അയാൾക്ക്‌ ഒരു പക്ഷെ നീളമില്ലാത്ത ശരീരമാവാം ഉള്ളത്, പക്ഷെ അയാളുടെ മനസിന്റെ വലിപ്പം കളിയാക്കുന്നവർക്ക് ഊഹിക്കുന്നതിനേക്കാൾ ഏറെയാണ്

0
174

Praveen Prabhakar

“അമിതാഭ് ബച്ചന്റെ ആദ്യ തമിഴ് സിനിമയിൽ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ പോകുന്നത് നടൻ സൂര്യയാണ് എന്ന് കേട്ടു… ”
“അതെങ്ങനെ ശരിയാകും… ”
“അനുഷ്കയോടൊപ്പം അഭിനയിക്കുമ്പോൾ പോലും ഹൈ-ഹീൽ ഉപയോഗിച്ചാണ് അയാൾ അഭിനയിക്കുന്നത്… അപ്പോൾ അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കാൻ സ്റ്റൂളിന്റെ മുകളിൽ കയറി നിൽക്കണമല്ലോ..”
സൺ മ്യൂസിക് എന്ന ചാനലിലെ VJ കളായ സംഗീതയും നിവേദിതയും സൂര്യ ശിവകുമാർ എന്ന നടനെ പറ്റി പബ്ലിക് ആയി പറഞ്ഞ ‘തമാശകളാണ്’ ഇത്….ഇതൊരു ആകസ്മികമായി ഉണ്ടായ തമാശ അല്ല… സൂര്യ എന്ന നടൻ എന്ന് തൊട്ട് ഫിലിം ഇൻഡസ്ട്രിയിൽ ഉണ്ടോ അന്ന് മുതൽ നേരിടുന്നതാണ് ഈ ‘കുള്ളൻ’ വിളി… അതിന് കാരണം ഒരാളെ പറ്റി നമുക്ക് പ്രത്യേകിച്ച് ഒരു കുറ്റവും കണ്ടു പിടിക്കാൻ സാധിക്കാതെ വരുമ്പോൾ അവസാനം പയറ്റുന്ന തന്ത്രമാണ് ബോഡി ഷാമിങ് എന്നതാണ്.

ശിവകുമാർ എന്ന നടന്റെ മകനായത് കൊണ്ട് സിനിമയിലേക്ക് വരുക എന്നത് മകൻ ശരവണന് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നു… പക്ഷെ അയാൾക്ക്‌ സ്വന്തമായി ഒരു ബിസ്സിനസ്സ് പ്രസ്ഥാനം കെട്ടിയുയർത്തുന്നതായിരുന്നു ആഗ്രഹം… അത്കൊണ്ട് തന്നെ സിനിമയിലേക്ക് ക്ഷണിച്ചവരോടെല്ലാം താൻ സിനിമയിലേക്ക് ഇല്ല എന്ന് തന്നെയാണ് ആ ചെറുപ്പക്കാരൻ പറഞ്ഞത്… പക്ഷെ ചിലർ വരുമ്പോൾ ചരിത്രം വഴി മാറുമെന്ന് പറയുന്നതുപോലെ ശരവണന്റെ ജീവിതം മാറ്റി മറിക്കാനും ഒരാൾ വന്നു… സാക്ഷാൽ മണിരത്നം ആയിരുന്നു അത്… അയാൾ നിർമിക്കുന്ന അടുത്ത ചിത്രത്തിലേക്ക് ശരവണനെ ക്ഷണിച്ചു… മണിരത്നം പോലൊരു ലെജന്റിന്റെ ക്ഷണം തള്ളിക്കളയാൻ അയാൾക്ക്‌ കഴിഞ്ഞില്ല… അങ്ങനെ 1997 ൽ ഇറങ്ങിയ ‘നേർക്ക്നേർ’ എന്ന ചിത്രത്തിലൂടെ ശരവണൻ തന്റെ സിനിമ അരങ്ങേറ്റം നടത്തി… വസന്ത് സംവിധാനം ചെയ്ത ആ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലാണ് പിന്നീട് ശരവണൻ ശിവകുമാർ ലോകം മുഴുവൻ അറിയപ്പെട്ടത്… സൂര്യ എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്.

ആദ്യ ചിത്രം ഒരു വിജയമായിരുന്നു എങ്കിലും പിന്നീട് ഏതാണ്ട് നാല് വർഷ കാലയളവിൽ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം അയാളുടെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു…അതോട് കൂടി പത്ര മാധ്യമങ്ങളും സിനിമ വാരികകളും പാപ്പരാസി കൂട്ടങ്ങളും ആ ചെറുപ്പക്കാരന്റെ രക്തത്തിനു വേണ്ടി മുറവിളി കൂട്ടി… ‘ഇയാൾക്ക് അഭിനയിക്കാൻ അറിയില്ല, ഇയാൾക്ക് ഡാൻസ് എന്താണെന്നു പോലും അറിയില്ല, ഇയാളൊക്കെ സിനിമയിൽ പിടിച്ചുനിൽക്കുന്നത് തന്നെ അച്ഛന്റെ സ്വാധീനം കൊണ്ടാണ്… ഇയാളൊക്കെ എങ്ങനെ ഒരു നായകനായി… ‘ അങ്ങനെ ചോദ്യ ശരങ്ങൾ കൊണ്ട് മാധ്യമങ്ങൾ സൂര്യയുടെ കരിയർ തന്നെ ഇല്ലാണ്ട് ആക്കുന്ന സ്ഥിതി വന്നു… സൂര്യ ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ എന്ന് പോലും അറിയാത്ത വിധം നിരാശയുടെ പടുകുഴിയിലേക്ക് വീണ സമയങ്ങളായിരുന്നു അത്.

“നിനക്ക് സ്വന്തമായി ഒരു വ്യക്തിത്വം വേണം, ആ വ്യക്തിത്വത്തിൽ ഒരിക്കൽ പോലും അച്ഛന്റെ നിഴൽ ഉണ്ടാവരുത്… “ലോകം മുഴുവൻ എതിരെ നിന്നപ്പോൾ ഇങ്ങനെയൊരു ഉപദേശം അയാൾക്ക്‌ പുതിയൊരു ഉണർവ് നൽകി… പറഞ്ഞത് മറ്റാരുമല്ല, നടൻ രഘുവരൻ ആയിരുന്നു… സൂര്യ എന്ന നടനിലുള്ള വിശ്വാസം അത്രയുമുണ്ടായിരുന്നു അയാൾക്ക്‌… തേച്ചു മിനുക്കിയെടുത്താൽ ഉജ്ജ്വലമായി തിളങ്ങാൻ കഴിയുന്ന അഴുക്ക് പിടിച്ച ഒരു വജ്രമാണ് സൂര്യ എന്ന് അയാൾക്ക്‌ അന്നേ മനസിലായി… പതിയെ സൂര്യ തനിക്കുള്ളിലെ മാറ്റങ്ങൾക്ക് വേണ്ടി നിരന്തരം പരിശ്രമിക്കാൻ തുടങ്ങി… ഒടുവിൽ അയാളെ തേടി അയാളുടെ ക്ലാസ്സിക്‌ കഥാപാത്രം എത്തി… തമിഴിലെ ഏറ്റവും ‘റഫ് & ടഫ് ‘ സിനിമകൾ സംവിധാനം ചെയ്യുന്ന ബാലയാണ് അയാളെ നായകനാകക്കാൻ തീരുമാനിച്ചത്… തന്റെ ‘നന്ദ’ എന്ന ചിത്രത്തിലെ അതേ പേരുള്ള കഥാപാത്രത്തെ ചെയ്യാനാണ് സൂര്യയെ ക്ഷണിച്ചത്… അതേ വരെ കാണാത്ത സൂര്യയുടെ മറ്റൊരു മുഖമാണ് ആ ചിത്രത്തിൽ കണ്ടത്… നന്ദയായി പരകായ പ്രവേശനം നടത്തിയത് പോലെ അഭിനയിച്ച സൂര്യക്ക് ആ വേഷം സമ്മാനിച്ചത് ആ വർഷത്തെ ഏറ്റവും മികച്ച തമിഴ് നടനുള്ള അവാർഡ് ആയിരുന്നു… അതോട് കൂടി തന്നെ തള്ളി പറഞ്ഞ മാധ്യമങ്ങളിൽ എല്ലാം ‘ഇത്ര കഴിവുള്ള മറ്റൊരു യുവനടൻ തമിഴ് നാട്ടിൽ ഇല്ല ‘ എന്ന് മാറ്റിയെഴുതിച്ചു… അച്ഛന്റെ നിഴലിൽ നില നിന്ന കഴിവില്ലാത്ത മകൻ എന്ന് വിളിച്ചവരെല്ലാം ഒരു ഇന്റർവ്യൂ വിനു വേണ്ടി കാത്ത് നിന്നു.

പിന്നീട് തമിഴ് ഇൻഡസ്ട്രിയിലെ തന്നെ എക്കാലത്തെയും മികച്ച പോലീസ് സിനിമകളിൽ ഒന്നായ ‘കാക്ക കാക്ക’യിലൂടെ തികച്ചും വ്യത്യസ്തമായ ഒരു പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അയാളിലെ അഭിനേതാവ് ഏത് എക്സ്ട്രീം വരെയും പോകാൻ കഴിവുള്ളതാണെന്ന് തെളിയിച്ചു…പിതാമഹൻ, ആയുധ എഴുത്ത് തുടങ്ങിയ ചിത്രങ്ങൾ എല്ലാം ഇപ്പോഴും തമിഴിലെ കൾട്ട് ക്ലാസിക്കുകൾ ആണ്… 2005 ൽ മുരുഗദോസ് സംവിധാനം ചെയ്ത ‘ഗജിനി’ അയാളെ പാൻ ഇന്ത്യ ലെവലിൽ പ്രശസ്തനാക്കി… ആ ഒരൊറ്റ ചിത്രത്തിലെ സഞ്ജയ്‌ രാമസ്വാമി എന്ന കഥാപാത്രത്തിന്റെ പ്രകടനം കൊണ്ട് സൗത്ത് ഇന്ത്യയിലെ എല്ലാ സംസ്ഥാങ്ങളിലും ഏറ്റവും മാർക്കറ്റ് ഉള്ള തമിഴ് നടന്മാരിൽ ഒരാളായി മാറി അയാൾ.

2008 ൽ സൗത്ത് ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെയും തമിഴ് നാട്ടിലെയും ടീനേജേഴ്സ് കൂടുതലായി ഗിത്താർ പഠിക്കാൻ പോയി…പെട്ടെന്ന് ഗിത്താറിനോടുള്ള പ്രേമം കൂടാൻ കാരണം ഒരാളായിരുന്നു… അത് ‘വാരണം ആയിരം’ എന്ന ചിത്രത്തിലെ സൂര്യ എന്ന കഥാപാത്രമായിരുന്നു… 16 വയസ് മുതൽ 65 വയസുവരെയുള്ള പല കാലഘട്ടങ്ങളിലെ വേഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് സൂര്യ അത്ഭുതപ്പെടുത്തിയ സിനിമയായിരുന്നു അത്… ഇന്നും ആ ചിത്രവും അതിലെ കഥാപാത്രങ്ങളും പലരുടെയും ഫേവറേറ്റ് ആണ് എന്നത് ആ ചിത്രത്തിനെ ഒരു എവർ ടൈം ക്ലാസിക് ആക്കി മാറ്റിയിട്ടുണ്ട്….നായകനാവാൻ മാത്രമല്ല ഒന്നാം തരം വില്ലനാകാനും തനിക്ക് സാധിക്കുമെന്ന് കാണിച്ചു തന്നത് ’24’ലെ ആത്രേയ യിലൂടെ ആയിരുന്നു… മികച്ച വില്ലനുള്ള അവാർഡുകൾ നേടിയ പ്രകടനവും അയാളെ മറ്റൊരു തലത്തിൽ കൊണ്ടെത്തിച്ചു…എല്ലാ സിനിമ താരങ്ങളെയും പോലെ ഉയർച്ചയും താഴ്ച്ചയും നിറഞ്ഞ ഗ്രാഫ് തന്നെയാണ് സൂര്യയുടെയും… എന്നാൽ പോലും ഇന്നും സൂര്യ എന്ന നടന് ഒരു മിനിമം ഗ്യാരന്റിയുണ്ട്…അയാളിൽ നിന്ന് ഏത് നിമിഷവും ഒരു അത്ഭുതം പ്രതീക്ഷിക്കമെന്ന് അയാളുടെ എതിരാളികൾക്ക് പോലുമറിയാം… തന്റെ കാലം കഴിഞ്ഞു പോയെന്നും താൻ കഴിവില്ലാത്തവനാണെന്നും പറഞ്ഞ അതേ സമൂഹത്തിന്റെ കാഴ്ചപ്പാട് മുഴുവൻ മാറ്റിമറിച്ച സൂര്യയുടെ 20 വർഷങ്ങളായിരുന്നു കഴിഞ്ഞു പോയത്.

“എന്റെ മക്കൾക്ക്‌ സൂര്യയുടെ സ്വഭാവ ഗുണങ്ങളുടെ പകുതി കിട്ടിയാൽ തന്നെ സന്തോഷം…” പറയുന്നത് മറ്റാരുമല്ല ജ്യോതിക തന്നെയാണ്…അത്രയും മാതൃകയായ ഒരു ഭർത്താവും ഫാമിലി മാനുമാണ് സൂര്യ… ജ്യോതിക അയാളുടെ വെറുമൊരു ഭാര്യ മാത്രമല്ല, നല്ലൊരു സുഹൃത്തും വിമർശകയും കൂടിയാണ്… സൂര്യയിലെ ഏറ്റവും ബലമായി തോന്നുന്ന ഘടകവും ജ്യോതിക തന്നെയാണ്…അത്ര മികച്ച കെമിസ്ട്രി ഉള്ള ദമ്പതികൾ കുറവായ സിനിമ മേഖലയിൽ ഇവരെന്നും ഒരു അത്ഭുതമായി തോന്നുന്നതും അത് കൊണ്ട് തന്നെയാണ്.
“ഞാൻ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള ആളാണ്… എന്നിട്ടും തലയുയർത്തി നിങ്ങളുടെ മുന്നിൽ നിൽക്കാൻ എന്നെ പ്രാപ്തയാക്കിയത് അഗരം ഫൌണ്ടേഷൻ ആണ്… ” ഗായത്രി തന്റെ കഥ പറഞ്ഞു തീർന്നപ്പോളേക്കും സൂര്യ നിറകണ്ണുകളോടെ അവളെ ചേർത്ത് പിടിച്ച രംഗം ഇന്നും നമ്മുടെ മനസ്സിൽ ഉണ്ട്‌… 80% മാത്രം സാക്ഷരതയുള്ള, പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ഇപ്പോഴും അന്യമായ തമിഴ് നാട്ടിൽ ‘അഗരം ഫൌണ്ടേഷൻ’ എന്നൊരു സ്ഥാപനം തുടങ്ങുമ്പോൾ പലരും സംശയത്തോടെ നോക്കിയിരുന്നു… എത്ര നാൾ ഈ പ്രസ്ഥാനം മുന്നോട്ടു പോകുമെന്ന് പലരും പുച്ഛിച്ചു… പക്ഷെ സൂര്യയുടെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ ഇന്ന് ആ ചോദ്യങ്ങൾക് പ്രസക്തി ഇല്ലാതായി… 2006 ൽ ആരംഭിച്ച, ഇന്നും മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന അഗരം ആയിരക്കണക്കിന് കുട്ടികൾക്കാണ് പുതു ജീവിതം സമ്മാനിച്ചത്… “എല്ലാവർക്കും വിദ്യാഭ്യാസം” എന്ന സൂര്യയുടെ സ്വപ്നമാണ് അഗരത്തിലൂടെ നിറവേറിക്കൊണ്ടിരിക്കുന്നത്.

അയാൾക്ക്‌ ഒരു പക്ഷെ നീളമില്ലാത്ത ശരീരമാവാം ഉള്ളത്… പക്ഷെ അയാളുടെ മനസിന്റെ വലിപ്പം കുറ്റപ്പെടുത്തുന്നവരും കളിയാക്കുന്നവരും ഊഹിക്കുന്നതിനേക്കാൾ ഏറെയാണ്… പിന്നിട്ട വഴിയിൽ ഏറെ വിമർശനങ്ങളും കളിയാക്കലും ഏറ്റു വാങ്ങി തന്നെയാണ് അയാൾ ഇന്നത്തെ സൂര്യയായി ജ്വലിച്ചു നിൽക്കുന്നത്… അത്കൊണ്ട് തന്നെയാണ് തന്റെ നീളത്തെ കളിയാക്കിയ സൺ മ്യൂസിക് ചാനലിനെതിരെ തന്റെ ആരാധകർ വിമർശനവുമായി രംഗത്ത് വന്നപ്പോൾ “നിങ്ങൾ അതൊന്നും ശ്രദ്ധിക്കരുത്… കുറ്റം പറയുന്നവർ പറയട്ടെ… നമ്മളും അവരുടെ നിലവാരത്തിലേക്ക് ഇറങ്ങി ചെല്ലരുത്… നിങ്ങളുടെ വിലപ്പെട്ട സമയം മറ്റ് ഉപയോഗപ്രധമായ കാര്യങ്ങൾക്ക് ഉപയോഗിക്കു ” എന്ന് മറുപടി കൊടുത്തത്… ഈ മറുപടി അയാളുടെ പിന്നിട്ട ജീവിതം പഠിപ്പിച്ച പാഠങ്ങൾ തന്നെയാണ്.
Birth day wishes to Nadippin Nayakan…