്നെയാണ് ശിവനപ്പന്റേത്… ആ ചിന്തകളോട് സമരസപ്പെട്ട് കൊടുത്തില്ല എന്നത് തന്നെയാണ് നിസയിലെ പെണ്ണിന്റെ വിജയം… ഏറ്റവും മോശപ്പെട്ട സാഹചര്യത്തിൽ ഏറ്റവും മോശപ്പെട്ട പെരുമാറ്റം നേരിടേണ്ടി വന്ന അവൾക്ക് ആ ഒരൊറ്റ നിമിഷം ധാരാളമായിരുന്നു പ്രേമിച്ച മനുഷ്യനെ വെറുക്കാൻ… വേണ്ടാന്ന് വെക്കാൻ…വേട്ടയാടി കീഴ്പ്പെടുത്തുന്ന ഇര പിന്നെ വേട്ടക്കാരന്റെ സ്വന്തമാണെന്നുള്ള മൃഗീയമായ കാഴ്ചപ്പാടുകളോടെ ജീവിക്കുന്നവരാവണം സോഫിയും ആന്റണിയും…തന്റെ സ്വന്തം ശരീരത്തിന് മേലുള്ള തന്റെ സ്വന്തം അവകാശത്തെപറ്റി ബോധമില്ലാതെ ജീവിക്കുന്ന മനുഷ്യരുടെ പ്രതിനിധിയാണ് സോഫിയ… അവിടെ സകലമാന കൺസെന്റുകളും റദ്ധ് ചെയ്യപ്പെടുമെങ്കിലും അത് പിന്നീടുള്ള അടിമജീവിതത്തിന് ഒരു കാരണം മാത്രമാണ്…ഒരു പെണ്ണ് ഒറ്റക്കായാൽ, സാഹചര്യങ്ങൾ അനുകൂലമായാൽ അവളെ കീഴ്പെടുത്താം എന്ന മറ്റൊരു ആൺചിന്ത തന്നെയാണ് ആന്റണി അവിടെ പ്രവർത്തികമാക്കിയത്… പക്ഷെ അതിനോട് അതിവേഗം പൊരുത്തപ്പെടാൻ, അതിനെ അനുകൂല സാഹചര്യമാക്കി മാറ്റാൻ സോഫിക്ക് കഴിഞ്ഞിടത്താണ് അതേ വരെ അയാളോട് തോന്നാതിരുന്ന ഒരു വികാരം ആ നിമിഷം മുതൽ തന്റെ വേട്ടക്കാരനോട് അവൾക്ക് തോന്നാൻ ഇടയായത്… നിസയും സോഫിയയും തങ്ങൾ നേരിട്ട സമാന സാഹചര്യത്തോട് എങ്ങനെയാണ് പ്രതികരിച്ചത് എന്നിടത്താണ് അവരിലെ വൈരുധ്യം നമുക്ക് കാണാൻ സാധിക്കുന്നത്…കൺസെന്റ് എന്ന ആശയത്തിന്റെ രണ്ട് പെണ്ണുങ്ങളുടെ വേർഷനുകളാണ് നമുക്ക് കാണാൻ സാധിച്ചത്.

റേപ്പ് ചെയ്ത വ്യക്തിയോട് അതിന് ഇരയാക്കപ്പെട്ട പെണ്ണിനെ കല്യാണം കഴിച്ചു കൂടെ എന്ന് ചോദിക്കുന്ന, അതിന് സമയം കൊടുക്കുന്ന,ഇരയുടെ അവകാശങ്ങളും അനുവാദങ്ങളും നിയമ പരമായി പോലും റദ്ധ് ചെയ്യപ്പെടുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്… ഒരു പെണ്ണ് ഇരയാവുന്നതും ഇരയായി തന്നെ ജീവിക്കുന്നതിനുമിടയിൽ ഒരു വ്യത്യാസമുണ്ട്… നിസ ഒരു സാഹചര്യത്തിന്റെ ഇരയായപ്പോൾ സോഫി സ്വയം ഇരയായി തുടർന്നും ജീവിക്കാൻ ശ്രമിച്ചു…ഒന്ന് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുക എന്നാൽ തന്റെ ശരീരം പങ്കിടാൻ ആഗ്രഹിക്കുകയല്ല എന്ന് ‘NO’ പറയുന്നതിനും ഒരു തവണ അനുവാദമില്ലാതെ കടന്ന് പിടിച്ചാൽ പിന്നെയും പിടിക്കാനുള്ള അധികാരം വെച്ച് ഏൽപ്പിക്കുന്നതിനുമിടയിൽ നീതിക്ക് ഒരു ധ്രുവ ദൂരമുണ്ട്…അരുതാത്തതിനോട്, തനിക്ക് ദഹിക്കാൻ പ്രയാസമുള്ളതിനോട്, ഉൾകൊള്ളാൻ കഴിയാത്തതിനോട്, ഇഷ്ടപെടാത്തതിനോട്, കീഴ്പ്പെടുത്തലിനോട് ‘No’ പറയുക എന്നത് തന്നെയാണ് സ്വത്വ ബോധം…ഏതെങ്കിലുമൊരു ബാഹ്യ ശക്തിയുടെ പ്രേരണ കൊണ്ട് ഇരയാകേണ്ടി വന്നാൽ തുടർന്നും താൻ അതേ പ്രോസസ്സിന് അവൈലബിൾ ആണെന്ന് പറയാതിരിക്കുന്നിടത്താണ് കൺസന്റ് അല്ലെങ്കിൽ ഉഭയകക്ഷി സമ്മതം പ്രാവർത്തികമാകുന്നത്… നിർഭാഗ്യ വശാൽ പരസ്യമായി ഇരയുടെ കൺസന്റിന് ഓട്ടക്കാലണയുടെ വില നൽകുന്ന ഒരു രാജ്യത്ത് ജീവിക്കുക എന്നതും സ്ത്രീകളുടെ ജീവിതം ഒരു സമരമാക്കുകയാണ്… എന്നാൽ അപ്പുറത്ത് സ്വന്തം അവകാശങ്ങളെ പറ്റി, മൂല്യങ്ങളെ പറ്റി, അനുവാദത്തെ പറ്റി ബോധമുള്ള സ്ത്രീ ചിന്തകൾ ഉണ്ടാവുന്നു എന്നതും കാലം ആവശ്യപ്പെടുന്ന മാറ്റമാണ്… ഇനിയും സ്വന്തം അവകാശങ്ങളെ മറ്റൊരാളുടെ ദാനമായി കരുതുന്നവരുണ്ടെങ്കിൽ നിങ്ങളിൽ ഒരു സോഫിയ ഉണ്ട്… അതല്ല ഏതൊരു സാഹചര്യത്തിലും നിങ്ങളുടെ ശരീരത്തിന്റെ, തീരുമാനത്തിന്റെ അവകാശി നിങ്ങൾ തന്നെയാണെങ്കിൽ, ആ ബോധമുണ്ടെങ്കിൽ നിങ്ങളിൽ ഒരു നിസയുണ്ട്… ചോയ്സ് എന്നത് സ്വന്തം മനോഭാവമാണ്.