ഇത് വരെ കുടിച്ച കരിക്കുകളിൽ നിന്ന് ഇതിന്റെ രുചി വേറിട്ടു നിന്നതിന് കാരണങ്ങളുണ്ട്

89

Praveen Prabhakar

ഈ അടുത്ത് FB യിൽ ഒരു ഷോർട് വീഡിയോ കണ്ടു… കുറച്ചു ചെറുപ്പക്കാര് പിള്ളേരുടെ വീഡിയോ ആയിരുന്നു… കല്യാണം കഴിക്കാൻ അതിയായി ആഗ്രഹിച്ചു ബ്രോക്കറുമൊത്ത് ഒരു വീട്ടിലേക്ക് പോകുന്ന ചെറുക്കൻ… വീട്ടുവാതിലിൽ ഇരിക്കുന്ന പെണ്ണിന്റെ അനിയത്തി കുട്ടിയെ കണ്ട് കല്യാണപെണ്ണാണെന്ന് തെറ്റിദ്ധരിച്ചു മനക്കോട്ട കെട്ടുന്നു… പക്ഷെ ചായയും കൊണ്ട് വരുന്നത് പല്ല് പൊങ്ങിയ കറുത്ത നിറമുള്ള അവളുടെ ചേച്ചിയാണ്… അവളെ കണ്ട ഉടനെ പ്രേതം എന്നാലറിക്കൊണ്ട് ബോധം കെട്ടു വീഴുന്ന ചെറുക്കനെ കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

എല്ലാരുടെയും അഭിനയം നന്നായിരുന്നെങ്കിലും ആശയം അതേ ഉൾകൊള്ളാൻ കഴിയാത്ത വൃത്തികേട് തന്നെയായത് കൊണ്ട് വെറുതെ കമന്റ്‌ സെക്ഷൻ ഒന്ന് നോക്കി… സത്യത്തിൽ അപ്പോഴാണ് വീഡിയോ കണ്ട് ഉണ്ടായ നിരാശ തീർന്നത്… ഏതാണ്ട് 40% ആളുകൾ വിഡിയോയുടെ ആശയത്തെ വിമർശിച്ചുകൊണ്ടാണ് അവിടെ എഴുതിയിരുന്നത്… അധിക ദൂരം പോകണ്ട ഒരു 3-4 വർഷങ്ങൾക്ക് മുന്നേ 99% ആളുകളും ആസ്വദിച്ചിരുന്ന അതേ ആശയം… നിറത്തെയും രൂപത്തെയും തമാശ വൽക്കരിക്കുന്നതിലെ പൊരുത്തക്കേടും അപകടവും മനസിലാക്കാതെ നിഷ്കളങ്കമായ തമാശ പോലെ ആസ്വദിച്ച അതേ മനുഷ്യരിൽ നിന്ന് ഫിൽറ്റർ ചെയ്തെടുത്തതാണ് അവിടെ കമ്മെന്റുകളിലൂടെ എതിർപ്പ് അറിയിച്ച മനുഷ്യർ.

ഈ ഫിൽറ്ററേഷൻ വർഷങ്ങൾ കൊണ്ട് ഉണ്ടായതാണ്… കറുത്ത നായികയെ കണ്ട് പേടിക്കുന്ന നായകനെയും,തടിച്ച പെണ്ണിനെ കണ്ട് ബോധം പോകുന്ന നായകനെയുമെല്ലാം കണ്ട് ആർത്തു ചിരിച്ച ഒരു കാലം നമുക്കെല്ലാം ഉണ്ടായിരിക്കും… അതിലെ തെറ്റ് എന്താണെന്നു മനസിലാക്കാൻ പക്ഷെ നിരന്തരമായ ചോദ്യം ചെയ്യലുകൾ വേണ്ടി വന്നു… അത്തരം ‘നിഷ്കളങ്കമായ’ കലാ സൃഷ്ടികളിലെ ഒളിഞ്ഞിരുന്ന വൃത്തികെട്ട രാഷ്ട്രീയം ചോദ്യം ചെയ്ത മനുഷ്യരെ ആദ്യ കാലങ്ങളിൽ എല്ലാവരും ഒറ്റപ്പെടുത്തിയിരുന്നു… അവർക്ക് ബോറന്മാരുടെയും ബോറത്തികളുടെയും ചാപ്പ സമൂഹം അടിച്ചു കൊടുത്തു… അവരോട്‌ ഉത്തമന്മാർ പറഞ്ഞു സിനിമയെ സിനിമയായും തമാശയെ തമാശയായും കണ്ടു കൂടെയെന്ന്… പക്ഷെ ചലച്ചിത്രത്തിന്റെ ഏതൊരു വേർഷനും മനുഷ്യ മനസുകളെ സ്വാധീനിക്കുന്ന പോലെ മറ്റൊരു കലാരൂപവും സ്വാധീനിക്കില്ല എന്നും നിഷ്കളങ്കമെന്ന് നമ്മൾ കരുതുന്നതെല്ലാം അങ്ങനെയല്ലെന്നും അതേ സമൂഹം പതിയെ മനസിലാക്കി തുടങ്ങിയിട്ടുണ്ട്.

ഒരറ്റത്ത് നിർദോഷമെന്ന് തോന്നുന്ന രീതിയിൽ ഹസ്യവൽക്കരിക്കുന്ന തെറ്റിദ്ധാരണകളെ അതേ ചലച്ചിത്ര ഭാഷ്യം കൊണ്ട് മറ്റൊരു വശത്തു തിരുത്തിയെഴുതുന്നതും നമ്മൾ ഇപ്പോൾ കണ്ട് വരുന്നുണ്ട്… ഭാര്യയുടെ ശമ്പളത്തിൽ ജീവിക്കുന്ന, അടുക്കളപ്പണി ചെയ്യുന്ന ഭർത്താക്കന്മാർ എന്നും ഒരു തമാശ കഥാപാത്രമായി തന്നെയാണ് ചിത്രീകരിച്ചിട്ടുള്ളത്… സ്വന്തം വീട്ടിലെ അടുക്കളയിൽ ജോലി ചെയ്യുന്ന, സ്വന്തം ഭാര്യയുടെ വസ്ത്രം കൂടി അലക്കുന്ന ഭർത്താക്കന്മാർ എന്തോ വില കുറഞ്ഞ തരം മനുഷ്യരാണെന്നുള്ള പൊതു ബോധത്തിൽ നിന്നുണ്ടാവുന്ന തമാശകളാണ് അതിൽ ഓരോന്നും…. അവരിൽ മറ്റു ആണുങ്ങൾക്ക് ഉള്ള പോലെയുള്ള ‘ആണത്തിന്റെ’ ഓൺസ് കുറവാണെന്നുള്ള വികലമായ ചിന്തയിൽ നിന്നാണ് ഈ തമാശകളെല്ലാം ഉരുതിരിഞ്ഞു വരുന്നത്.
“സാവിത്രി കട്ടൻ ”
“ഇപ്പോ വേണ്ടാ പിന്നെ മതി…”
“എന്നാ പിന്നെ ഞാൻ ഒരെണ്ണം ഇട്ട് കുടിക്കാൻ പോവ്വാ ” കരിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡായ ഫാമിലി പാക്കിലെ ഭർത്താവും ഭാര്യയും തമ്മിലുള്ള ഈ സംഭാഷണം കേട്ട് തുടങ്ങിയപ്പോൾ അതിലെ അച്ഛൻ കഥാപാത്രവും മേൽ പറഞ്ഞ തരം ‘നട്ടെല്ലില്ലാത്ത’ ആണുങ്ങളെന്നു ചാപ്പ കുത്തുന്ന ടൈപ്പുകളുടെ പ്രതിനിധിയാണെന്ന് തോന്നി പോകും…അങ്ങനെ അയാളെ വരച്ചു കാണിക്കുന്നതിലൂടെ കരിക്കിന് പുതുതായി ഒന്നും ചെയ്യേണ്ട കാര്യമില്ലായിരുന്നു… വർഷങ്ങളായി കണ്ട് വന്നിരുന്ന അതേ വീഞ്ഞ് അര മണിക്കൂറുള്ള പുതിയ കുപ്പിയിൽ നിറച്ചാൽ മാത്രം മതിയായിരുന്നു…പക്ഷെ അത്രയും നേരം ഒട്ടുമേ സീരിയസ് അല്ലാതിരുന്ന അതേ അച്ഛൻ സ്വന്തം ഭാര്യക്ക് തന്നെക്കാൾ നല്ല ജോലി കിട്ടിയത് കൊണ്ട് മക്കളെ നോക്കാൻ വേണ്ടി സ്വയം തിരഞ്ഞെടുത്തതാണ് ഈ അടുക്കളപണി എന്നും അതത്ര എളുപ്പമുള്ള പണിയല്ലെന്നും പറഞ്ഞു വെക്കുന്നിടത്ത് പൊളിഞ്ഞു വീഴുന്ന ഒരുപാട് സ്റ്റീരിയോ ടൈപ്പുകളുണ്ടായിരുന്നു… സ്വന്തം ഭാര്യയുടെ ജോലിക്ക് തന്റെ ജോലിയെക്കാളും തന്റെ ആഗ്രഹങ്ങളെക്കാളും പ്രയോറീറ്റി കൊടുത്തിടത്ത് അയാളിൽ തമാശ മാത്രമല്ലെന്നും നമുക്ക് എളുപ്പം ദഹിക്കാത്ത സത്യവുമുണ്ടെന്നും കാട്ടി തരുന്നിടത്താണ് ഒരു മധുരമുള്ള കരിക്ക് കുടിച്ച സുഖം പ്രേക്ഷകന് കിട്ടുന്നത്.

ഒന്നുകിൽ നിലവിലുള്ള എല്ലാ അഴുക്കുകളെയും വൃത്തിക്കേടുകളെയും പ്രോത്സാപ്പിച്ചു കൊണ്ട് ഭൂരിപക്ഷത്തെ സുഖപെടുത്താം… അല്ലെങ്കിൽ തെറ്റിദ്ധാരണകളെ ചോദ്യം ചെയ്തുകൊണ്ട് പൊളിറ്റിക്കലി കറക്റ്റ് ആയ സൃഷ്ടികൾ ചെയ്ത് കൊണ്ട് തന്നെ സമൂഹത്തെ ഉദ്ധരിക്കാം… കല ഇങ്ങനെ രണ്ട് വിധത്തിൽ നമ്മളിലേക്ക് കടന്ന് വരുന്ന കാലത്താണ് കരിക്കിനെ പോലെയുള്ള പ്രേക്ഷക സ്വാധീനമുള്ള ഒരു പ്രോഗ്രാം രണ്ടാമത് പറഞ്ഞ വഴി വെട്ടികൊണ്ട് വ്യക്തമായ ആശയം മുന്നോട്ടു വെക്കുന്നത്…അത്കൊണ്ടുതന്നെയാണ് ഇത് വരെ കുടിച്ച കരിക്കുകളിൽ നിന്ന് ഇതിന്റെ രുചി വേറിട്ടു നിന്നതും…❤️


✍️✍️✍️ Eldho Kurian

സ്ത്രീ പങ്കാളി ബ്രെഡ് വിന്നർ ആകുമ്പോൾ പുരുഷ പങ്കാളി വീട്ടുജോലികൾ ചെയ്ത് കുടുംബം നോക്കുന്നതിന്റെ പേര് നാണക്കേടെന്നല്ല സമത്വമെന്നാണെന്നത് നമ്മുടെ തലമുറ തിരിച്ചറിയുന്നു

നവമാധ്യമങ്ങളിലെ ചർച്ചകൾ നമ്മുടെ തലമുറയെ എത്രത്തോളം പോസിറ്റീവ് ആയി സ്വാധീനിക്കുന്നുണ്ടെന്നുള്ളതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കരിക്കിന്റെ പുതിയ എപ്പിസോഡിലെ ഈ ഡയലോഗ് . അമ്മയ്ക്ക് ജോലി കിട്ടിയപ്പോൾ കുടുംബം നോക്കാനായി അച്ഛന് ജോലി രാജി വയ്‌ക്കേണ്ടി വന്നുവെന്നും അടുക്കളപ്പണി സ്ത്രീകൾക്ക് മാത്രം ഉള്ളതല്ലെന്നും വീട്ടു ജോലിയെന്നത് അത്ര എളുപ്പ പണി അല്ലെന്നും കൃത്യമായി പറഞ്ഞു വയ്ക്കുന്നു .

Image may contain: 1 person, close-up, text that says "karikku"എത്ര മനോഹരമായിട്ടാണ് അങ്ങനെയൊരു സന്ദർഭം ക്രിയേറ്റ് ചെയ്തു ഇതു പോലൊരു സംഭാഷണത്തിലേക്ക് എത്തിച്ചതെന്ന് മനസ്സിലാകണമെങ്കിൽ ഡാർക്ക് ഏജിലായിരുന്ന നമ്മുടെയൊക്കെ പഴയ ചിന്തകളെ ഒന്ന് ആത്മപരിശോധന നടത്തിയാൽ മതി .
സ്ത്രീ പങ്കാളി ബ്രെഡ് വിന്നർ ആകുമ്പോൾ പുരുഷ പങ്കാളി വീട്ടുജോലികൾ ചെയ്ത് കുടുംബം നോക്കുന്നതിന്റെ പേര് നാണക്കേടെന്നല്ല സമത്വമെന്നാണെന്നത് നമ്മുടെ തലമുറ തിരിച്ചറിയുന്നു . തീർച്ചയായും നവമാധ്യമങ്ങളുടെ ഇടപെടലുകൾ തന്നെയാവാം നമ്മളെ നല്ലൊരു പങ്ക് വരെ സ്വാധീനിക്കുന്നത് . മേൽപ്പറഞ്ഞ സന്ദർഭങ്ങൾ മുൻപൊക്കെ സിനിമകളിൽ കാണിക്കുമ്പോൾ സോ കോൾഡ് ആണത്വമില്ലാത്ത പുരുഷന്മാരെ കോമാളികളാക്കി ചിത്രീകരിക്കുകയായിരുന്നു പതിവ് .

ഇതേ പോലെ തന്നെ മുൻപുണ്ടായിരുന്ന ഒന്നായിരുന്നു തറവാട്ടിൽ നിന്ന് സ്ത്രീകൾ ജോലിക്ക് പോകേണ്ടുന്ന ഗതികേടിനെ കുറിച്ചോർത്തുള്ള വിലാപങ്ങൾ . സാനിറ്ററി പാഡുകൾ വാങ്ങുവാൻ പോകുന്ന നായികയുടെ ചമ്മലും അത് കാണുന്ന പൗരുഷങ്ങൾ ഉണർന്ന് വഷളൻ ചിരി സമ്മാനിക്കുന്നതുമൊക്കെ കുറച്ചു നാളുകൾ മുൻപ് വരെ വളരെ നോർമലൈസ് ചെയ്യപ്പെട്ടിരുന്ന കാഴ്ചകൾ ആയിരുന്നു .ഇന്നത് മാറി വരുന്നത് തീർച്ചയായും സന്തോഷം നൽകുന്ന കാഴ്ചയാണ് .മറിമായം എന്ന സീരീസും പുരോഗമനപരമായ ഇതേ ചിന്തകൾ മുൻപ് പങ്കു വച്ചിരുന്നു .

ഈ കാലഘട്ടത്തിൽ പോലും ഒരു ജോലിക്കും പോവാതെ ഭാര്യ വീട്ടിൽ നിന്ന് ലഭിക്കേണ്ടുന്ന സ്ത്രീധനത്തെയോർത്ത് വിലപിക്കുന്ന , മേൽപ്പറഞ്ഞ അതേ സാഹചര്യത്തിൽ ബ്രെഡ്‌വിന്നറായ ഭാര്യയുടെ തന്തക്ക് വിളി ഒരു അവകാശമായി കാണുന്ന നാലഞ്ചു മക്കളുടെ ഒരു തന്ത നായകനാണ് ബഹുഭൂരിപക്ഷം വരുന്ന മലയാളി പ്രേക്ഷകരുടെ ഐഡിയൽ കുടുംബ നാഥൻ എന്ന സത്യത്തെ നോക്കിയാണ് കരിക്കും മറിമായവും പോലുള്ള സംരഭങ്ങൾ മാറ്റത്തിന് ശ്രമിക്കുന്നതെന്നു കൂടി ഓർക്കണം . അത് കൊണ്ട് തന്നെ മാറ്റത്തിനായുള്ള ഈ ശ്രമം തികച്ചും ആശാവഹവും കയ്യടികൾ അർഹിക്കുന്നതുമാണ് .

വിദേശങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ ഇകഴ്ത്തി കാണിക്കാൻ നമ്മുടെ സിനിമാക്കാർ പലപ്പോഴായി സംഭാവന ചെയ്ത “അവൾ അവിടെ നന്നായി കാശ് ഉണ്ടാക്കുവല്ലേ , അവൻ ഇവിടെ പിള്ളേരേം നോക്കി” എന്ന രീതിയിലെ ഡബിൾ മീനിംഗ് ഡയലോഗും പിന്നാലെയുള്ള ബോറൻ ചിരിയും ആഘോഷമാക്കിയിരുന്ന ഒരു സമൂഹം കൂടി ആയിരുന്നു നമ്മുടേത് .ഇവിടെയാണ് കരിക്ക് മുന്നോട്ട് വച്ച ആശയം എത്ര മാത്രം പുരോഗമനപരമാണെന്നു മനസ്സിലാവുക .